Friday, August 20, 2010

പുനലൂര്‍ പേപ്പര്‍മില്‍ വീണ്ടും തുറക്കുന്നു

പുനലൂര്‍ പേപ്പര്‍മില്‍; പുനരുദ്ധാരണഉദ്ഘാടനവും തൊഴിലാളികളുടെ ആനുകൂല്യവിതരണവും ഇന്ന്

കിഴക്കന്‍ മലയോരനാട്ടില്‍ വെള്ളിയാഴ്ച വികസനപ്പെരുമയുടെ സൈറണ്‍ മുഴങ്ങും. ഉത്സവമേളം തീര്‍ക്കുന്ന അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി പുനലൂര്‍ പേപ്പര്‍മില്ലിന്റെ പുനരുദ്ധാരണ ഉദ്ഘാടനവും 1021 തൊഴിലാളികളുടെ ആനുകൂല്യവിതരണവും വെള്ളിയാഴ്ച പേപ്പര്‍മില്‍ അങ്കണത്തില്‍ നടക്കും. 23 വര്‍ഷമായി വികസനമുരടിപ്പിന്റെ ചങ്ങലപ്പൂട്ടുകളില്‍ തുരുമ്പിച്ചുകിടന്ന പുനലൂര്‍ പേപ്പര്‍മില്‍ പുതിയ സംരംഭകരുടെ നേതൃത്വത്തില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ അത്യാഹ്ളാദത്തിലാണ് ജനങ്ങള്‍. ഒരു വ്യവസായസ്ഥാപനത്തിനും ഇന്ത്യന്‍ ചരിത്രത്തിലുണ്ടായിട്ടില്ലാത്തവിധമുള്ള തിരിച്ചുവരവാണ് പേപ്പര്‍മില്ലിന്റേത്. സംസ്ഥാനസര്‍ക്കാരിന്റെ കലവറയില്ലാത്ത പരിശ്രമങ്ങളാലും തൊഴിലാളിയൂണിയനുകളുടെ പിന്തുണയാലും പുനലൂര്‍ പേപ്പര്‍മില്ലിലെ യന്ത്രങ്ങള്‍ വീണ്ടും നാടിന്റെ വികസനത്തിനായി ഉണരുകയാണ്. വിപുലമായ തയ്യാറെടുപ്പുകളാണ് പുനലൂരില്‍ പുനരുദ്ധാരണ ഉദ്ഘാടനച്ചടങ്ങിനായി നടത്തിയിട്ടുള്ളത്. പേപ്പര്‍മില്‍ വീണ്ടും തുറക്കുന്നതിനായുള്ള ഔദ്യോഗികപ്രഖ്യാപനവും വെള്ളിയാഴ്ച നടത്തും. പ്രതീകാത്മകമായി സൈറണ്‍ മുഴക്കിയാകും വ്യവസായമന്ത്രി എളമരം കരീം പേപ്പര്‍മില്‍ പുനരുദ്ധാരണ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിക്കുക. കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ തൊഴിലാളികളുടെ ആനുകൂല്യവിതരണ ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി, വനംമന്ത്രി ബിനോയ്വിശ്വം, യുവജനക്ഷേമമന്ത്രി വി സുരേന്ദ്രന്‍പിള്ള എന്നിവര്‍ മുഖ്യാതിഥികളാണ്. അഡ്വ. കെ രാജു എംഎല്‍എ പൊതുസമ്മേളനത്തില്‍ അധ്യക്ഷനാകും.

