Thursday, July 29, 2010

മെത്രാന്‍ സഭയുടെ ഇടയലേഖനം ജനാധിപത്യത്തോടുള്ള വെല്ലുവിളി

കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കേരളാ കത്തോലിക്ക മെത്രാന്‍ സമിതി നല്‍കിയ ഇടയലേഖനത്തിലൂടെയുള്ള ആഹ്വാനം ശക്തമായ എതിര്‍പ്പിന് വഴിവെച്ചിരിക്കുകയാണ്. സഭാ നേതൃത്വം പ്രത്യക്ഷമായി രാഷ്ട്രീയത്തിലിടപെട്ടുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ ചട്ടുകമായി മാറിയോ എന്ന സംശയമാണ് ഇതു വായിച്ചാല്‍ ഉണ്ടാവുക. യുഡിഎഫ് എന്നോ എല്‍ഡിഎഫ് എന്നോ ഇടയലേഖനത്തില്‍ വ്യക്തമായി പറയുന്നില്ലെങ്കിലും ഒമ്പതു ഖണ്ഡികകളിലായി അജഗണങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്ന ഇടയലേഖനത്തിന്റെ താല്‍പര്യം വളരെ വ്യക്തമാണ്. യുഡിഎഫിനെ ജയിപ്പിക്കുക, അവര്‍ക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തുക, എല്‍ഡിഎഫിലെ വിവിധ കക്ഷി സ്ഥാനാര്‍ത്ഥികളെയും അവര്‍ പിന്താങ്ങുന്ന സ്വതന്ത്രരേയും തോല്‍പിക്കുക ഇതാണ് വരികള്‍ക്കിടയിലൂടെ സഭ നല്‍കുന്ന ആഹ്വാനം.

ഇടയലേഖനം ജനാധിപത്യത്തിലെ നന്മയേയും തിന്മയേയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ നിലപാടിനോട് താത്വികമായി വിയോജിക്കേണ്ട കാര്യമില്ല. എന്നാല്‍ അതിലെ പ്രായോഗികമായ നിര്‍ദ്ദേശങ്ങളോടാണ് എതിര്‍പ്പ് ഉയര്‍ന്നിട്ടുള്ളത്. അവയെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. അധികാരവികേന്ദ്രീകരണം ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുമെന്ന് ഇടയലേഖനത്തില്‍ പറയുന്നുണ്ട്. അത് സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണെന്നും ഇതില്‍ പറയുന്നു. തുടര്‍ന്ന് ലേഖനത്തില്‍ ഇങ്ങനെയൊരു ഭാഗമുണ്ട്: "ജനാധിപത്യം ഫലപ്രദമാകുന്നത് ജനങ്ങള്‍ ഭരണഘടനാധിഷ്ഠിതമായ സ്ഥാപനങ്ങളോട് സഹകരിക്കുന്നതിനേയും സംവിധാനങ്ങള്‍ അവയുടെ യഥാര്‍ത്ഥ ഘടന സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിനേയും ആശ്രയിച്ചാണിരിക്കുന്നത്''. ഈ പ്രതിപാദനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനാണ്. എന്നാല്‍ സഭാനേതൃത്വം മറച്ചു വയ്ക്കാനാഗ്രഹിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉള്ളറകളിലേക്ക് കടന്നുചെല്ലാന്‍ ഇടയലേഖനം തയ്യാറാവുന്നില്ല. സ്വാതന്ത്യ്രത്തിനുശേഷം 63 വര്‍ഷങ്ങള്‍ പിന്നിടുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ചും ജനാധിപത്യത്തിന്റെ ശ്രീകോവിലായി അറിയപ്പെടുന്ന പാര്‍ലമെന്റിനെക്കുറിച്ചും അന്വേഷിക്കേണ്ട ബാധ്യത സഭയടക്കം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങള്‍ സഭാ വിശ്വാസികള്‍ അറിയേണ്ട കാര്യമില്ലെന്നാണോ ലേഖന കര്‍ത്താക്കള്‍ കരുതുന്നത്?

പതിനഞ്ചാം ലോക്സഭ രൂപപ്പെട്ടപ്പോള്‍ നാഷണല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും ചേര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയുണ്ടായി. 535 പാര്‍ലമെന്റ് അംഗങ്ങളുടെ സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചപ്പോള്‍ 153 അംഗങ്ങള്‍ ക്രിമിനല്‍ കുറ്റാരോപണത്തിന് വിധേയരായവരാണ്. ഗൌരവതരമായ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടവരുടെ എണ്ണം 74 ആണ്. അതില്‍ കോണ്‍ഗ്രസും ബിജെപിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. അക്രമത്തെക്കുറിച്ചും ലക്ഷ്യം നേടാന്‍ ഏതു മാര്‍ഗവും ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും അവ വ്യക്തി ജീവിതത്തിനും പൊതുജീവിതത്തിനും അപകടകരമാണെന്നു തിരിച്ചറിയുന്ന സഭ ഇന്ത്യയിലെ പരമോന്നത ജനപ്രതിനിധിസഭയിലേക്ക് ക്രിമിനലുകളെ തിരഞ്ഞെടുത്തുവിടുന്ന കോണ്‍ഗ്രസ് സംസ്കാരത്തോട് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന ചോദ്യം വിശ്വാസികളില്‍നിന്നു തന്നെ ഉയര്‍ന്നുവരുന്നുണ്ട്.

