Thursday, August 12, 2010

ലാല്‍ഗഢ് റാലിയും മമതയുടെ മാവോയിസ്റ്റ് ബന്ധവും

രാജ്യത്ത് മാവോയിസ്റ്റുകളുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ അടുത്തകാലത്തായി ആശങ്കാജനകമാംവിധം വര്‍ധിച്ചിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആന്ധ്ര പോലെയുള്ള തെക്കന്‍ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ നക്‌സല്‍ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തന കേന്ദ്രമാക്കിയിരുന്നതെങ്കില്‍, ഇപ്പോള്‍ മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളില്‍ പ്രമുഖമായ ഒന്ന് പശ്ചിമ ബംഗാള്‍ ആണ്. ബംഗാളിലും ബംഗാളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലുമാണ് അവര്‍ പ്രധാനമായും അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ട്രെയിന്‍ അട്ടിമറികളിലൊന്ന് അടുത്തകാലത്ത് ബംഗാളിലാണ് നടന്നത്. ഇതിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് വ്യക്തമായിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ബംഗാളിലെ ഒരു ഗ്രാമം തന്നെ അവര്‍ നിയന്ത്രണത്തിലാക്കി. പശ്ചിമ ബംഗാളില്‍ മുമ്പെങ്ങുമില്ലാത്ത വിധം മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തിപ്പെട്ടതിന് മുഖ്യകാരണം, മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അവര്‍ക്കു നല്‍കുന്ന പിന്തുണയാണെന്ന് നേരത്തെതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിന്റെ പരസ്യ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ശക്തികേന്ദ്രമായ ലാല്‍ഗഢില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലി.

രാഷ്ട്രീയ ഇതര റാലിയെന്ന മട്ടിലാണ്, തൃണമൂല്‍ കോണ്‍ഗ്രസ് ലാല്‍ഗഢില്‍ സമ്മേളനം സംഘടിപ്പിച്ചത്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ ഏതാനും പേരെ ഇതില്‍ പങ്കെടുപ്പിച്ചത് ഈ ധാരണ ബലപ്പെടുത്തുന്നതിനാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമായി ആ പാര്‍ട്ടിയുടെ തന്നെ നേതാക്കള്‍ വ്യാഖ്യാനിച്ച ലാല്‍ഗഢ് റാലിയില്‍ പങ്കെടുക്കാന്‍ മാവോയിസ്റ്റ് നേതാവ് കിഷന്‍ജി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരുന്നു. മാവോയിസ്റ്റുകളുടെ ക്യാമ്പുകളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതും തൃണമൂല്‍ യോഗങ്ങളില്‍ മാവോയിസ്റ്റ് നേതാക്കള്‍ പ്രസംഗിക്കുന്നതുമൊക്കെയായ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നതാണ്. ലാല്‍ഗഢിലെ അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച, പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ ജനകീയ കൂട്ടായ്മ എന്ന സംഘടനയില്‍ മാവോയിസ്റ്റുകളും തൃണമൂല്‍ പ്രവര്‍ത്തകരുമാണുള്ളതെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ തൃണമൂലും മാവോയിസ്റ്റുകളും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളാണെന്ന പരസ്യ പ്രഖ്യാപനം ഇത് ആദ്യമാണ്.

ഏതു വിധത്തിലും ബംഗാളിന്റെ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ്, തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിക്കുള്ളത്. അതിന് മുന്നില്‍ ജനതാല്‍പ്പര്യമോ രാജ്യസുരക്ഷയോ ഒന്നും അവര്‍ക്ക് പ്രശ്‌നമല്ല. ബംഗാളില്‍ ഇടതുപക്ഷത്തിനെതിരായ പോരാട്ടത്തില്‍ അവര്‍ മാവോയിസ്റ്റുകളെ കൂട്ടുപിടിക്കുന്നത്, ഈ ലക്ഷ്യത്തിന് മാവോയിസ്റ്റുകള്‍ ഉപകരിക്കും എന്ന മിഥ്യാധാരണയിലാണ്. ഇടതുപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമത്തിന് മാവോയിസ്റ്റുകള്‍ക്കു നിലമൊരുക്കിക്കൊടുക്കുകയാണ് മമതാ ബാനര്‍ജി ചെയ്യുന്നത്. ഈ അക്രമം മാവോയിസ്റ്റുകള്‍ രാജ്യസുരക്ഷയ്ക്കു നേരെ തിരിച്ചുവിടുമ്പോഴും അവര്‍ അതിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിക്കുന്നു. ജ്ഞാനേശ്വരി തീവണ്ടി അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് തങ്ങളാണെന്ന് മാവോയിസ്റ്റുകള്‍ ഏറ്റുപറഞ്ഞിട്ടും അതിന് തെളിവൊന്നും കിട്ടിയിട്ടില്ലല്ലോ എന്നാണ് മമതാ ബാനര്‍ജി പറഞ്ഞുകൊണ്ടിരുന്നത്. അട്ടിമറിയില്‍ മാവോയിസ്റ്റുകള്‍ക്കു പങ്കൊന്നുമില്ലെന്ന മട്ടില്‍ പ്രസ്താവന നടത്തിയ ഏക രാഷ്ട്രീയ നേതാവാണ് മമത. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു തന്നെ ഇക്കാര്യത്തില്‍ മമതയോടു വിജോയിപ്പു പ്രകടിപ്പിക്കേണ്ടിവന്നു.