പുനലൂര്‍ പേപ്പര്‍മില്‍ വ്യക്തമാകുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത-കെ രാജഗോപാല്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റുന്നതിന്റെ ഭാഗമായിട്ടാണ് വര്‍ഷങ്ങളായി അടച്ചുപൂട്ടിയിരുന്ന പുനലൂര്‍ പേപ്പര്‍മില്‍ പുനരുദ്ധരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ മാതൃകാപരമായ ഇടപെടല്‍ നടത്തിയതും തൊഴിലാളിക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നടപടിയെടുത്തതുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ പറഞ്ഞു. മാനേജ്മെന്റ് വരുത്തിവച്ച സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്നാണ് പേപ്പര്‍മില്‍ പൂട്ടിയത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും അതിപുരാതനവുമായ സ്വകാര്യ വ്യവസായസംരംഭമായിരുന്ന പേപ്പര്‍മില്ലില്‍ 1100 ഓളം തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായി തൊഴില്‍ ലഭിച്ചിരുന്നു. ലോകത്തില്‍ ഈറയില്‍നിന്ന് പള്‍പ്പ് ഉണ്ടാക്കി പേപ്പര്‍ നിര്‍മിച്ചിരുന്ന ഏക വ്യവസായശാല ആയിരുന്നു പേപ്പര്‍മില്‍. നാല് വര്‍ഷത്തെ നിരന്തര പരിശ്രമത്തിന്റെ ഫലമായി ഇപ്പോള്‍ മില്ല് തുറക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. പുനലൂരിനെ വ്യവസായപ്പെരുമയിലേക്ക് നയിക്കാന്‍ പേപ്പര്‍മില്‍ തുറക്കുന്നത് സഹായകമാകും. പുനലൂര്‍ പേപ്പര്‍മില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിക്കുന്ന ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എല്ലാവരും ആഹ്ളാദപൂര്‍വം പങ്കെടുക്കണമെന്നും കെ രാജഗോപാല്‍ അഭ്യര്‍ത്ഥിച്ചു.

പുനലൂര്‍ പേപ്പര്‍മില്‍ പുനപ്രവര്‍ത്തനപ്രഖ്യാപനവും ആനുകൂല്യവിതരണവും

മലയോരനാടിനെ വ്യവസായവികസനപ്പെരുമയിലേക്ക് വീണ്ടും നയിക്കാന്‍ പുനലൂര്‍ പേപ്പര്‍മില്‍ തയ്യാറെടുക്കുന്നു. പേപ്പര്‍മില്‍ തുറന്നുപ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും മില്ലിന്റെ നവീകരണ ഉദ്ഘാടനവും തൊഴിലാളികളുടെ ആനുകൂല്യവിതരണവും വെള്ളിയാഴ്ച വൈകിട്ട് നാലിന് ഉത്സവാന്തരീക്ഷത്തില്‍ നടക്കും. കിഴക്കന്‍ മേഖലയ്ക്ക് ഇടതുസര്‍ക്കാരിന്റെ ഓണസമ്മാനമായി ചടങ്ങുകള്‍ മാറും. പേപ്പര്‍മില്‍ വീണ്ടും തുറക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം വ്യവസായമന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ മില്ലിന്റെ സൈറന്‍ പ്രതീകാത്മകമായി മുഴക്കും. പേപ്പര്‍മില്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി, കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍, വനംമന്ത്രി ബിനോയിവിശ്വം, യുവജനക്ഷേമമന്ത്രി വി സുരേന്ദ്രന്‍പിള്ള എന്നിവര്‍ മുഖ്യാതിഥികളാകും.