ലോക്സഭയിലെ കോടിപതികളില്‍ മുന്‍പന്തിയിലുള്ള പത്തുപേരില്‍ അഞ്ചുപേരും കോണ്‍ഗ്രസ്സുകാരാണ്. അഞ്ചു കോണ്‍ഗ്രസ്സ് മെമ്പര്‍മാരുടെ മൊത്തം ആസ്തി 464 കോടി രൂപയാണ്. ഇത് രേഖ പ്രകാരമുള്ള കണക്കു മാത്രമാണ് എന്നു കൂടി നാം ഓര്‍ക്കണം. കോടിക്കണക്കിന് കൃഷിക്കാരുടെയും തൊഴിലാളികളുടെയും അര്‍ഹമായ പ്രാതിനിധ്യം ഇന്ത്യന്‍ പാര്‍ലമെന്റിലില്ല.

ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദൌര്‍ബല്യമാണ്. മറ്റൊരര്‍ഥത്തില്‍ ഭരണകൂടത്തിനകത്ത് ഏത് വര്‍ഗ്ഗത്തിനാണ് ആധിപത്യം എന്നതിന്റെ തെളിവു കൂടിയാണ്. ദരിദ്രരെക്കുറിച്ച് വിലപിക്കുന്ന കത്തോലിക്കാസഭ ദരിദ്ര ജനകോടികളുടെ പ്രാതിനിധ്യം ഇന്ത്യന്‍ ജനാധിപത്യത്തിലില്ല എന്ന സത്യം എന്തേ വിളിച്ചു പറയാന്‍ മടിക്കുന്നു? സത്യപ്രഘോഷണം സഭയുടെ ദൌത്യമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നേതൃത്വമെന്തേ ഇതു കണ്ടില്ലെന്നു നടിക്കുന്നു. സാമ്രാജ്യത്വമൂലധനം ഇന്ത്യയിലെ നാനാമേഖലകളിലേക്കും ഒഴുകിപ്പരക്കുന്നതും നാം കാണുന്നുണ്ട്. കാര്‍ഷിക - വ്യാവസായിക - ബാങ്കിംഗ് - ചെറുകിട കച്ചവട - മാധ്യമമേഖലകളിലെല്ലാം വിദേശ നിക്ഷേപത്തിന് ഇന്ത്യാ ഗവണ്‍മെന്റ് അനുമതി നല്‍കുകയാണ്. സാമ്രാജ്യത്വപ്രേരിതമായ ആഗോളവല്‍കരണനയങ്ങളാണ് ഇന്ത്യന്‍ ഭരണവര്‍ഗ്ഗം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായി ആയിരക്കണക്കായ കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യം സഭയുടെ മുന്‍ ഇടയലേഖനങ്ങളില്‍ പറഞ്ഞുവച്ചത് കുഞ്ഞാടുകളെക്കൊണ്ട് വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടു ചെയ്യിപ്പിക്കുവാനുള്ള തത്രപ്പാടില്‍ മറന്നുപോയോ? ആസിയാന്‍ കരാര്‍ മല്‍സ്യബന്ധനമേഖലയിലെ തൊഴിലാളികളുടെ ജീവിതത്തില്‍ പ്രതികൂലമായ പ്രത്യാഘാതം ഉളവാക്കുമെന്ന് സഭാനേതൃത്വം തന്നെ നേരത്തേ പറഞ്ഞുവെച്ചിട്ടുണ്ട്. ഇത്തരം നയങ്ങള്‍ക്ക് ഉത്തരവാദിയായ കോണ്‍ഗ്രസ് ഇന്ത്യന്‍ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്ന പാര്‍ട്ടിയാണോ?

അധികാരവികേന്ദ്രീകരണത്തിന്റെ മേഖലയിലേക്ക് കടന്നാല്‍ ജനവഞ്ചനയുടെ പുതിയ അദ്ധ്യായങ്ങളാണ് കോണ്‍ഗ്രസ് പാര്‍ട്ടി സൃഷ്ടിച്ചത്. 73ഉം 74ഉം ഭരണഘടനാ ഭേദഗതിയിലൂടെയാണല്ലോ തദ്ദേശ സ്ഥാപനങ്ങളെ സ്വയംഭരണ സ്ഥാപനങ്ങളാക്കി മാറ്റിയത്. ഇതിനുശേഷം പതിനാറുവര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അധികാരം താഴോട്ടു നല്‍കിയിട്ടില്ല. എന്നാല്‍ അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള അഖിലേന്ത്യാ പുരസ്കാരം തന്നെ കേരളത്തിനു ലഭിച്ചിരിക്കുകയാണ്. അതും ഒന്നാം സ്ഥാനം. വസ്തുത ഇതായിരിക്കേ ഇടയലേഖനത്തില്‍ പറയുന്നതു നോക്കുക: "ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍, കേരളത്തിലേതുപോലെ ഇടുങ്ങിയ കക്ഷി രാഷ്ട്രീയത്തിന്റെ കടന്നുകയറ്റം ത്രിതല പഞ്ചായത്തുകളുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടെന്നു തോന്നുന്നില്ല. കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരംമൂലം യഥാര്‍ത്ഥ വികസനത്തിനും, ദരിദ്രര്‍ക്കും അര്‍ഹിക്കുന്നവര്‍ക്കുംവേണ്ട സഹായം ലഭിക്കുന്നതിനും തടസ്സമാകുന്ന അനുഭവങ്ങള്‍ ധാരാളമാണ്''. ഇത് സത്യമല്ലെന്നു മാത്രമല്ല കോണ്‍ഗ്രസ്സും ബിജെപിയുംപോലുള്ള പാര്‍ടികള്‍ നയിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകള്‍ കേരളം നടപ്പാക്കിയതുപോലെ അധികാരവികേന്ദ്രീകരണം നടപ്പാക്കിയിട്ടില്ല എന്നതാണ് വസ്തുത. ഇത് കുറെക്കൂടി വിശദമാക്കാം.

കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള പഞ്ചായത്തിരാജ് മന്ത്രാലയം 2009-10ല്‍ അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ സംസ്ഥാന ഗവണ്‍മെന്റും താഴോട്ടു നല്‍കിയിട്ടുള്ള ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളുടെ അധികാര കൈമാറ്റവും ഫണ്ടും ഉദ്യോഗസ്ഥ വിന്യാസവും വിശദമായിത്തന്നെ ഈ റിപ്പോര്‍ട്ടില്‍ പരിശോധിക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് ഐ ഭരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ചുമാത്രം അതിനകത്തു പറയുന്നതു നോക്കുക. ആന്ധ്രയിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് നിയമപ്രകാരം ഗ്രാമപഞ്ചായത്തുകള്‍ക്കു നല്‍കിയിട്ടുള്ള 21 അധികാരങ്ങളില്‍ പത്തെണ്ണത്തില്‍ മാത്രമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. അതില്‍ത്തന്നെ 75 മുതല്‍ 80 ശതമാനംവരെ ഫണ്ടുകള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാണ്. ഉദ്യോഗസ്ഥന്മാരാകട്ടെ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ത്തന്നെ തുടരുകയാണ്. കോണ്‍ഗ്രസ് ഐ ഭരിക്കുന്ന മറ്റൊരു സംസ്ഥാനമാണ് അരുണാചല്‍പ്രദേശ്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ക്ക് നികുതികള്‍ വസൂലാക്കാനുള്ള ഒരധികാരവും നല്‍കിയിട്ടില്ല. ഫണ്ടുകള്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍ തന്നെയാണ് ഇപ്പോഴും കൈകാര്യം ചെയ്യുന്നത്. ഇവിടേയും ഉദ്യോഗസ്ഥന്മാരെ കൈമാറിയിട്ടില്ല.

ആസാമിലാകട്ടെ 1994ല്‍ പാസ്സാക്കിയ നിയമം അനുസരിച്ച് വ്യാപാരം, വിനോദം, മാര്‍ക്കറ്റുകള്‍ തുടങ്ങിയ മേഖലകളില്‍നിന്ന് നികുതികളും സെസ്സും പിരിക്കാന്‍ അധികാരം നല്‍കിയിട്ടുണ്ടെങ്കിലും അത് ഇതുവരെയും നടപ്പാക്കപ്പെട്ടിട്ടില്ല. പേരിനു മാത്രമുള്ള ഉദ്യോഗസ്ഥരെയാണ് കൈമാറ്റം ചെയ്തിട്ടുള്ളത്.

ഹരിയാനയില്‍ ഉദ്യോഗസ്ഥ പുനര്‍വിന്യാസം പറയത്തക്ക നിലയില്‍ ഒന്നും നടത്തിയിട്ടില്ല. പഞ്ചാബില്‍ പഞ്ചായത്ത് ഭൂമി ലേലം ചെയ്തു കിട്ടുന്ന വരുമാനം മാത്രമാണ് ഗ്രാമപഞ്ചായത്തുകള്‍ക്കുള്ളത്. ഫണ്ടുകള്‍ കൈമാറുന്നുമില്ല. ഒരു ഉദ്യോഗസ്ഥനേയും പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലേക്ക് വിന്യസിച്ചിട്ടുമില്ല.

പോണ്ടിച്ചേരിയില്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ഇപ്പോഴും സംസ്ഥാന ഗവണ്‍മെന്റു തന്നെയാണ് കൈകാര്യം ചെയ്യുന്നത്. പഞ്ചായത്തുകള്‍ക്ക് നാമമാത്രമായ അധികാരം മാത്രമാണുള്ളത്. ഉദ്യോഗസ്ഥ പുനര്‍വിന്യാസം ഒന്നും നടത്തിയിട്ടില്ല.

പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ മറ്റു സംസ്ഥാനങ്ങളിലെ ദയനീയമായ അവസ്ഥയാണ് മേല്‍ വിവരിച്ചത്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ മതസ്ഥാപനങ്ങളുള്ള സഭയ്ക്ക് ഇതൊന്നും അറിയാത്തതല്ല. അവ സഭയിലെ കുഞ്ഞാടുകളോട് വിശദീകരിച്ചാല്‍ തങ്ങളുടെ രാഷ്ട്രീയമായ ഉദ്ദേശ്യം നടപ്പാക്കാന്‍ കഴിയാതെവരും എന്ന തിരിച്ചറിവാണ് ഇതില്‍നിന്നും സഭാധികാരികളെ പിന്തിരിപ്പിക്കുന്നത്. അധികാരവും പണവും ഉദ്യോഗസ്ഥന്മാരേയും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുത്തില്ലെന്നു മാത്രമല്ല കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ പേരില്‍ കൊടിയ അഴിമതിയും നടമാടുന്നുണ്ട്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യുപിഎ ഗവണ്‍മെന്റ് അധികാരത്തിലുള്ള അവസരത്തിലാണ് ദേശീയ തൊഴിലുറപ്പു പദ്ധതി നടപ്പാക്കി തുടങ്ങിയത്. നടപ്പിലാക്കുന്ന ഏജന്‍സി പഞ്ചായത്തീരാജ് സ്ഥാപനങ്ങളാണ്. തൊഴിലുറപ്പു പദ്ധതി മേല്‍പറഞ്ഞ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റിനു ലഭിച്ച പരാതികള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ഗ്രാമീണമേഖലയില്‍ പാവങ്ങള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പു ചെയ്യുന്ന ഈ പദ്ധതി ശരിയാംവണ്ണം നടപ്പിലാക്കാന്‍ പോലും കോണ്‍ഗ്രസ് ഐ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഓരോ സംസ്ഥാനത്തും അംഗീകൃത മിനിമം കൂലിയാണ് നല്‍കേണ്ടതെങ്കിലും അതുപോലും നല്‍കാത്തതിനെക്കുറിച്ചുള്ള പരാതികള്‍ നിരവധിയാണ്. വ്യാജമായ രജിസ്റ്ററുകളുണ്ടാക്കി പണം തട്ടിയ സംഭവങ്ങളും ആളുകളെകൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിനുപകരം കരാറുകാര്‍ക്ക് പണി ഏല്‍പിച്ചതുമായ പരാതികളും നിരവധിയാണ്. ആസാമിലെ ഒരു സംഘടന നല്‍കിയ പരാതിയില്‍ പറയുന്നത് 20 കോടി രൂപയുടെ ഫണ്ടു ദുരുപയോഗം നടന്നു എന്നാണ്. കേരളത്തിലെ പഞ്ചായത്തുകളില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്ന് കുറ്റപ്പെടുത്തുന്ന സഭാ നേതൃത്വം കോണ്‍ഗ്രസ് ഐ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയും ക്രമക്കേടും ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ കുറവുകൊണ്ടാണെന്നെങ്കിലും സമ്മതിക്കുമോ?

കേരളത്തില്‍ അധികാരവികേന്ദ്രീകരണം ഫലവത്താക്കുന്നതിന്റെ ഭാഗമായാണ് 1997ല്‍ നായനാര്‍ ഗവണ്‍മെന്റ് ജനകീയാസൂത്രണം ആരംഭിച്ചത്. ലോകശ്രദ്ധയാകര്‍ഷിച്ച ഈ പരീക്ഷണം വഴി റോഡ്, കുടിവെള്ളം, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികവിഭാഗ വികസനം, വനിതാ വികസനം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിലെല്ലാം ജനകീയ പങ്കാളിത്തത്തോടെ വികസന മാതൃകകള്‍ സൃഷ്ടിക്കുകയുണ്ടായി. എന്നാല്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് ഗവണ്‍മെന്റ് ജനകീയ പങ്കാളിത്തത്തെ ദുര്‍ബലപ്പെടുത്തി. 2006ല്‍ വീണ്ടും എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് ജനകീയാസൂത്രണം പുനഃസ്ഥാപിച്ചത്. ഇതുമാത്രമല്ല നാലുവര്‍ഷംകൊണ്ട 6497 കോടി രൂപയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിവിഹിതമായി സംസ്ഥാന ഗവണ്‍മെന്റ് നല്‍കിയത്. ഇതിനുപുറമെ പൊതു ഗ്രാന്റായി 1390 കോടി രൂപയും ആസ്തി സംരക്ഷണത്തിന് 1624 കോടി രൂപയും ലഭ്യമാക്കി. അതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികളിലെ സ്ത്രീ പങ്കാളിത്തം 50%മാക്കി ഉയര്‍ത്തി. അത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഫലമാണ്. പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സ്ത്രീകള്‍ക്ക് സംവരണം ചെയ്യാനുള്ള ബില്‍ കോണ്‍ഗ്രസ് മരവിപ്പിച്ചിരിക്കുകയാണ്. രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ വനിതകള്‍ക്കു നല്‍കിയ സന്ദേശം ഉദ്ധരിച്ചുകൊണ്ട് സ്ത്രീ പുരുഷ തുല്യപങ്കാളിത്തത്തെക്കുറിച്ച് പറയുന്ന മെത്രാന്‍ സമിതി സ്ത്രീകളെയും സമൂഹത്തെയും വഞ്ചിച്ചുകൊണ്ടുള്ള യുപിഎ ഗവണ്‍മെന്റിന്റെ കരണംമറിച്ചില്‍ ഇടയലേഖനത്തില്‍ സൂചിപ്പിക്കുന്നതുപോലുമില്ല. സ്ത്രീകള്‍ക്ക് തുല്യനീതി നടപ്പാക്കുന്നതില്‍നിന്നും ഒളിച്ചോടുന്ന കോണ്‍ഗ്രസ്സിനെ എന്തുകൊണ്ടാണ് കത്തോലിക്കാസഭ തള്ളിപ്പറയാത്തത്?

