Saturday, August 28, 2010

ഐപിഎല്‍ അഴിമതി മറച്ചതിനു പിന്നില്‍ ഗൂഢലക്ഷ്യം

ഐപിഎല്‍ അഴിമതി മറച്ചതിനു പിന്നില്‍ ഗൂഢലക്ഷ്യം: സായിനാഥ്

കോടികളുടെ അഴിമതി നടന്ന ഐപിഎല്‍ ഇടപാടിനെപ്പറ്റി രാജ്യത്തെ ഭൂരിപക്ഷം മാധ്യമങ്ങളും മൌനം പാലിച്ചതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളും താല്‍പ്പര്യങ്ങളുമുണ്ടെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദ ഹിന്ദു റൂറല്‍ അഫയേഴ്സ് എഡിറ്ററുമായ പി സായിനാഥ് പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പെയ്ഡ് ന്യൂസ് മാധ്യമ ധാര്‍മികതയ്ക്ക് ഭീഷണി എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുസായിനാഥ്.

കോമണ്‍ വെല്‍ത്ത് അഴിമതി പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ശ്ളാഘനീയമാണ്. എന്നാല്‍, അതിനേക്കാള്‍ വലിയ കുംഭകോണമാണ് ഐപിഎല്‍ ഇടപാടില്‍ നടന്നത്. പതിനാറു രാജ്യങ്ങളില്‍ വ്യാജ അക്കൌണ്ട് തുറന്ന് കോടികളുടെ ഇടപാടാണ് നടത്തിയത്. എന്നാല്‍, ഇവയൊന്നും കാര്യമായി തുറന്നുകാട്ടാനോ ശക്തമായി പ്രതികരിക്കാനോ മുഖ്യധാരാമാധ്യമങ്ങളില്‍ മിക്കതും മടിച്ചു. വിദര്‍ഭയിലും മറ്റും പതിനേഴു മണിക്കൂര്‍ വൈദ്യതി പവര്‍കട്ട് നിലനില്‍ക്കുമ്പോള്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കായി ലക്ഷങ്ങളുടെ വൈദ്യുതി സബ്സിഡി നിരക്കില്‍ നല്‍കി. കോടിപതികളും വന്‍കിട കോര്‍പറേറ്റുകളും സ്പോണ്‍സര്‍മാരായും നടത്തിപ്പുകാരായി നില്‍ക്കുമ്പോഴാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തികമാന്ദ്യം ഇന്ത്യയെ ബാധിച്ചിട്ടില്ലെന്ന് നിരന്തരം മുഖ്യവാര്‍ത്തയെഴുതുന്ന മാധ്യമങ്ങള്‍തന്നെ നിരവധി പേരെ പിരിച്ചുവിടുകയാണ്. മാന്ദ്യത്തിനു ശേഷം മൂവായിരത്തോളം പേര്‍ക്കാണ് ഇങ്ങനെ ജോലി നഷ്ടപ്പെട്ടത്. മുംബൈ, ഡല്‍ഹി തുടങ്ങിയ വന്‍ നഗരങ്ങളില്‍ ഇങ്ങനെ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. മറ്റ് മേഖലകളിലും തൊഴിലും കൂലിയും നഷ്ടമാകുന്ന ലക്ഷങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് ഈ മാധ്യമങ്ങള്‍. പെയ്ഡ് ന്യൂസ് പത്രപ്രവര്‍ത്തനത്തെ വിഴുങ്ങുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തും. ഇത്തരം പ്രവണതകള്‍ക്കു നേരെ ഇന്ത്യന്‍ പ്രസ് കൌണ്‍സില്‍ മൌനം പാലിക്കുകയാണ്. പെയ്ഡ് ന്യൂസ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതിലൂടെ കൌസില്‍ വലിയ അപരാധമാണ് ചെയ്തതെന്നും സായിനാഥ് പറഞ്ഞു.

deshabhimani 28082010

1 comment:

  1. കോടികളുടെ അഴിമതി നടന്ന ഐപിഎല്‍ ഇടപാടിനെപ്പറ്റി രാജ്യത്തെ ഭൂരിപക്ഷം മാധ്യമങ്ങളും മൌനം പാലിച്ചതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളും താല്‍പ്പര്യങ്ങളുമുണ്ടെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദ ഹിന്ദു റൂറല്‍ അഫയേഴ്സ് എഡിറ്ററുമായ പി സായിനാഥ് പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പെയ്ഡ് ന്യൂസ് മാധ്യമ ധാര്‍മികതയ്ക്ക് ഭീഷണി എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുസായിനാഥ്.

    ReplyDelete