Monday, August 9, 2010

വിപുലീകൃത സി.പി.എം സി.സി വാര്‍ത്തകള്‍

കേന്ദ്രം നിലപാട് വ്യക്തമാക്കണം: കാരാട്ട്

ലാല്‍ഗഢില്‍ തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റുകളും ചേര്‍ന്ന് തിങ്കളാഴ്ച റാലി നടത്തുകയാണ്. കോണ്‍ഗ്രസും റാലിയില്‍ പങ്കെടുക്കുന്നു. തൃണമൂലും മാവോയിസ്റുകളും തമ്മിലെ സഖ്യം മറനീക്കുന്നതാണ് നിര്‍ദിഷ്ട റാലി. ഇതേപ്പറ്റി പ്രതികരിക്കാന്‍ കേന്ദ്രഗവമെന്റും കോണ്‍ഗ്രസും തയ്യാറാകണം. മാവോയിസ്റ് ഭീകരരുമായി മന്ത്രിസഭയിലെ ഒരു കക്ഷി യോജിച്ച് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന് യോജിച്ചതാണോയെന്ന് കേന്ദ്രം വ്യക്തമാക്കണം. വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസത്തെ നടപടികള്‍ വിശദീകരിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാന ശത്രുവായതുകൊണ്ടും കോണ്‍ഗ്രസിന് കാര്യമായ ശക്തി ഇല്ലാത്തതുകൊണ്ടുമാണ് കരട് റിപ്പോര്‍ട്ടില്‍ ബംഗാളിനെപ്പറ്റിയുള്ള ഭാഗത്ത് കോണ്‍ഗ്രസിനെ ഗൌരവമായി പരാമര്‍ശിക്കാത്തത്. കോണ്‍ഗ്രസ് തൃണമൂലിന്റെ ജൂനിയര്‍ പാര്‍ട്ണര്‍ മാത്രമാണ്. മൂന്നാം മുന്നണി പെട്ടെന്നുണ്ടാകുന്ന സംവിധാനമല്ല. യുപിഎ ഗവമെന്റിനുള്ള പിന്തുണ പിന്‍വലിച്ചതില്‍ തെറ്റ് പറ്റിയിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. ഇക്കാര്യം പാര്‍ടി കേന്ദ്രകമ്മിറ്റി ഏകകണ്ഠമായി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതാണ്. ബിജെപിയുടെ വര്‍ഗീയനയമാണ് മഅ്ദനിക്കെതിരായ കേസിനാധാരമെന്ന് സിപിഐ എമ്മിന് അഭിപ്രായമില്ല. അത് ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസാണ്. തിരുത്തല്‍ രേഖ സംബന്ധിച്ച ചര്‍ച്ചകള്‍ പിബിയിലും കേന്ദ്രകമ്മിറ്റിയിലും പൂര്‍ത്തിയായി. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റികളിലും പിന്നീട് താഴെ തലങ്ങളിലും ചര്‍ച്ച നടത്തും. തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ അസ്വാഭാവികമല്ലെന്നും തെരഞ്ഞെടുപ്പിനെമാത്രം കേന്ദ്രീകരിച്ചല്ല തങ്ങള്‍ ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നടത്തുന്നതെന്നും ചോദ്യത്തിന് കാരാട്ട് മറുപടി പറഞ്ഞു. വി എസ് അച്യുതാനന്ദനെ പിബിയില്‍ തിരിച്ചെടുക്കുന്നുണ്ടോഎന്ന ചോദ്യത്തിന് സംഘടനാകാര്യങ്ങളൊന്നും ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആയുര്‍വേദ ചികിത്സയിലായതുകൊണ്ടാണ് വി എസ് യോഗത്തില്‍ പങ്കെടുക്കാത്തത്.

രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ച ഞായറാഴ്ച ആരംഭിച്ചു. ചര്‍ച്ചയില്‍ കേരളത്തില്‍നിന്ന് സി പി നാരായണന്‍, കെ കെ ശൈലജ എന്നിവര്‍ പങ്കെടുത്തു. കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസില്‍ സ്വീകരിച്ച രാഷ്ട്രീയ-അടവ് നയത്തിലുണ്ടായ മാറ്റം സംബന്ധിച്ചാണ് അവലോകന റിപ്പോര്‍ട്ട്്. പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് മൂന്നു മാസത്തിന് ശേഷം ഇടതുപക്ഷം യുപിഎ ഗവമെന്റിനുള്ള പിന്തുണ പിന്‍വലിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ അടവുനയവും തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സ്ഥിതിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ചര്‍ച്ച തിങ്കളാഴ്ച വൈകിട്ടുവരെ തുടരും. ഭേദഗതികള്‍ സമര്‍പ്പിക്കാന്‍ പ്രതിനിധികള്‍ക്ക് അവസരമുണ്ട്. തുടര്‍ന്ന് രാഷ്ട്രീയ പ്രമേയം അംഗീകരിക്കും. പശ്ചിമ ബംഗാളും കേരളവും തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പശ്ചാത്തലത്തില്‍ രണ്ട് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പ്രത്യേക പ്രമേയം പരിഗണിക്കും. ആണവബാധ്യതാബില്ലിനെ സംബന്ധിച്ചും ചര്‍ച്ചയുണ്ടായി. ആണവ റിയാക്ടറുകളുടെ വിതരണക്കാര്‍ക്കും ബാധ്യത ചുമത്താത്തപക്ഷം ബില്‍ സിപിഐ എം അംഗീകരിക്കില്ല. പുതിയ രാഷ്ട്രീയ അടവുനയം സംബന്ധിച്ച രൂപരേഖ തിങ്കളാഴ്ചയോടെ തയ്യാറാകുമെന്നും കാരാട്ട് പറഞ്ഞു.

കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുത്ത് ചര്‍ച്ചയ്ക്ക് തയ്യാറാകണം: തരിഗാമി

പാകിസ്ഥാനുമായും ഒപ്പം കശ്മീരിലെ എല്ലാ വിഭാഗം ജനങ്ങളുമായും അര്‍ഥപൂര്‍ണമായ ചര്‍ച്ച ആരംഭിക്കുകയാണ് കശ്മീര്‍ പ്രശ്നപരിഹാരത്തിന് അടിയന്തരമായി ചെയ്യേണ്ടതെന്ന് സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞു. എന്തെല്ലാം പ്രകോപനങ്ങളുണ്ടായാലും ജനങ്ങളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കുകയാണ് പ്രധാനം. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷാസേനയെ അമിതമായി ആശ്രയിച്ച് പ്രശ്നം പരിഹരിക്കാമെന്ന വ്യാമോഹത്തിലാണെന്നും തരിഗാമി പറഞ്ഞു. സിപിഐ എം വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗത്തിനെത്തിയ അദ്ദേഹം ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു.

