Tuesday, July 13, 2010

പെട്രോള്‍ അടുക്കളയിലും കത്തുന്നു...

പെട്രോളിയം വിലവര്‍ധന വീട്ടമ്മമാരെയാണ് യഥാര്‍ഥത്തില്‍ ദുരിതക്കയത്തിലാക്കിയത്. കുടുംബ ബജറ്റ് താളം തെറ്റുമ്പോള്‍, നിസ്സഹായരാകുന്ന അവസ്ഥയാണ് മിക്ക വീടുകളിലും കാണുന്നത്. പെട്രോളിന് 4.26 രൂപയും ഡീസലിന് 3.56 രൂപയും മണ്ണെണ്ണയ്ക്ക് 3.30 രൂപയും പാചകവാതകത്തിന് 39.20 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന ജീവിതത്തിന്റെ സമസ്തമേഖലകളെയും പിടിച്ചുലയ്ക്കുകയാണ്. നിത്യോപയോഗസാധനങ്ങളുടെ വില ദിനംപ്രതി വര്‍ധിക്കുമ്പോഴാണ് ഈ ഇരുട്ടടി വന്നത്. ഒരു കിലോ അരിക്ക് മാര്‍ക്കറ്റില്‍ 26 മുതല്‍ 28 രൂപവരെയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന അരിവിലയില്‍ കിലോയ്ക്ക് രണ്ടുരൂപയാണ് വര്‍ധന വരുത്തിയത്. ജയ അരി 24ല്‍നിന്ന് 28 രൂപയായും മട്ട 26ല്‍ നിന്ന് 28 രൂപയായും വില വര്‍ധിച്ചു. സുരേഖ അരിക്കാവട്ടെ രണ്ടുരൂപ വര്‍ധിച്ച് 27 രൂപയായി. പയറുല്‍പ്പന്നങ്ങള്‍ക്കും ഇതോടൊപ്പം വില വര്‍ധിച്ചിട്ടുണ്ട്. പരിപ്പിന് 88 രൂപയാണ്. പയറാകട്ടെ കിലോയ്ക്ക് 90 രൂപയായി. മുളക്, മല്ലി, വില യഥാക്രമം 75ഉം 45ഉം രൂപയായി ഉയര്‍ന്നു. ചെറുപയറിന്റെ വില വര്‍ധിച്ചത് കുറച്ചൊന്നുമല്ല കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചത്. വന്‍പയറിന് 45 രൂപയും ഉഴുന്നിന് 85 രൂപയും ചെറിയ ഉള്ളിക്ക് 23 രൂപയുമാണ് വില. പഞ്ചസാരക്ക് 35രൂപവരെ വില ഉയരുമെന്ന് കച്ചവടക്കാര്‍തന്നെ പറയുന്നു. ഇന്ധന വിലവര്‍ദ്ധന പച്ചക്കറിയുടെ വിലയും വര്‍ധിപ്പിച്ചു. തക്കാളിയുടെ വില ഭീകരമാം വിധം വര്‍ധിക്കുന്നു. 20 രൂപയില്‍ ഒരു കിലോയ്ക്ക് ലഭിച്ച തക്കാളി ഇന്ന് 35 രൂപയില്‍ എത്തിനില്‍ക്കുന്നു. ക്യാരറ്റിനും, ബീന്‍സിനും 40 രൂപയാണ്. മീനിന്റെയും ഇറച്ചിയുടെയും വില വര്‍ധിക്കുകയാണ്.

മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനവും രണ്ടുരൂപയ്ക്ക് അരി നല്‍കുന്നതും ആളുകള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നു. നഗരങ്ങളില്‍ എന്നപോലെ ഗ്രാമപ്രദേശങ്ങളിലും വിറക് കിട്ടാക്കനിയാണ്. തെങ്ങിനുണ്ടാക്കിയ മണ്ഡരിചകിരിയുടെ ഗുണനിലവാരം കുറച്ചു. മാത്രമല്ല, തെങ്ങു കയറാന്‍ ആളെ കിട്ടാനില്ലാതായി. ഈ സമയങ്ങളില്‍ വീട്ടമ്മമാരെ സഹായിച്ചത് മണ്ണെണ്ണയും പാചകവാതകവുമാണ്. എന്നാല്‍, പാചകവാതക സിലിണ്ടറിന് ഒന്നിന് 39.20 രൂപയാണ് വര്‍ധിപ്പിച്ചത്. നിലവില്‍ പാചക വാതകത്തിന് 327 രൂപയാണ് ഉണ്ടായിരുന്നത്. സിലിണ്ടര്‍ വീട്ടിലെത്തിക്കാന്‍ ചുരുങ്ങിയത് 490 രൂപയെങ്കിലും ആവുമായിരുന്നു. എന്നാല്‍, വിലവര്‍ധനയ്ക്കുശേഷം ഇത് 600 രൂപയെങ്കിലും ആകും. പെട്രോളിനും ഡീസലിനും പാചക വാതകത്തിനും വില വര്‍ധിപ്പിക്കുമ്പോഴും സാധാരണഗതിയില്‍ മണ്ണെണ്ണയ്ക്ക് വില വര്‍ധിപ്പിക്കല്‍ ഉണ്ടാവാറില്ല. പക്ഷേ ഇപ്രാവശ്യം ലിറ്ററിന് മൂന്നുരൂപയാണ് മണ്ണെണ്ണയ്ക്ക് വര്‍ധിപ്പിച്ചത്. ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളുടെ വിലനിലവാരം ദിനംപ്രതി താഴുമ്പോഴാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനമൂലം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നത്. എന്നാല്‍, പാചകത്തിനായി അടുക്കളയില്‍ ചെലവഴിക്കേണ്ട തുകയുടെ കാര്യത്തില്‍ വീട്ടമ്മമാരാണ് ബുദ്ധിമുട്ടിലാകുന്നത്.

ലളിത കരുമല, സ്ത്രീ സപ്ലിമെന്റ്, ദേശാഭിമാനി ദിനപത്രം

1 comment:

  1. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന ജീവിതത്തിന്റെ സമസ്തമേഖലകളെയും പിടിച്ചുലയ്ക്കുകയാണ്. നിത്യോപയോഗസാധനങ്ങളുടെ വില ദിനംപ്രതി വര്‍ധിക്കുമ്പോഴാണ് ഈ ഇരുട്ടടി വന്നത്. ഒരു കിലോ അരിക്ക് മാര്‍ക്കറ്റില്‍ 26 മുതല്‍ 28 രൂപവരെയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന അരിവിലയില്‍ കിലോയ്ക്ക് രണ്ടുരൂപയാണ് വര്‍ധന വരുത്തിയത്. ജയ അരി 24ല്‍നിന്ന് 28 രൂപയായും മട്ട 26ല്‍ നിന്ന് 28 രൂപയായും വില വര്‍ധിച്ചു. സുരേഖ അരിക്കാവട്ടെ രണ്ടുരൂപ വര്‍ധിച്ച് 27 രൂപയായി. പയറുല്‍പ്പന്നങ്ങള്‍ക്കും ഇതോടൊപ്പം വില വര്‍ധിച്ചിട്ടുണ്ട്. പരിപ്പിന് 88 രൂപയാണ്. പയറാകട്ടെ കിലോയ്ക്ക് 90 രൂപയായി. മുളക്, മല്ലി, വില യഥാക്രമം 75ഉം 45ഉം രൂപയായി ഉയര്‍ന്നു. ചെറുപയറിന്റെ വില വര്‍ധിച്ചത് കുറച്ചൊന്നുമല്ല കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചത്. വന്‍പയറിന് 45 രൂപയും ഉഴുന്നിന് 85 രൂപയും ചെറിയ ഉള്ളിക്ക് 23 രൂപയുമാണ് വില. പഞ്ചസാരക്ക് 35രൂപവരെ വില ഉയരുമെന്ന് കച്ചവടക്കാര്‍തന്നെ പറയുന്നു. ഇന്ധന വിലവര്‍ദ്ധന പച്ചക്കറിയുടെ വിലയും വര്‍ധിപ്പിച്ചു. തക്കാളിയുടെ വില ഭീകരമാം വിധം വര്‍ധിക്കുന്നു. 20 രൂപയില്‍ ഒരു കിലോയ്ക്ക് ലഭിച്ച തക്കാളി ഇന്ന് 35 രൂപയില്‍ എത്തിനില്‍ക്കുന്നു. ക്യാരറ്റിനും, ബീന്‍സിനും 40 രൂപയാണ്. മീനിന്റെയും ഇറച്ചിയുടെയും വില വര്‍ധിക്കുകയാണ്.

    ReplyDelete