മാവോയിസ്റ്റ് അക്രമം വര്‍ധിച്ച സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സേന രൂപീകരിക്കുകയും സൈനിക ഓപ്പറേഷനു തുടക്കമിടുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം മാവോയിസ്റ്റുകള്‍ക്ക് ഗോത്രവര്‍ഗ മേഖലകളിലെ ജനങ്ങളില്‍നിന്നു കിട്ടുന്ന പിന്തുണ ഇല്ലാതാക്കാന്‍, ആ പ്രദേശങ്ങളുടെ വികസനം ലക്ഷ്യമിട്ട് പദ്ധതി ആവിഷ്‌കരിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ പങ്കാളിയായ ഒരു കക്ഷിതന്നെ മാവോയിസ്റ്റുകള്‍ക്കു തുറന്ന പിന്തുണ നല്‍കുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം എങ്ങനെ ഫലം ചെയ്യാനാണ്? മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് നിര്‍ത്തിവയ്ക്കണമെന്നാണ് ലാല്‍ഗഢ് റാലിയില്‍ മമത ഉയര്‍ത്തിയ ആവശ്യങ്ങളിലൊന്ന്. ഒരു കേന്ദ്രമന്ത്രി മാവോയിസ്റ്റ് വേട്ടയെക്കുറിച്ചു സംസാരിക്കുകയും മറ്റൊരു മന്ത്രി അവര്‍ക്കു ഒളിയിടമൊരുക്കുകയും ചെയ്യുന്ന പ്രഹസനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മമതാ ബാനര്‍ജിയുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലും കോണ്‍ഗ്രസോ യു പി എ സര്‍ക്കാരോ തയ്യാറായിട്ടില്ല. അവരുടെ കണ്ണും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍തന്നെയെന്നര്‍ഥം. മമതാ ബാനര്‍ജിയുടെ വിനാശരാഷ്ട്രീയത്തിന്റെ കുടപിടിച്ച്, ബംഗാളിന്റെ ഭരണമെന്ന കിട്ടാക്കനിയെപ്പറ്റി കിനാവു കണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തിനു വരുത്തിവയ്ക്കുന്ന ദോഷം ചില്ലറയല്ല എന്നതാണ് പരമപ്രധാനമായ കാര്യം.

ജനയുഗം മുഖപ്രസംഗം 12082010

1 comment:

  1. രാജ്യത്ത് മാവോയിസ്റ്റുകളുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ അടുത്തകാലത്തായി ആശങ്കാജനകമാംവിധം വര്‍ധിച്ചിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ആന്ധ്ര പോലെയുള്ള തെക്കന്‍ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ നക്‌സല്‍ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തന കേന്ദ്രമാക്കിയിരുന്നതെങ്കില്‍, ഇപ്പോള്‍ മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളില്‍ പ്രമുഖമായ ഒന്ന് പശ്ചിമ ബംഗാള്‍ ആണ്. ബംഗാളിലും ബംഗാളുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലുമാണ് അവര്‍ പ്രധാനമായും അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ട്രെയിന്‍ അട്ടിമറികളിലൊന്ന് അടുത്തകാലത്ത് ബംഗാളിലാണ് നടന്നത്. ഇതിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് വ്യക്തമായിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് ബംഗാളിലെ ഒരു ഗ്രാമം തന്നെ അവര്‍ നിയന്ത്രണത്തിലാക്കി. പശ്ചിമ ബംഗാളില്‍ മുമ്പെങ്ങുമില്ലാത്ത വിധം മാവോയിസ്റ്റ് പ്രവര്‍ത്തനം ശക്തിപ്പെട്ടതിന് മുഖ്യകാരണം, മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അവര്‍ക്കു നല്‍കുന്ന പിന്തുണയാണെന്ന് നേരത്തെതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിന്റെ പരസ്യ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ശക്തികേന്ദ്രമായ ലാല്‍ഗഢില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലി.

    ReplyDelete