ജനതയുടെ മനസ്സിനും അഭിമാനത്തിനും ജീവിതത്തിനാകെയും ഏറ്റ ആഴത്തിലുള്ള മുറിവുകളാണ് കശ്മീരിലെ വിട്ടൊഴിയാത്ത അസ്വസ്ഥതകള്‍ക്കും ഭീതിജനകമായ സംഘര്‍ഷങ്ങള്‍ക്കും കാരണം. ഇതകറ്റി അവര്‍ക്ക് ആശ്വാസവും പുതിയ പ്രതീക്ഷകളും നല്‍കാന്‍ രാജ്യമൊന്നടങ്കം അവരുടെ കൂടെയുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത്. കശ്മീരിന്റെ മുറിവുണക്കാന്‍ അര്‍ഥവത്തായ കാര്യങ്ങളൊന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നില്ല.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് കശ്മീര്‍. യുവാക്കളടക്കമുള്ളവര്‍ ഭീകരമായ അസ്വസ്ഥതയിലും കൊടിയ അസംതൃപ്തിയിലുമാണ്. 1990 മുതല്‍ തുടങ്ങിയതാണിത്. വലിയ അക്രമങ്ങള്‍ അരങ്ങേറി. നിരവധിപേര്‍ കൊല്ലപ്പെട്ടു. അതിലേറെപ്പേര്‍ ജയിലിലായി. എണ്ണമറ്റ ആളുകള്‍ക്ക് നാടും വീടും നഷ്ടപ്പെട്ടു. ദുരന്തങ്ങളുടെ ഈ പെരുമഴ ഏല്‍ക്കാത്ത ഒറ്റ കുടുംബം പോലുമില്ല. ആവര്‍ത്തിച്ച ഈ ദുരന്തങ്ങള്‍ കശ്മീര്‍ ജനതയെ വല്ലാതെ ഒറ്റപ്പെടുത്തി. കസ്റ്റഡി കൊലപാതകം, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം തുടങ്ങിയ മനുഷ്യാവകാശലംഘനങ്ങളും സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായി. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ 2008ല്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സജീവമായി പങ്കെടുത്തു. ഒന്നര വര്‍ഷത്തിനിടയില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാരും കേന്ദ്രവും ജനങ്ങളെ പൂര്‍ണമായി നിരാശപ്പെടുത്തി. ഒരു ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ആരംഭിച്ച ചര്‍ച്ച നേരിയ പ്രതീക്ഷ ഉണര്‍ത്തി. എന്നാല്‍, മുംബൈ ഭീകരാക്രമണത്തോടെ കാര്യങ്ങളാകെ തകിടംമറിഞ്ഞു. ഇതിന് പിന്നിലെ ഛിദ്രശക്തികളെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗൌരവമായ നടപടി ഉണ്ടായതുമില്ല.

ഇതിനിടയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ശ്രീനഗറില്‍ യോഗം ചേര്‍ന്ന് പ്രശ്നപരിഹാരത്തിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ വര്‍ക്കിങ് ഗ്രൂപ്പിനെ നിയോഗിച്ചു. കശ്മീര്‍ സൈന്യത്തിന് നല്‍കിയ പ്രത്യേക അധികാരം പൊളിച്ചെഴുതുക, സുരക്ഷാസേനയുടെ അംഗബലം കുറയ്ക്കുക, സമ്പദ്ഘടന പുനഃസംഘടിപ്പിക്കുക തുടങ്ങിയ നിര്‍ദേശം ഇവര്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ഇതൊന്നും നടപ്പാക്കാതെവന്നത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയതായും തരിഗാമി ചൂണ്ടിക്കാട്ടി.
(കെ വി സുധാകരന്‍)

ദേശാഭിമാനി 09082010

1 comment:

  1. ലാല്‍ഗഢില്‍ തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റുകളും ചേര്‍ന്ന് തിങ്കളാഴ്ച റാലി നടത്തുകയാണ്. കോണ്‍ഗ്രസും റാലിയില്‍ പങ്കെടുക്കുന്നു. തൃണമൂലും മാവോയിസ്റുകളും തമ്മിലെ സഖ്യം മറനീക്കുന്നതാണ് നിര്‍ദിഷ്ട റാലി. ഇതേപ്പറ്റി പ്രതികരിക്കാന്‍ കേന്ദ്രഗവമെന്റും കോണ്‍ഗ്രസും തയ്യാറാകണം. മാവോയിസ്റ് ഭീകരരുമായി മന്ത്രിസഭയിലെ ഒരു കക്ഷി യോജിച്ച് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന് യോജിച്ചതാണോയെന്ന് കേന്ദ്രം വ്യക്തമാക്കണം. വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസത്തെ നടപടികള്‍ വിശദീകരിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete