Saturday, August 14, 2010

പൗരാവകാശ നിഷേധം തന്നെ

നിരത്തുവക്കില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിവിധി പ്രസ്താവം നിരവധി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ പുനപ്പരിശോധനാഹര്‍ജി നല്‍കിയത്. അതിലും ഹൈക്കോടതി തികച്ചും നിഷേധാത്മകമായ വിധിപ്രസ്താവം ഇന്നലെ നടത്തി എന്നത് ഖേദകരമാണ്. ലെജിസ്ലേറ്റീവിന്റെയും എക്‌സിക്യുട്ടീവിന്റെയും സര്‍വ്വോപരി ജനങ്ങളുടെയും അഭിപ്രായങ്ങളും നിഗമനങ്ങളും പരിഗണിക്കുവാനും പരിശോധിക്കുവാനും ജുഡീഷ്യറിക്ക് ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം പുനപ്പരിശോധനാ ഹര്‍ജി പരിശോധിച്ച് തീര്‍പ്പുകല്‍പ്പിച്ച ന്യായാധിപന്‍മാര്‍ പ്രകടിപ്പിക്കുവാന്‍ സന്നദ്ധമായോ എന്ന ശങ്കയാണ് പുനപ്പരിശോധനാ ഹര്‍ജി തീര്‍പ്പുകല്‍പ്പിച്ചുകൊണ്ട് ആവര്‍ത്തിച്ച പ്രസ്താവങ്ങള്‍ ഉയര്‍ത്തുന്നത്.
നിരത്തുവക്കിലെ പൊതുയോഗങ്ങള്‍ക്കുവേണ്ടി ശാഠ്യം പിടിക്കുന്നത് രാഷ്ട്രീയ കക്ഷികള്‍ മാത്രമാണെന്നും അവരുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയതെന്നുമാണ് ഹൈക്കോടതി വിധി പ്രസ്താവത്തില്‍ നിന്ന് ആര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയുന്നത്. അത് ഗഹനമായ ചിന്തയുടെയും പുരനാലോചനയുടെയും തിരിച്ചറിവുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ ഒരു വിധിപ്രസ്താവമല്ല എന്നു കരുതാനേ തരമുള്ളൂ.

പൊതുയോഗങ്ങള്‍ നിരത്തുവക്കില്‍ നടത്തുന്നത് രാഷ്ട്രീയ കക്ഷികള്‍ മാത്രമല്ല. മത-സാമുദായിക സംഘടനകളും ആരാധനാലയങ്ങള്‍ തന്നെയും നിരത്തുവക്കില്‍ പൊതു സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും നിരത്തിലൂടെയുള്ള പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നത് കേരളത്തില്‍ പതിവാണ്. പല ആചാരങ്ങളും അനുഷ്ഠാനങ്ങളും അരങ്ങേറുന്നതും നിരത്തുവക്കിലാണ്. ഹൈക്കോടതിയുടെ ആദ്യ നിഗമനം ഉണ്ടായ ഘട്ടത്തില്‍ തന്നെ ഇതൊക്കെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അത്തരമൊരു സന്ദര്‍ഭത്തിലാണ് ആറ്റുകാല്‍ പൊങ്കാല നടത്തുന്നതുപോലും പ്രത്യേക സ്റ്റേഡിയത്തില്‍ ആകണമെന്ന് ഹൈക്കോടതി ന്യായാധിപന്‍ അഭിപ്രായപ്പെട്ടത്.

പൊതുയോഗങ്ങള്‍ നടത്താന്‍ പാടില്ലെന്ന് നിഷ്‌ക്കര്‍ഷിച്ച അതേ ന്യായാധിപന്‍ തന്നെ, ഒരു സ്വകാര്യ സംഘടന സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ തന്റെ വിധിയുടെ പശ്ചാത്തലവും അതിനുള്ള ന്യായീകരണ വാക്യങ്ങളും അവതരിപ്പിച്ചതുകൊണ്ടാണ് റിവ്യൂഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചത്. പക്ഷേ ആ അഭ്യര്‍ഥന പരിഗണിച്ചത് ആദ്യവിധി ന്യായം അവതരിപ്പിക്കുകയും പൊതുവേദിയില്‍ അതിനെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്ത ന്യായാധിപന്‍ തന്നെയാണ്. പുനപ്പരിശോധനാ ഹര്‍ജി പരിഗണിച്ച ആദ്യ ദിവസങ്ങളില്‍ അദ്ദേഹം സര്‍ക്കാരിനും റിവ്യൂ ഹര്‍ജിക്കാര്‍ക്കുമെതിരായി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു.
ജനങ്ങളോടും സമൂഹത്തിനോടും പ്രതിജ്ഞാ ബദ്ധതയില്ലാത്തമട്ടില്‍ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ വാസ്തവത്തില്‍ രാജ്യത്തിന്റെ മഹനീയ ചരിത്രത്തെക്കുറിച്ച് വേണ്ടത്ര തിരിച്ചറിവില്ലാത്തവരാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അദ്ഭുതപ്പെടാനാവില്ല.

