Friday, August 20, 2010

കലാപം മോഹിച്ചവര്‍ക്ക് നിരാശ

ബാംഗ്ളൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍പ്രതിചേര്‍ക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്നിയെ കേരളത്തില്‍നിന്ന് അറസ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നു. ഇതോടനുബന്ധിച്ച് കേരളത്തില്‍ല്‍വലിയ തോതിലുള്ള ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് വിലയിരുത്തിയവരെയും അറസ്റ്റ് നടപ്പാക്കേണ്ടി വരുമ്പോള്‍ പോലീസ് അതിക്രമവും വെടിവയ്പും രക്തച്ചൊരിച്ചിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെയും നിരാശരാക്കി പ്രശ്നം അവധാനതയോടെ കൈകാര്യംചെയ്തു. കേരള സര്‍ക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റിലെ വൈദഗ്ധ്യമാണ് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടത്.

2008ല്‍ ബാംഗ്ളൂരില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മഅദ്നിയെ പ്രതിചേര്‍ക്കുന്നത് മാസങ്ങള്‍ക്ക് മുമ്പാണ്. ഇങ്ങനെ കേസില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള തെളിവുകള്‍ എന്താണെന്നോ വിധിന്യായങ്ങള്‍ എന്തൊക്കെയാണെന്നോ ഒക്കെ പരിശോധിക്കേണ്ടത് ബന്ധപ്പെട്ട സ്ഥലത്തെ കോടതികളാണ്. മറ്റൊരു സംസ്ഥാനത്ത് ചാര്‍ജ് ചെയ്ത കേസായതുകൊണ്ട് ഇതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയുവാന്‍ കേരളാസര്‍ക്കാരിന് സാധിക്കുകയില്ല. എന്നാല്‍,ല്‍ ഈ വിഷയത്തില്‍ല്‍ വസ്തുതകള്‍ എല്ലാവര്‍ക്കും ബോധ്യപ്പെടേണ്ടതുണ്ട്.

കേസില്‍ കേരളീയനായ മഅദ്നി ഉള്‍പ്പെട്ടു എന്നന്നകാര്യം മാധ്യമങ്ങളില്‍ക്കൂടിയാണ് കേരളാ പോലീസ് അറിഞ്ഞത്. മഅ്ദനിയെ പിടികൂടാത്തത് സംബന്ധിച്ച് കോടതിയില്‍നിന്ന് നിശിതമായ വിമര്‍ശനം വന്നപ്പോഴാണ് അദ്ദേഹത്തെ പിടികൂടുന്നതിന് കര്‍ണാടക പോലീസിന്റെ ഒരു സിഐയും രണ്ട് കോണ്‍സ്റ്റബിള്‍മാരും ആഗസ്ത് 10ന് വൈകിട്ട് കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ടിനെ സമീപിച്ചത്. ഈ ഉദ്യോഗസ്ഥന്മാരാകട്ടെ ആദ്യം കൊച്ചിയില്‍ വരികയും കൊച്ചി മുതല്‍ ചാനലുകളുടെ അകമ്പടിയോടെ കൊല്ലത്തെത്തുകയുമായിരുന്നു. സാധാരണഗതിയില്‍ ഒരു പ്രതിയെ പിടികൂടാന്‍ സ്വീകരിക്കുന്നന്നനടപടികളില്‍നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ഇതോടെ മഅദ്നി താമസിക്കുന്നന്ന അന്‍വാര്‍ശേരിയില്‍ ആളുകള്‍ സംഘംചേരുകയും മഅ്ദനിയെ ഒരു കാരണവശാലും വിട്ടുകൊടുക്കുകയില്ല എന്ന പ്രതികരണമുണ്ടാകത്തക്ക വിധത്തില്‍ ജനക്കൂട്ടത്തെ സംഘടിപ്പിക്കുകയുംചെയ്തു. മഅ്ദനിയെ പ്രതിചേര്‍ത്ത വിവരം മാധ്യമങ്ങള്‍ വഴി അറിഞ്ഞ ഉടന്‍ അന്‍വാര്‍ശേരിക്കു ചുറ്റും ഇത്തരത്തില്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടന്നുവരികയായിരുന്നു.

