Sunday, August 22, 2010

കൂടുതല്‍ കണ്ടെത്താതെ സിബിഐ

മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധത്തിന് ശനിയാഴ്ച ഒരു വര്‍ഷം. ഏറെ ശ്രദ്ധിക്കപ്പെട്ട കൊലപാതകത്തിന് ഒരു വയസ്സാകുമ്പോള്‍ കേസിനുപിന്നാലെ പിറന്ന കള്ളക്കഥകള്‍ക്കും വിരാമമാകുന്നു. സംസ്ഥാന പൊലീസ് തെളിയിച്ചതില്‍നിന്നു വ്യത്യസ്തമായി ഒന്നും കണ്ടെത്താതെ സിബിഐ കേസ് അവസാനിപ്പിക്കുകയാണ്. ഒരാളെപ്പോലും കൂടുതലായി സിബിഐ അറസ്റ്റ്ചെയ്തില്ല. പൊലീസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ പോലും വലിയ മാറ്റമില്ലാതെയാണ് കുറ്റപത്രം തയ്യാറാകുന്നതെന്നും സിബിഐ വൃത്തങ്ങള്‍ പറയുന്നു. യുഡിഎഫും ഒരുവിഭാഗം മാധ്യമങ്ങളും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കള്ളക്കഥകളാണ് ഇതോടെ പൊളിയുന്നത്.

മൂന്നുമാസം കൊണ്ട് കേരള പൊലീസ് കുറ്റപത്രം നല്‍കി. എന്നാല്‍, ഏഴുമാസംകൊണ്ട് കുറ്റപത്രം തയ്യാറാക്കി നല്‍കാന്‍ പോലും സിബിഐക്കു കഴിഞ്ഞില്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ ഹൈക്കോടതിയോട് മൂന്നുമാസത്തെ സാവകാശം തേടിയിരിക്കയാണ്. പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നപോലെ പോള്‍ മുത്തൂറ്റ് വധം ആകസ്മികമാണെന്നാണ് സിബിഐയും കണ്ടെത്തിയിരിക്കുന്നത്. പോള്‍ സഞ്ചരിച്ച കാര്‍ ഒരു സ്കൂട്ടര്‍ യാത്രക്കാരനെ തട്ടിയിട്ടു. കണ്ടുനിന്ന ചങ്ങനാശേരിയിലെ ക്വട്ടേഷന്‍സംഘം വാനില്‍ പിന്തുടരുകയും പോളിനെ കുത്തുകയുമായിരുന്നു. കാരി സതീശ്തന്നെയാണ് പോളിനെ കുത്തിയത്. ഗുണ്ടാത്തലവന്മാരായ പുത്തന്‍പാലം രാജേഷിനും ഓംപ്രകാശിനും സംഭവത്തില്‍ നേരിട്ടു ബന്ധമില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൊലീസ് നല്‍കിയ പ്രതിപ്പട്ടികയിലുള്ള മൂന്നുപേരെ മാപ്പുസാക്ഷികളാക്കി കേസിന് ബലംപകരാന്‍ സിബിഐ നീക്കമുണ്ട്. ഇതിന്റെ ഭാഗമായി 12-ാം പ്രതി സോണിയെ കോടതിയില്‍ കൊണ്ടുപോയി മൊഴിനല്‍കി. മറ്റ് രണ്ടുപേരെക്കൂടി മാപ്പുസാക്ഷിയാക്കാനാണ് ഇപ്പോഴത്തെ നീക്കം. പോളിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം മണ്ണഞ്ചേരിയിലെ ഒരു കുളത്തില്‍നിന്നു കണ്ടെടുത്തതാണ് സിബിഐക്ക് അവകാശപ്പെടാനാകുന്ന ഏക നേട്ടം.

2009 ആഗസ്ത് 21നു രാത്രി 12നാണ് പോള്‍ എം ജോര്‍ജ് നെടുമുടി ജ്യോതി ജംങ്ഷനില്‍ കുത്തേറ്റു മരിച്ചത്. മരിച്ചത് മൂത്തൂറ്റ് കുടുംബത്തിലെ അംഗവും കൂടെ സഞ്ചരിച്ചത് കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരുമായതിനാല്‍ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. ഈ സമ്മര്‍ദങ്ങള്‍ക്കു നടുവില്‍നിന്നാണ് കേരള പൊലീസ് ഒരാഴ്ചയ്ക്കുള്ളില്‍ പ്രതികളെ കണ്ടെത്തിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടും മറ്റുചിലരെ രക്ഷിക്കാനുള്ള തന്ത്രമായി മാധ്യങ്ങള്‍ ഇതിനെ വ്യാഖ്യാനിച്ച് വിവാദമാക്കി. ഇതിലൊന്നും പതറാതെയാണ് കേരള പൊലീസ് കേസിലെ 25 പ്രതികളില്‍ രണ്ടുപേരൊഴിച്ച് മറ്റെല്ലാവരെയും അറസ്റ്റ്ചെയ്തത്. മൂന്നുമാസംകൊണ്ട് കുറ്റപത്രവും നല്‍കി. കുറ്റപത്രം കോടതി തള്ളുകയും പോളിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുയുംചെയ്തു. ജനുവരി പകുതിയോടെയാണ് കേസ് സിബിഐ ഏറ്റെടുത്തത്.
(ഡി ദിലീപ്)

deshabhimani 22082010

1 comment:

  1. മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധത്തിന് ശനിയാഴ്ച ഒരു വര്‍ഷം. ഏറെ ശ്രദ്ധിക്കപ്പെട്ട കൊലപാതകത്തിന് ഒരു വയസ്സാകുമ്പോള്‍ കേസിനുപിന്നാലെ പിറന്ന കള്ളക്കഥകള്‍ക്കും വിരാമമാകുന്നു. സംസ്ഥാന പൊലീസ് തെളിയിച്ചതില്‍നിന്നു വ്യത്യസ്തമായി ഒന്നും കണ്ടെത്താതെ സിബിഐ കേസ് അവസാനിപ്പിക്കുകയാണ്. ഒരാളെപ്പോലും കൂടുതലായി സിബിഐ അറസ്റ്റ്ചെയ്തില്ല. പൊലീസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ പോലും വലിയ മാറ്റമില്ലാതെയാണ് കുറ്റപത്രം തയ്യാറാകുന്നതെന്നും സിബിഐ വൃത്തങ്ങള്‍ പറയുന്നു. യുഡിഎഫും ഒരുവിഭാഗം മാധ്യമങ്ങളും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കള്ളക്കഥകളാണ് ഇതോടെ പൊളിയുന്നത്.

    ReplyDelete