സാമൂഹ്യപരിഷ്കരണരംഗത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന മാതൃകാപരമായ ഒന്നാണ് ഇ എം എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി. അതനുസരിച്ച് അഞ്ചുലക്ഷം ഭവനരഹിതരും ഒന്നരലക്ഷം ഭൂരഹിത ഭവനരഹിതരുമുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. അവര്‍ക്കെല്ലാം തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഘട്ടംഘട്ടമായി വീടു നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിനെ അഭിനന്ദിക്കാനെങ്കിലും സഭാ നേതൃത്വം തയ്യാറാകേണ്ടതല്ലേ? കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ച സഭാനേതൃത്വത്തിന് ജനോപകാരപ്രദമായ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ നടപടികള്‍പോലും കാണാന്‍ കഴിയുന്നില്ല. ബൈബിളിലെ നല്ല ശമരിയാക്കാരന്റെ കഥ നമുക്കോര്‍ക്കാം. വഴിയില്‍ മൃതപ്രയനായി പരിക്കേറ്റു കിടന്ന വ്യാപാരിയെ പുരോഹിതനും ശുശ്രൂഷകനും തിരിഞ്ഞു നോക്കാതെ കടന്നുപോകുകയും വിജാതിയനായ ശമരിയാക്കാരന്‍ അയാളെ ശുശ്രൂഷിക്കുകയും ജീവന്‍ രക്ഷപ്പെടുത്തുകയും ചെയ്തപ്പോള്‍ സ്വന്തം നാട്ടുകാരനായ പുരോഹിതനെക്കാളും ദേവാലയ ശുശ്രൂഷകനെക്കാളും ആ വിജാതിയനായ ശമരിയാക്കാരനാണ് യഥാര്‍ത്ഥ അയല്‍ക്കാരനെന്നാണ് യേശു പഠിപ്പിച്ചത്. യേശുവിന്റെ വചനം ഉദ്ഘോഷിക്കുന്ന സഭാപിതാക്കന്മാര്‍ നല്ല ശമരിയാക്കാരന്റെ ഉപമ മറന്നുപോയോ?

സഭാനേതൃത്വത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന ജനാധിപത്യ പ്രക്രിയയില്‍ സഭാവിശ്വാസികളെ പങ്കെടുപ്പിക്കുക മാത്രമല്ലെന്ന് ഇടയലേഖനത്തിലെ 9-ാം ഖണ്ഡിക വായിക്കുമ്പോഴാണ് നമുക്കു ബോധ്യപ്പെടുക. അതിങ്ങനെയാണ് "ദൈവ വിശ്വാസികളും നല്ലവരുമായ പലരും നിരീശ്വര പ്രത്യയശാസ്ത്ര പാര്‍ടികളുടെ പിന്തുണയോടെ സ്വതന്ത്രന്മാരായി മല്‍സരിച്ച് വിജയിച്ചെങ്കിലും പിന്നീട് അവര്‍ സ്വതന്ത്രന്മാരല്ലാതായി തീര്‍ന്ന അനുഭവം ഏറെയുണ്ടല്ലോ? അവരെ പാര്‍ട്ടി അംഗങ്ങളാക്കാനും അവര്‍ മുമ്പു നിലകൊണ്ടിരുന്ന സനാതനമൂല്യങ്ങള്‍ക്ക് എതിരാക്കാനുംവേണ്ടി ഒരുക്കിയ വിദഗ്ധമായ കെണിയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സ്ഥാനം. എല്ലാ പാര്‍ടികളും വെറും രാഷ്ട്രീയ പാര്‍ടികള്‍ മാത്രമല്ല എന്ന തിരിച്ചറിവ് ഇവിടെയേറെ പ്രധാനപ്പെട്ടതാണ്. കേവല കക്ഷി രാഷ്ട്രീയത്തിനുപരി, ദൈവവിശ്വാസത്തിനും അനുഷ്ഠാനത്തിനും ജനാധിപത്യ - സനാതന മൂല്യങ്ങള്‍ക്കും മതസൌഹാര്‍ദ്ദത്തിനുമെതിരായ പ്രത്യയശാസ്ത്ര നിലപാടുകളുള്ളവരുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാകുന്നതും അത്തരം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതും അപകടകരമായിരിക്കും''.

