Tuesday, August 17, 2010

ഭക്ഷ്യസുരക്ഷയില്‍ സംഭരണത്തിനും ഇടം വേണം

ഭക്ഷ്യസുരക്ഷയെക്കുറിച്ച് ഏറെ കോലാഹലമുണ്ടാക്കുന്ന കേന്ദ്ര സര്‍ക്കാര്‍, രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യത്തിന്റെ 'സുരക്ഷയില്‍' തരിമ്പും ശ്രദ്ധിക്കാത്ത വൈരുദ്ധ്യത്തിലേയ്ക്കു വിരല്‍ ചൂണ്ടുന്നതാണ്, കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ സംബന്ധിച്ച സുപ്രിം കോടതി വിധി. ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ കൂട്ടിയിട്ടു നശിപ്പിച്ചുകളയാതെ അതു പാവങ്ങള്‍ക്കു വിതരണം ചെയ്യാനാണ് സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാ നിയമങ്ങളും സമൂഹത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനു വേണ്ടിയാണെന്ന അടിസ്ഥാന ബോധമില്ലാതെ വ്യവഹാര സാങ്കേതികതയുടെ നൂലാമാലകളില്‍ കുരുങ്ങിക്കിടക്കുകയും പലപ്പോഴും ജഡ്ജിമാരുടെ വളര്‍ച്ചാദോഷം കൊണ്ടുണ്ടായ ഉപരിവര്‍ഗ താല്‍പ്പര്യങ്ങള്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന വിധികള്‍ പുറപ്പെടുവിക്കുന്ന ഇന്ത്യന്‍ കോടതികളില്‍നിന്ന് വല്ലപ്പോഴും മാത്രമുണ്ടാവുന്ന, പുരോഗമന ചിന്തയുടെ വെള്ളിവെളിച്ചം ചിതറുന്ന വിധിന്യായമാണിത്. പ്രഥമ നോട്ടത്തില്‍തന്നെ മനുഷ്യത്വപരമെന്നും ജനപക്ഷത്തുള്ളതെന്നും വിലയിരുത്താനാവുന്ന ഇത്തരം വിധികളാണ് നീതിന്യായസംവിധാനത്തില്‍ നമുക്കുള്ള വിശ്വാസത്തെ വീണ്ടെടുക്കുന്നത്.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്നു നശിക്കുന്നതായ വാര്‍ത്ത ഏറെ നാളായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രിം കോടതി തന്നെ ഇക്കാര്യത്തില്‍ നേരത്തെ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജനസംഖ്യയില്‍ ഗണനീയമായ ഒരു വിഭാഗം വിശക്കുന്ന വയറുമായി ഉറങ്ങുന്ന രാജ്യത്താണ്, കര്‍ഷകര്‍ വിയര്‍പ്പിറ്റിച്ച് ഉല്‍പ്പാദിപ്പിക്കുന്ന അരിയും ഗോതമ്പുമെല്ലാം ചീഞ്ഞുപോവുന്നത്, എലിയും മറ്റ് ജന്തുകളും തിന്നുതീര്‍ക്കുന്നന്നത്. കുറ്റകരമാണ് ഈ അനാസ്ഥ. ദാരിദ്ര്യം അത് അനുഭവിക്കുന്നവന്റെയല്ല, മറിച്ച് അതു നിലനില്‍ക്കുന്ന സമൂഹത്തിന്റെ പാപമാണ്. ഈ തിരിച്ചറിവുള്ള ആര്‍ക്കും അനുവദിച്ചുകൊടുക്കാനാവുന്നതല്ല, ടണ്‍കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോവുന്ന അവസ്ഥ. ഭക്ഷ്യസുരക്ഷയെക്കുറിച്ച് നിരന്തരം വാചാലരായിക്കൊണ്ടിരിക്കുന്നവര്‍ തന്നെ ഇത്തരം അലംഭാവം കാണിക്കുന്നത്, യഥാര്‍ഥ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ഇവര്‍ക്കുള്ള ആത്മാര്‍ഥതയില്‍ സംശയം തോന്നിപ്പോവുന്നത് സ്വാഭാവികം മാത്രമാണ്.

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളില്‍ ഒരു ചെറിയ പങ്കൊഴിച്ച് സര്‍ക്കാര്‍ വെയര്‍ഹൗസുകളിലാണ് സംഭരിക്കുന്നത്. പൊതുവിതരണ സമ്പ്രദായം വഴിയാണ് ഇവ വിതരണം ചെയ്യുന്നത്. കോണ്‍ഗ്രസ്, ബി ജെ പി സര്‍ക്കാരുകളുടെ പുതിയ നയം അനുസരിച്ച് പൊതുവിതരണ സമ്പ്രദായം ലക്ഷ്യകേന്ദീകൃതമായപ്പോള്‍ അതുവഴിയുള്ള വിതരണത്തില്‍ വന്‍ കുറവു വന്നിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്നു നശിക്കുന്ന സാഹചര്യമുണ്ടാവുന്നത് ഇങ്ങനെയാണ്. ഈ മാസത്തെ തന്നെ കണക്ക് അനുസരിച്ച് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളിലുള്ള ഭക്ഷ്യധാന്യത്തിന്റെ അളവ് 57.8 ദശലക്ഷം ടണ്ണാണ്. ശരിയായ വിതരണം നടന്നിരുന്നെങ്കില്‍ ഇത് 31.9 ദശലക്ഷം ടണ്ണേ ഉണ്ടാവുമായിരുന്നുള്ളൂ. പൊതുവിതരണ സമ്പ്രദായത്തില്‍നിന്ന് ജനങ്ങള്‍ അകന്നുപോയതുവഴി വിതരണത്തില്‍ വന്‍ ശൃംഖലാഭംഗമുണ്ടായിട്ടുണ്ട്. ഇതാണ് എലികളുടെ ഭക്ഷണത്തിനു വകവയ്ക്കുന്നത്. കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ് പവാര്‍ തന്നെ ചൂണ്ടിക്കാട്ടിയതുപോലെ, ജനസംഖ്യയില്‍ പകുതിയോളവും പട്ടിണി കിടക്കുന്ന രാജ്യത്ത് അരിയും ഗോതമ്പും കെട്ടുപോവുന്ന അവസ്ഥ ലജ്ജാകരമാണ്.