ആഗസ്ത് 10ന് വൈകിട്ട് കൊല്ലം എസ്പിയെ ബന്ധപ്പെട്ട കര്‍ണാടക പോലീസ് സംഘത്തോട്, മഅ്ദനിയെ അറസ്റ്റ് ചെയ്യുമ്പോള്‍ കേരളത്തില്‍ ചില മുന്‍കരുതല്‍ല്‍സ്വീകരിക്കേണ്ടതുണ്ടെന്നും 12 മുതല്‍ രാഷ്ട്രപതിയുടെ മൂന്നുദിവസത്തെ സന്ദര്‍ശനം കേരളത്തില്‍ നടക്കുകയാണെന്നും അറിയിച്ചു. ആഗസ്ത് 10നുമുമ്പ് ഒരു ഘട്ടത്തിലും കര്‍ണാടകത്തില്‍നിന്ന് കേരളാ പൊലീസിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഏത് സംസ്ഥാനത്താണോ കേസ് രജിസ്റ്റര്‍ ചെയ്തത് ആ സംസ്ഥാന പൊലീസാണ് സ്വാഭാവികമായും പ്രതിയെ അറസ്റ്റ് ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ മഅദ്നിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക പോലീസ് ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ എല്ലാ സഹായവും ചെയ്യുമെന്ന് കേരളാ പൊലീസ് അറിയിച്ചിരുന്നു. ആഗസ്ത് 12ന് കര്‍ണാടക ആഭ്യന്തരമന്ത്രി എന്നെ ബന്ധപ്പെടുകയും അറസ്റ്റ് നടത്താനാവശ്യമായ സഹായം നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ രാഷ്ട്രപതിയുടെ മൂന്നുദിവസത്തെ സന്ദര്‍ശനവും ആഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തിന്റെ കാര്യവും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ആഗസ്ത് 15നു ശേഷം ഇക്കാര്യത്തില്‍ല്‍ആവശ്യമായ സഹായം നല്‍കണമെന്നായിരുന്നു ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ അന്നുതന്നെ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടുകയും കര്‍ണാടക പൊലീസിനാവശ്യമായ സഹായം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ കൊല്ലം എസ്പിയുടെ നേതൃത്വത്തില്‍ ക്രമീകരണമുണ്ടാക്കണമെന്നും തിരുവനന്തപുരം റേഞ്ച് ഐജി പൊതുവായ ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിക്കണമെന്നും തീരുമാനിച്ചു. അറസ്റ്റിനുള്ള അന്തരീക്ഷം കര്‍ണാടക പൊലീസിന് സൃഷ്ടിച്ചുകൊടുക്കാനും അന്‍വാര്‍ശേരിയില്‍ ഒരുവിധ ക്രമസമാധാന പ്രശ്നവും ഉണ്ടാകാതിരിക്കുന്നതിനും യുക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം എസ്പിയുടെ റിപ്പോര്‍ട്ടിനുമേല്‍ല്‍അന്‍വാര്‍ശേരിയിലും പരിസര പ്രദേശങ്ങളിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അവിടെ കൂടിനിന്ന ജനങ്ങളെ പൊലീസ് പിരിച്ചുവിടുകയുംചെയ്തു. ആഗസ്ത് പതിനാലോടെ അന്‍വാര്‍ശേരി പൊലീസ് വലയം ചെയ്തുകഴിഞ്ഞിരുന്നു. മഅദ്നി പുറത്തുപോകാതിരിക്കുന്നതിനും പുറത്തുനിന്ന് ആളുകള്‍ അകത്തേക്കു കടക്കാതിരിക്കുന്നതിനുമുള്ള ക്രമീകരണം ഒരുക്കി ഏത് സ്ഥിതിവിശേഷത്തെയും നേരിടാന്‍ കേരളാ പൊലീസിനെ സജ്ജമാക്കിയിരുന്നു.

ഈ ഘട്ടത്തിലാണ് താന്‍ കോടതിയില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് മഅദ്നി പ്രഖ്യാപിച്ചത്. ഇതിനായി ആഗസ്ത് 16ന് ഒരുദിവസം മഅദ്നിക്ക് അനുവദിക്കുന്നതില്‍ തെറ്റില്ല എന്ന നിലപാട് കര്‍ണാടക പോലീസ് സ്വീകരിച്ചു. കോടതിയില്‍ മഅദ്നിയെ ഹാജരാക്കേണ്ടണ്ട ആഗസ്ത് 17ന് ഉച്ചയ്ക്കു മുമ്പ് ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടാകണമെന്ന് കര്‍ണാടക പൊലീസ് അറിയിച്ചിരുന്നു. 17ന് പകല്‍ പതിനൊന്നരയോടെ അന്‍വാര്‍ശേരിയില്‍നിന്ന് മഅദ്നി പുറപ്പെട്ട് കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാകുമെന്നും ഒരു മണിക്കു മുമ്പ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഇക്കാര്യം കര്‍ണാടകത്തെ അറിയിക്കാനാകുമെന്നുമാണ് പൊലീസ് പ്രതീക്ഷിച്ചത്. എന്നാല്‍, അന്‍വാര്‍ശേരിയില്‍ മഅദ്നി പത്രസമ്മേളനം നീട്ടിക്കൊണ്ടുപോവുകയും ഒരു മണിക്കും പുറത്തിറങ്ങാതെ വരികയും ചെയ്തപ്പോഴാണ് 1.15ന് കര്‍ണാടക പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ ഘട്ടത്തില്‍ കര്‍ണാടക പൊലീസിന് അറസ്റ്റിന് ആവശ്യമായ എല്ലാ സഹായങ്ങളും കേരളാ പൊലീസ് നല്‍കി.

മഅദ്നിയെ കോടതിയില്‍ കീഴടങ്ങാന്‍ അനുവദിക്കണമോ അറസ്റ്റ് ചെയ്യണമോ എന്നതെല്ലാം തീരുമാനിക്കേണ്ടത് കര്‍ണാടക പൊലീസാണെന്ന് നേരത്തെതന്നെ ഞാന്‍ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഒരുവിധ ആശയക്കുഴപ്പവും ഇരു സംസ്ഥാനത്തെയും പൊലീസുകാര്‍ തമ്മിലുണ്ടായിട്ടില്ല. ഇവിടെ ഒരുകൂട്ടം ആളുകള്‍ പ്രചരിപ്പിക്കുന്നത് അന്‍വാര്‍ശേരിയിലെ യത്തീംഖാനയ്ക്കകത്തു കയറി കേരളാ പൊലീസ് മഅദ്നിയെ പിടികൂടണമെന്നായിരുന്നു. അറസ്റ് ചെയ്യേണ്ട കര്‍ണാടക പൊലീസ് അത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നില്ല. 17ന് ഉച്ചയോടുകൂടി മാത്രമാണ് അന്‍വാര്‍ശേരിയിലേക്ക് കര്‍ണാടക പൊലീസ് എത്തിയത്. ആ സമയത്ത് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരളാ പൊലീസ് സഹായിച്ചു. ഇതിന് കേരളാ പൊലീസിന് നന്ദി പറഞ്ഞ് കര്‍ണാടക പൊലീസും കര്‍ണാടക മുഖ്യമന്ത്രിയും പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. കേരള സര്‍ക്കാര്‍ ഈ പ്രശ്നം കൈകാര്യംചെയ്തത് അവധാനതയോടെയാണെന്ന് മഅ്ദനിയും പ്രസ്താവിക്കുകയുണ്ടായി. ബന്ധപ്പെട്ട രണ്ട് കക്ഷികളും കേരളാ പൊലീസിന്റെ നിലപാടിനെ സംബന്ധിച്ച് ആക്ഷേപമുന്നയിക്കാത്ത സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്ന ചിലര്‍ക്ക് നേരിട്ട ഇച്ഛാഭംഗത്തില്‍ല്‍നിന്നാണ് സര്‍ക്കാരിനെതിരായ ചില പ്രതികരണങ്ങള്‍ പുറത്തുവന്നത്.

ഏറ്റവും അനുയോജ്യമായ സമയത്താണ് മഅ്ദനിയുടെ അറസ്റ് നടന്നത്. കേസില്‍ മഅ്ദനി പ്രതിയായെന്ന വാര്‍ത്തയ്ക്കു ശേഷം ഏതാണ്ട് 3000 ആളുകള്‍ അന്‍വാര്‍ശേരി കേന്ദ്രീകരിച്ചുണ്ടായിരുന്നു. എന്നാല്‍, പിന്നീട് അറസ്റ്റ് പെട്ടെന്നുണ്ടാകാനിടയില്ല എന്ന പ്രതീതി വന്നതോടെ ജനക്കൂട്ടം അവിടെനിന്ന് ഒഴിഞ്ഞു. ഇതോടെയാണ് അന്‍വാര്‍ശേരിയും പരിസരവും പൊലീസ് നിയന്ത്രണത്തില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് അന്‍വാര്‍ശേരിക്കകത്ത് ഉണ്ടായിരുന്ന ജനങ്ങള്‍ പിരിഞ്ഞുപോകാന്‍ പൊലീസ് നിര്‍ദേശിച്ചു. ഇങ്ങനെ സ്ഥിതി പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയാണ് പ്രശ്നങ്ങളില്ലാതെ ഇത്തരമൊരു അറസ്റ്റ് നടത്താനുള്ള സാഹചര്യമൊരുക്കിയത്.