ഇതിലൂടെ സഭാ നേതൃത്വത്തിന്റെ രാഷ്ട്രീയ അജണ്ടയാണ് മറനീക്കി പുറത്തുവരുന്നത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരായും യുഡിഎഫിനനുകൂലമായും വിശ്വാസികളെ അണിനിരത്തുകയാണ് അവരുടെ ഉദ്ദേശ്യം. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്തുണയോടെ മല്‍സരിച്ചു വിജയിച്ച സ്വതന്ത്രനായിട്ടുള്ള ഒരു ജനപ്രതിനിധിയോടും സിപിഐ എം അവരുടെ ഈശ്വര വിശ്വാസം ഉപേക്ഷിക്കണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. എന്നു മാത്രവുമല്ല സിപിഐ എമ്മിന്റെ കൂടെയുള്ള ജനങ്ങളില്‍ ഏറിയ പങ്കും ഈശ്വരവിശ്വാസികളാണ് താനും. അപ്പോള്‍ എല്‍ഡിഎഫ് പിന്തുണയ്ക്കുന്ന ദൈവവിശ്വാസികളായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കുപോലും വോട്ടു ചെയ്യരുതെന്ന സഭാ നേതൃത്വത്തിന്റെ കല്‍പന യുഡിഎഫിനോടുള്ള അന്ധമായ വിധേയത്വമല്ലാതെ മറ്റെന്താണ്?

പ്രസ്തുത ഇടയലേഖനം ജൂലൈ 18ന് ഞായറാഴ്ച പള്ളികളിലൊത്തുകൂടിയ വിശ്വാസികള്‍ക്ക് ബാധ്യസ്ഥമായ നിബന്ധനയാണ്. ദൈവത്തിന്റെ ആഗ്രഹം എന്ന നിലയ്ക്കാണ് തിരഞ്ഞെടുപ്പില്‍ ഇന്ന വിഭാഗത്തിനുമാത്രമേ വോട്ടു ചെയ്യാന്‍ പാടുള്ളൂ എന്ന നിബന്ധന മുന്നോട്ടുവച്ചിട്ടുള്ളത്. നിരീശ്വര വിശ്വാസികളെ തദ്ദേശ ഭരണം ഏല്‍പിക്കുവാന്‍ പാടില്ല എന്ന നിര്‍ദ്ദേശം ഇതിലടങ്ങിയിട്ടുണ്ട്. എന്നുമാത്രമല്ല നിരീശ്വര പ്രസ്ഥാനങ്ങള്‍ പിന്തുണയ്ക്കുന്ന ദൈവവിശ്വാസികള്‍ക്കുപോലും വോട്ടു ചെയ്യരുതെന്ന ആഹ്വാനവുമുണ്ട്. ഇത് ഒട്ടേറെ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഒന്നാണ്. ഒന്നാമതായി മതത്തേയും ഈശ്വര വിശ്വാസത്തേയും ഉപയോഗിച്ച് വോട്ടു പിടിക്കുന്നത് നിലവിലുള്ള ജനപ്രാതിനിധ്യനിയമപ്രകാരം കുറ്റകരമാണ്. അങ്ങനെ വോട്ടുപിടിച്ചു ജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അയോഗ്യരുമാണ്.

മതസംഘടനകള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയ്ക്ക് കടകവിരുദ്ധമാണ്. ലോകത്തിലെ മതരാഷ്ട്രങ്ങളില്‍ മതാനുഷ്ഠാനം നിര്‍ബന്ധിതമാണ്. എന്നാല്‍ ഇന്ത്യയില്‍ എല്ലാ മതങ്ങളിലും വിശ്വസിക്കാനും, ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും പൌരന് അവകാശമുണ്ട്. മതത്തില്‍ വിശ്വസിക്കാതിരിക്കുന്നവരും, അവര്‍ പിന്തുണയ്ക്കുന്ന മതവിശ്വാസികളും തദ്ദേശഭരണ സ്ഥാപനങ്ങളുടെ തലപ്പത്ത് തെരഞ്ഞെടുക്കപ്പെടാന്‍ പാടില്ല എന്നു പറയുന്നത് അതുകൊണ്ടുതന്നെ ഭരണഘടനാവിരുദ്ധവുമാണ്. ഈശ്വരവിശ്വാസികളും നിരീശ്വരവിശ്വാസികളും തമ്മില്‍ യാതൊരു വിവേചനവും പാടില്ലെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ജനാധിപത്യപ്രക്രിയയില്‍ ഈശ്വരവിശ്വാസികള്‍ക്ക് യാതൊരു പ്രാമുഖ്യവും ഭരണഘടന കല്‍പിച്ചിട്ടുമില്ല. ഭരണഘടനാ നിര്‍മ്മാണ അസംബ്ളിയിലെ നടപടിക്രമങ്ങള്‍ നോക്കുക. 1949 ഒക്ടോബര്‍ 17ന് ആമുഖത്തെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ആദ്യ വാചകത്തിന് എച്ച് വി കാമത്ത് ഒരു ഭേദഗതി നിര്‍ദ്ദേശിച്ചു. ദൈവത്തിന്റെ നാമത്തില്‍ ഇന്ത്യന്‍ ഭരണഘടന ആരംഭിക്കണമെന്നായിരുന്നു അത്. ആ ഭേദഗതി വോട്ടിനിട്ട് തള്ളുകയാണ് ചെയ്തത്. ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് തിരു-കൊച്ചി സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സഭയിലംഗമായിരുന്ന എ താണുപിള്ള പറഞ്ഞ അഭിപ്രായം ഇവിടെ എടുത്തുപറയേണ്ടതുണ്ട്: "ഞാനൊരു തികഞ്ഞ ദൈവവിശ്വാസിയാണെങ്കിലും കാമത്തിന്റെ ഭേദഗതി സ്വീകരിക്കുകയാണെങ്കില്‍ അത് വിശ്വാസത്തിന്റെ കാര്യത്തില്‍ ഒരു നിര്‍ബന്ധം പിടിക്കലാകില്ലേ? ഇത് ഒരു വ്യക്തിയുടെ വിശ്വാസത്തിനുള്ള സ്വാതന്ത്യ്രമെന്ന മൌലികാവകാശത്തെ ബാധിക്കും. ഭരണഘടനാപ്രകാരം ഒരു വ്യക്തിക്ക് ദൈവത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശമുണ്ട്''.