കഴിഞ്ഞ സീസണില്‍ മണ്‍സൂണില്‍ വന്ന കുറവ് വിളയെ ബാധിക്കുകയും അത് വന്‍ വിലക്കയറ്റത്തിനു വഴിവയ്ക്കുകയും ചെയ്തിരുന്നു. അപ്പോഴും എഫ് സി ഐ ഗോഡൗണുകളില്‍ ധാന്യങ്ങള്‍ കെട്ടിക്കിടക്കുകയായിരുന്നെന്നും നശിച്ചുപൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നെന്നുമാണ് കണക്കുകള്‍ കാണിക്കുന്നത്. ഇത്തവണ മണ്‍സൂണ്‍ കാര്‍ഷിക രംഗത്ത് ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. വിളവു കൂടുമെന്നും അതുവഴി വില കുറയുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. പക്ഷേ, ഈ വിളവെടുപ്പിലൂടെ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ എവിടെയാണ് സംഭരിക്കുക?

കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് വെയര്‍ഹൗസുകളുടെ സംഭരണ ശേഷി 227 ലക്ഷം ടണ്ണില്‍നിന്ന് 274 ലക്ഷം ടണ്‍ ആക്കിയെന്നാണ് ശരദ് പവാര്‍ പറയുന്നത്. സ്വകാര്യമേഖലയുടെ കൂടി പങ്കാളിത്തത്തോടെ ഇത് ഇനിയും വര്‍ധിപ്പിക്കുമെന്നും പവാര്‍ പറയുന്നു. വെയര്‍ഹൗസിംഗ് മേഖലയില്‍ സ്വകാര്യനിക്ഷേപത്തെ പ്രോത്സാഹിപ്പിക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളെ ഉപദേശിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷ്യധാന്യം കെട്ടിക്കിടന്നു നശിക്കുന്നതായ വാര്‍ത്തകള്‍ നിരന്തരം വന്നിട്ടും സര്‍ക്കാര്‍ ഇതിനോട് ഉപേക്ഷാപൂര്‍വമായ സമീപം സ്വീകരിച്ചത് സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കാനാണോയെന്നും സംശയിക്കണം.

ജനയുഗം മുഖപ്രസംഗം 17082010

1 comment:

  1. ഭക്ഷ്യസുരക്ഷയെക്കുറിച്ച് ഏറെ കോലാഹലമുണ്ടാക്കുന്ന കേന്ദ്ര സര്‍ക്കാര്‍, രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യത്തിന്റെ 'സുരക്ഷയില്‍' തരിമ്പും ശ്രദ്ധിക്കാത്ത വൈരുദ്ധ്യത്തിലേയ്ക്കു വിരല്‍ ചൂണ്ടുന്നതാണ്, കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ സംബന്ധിച്ച സുപ്രിം കോടതി വിധി. ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ കൂട്ടിയിട്ടു നശിപ്പിച്ചുകളയാതെ അതു പാവങ്ങള്‍ക്കു വിതരണം ചെയ്യാനാണ് സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാ നിയമങ്ങളും സമൂഹത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനു വേണ്ടിയാണെന്ന അടിസ്ഥാന ബോധമില്ലാതെ വ്യവഹാര സാങ്കേതികതയുടെ നൂലാമാലകളില്‍ കുരുങ്ങിക്കിടക്കുകയും പലപ്പോഴും ജഡ്ജിമാരുടെ വളര്‍ച്ചാദോഷം കൊണ്ടുണ്ടായ ഉപരിവര്‍ഗ താല്‍പ്പര്യങ്ങള്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന വിധികള്‍ പുറപ്പെടുവിക്കുന്ന ഇന്ത്യന്‍ കോടതികളില്‍നിന്ന് വല്ലപ്പോഴും മാത്രമുണ്ടാവുന്ന, പുരോഗമന ചിന്തയുടെ വെള്ളിവെളിച്ചം ചിതറുന്ന വിധിന്യായമാണിത്. പ്രഥമ നോട്ടത്തില്‍തന്നെ മനുഷ്യത്വപരമെന്നും ജനപക്ഷത്തുള്ളതെന്നും വിലയിരുത്താനാവുന്ന ഇത്തരം വിധികളാണ് നീതിന്യായസംവിധാനത്തില്‍ നമുക്കുള്ള വിശ്വാസത്തെ വീണ്ടെടുക്കുന്നത്

    ReplyDelete