പ്രകടനങ്ങളും പൊതുയോഗങ്ങളും സ്വാതന്ത്ര്യ സമ്പാദന പ്രക്ഷോഭകാലത്തു പോലും അനവധിയായി നടന്നുവന്നിരുന്നു. നിരോധനങ്ങളെയും നിഷേധങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് അവയെല്ലാം നടന്നത്. സംഘടിക്കുവാനും പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനുമുള്ള ജനങ്ങളുടെ അവകാശത്തിന്റെ ഭാഗമാണ് പൊതുസമ്മേളനങ്ങളും. ജനങ്ങള്‍ക്ക് സംവദിക്കുവാനുള്ള അവസരമാണ് പൊതുയോഗങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നത്. യാത്രാ സൗകര്യത്തിന്റെ പേരില്‍ പൊതുയോഗനിരോധനം പ്രഖ്യാപിക്കുന്ന കോടതികള്‍ യാത്രാസൗകര്യം പോലെ തന്നെയോ അതിലേറെയോ സംവാദ സ്വാതന്ത്ര്യത്തെയും മാനിക്കണം.

പൊതുയോഗങ്ങള്‍ നടത്തുന്നത് യാത്രാസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന നിഗമനവും നിലപാടും തീര്‍ത്തും ഉപരിപ്ലവമാണ്. യാത്രാ സ്വാതന്ത്ര്യം നിഷേധിക്കാതെയാണ് റോഡുവക്കില്‍ ബഹുഭൂരിപക്ഷം പൊതുയോഗങ്ങളും നടക്കുന്നത്. വന്‍ റാലികളോടെയുള്ള പൊതുയോഗങ്ങള്‍ പ്രധാന രാഷ്ട്രീയ കക്ഷികളൊക്കെ മൈതാനങ്ങളിലാണ് സംഘടിപ്പിക്കുക. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാതെയുള്ള നിഗമനങ്ങളും ആജ്ഞകളും ഉണ്ടാകുന്നത് ദുഃഖകരമാണ്.

ഫലത്തില്‍ ജനാധിപത്യാവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായി മാത്രമേ ഇത്തരം വിധിന്യായങ്ങളെ കാണാനാവൂ. പൊതുയോഗങ്ങള്‍ നിരോധിക്കുന്നത് പൗരാവകാശ നിഷേധമല്ലെന്നും അതുകൊണ്ട് റിവ്യൂ ഹര്‍ജി നിലനില്‍ക്കുന്നില്ലെന്നുമാണ് ഹൈക്കോടതിയുടെ പ്രസ്താവന. എന്നാല്‍ ജനങ്ങള്‍ക്ക് സംവദിക്കുവാനും കുടിയിരിക്കുവാനുമുള്ള അവകാശം നിഷേധിക്കുന്നത് അവകാശ നിഷേധത്തിന്റെ ഭാഗം തന്നെയാണ്. ഹൈക്കോടതിയുടെ വിധി പ്രസ്താവത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം.

തൊഴിലാളികള്‍ സംഘടിക്കുവാന്‍ പാടില്ലെന്നും പണിമുടക്ക് അവകാശം നിഷിദ്ധമാണെന്നുമുള്‍പ്പെടെയുള്ള കോടതി പരാമര്‍ശങ്ങളുടെ പട്ടികയില്‍ പെടുന്നതാണ് പൊതുയോഗ നടത്തിപ്പിനെ സംബന്ധിച്ചുള്ള പുനപ്പരിശോധനാ ഹര്‍ജിയിലും ഹൈക്കോടതി നടത്തിയ പ്രസ്താവം. ജനാധിപത്യത്തിന്റെ നെടുംതൂണുകളില്‍ പ്രധാനമാണ് ജുഡീഷ്യറിയെന്ന് ഉത്തരവാദപ്പെട്ടവര്‍ മറക്കാതിരിക്കണം.

ജനയുഗം മുഖപ്രസംഗം 14082010

1 comment:

  1. നിരത്തുവക്കില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതിവിധി പ്രസ്താവം നിരവധി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരെ പുനപ്പരിശോധനാഹര്‍ജി നല്‍കിയത്. അതിലും ഹൈക്കോടതി തികച്ചും നിഷേധാത്മകമായ വിധിപ്രസ്താവം ഇന്നലെ നടത്തി എന്നത് ഖേദകരമാണ്. ലെജിസ്ലേറ്റീവിന്റെയും എക്‌സിക്യുട്ടീവിന്റെയും സര്‍വ്വോപരി ജനങ്ങളുടെയും അഭിപ്രായങ്ങളും നിഗമനങ്ങളും പരിഗണിക്കുവാനും പരിശോധിക്കുവാനും ജുഡീഷ്യറിക്ക് ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം പുനപ്പരിശോധനാ ഹര്‍ജി പരിശോധിച്ച് തീര്‍പ്പുകല്‍പ്പിച്ച ന്യായാധിപന്‍മാര്‍ പ്രകടിപ്പിക്കുവാന്‍ സന്നദ്ധമായോ എന്ന ശങ്കയാണ് പുനപ്പരിശോധനാ ഹര്‍ജി തീര്‍പ്പുകല്‍പ്പിച്ചുകൊണ്ട് ആവര്‍ത്തിച്ച പ്രസ്താവങ്ങള്‍ ഉയര്‍ത്തുന്നത്.
    നിരത്തുവക്കിലെ പൊതുയോഗങ്ങള്‍ക്കുവേണ്ടി ശാഠ്യം പിടിക്കുന്നത് രാഷ്ട്രീയ കക്ഷികള്‍ മാത്രമാണെന്നും അവരുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയതെന്നുമാണ് ഹൈക്കോടതി വിധി പ്രസ്താവത്തില്‍ നിന്ന് ആര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയുന്നത്. അത് ഗഹനമായ ചിന്തയുടെയും പുരനാലോചനയുടെയും തിരിച്ചറിവുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ ഒരു വിധിപ്രസ്താവമല്ല എന്നു കരുതാനേ തരമുള്ളൂ.

    ReplyDelete