സര്‍ക്കാരും തൊഴിലാളിയൂണിയന്‍ നേതൃത്വവും മാനേജ്മെന്റും തമ്മില്‍ ചര്‍ച്ചനടത്തി തയ്യാറാക്കിയ ധാരണാപത്രപ്രകാരം മില്‍ അടഞ്ഞുകിടന്ന കാലയളവ് കണക്കാക്കി എല്ലാ തൊഴിലാളികള്‍ക്കും ഉള്ള ശമ്പളം, ബോണസ്, ലീവ് വേജസ് എന്നിവ 14 ശതമാനം പലിശയോടെയും ഗ്രാറ്റുവിറ്റി 10 ശതമാനം പലിശയോടെയുമാണ് നല്‍കുന്നത്. ഗുഡ്വില്‍ പാക്കേജ് ഇനത്തില്‍ കമ്പനി അടഞ്ഞുകിടന്ന ഓരോ വര്‍ഷവും 1000 രൂപ വീതവും സര്‍വീസും വിരമിക്കല്‍ പ്രായവും കണക്കാക്കി നല്‍കുന്നുണ്ട്. 1021 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം വിതരണംചെയ്യുന്നത്. എട്ടുകോടിയാണ് തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും വിതരണം ചെയ്യുന്നത്. സര്‍വീസ് കാലയളവനുസരിച്ച് ഓരോരുത്തര്‍ക്കും 65,000 രൂപ മുതല്‍ നാലുലക്ഷം രൂപവരെ ലഭിക്കുമെന്നതാണ് ഏറെ നേട്ടം. പേപ്പര്‍മില്‍ വീണ്ടും തുറക്കാന്‍ തൊഴിലാളികളുടെ അര്‍ഹമായ ആനുകൂല്യങ്ങളില്‍ ഇളവ് വരുത്തിയില്ലെന്നത് സര്‍ക്കാരിന്റെ മാതൃകാപരമായ ഇടപെടീലിനും ഉദാഹരണം. സംസ്ഥാനസര്‍ക്കാരിന്റെ കലവറയില്ലാത്ത പിന്തുണയാണ് പേപ്പര്‍മില്ലിന്റെ തിരിച്ചുവരവിന് കരുത്തേകിയത്. മില്ലിന്റെ പഴയ ഉടമ കുനാല്‍ ഡാല്‍മിയയില്‍നിന്ന് ആന്ധ്രാപ്രദേശിലെ ഗോദാവരിയിലെ പേപ്പര്‍മില്‍ വ്യവസായ സംരംഭകരായ ആഖുലാ മേവാര്‍ഡ്സിനൊപ്പം പുനലൂരിലെയും അഞ്ചലിലെയും വ്യവസായികളുടെയും പങ്കാളിത്തത്തോടെയുള്ള പുതിയ ടീമാണ് പേപ്പര്‍മില്ലിന്റെ ഓഹരികള്‍ വാങ്ങി മില്‍ പ്രവര്‍ത്തിപ്പിക്കാന്‍ രംഗത്തുള്ളത്.

ദേശാഭിമാനി 20082010

1 comment:

  1. കിഴക്കന്‍ മലയോരനാട്ടില്‍ വെള്ളിയാഴ്ച വികസനപ്പെരുമയുടെ സൈറണ്‍ മുഴങ്ങും. ഉത്സവമേളം തീര്‍ക്കുന്ന അന്തരീക്ഷത്തില്‍ ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിനിര്‍ത്തി പുനലൂര്‍ പേപ്പര്‍മില്ലിന്റെ പുനരുദ്ധാരണ ഉദ്ഘാടനവും 1021 തൊഴിലാളികളുടെ ആനുകൂല്യവിതരണവും വെള്ളിയാഴ്ച പേപ്പര്‍മില്‍ അങ്കണത്തില്‍ നടക്കും. 23 വര്‍ഷമായി വികസനമുരടിപ്പിന്റെ ചങ്ങലപ്പൂട്ടുകളില്‍ തുരുമ്പിച്ചുകിടന്ന പുനലൂര്‍ പേപ്പര്‍മില്‍ പുതിയ സംരംഭകരുടെ നേതൃത്വത്തില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ അത്യാഹ്ളാദത്തിലാണ് ജനങ്ങള്‍. ഒരു വ്യവസായസ്ഥാപനത്തിനും ഇന്ത്യന്‍ ചരിത്രത്തിലുണ്ടായിട്ടില്ലാത്തവിധമുള്ള തിരിച്ചുവരവാണ് പേപ്പര്‍മില്ലിന്റേത്. സംസ്ഥാനസര്‍ക്കാരിന്റെ കലവറയില്ലാത്ത പരിശ്രമങ്ങളാലും തൊഴിലാളിയൂണിയനുകളുടെ പിന്തുണയാലും പുനലൂര്‍ പേപ്പര്‍മില്ലിലെ യന്ത്രങ്ങള്‍ വീണ്ടും നാടിന്റെ വികസനത്തിനായി ഉണരുകയാണ്.

    ReplyDelete