Monday, August 9, 2010

ലെവല്‍ക്രോസിലെ കൊലപാതകം

ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് ആളില്ലാത്ത ലെവല്‍ക്രോസില്‍ ഞായറാഴ്ചയുണ്ടായ അപകടം ദാരുണം, ദുഃഖകരം എന്നെല്ലാമുള്ള ആലങ്കാരികപ്രയോഗംകൊണ്ട് വിശേഷിപ്പിച്ച് വിസ്മരിക്കേണ്ടതല്ല. അത് കേവലമായ ഒരപകടമാണെന്നും കാണാനാകില്ല. കായംകുളം- എറണാകുളം തീരദേശപാതയിലെ പൂപ്പള്ളിക്കാവ് ക്ഷേത്രത്തിനുമുന്നിലുള്ള ലെവല്‍ക്രോസ് ഒരിക്കലും ആളില്ലാതെ തുറന്നിടേണ്ട ഒന്നല്ല എന്ന് അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യമാകും. തീവണ്ടി തൊട്ടരികിലെത്തിയാല്‍മാത്രമേ ലെവല്‍ക്രോസ് കടക്കുന്നവരുടെ കണ്ണില്‍പ്പെടൂ. മുന്നില്‍ വാഹനമോ ആളുകളോ ഉണ്ടെന്ന് ദൂരെനിന്ന് മനസ്സിലാക്കി വണ്ടി നിര്‍ത്താന്‍ ട്രെയിന്‍ ഡ്രൈവര്‍ക്കും കഴിയില്ല. അപകടം ഏതുദിവസവും ഉണ്ടാകാമെന്നര്‍ഥം.

കുമ്പളംമുതല്‍ കായംകുളംവരെയുള്ള ആലപ്പുഴ സെക്ഷനിലെ തീരദേശപാതയില്‍ 104 ലെവല്‍ക്രോസുണ്ട്. ഇതില്‍ 46 ഇടത്ത് കാവല്‍ക്കാരില്ല. കാവല്‍ക്കാരില്ലാത്തിടങ്ങളില്‍ അപകടം പതിവാണ്. പലതും തലനാരിഴയ്ക്ക് ഒഴിഞ്ഞുപോകാറുണ്ടെന്നുമാത്രം. ആളില്ലാ ലെവല്‍ക്രോസുകള്‍ അക്ഷരാര്‍ഥത്തില്‍ മരണക്കെണിയാണ്. 1994ല്‍ ചേപ്പാട്ട് ആളില്ലാ ലെവല്‍ക്രോസില്‍ വിവാഹ പാര്‍ടി സഞ്ചരിച്ച ബസില്‍ ട്രെയിനിടിച്ച് 35 പേരാണ് മരിച്ചത്. കരുവാറ്റ മങ്കുഴിയില്‍ ടാറ്റാ സുമോയില്‍ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചത് മൂന്നുവര്‍ഷംമുമ്പാണ്. പൂപ്പള്ളി ലെവല്‍ക്രോസില്‍ കഴിഞ്ഞവര്‍ഷം ചകിരി കയറ്റിവന്ന പെട്ടിവണ്ടിയില്‍ ട്രെയിന്‍ ഇടിച്ചെങ്കിലും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 35 പിഞ്ചുകുട്ടികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന വാന്‍ വെള്ളിയാഴ്ച രാവിലെ കരുവാറ്റ ലെവല്‍ക്രോസില്‍ അപകടമുഖത്തുനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ലെവല്‍ക്രോസില്‍ കുട്ടികളുമായി വന്ന സ്കൂള്‍വാനും എതിരെ വന്ന ഓട്ടോറിക്ഷയും കുടുങ്ങി. ദൂരെനിന്നുതന്നെ ഈ വണ്ടികള്‍ ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തിയതിനാലാണ് അപകടം ഒഴിവായത്.

ജര്‍മന്‍കാരായ മാന്‍ഫ്രഡ് റുഡോള്‍ഫ്- കാതറിന്‍ ദമ്പതികളും അവരെ സഹായിക്കാന്‍ കൂടെ യാത്രചെയ്ത എംടിഎ വിദ്യാര്‍ഥിനി ഷാനിമോളും കാര്‍ഡ്രൈവര്‍ ആന്റണിയുമാണ് ഞായറാഴ്ചത്തെ അപകടത്തില്‍ മരിച്ചത്. ജര്‍മന്‍ ദമ്പതികളുടെ വളര്‍ത്തുമക്കളായ മാക്സിലോക്കും(13) രൂപ (9)യും ഈ അപകടത്തോടെ വീണ്ടും അനാഥരായി. ചേപ്പാട് ദുരന്തമടക്കം അനേകം അപകടമുണ്ടായിട്ടും എല്ലാ ലെവല്‍ക്രോസിലും ആളെ നിയമിക്കാന്‍ റെയില്‍വേ തയ്യാറാകാത്തതിന്റെ ഫലമാണ് ഈ കൂട്ടമരണം. കാവല്‍ക്കാരില്ലാത്ത മുഴുവന്‍ റെയില്‍വേ ലെവല്‍ക്രോസിലും അടുത്ത ഏപ്രിലോടെ ആളെ നിയമിക്കുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്. നാലു ജീവന്‍ പൊലിയേണ്ടിവന്നു അത്തരമൊരു പ്രഖ്യാപനം വരാന്‍.