യത്തീംഖാന, മദ്രസ, പള്ളി എന്നിവ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനകത്തു കയറി പൊലീസ് ഓപ്പറേഷന്‍ നടത്തണമെന്നാണ് പലരും ആഗ്രഹിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിരുന്നതുപോലെ അതിക്രമം നടത്താന്‍ എല്‍ഡിഎഫ് തയ്യാറല്ല. യുഡിഎഫ് ഭരണകാലത്ത് ശിവഗിരിയില്‍ പൊലീസ് കടന്ന് സന്യാസിമാരുള്‍പ്പെടെയുള്ളവരെ മൃഗീയമായി മര്‍ദിച്ച സംഭവവും, തൃക്കുന്നത്ത് സെമിനാരിയില്‍ പുരോഹിതരെയും വിശ്വാസികളെയും അന്തേവാസികളെയും ക്രൂരമായി മര്‍ദിച്ചതും നാം മറന്നിട്ടില്ല. മുത്തങ്ങയില്‍ ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ പോയ പൊലീസ് നടത്തിയ കാര്യങ്ങള്‍ കേരളം ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. മുത്തങ്ങയില്‍ ജോഗി എന്ന ആദിവാസി യുവാവിനെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അന്‍വാര്‍ശേരിയിലും വര്‍ഗീയ ചേരിതിരിവും സംഘര്‍ഷവും കലാപവും സംഘടിപ്പിക്കാമെന്ന് കരുതിയവര്‍ക്ക് അതു നടക്കാതെ വന്നതിലുള്ള നിരാശയാണിപ്പോള്‍ പ്രകടിപ്പിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ സമാനമായ പ്രശ്നങ്ങളെ ഇതിനു മുമ്പും കൈകാര്യം ചെയ്തപ്പോള്‍ തികഞ്ഞ സമചിത്തതയോടെ പൊലീസ് സംവിധാനത്തെ ഇടപെടുത്താനാണ് ശ്രമിച്ചത്. ചെങ്ങറയില്‍ ഭൂമിപ്രശ്നം ഉയര്‍ത്തി സമരമുണ്ടായപ്പോള്‍ പ്രശ്നങ്ങള്‍ സമാധാനപരമായി കൈകാര്യംചെയ്ത് പരിഹാരമുണ്ടാക്കാനായി. വയനാട്ടിലെ ആദിവാസി ഭൂസമരത്തില്‍ കോടതിവിധി നടപ്പാക്കാന്‍ പൊലീസ് ഇടപെടല്‍ ആവശ്യമായി വന്നപ്പോള്‍ സംയമനത്തിന്റെ പാതയാണ് സ്വീകരിച്ചത്. ഈ വിധത്തില്‍ല്‍പ്രശ്നങ്ങളെ സമാധാനപൂര്‍വം സമീപിക്കുന്നത് കേരളാ പൊലീസിന്റെ ദൌര്‍ബല്യമല്ല, മറിച്ച് ശക്തിയും ആത്മസംയമനവും ധീരതയുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരുമായ നിരവധിപ്പേര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ച് സംസാരിക്കുകയുണ്ടായി. കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പാക്കാന്‍ സമയം വൈകിയെന്നാണ് ചിലരുടെ വിലാപം. ഡല്‍ഹി ഇമാമിനെതിരെ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ഇന്നും നടപ്പാക്കാന്‍ കഴിയാതെ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. നിയമവാഴ്ച നിലവിലുള്ള നമ്മുടെ രാജ്യത്ത് അതിന് വിധേയമായിമാത്രമേ ആര്‍ക്കും പ്രവര്‍ത്തിക്കാനാകുകയുള്ളൂ. അതുകൊണ്ട് നിയമാനുസൃതമായി കാര്യങ്ങള്‍ നടത്തണമെന്ന നിര്‍ബന്ധത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അബ്ദുള്‍ നാസര്‍ മഅദ്നിയുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്തത്.

കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി 20082010

1 comment:

  1. ബാംഗ്ളൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍പ്രതിചേര്‍ക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്നിയെ കേരളത്തില്‍നിന്ന് അറസ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നു. ഇതോടനുബന്ധിച്ച് കേരളത്തില്‍ല്‍വലിയ തോതിലുള്ള ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് വിലയിരുത്തിയവരെയും അറസ്റ്റ് നടപ്പാക്കേണ്ടി വരുമ്പോള്‍ പോലീസ് അതിക്രമവും വെടിവയ്പും രക്തച്ചൊരിച്ചിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെയും നിരാശരാക്കി പ്രശ്നം അവധാനതയോടെ കൈകാര്യംചെയ്തു. കേരള സര്‍ക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റിലെ വൈദഗ്ധ്യമാണ് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടത്

    ReplyDelete