മത സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ആത്മീയതയുടെയും വിശ്വാസ സമൂഹത്തിന്റെ ക്ഷേമത്തിന്റെയും പരിധിയ്ക്കകത്ത് ഒതുങ്ങി നില്‍ക്കേണ്ടതാണ്. ആത്മീയ നേതാക്കള്‍ക്ക് വ്യക്തിപരമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാം. എന്നാല്‍ രാഷ്ട്രത്തിന്റെ പ്രവര്‍ത്തനത്തിലോ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ മേഖലയിലോ മതസംഘടനകള്‍ കടന്നു കയറരുത്. മറിച്ചാണെങ്കില്‍ മതത്തിന്റെ പേരില്‍ അത് ജനങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനിടയാക്കും. മതത്തിന്റെ അടിസ്ഥാനത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ഐക്യത്തിനും രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്ന സമകാലിക രാഷ്ട്രീയത്തില്‍ വിശേഷിച്ചും ഇത് വലിയ പ്രത്യാഘാതമാണ് ഉളവാക്കുക. കത്തോലിക്ക സഭ നടത്തുന്ന ഈ ഇടപെടലുകള്‍ക്ക് പകരമായി. ഹിന്ദു സന്ന്യാസിമാരും മുസ്ളീം മതപണ്ഡിതരും ഇതേപോലെ ആഹ്വാനങ്ങള്‍ പുറപ്പെടുവിച്ചാല്‍ ഇന്ത്യയുടെ മതനിരപേക്ഷതയുടെ ഭാവി എന്തായിരിക്കും?

ജനങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനുവേണ്ടി മതസ്ഥാപനങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഏതൊരു പ്രവര്‍ത്തനവും നിയമങ്ങള്‍ വഴി വിലക്കിയിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ ഇന്ത്യന്‍ പീനല്‍ കോഡിന്റെ 505 (2,3) വകുപ്പുകളുടെ ലംഘനം ആണ് ഈ ഇടയ ലേഖനങ്ങള്‍. 1988ല്‍ പാസ്സാക്കിയ മതസ്ഥാപനങ്ങള്‍ ദുരുപയോഗം തടയല്‍ നിയമത്തിന്റെ 3 ജി വകുപ്പിന്റെ നഗ്നമായ ലംഘനം കൂടിയാണ്. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ ജനപ്രതിനിധികളുടെ അയോഗ്യതകള്‍ നിര്‍ണ്ണയിച്ച 153 (എ) വകുപ്പും ഇവിടെ പ്രസക്തമാണ്. കാരണം ജനപ്രാതിനിധ്യ നിയമത്തിലെ അയോഗ്യതാ വ്യവസ്ഥകള്‍ കേരള പഞ്ചായത്ത് രാജ് സംവിധാനത്തിനും ബാധകമാണ്. കേരള പഞ്ചായത്ത്രാജ് നിയമത്തിലെ 29 (ഇ) വകുപ്പനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനോ ദൃഢപ്രതിജ്ഞ എടുക്കുന്നതിനോ അവകാശമുണ്ട്. ദൃഢപ്രതിജ്ഞ ചെയ്യുന്നവര്‍ക്ക് ഒരു മത സംഘടന അയോഗ്യത കല്‍പിക്കുന്ന സ്ഥിതിയാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. അതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനു തന്നെ ഇക്കാര്യത്തില്‍ ഇടപെടാവുന്നതാണ്. സ്വതന്ത്രവും നീതിപൂര്‍വ്വഹവുമായ തെരഞ്ഞെടുപ്പിന് തടസ്സമാകുന്ന ഇടയലേഖനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാവുന്നതാണ്. ഇങ്ങനെ നോക്കിയാല്‍ രാഷ്ട്രീയമായും ഭരണഘടനാപരമായും നിയമപരമായും വലിയ പ്രത്യാഘാതം ഉളവാക്കുന്നതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് "കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കെസിബിസി നല്‍കുന്ന ആഹ്വാനം'' എന്ന തലക്കെട്ടിലുള്ള ഇടയലേഖനം.