ദക്ഷിണറെയില്‍വേയ്ക്കു കീഴില്‍ 1151 ഗേറ്റില്‍ കാവല്‍ക്കാരില്ലെന്ന് മന്ത്രിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അവയിലാകെ കാവല്‍ക്കാരെ വയ്ക്കാനുള്ള നടപടിക്ക് പക്ഷേ റെയില്‍വേ തയ്യാറല്ല. ഇപ്പോള്‍ ആലോചിക്കുന്നത് ഏതാനും സ്ഥലത്തുമാത്രം ആളെ നിയമിക്കാനാണ്. കേരളംപോലെ, ജനസാന്ദ്രതയും വാഹനപ്പെരുപ്പവുമുള്ള സംസ്ഥാനത്ത് ഏത് റെയില്‍വേ ലെവല്‍ക്രോസും അപകടസാധ്യതയുള്ളതാണ്. കേരളത്തിന്റെ മനോഹാരിത നുകരാനെത്തിയ വിദേശദമ്പതികള്‍ മൃതദേഹങ്ങളായാണ് തിരിച്ചുപോകുന്നത്. യാദൃച്ഛികമായി അവരോടൊപ്പം യാത്രചെയ്യേണ്ടിവന്ന ഷാനിമോള്‍ പ്രിയപ്പെട്ടവരുടെയാകെ ദുഃഖമായി മാറിയിരിക്കുന്നു. റെയില്‍വേ ലെവല്‍ക്രോസില്‍ തീവണ്ടിക്കുതന്നെയാണ് മുന്‍ഗണന. മുന്‍കരുതലില്ലായ്മ അപകടത്തിന് കാരണമായിട്ടുമുണ്ടാകാം. എല്ലാമാണെങ്കിലും ഇത്തരം അപകടം ഒഴിവാക്കാന്‍ റെയില്‍വേ മുന്‍കൈയെടുക്കാത്തത് ക്രിമിനല്‍കുറ്റംതന്നെയാണ്. ഗേറ്റുകളും വാച്ച്മാനുമില്ലാത്ത ലെവല്‍ക്രോസുണ്ടാകരുതെന്ന് ഉറപ്പുവരുത്തേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്തമാണ്. നിരപരാധികളുടെ ജീവന്‍കൊണ്ടുള്ള കളി അവസാനിപ്പിക്കുകതന്നെ വേണം. കേരളീയനായ റെയില്‍വേ സഹമന്ത്രിക്ക് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കാന്‍ കഴിയണം.

അപകടത്തില്‍ മരിച്ചവരുടെ പ്രിയപ്പെട്ടവര്‍ക്കുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം, ഇനി ഇത്തരമൊരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള അടിയന്തരനടപടികള്‍ക്കായി റെയില്‍വേ ഉണര്‍ന്നേ തീരൂ എന്ന് ആവര്‍ത്തിച്ചുപറയട്ടെ.

ദേശാഭിമാനി മുഖപ്രസംഗം 10082010

1 comment:

  1. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് ആളില്ലാത്ത ലെവല്‍ക്രോസില്‍ ഞായറാഴ്ചയുണ്ടായ അപകടം ദാരുണം, ദുഃഖകരം എന്നെല്ലാമുള്ള ആലങ്കാരികപ്രയോഗംകൊണ്ട് വിശേഷിപ്പിച്ച് വിസ്മരിക്കേണ്ടതല്ല. അത് കേവലമായ ഒരപകടമാണെന്നും കാണാനാകില്ല. കായംകുളം- എറണാകുളം തീരദേശപാതയിലെ പൂപ്പള്ളിക്കാവ് ക്ഷേത്രത്തിനുമുന്നിലുള്ള ലെവല്‍ക്രോസ് ഒരിക്കലും ആളില്ലാതെ തുറന്നിടേണ്ട ഒന്നല്ല എന്ന് അവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും ബോധ്യമാകും. തീവണ്ടി തൊട്ടരികിലെത്തിയാല്‍മാത്രമേ ലെവല്‍ക്രോസ് കടക്കുന്നവരുടെ കണ്ണില്‍പ്പെടൂ. മുന്നില്‍ വാഹനമോ ആളുകളോ ഉണ്ടെന്ന് ദൂരെനിന്ന് മനസ്സിലാക്കി വണ്ടി നിര്‍ത്താന്‍ ട്രെയിന്‍ ഡ്രൈവര്‍ക്കും കഴിയില്ല. അപകടം ഏതുദിവസവും ഉണ്ടാകാമെന്നര്‍ഥം.

    ReplyDelete