പി ജയരാജന്‍ chintha weekly 30072010

4 comments:

  1. കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ വോട്ടര്‍മാര്‍ക്ക് കേരളാ കത്തോലിക്ക മെത്രാന്‍ സമിതി നല്‍കിയ ഇടയലേഖനത്തിലൂടെയുള്ള ആഹ്വാനം ശക്തമായ എതിര്‍പ്പിന് വഴിവെച്ചിരിക്കുകയാണ്. സഭാ നേതൃത്വം പ്രത്യക്ഷമായി രാഷ്ട്രീയത്തിലിടപെട്ടുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ ചട്ടുകമായി മാറിയോ എന്ന സംശയമാണ് ഇതു വായിച്ചാല്‍ ഉണ്ടാവുക. യുഡിഎഫ് എന്നോ എല്‍ഡിഎഫ് എന്നോ ഇടയലേഖനത്തില്‍ വ്യക്തമായി പറയുന്നില്ലെങ്കിലും ഒമ്പതു ഖണ്ഡികകളിലായി അജഗണങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്ന ഇടയലേഖനത്തിന്റെ താല്‍പര്യം വളരെ വ്യക്തമാണ്. യുഡിഎഫിനെ ജയിപ്പിക്കുക, അവര്‍ക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തുക, എല്‍ഡിഎഫിലെ വിവിധ കക്ഷി സ്ഥാനാര്‍ത്ഥികളെയും അവര്‍ പിന്താങ്ങുന്ന സ്വതന്ത്രരേയും തോല്‍പിക്കുക ഇതാണ് വരികള്‍ക്കിടയിലൂടെ സഭ നല്‍കുന്ന ആഹ്വാനം.

    ReplyDelete
  2. കെ സി ബീ സി ഇടയലേഖനങ്ങളിലൂടെ ചെയ്യുന്നതും പോപുലർ ഫ്രണ്ട് സ്വകാര്യ ലഖുലേഖകളിലൂടെ ചെയ്യുന്നതും ഒരേ കാര്യം തന്നെ. തത്വത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് വോട്ട് ചെയ്യരുത് എന്ന ആഹ്വാനം. അത് കണ്ട് പല്ലിളിച്ച് കാണിക്കാൻ കത്തോലിക്കാ സഭയും പോപ്പുലർ ഫ്രണ്ടും കുറേ എണ്ണത്തെ ചെല്ലും ചിലവും കൊടുത്ത് കൂലി എഴുത്ത്കാരായി നിയമിച്ചിട്ടുണ്ട്. കെ സി ബി സി യുടെ ഇടയലേഖനം ഇട്ട ബസ്സിൽ കുടത്തിൽ നിന്നും പുറത്തു വന്ന ഭൂതങ്ങൾ ബഹു വർണ്ണങ്ങളിലും മുല്ലാ നാസറുദ്ദീൻ രൂപത്തിലും പിന്നെ മഞ്ഞളായും ചെറുപയറായും ഒക്കെ കയറി നിരങ്ങുന്നതും കാണുന്നുണ്ട്.

    ReplyDelete
  3. മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവാ പറഞ്ഞു. സ്വാര്‍ഥപരമായ മത ഇടപെടലുകള്‍ രാഷ്ട്രീയത്തില്‍ ഒരുഘട്ടത്തിലും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. പട്ടം ആര്‍ച്ച് ബിഷപ്സ് ഹൌസില്‍ തിരുവനന്തപുരത്തെ ആത്മീയ നേതാക്കളുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാവാ. വികസനത്തിനും ക്ഷേമത്തിനും ജാതി, മത, വര്‍ഗ, രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരള സമൂഹം ഒറ്റക്കെട്ടാകണം- ബാവാ പറഞ്ഞു. സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്ക് മതങ്ങളെ ഉപയോഗിക്കുന്നവരെ തിരിച്ചറിയണമെന്ന്യോഗം അഭ്യര്‍ഥിച്ചു. വിശാലമായ കേരളീയസമൂഹം വിവിധ മതവിശ്വാസങ്ങളും ചിന്താധാരകളും പിന്തുടരുന്നവരാണ്. എന്നാല്‍ ഈ വൈവിധ്യം പരിമിതിയാകാതെ നാടിന്റെ സമഗ്ര പുരോഗതിക്കും വളര്‍ച്ചക്കും വേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ച പാരമ്പര്യമാണുളളത്. ഇതിനെതിരായ പ്രവര്‍ത്തനങ്ങള്‍ വളരാനോ പ്രോത്സാഹിപ്പിക്കാനോ അനുവദിക്കരുതെന്നും യോഗം അഭ്യര്‍ഥിച്ചു.

    ദേശാഭിമാനി 01082010

    ReplyDelete
  4. ജനങ്ങളെ തമ്മില്‍ അകറ്റുന്നതും രാഷ്ട്രീയപ്രേരിതവുമായ ഇടയലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കെസിബിസിയുടെ അപക്വമായ നടപടി അവസാനിപ്പിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഭരണഘടനയ്ക്കും ജനാധിപത്യതത്വങ്ങള്‍ക്കും വിരുദ്ധമായ ഇത്തരം നിലപാട് രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രബോധനങ്ങള്‍ക്കും ക്രൈസ്തവമൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്നും കണ്‍വന്‍ഷന്‍ വിലയിരുത്തി.

    deshabhimani news

    ReplyDelete