Thursday, August 26, 2010

ക്യാന്‍സര്‍ നിയന്ത്രണത്തിന് കൈകോര്‍ക്കാം

അമേരിക്കയിലും ഇംഗ്ളണ്ടിലുമായി നൂറുകണക്കിന് മലയാളി വിദഗ്ധ ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കുന്നു. ക്യാന്‍സര്‍ ചികിത്സാരംഗത്തും അവര്‍ കൈവരിച്ച നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതാണ്. നാലു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഈ മേഖലയിലുണ്ടായ മുന്നേറ്റങ്ങള്‍ മലയാളിസുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത് ഏറെ പ്രയോജനപ്പെട്ടു. രാജ്യത്ത് ഏറ്റവും മികച്ച ക്യാന്‍സര്‍ ചികിത്സ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായി ആര്‍സിസിയെ മാറ്റാനായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ്.

കൈരളി ടിവിയില്‍ നടന്ന ഒരു പരിപാടിയില്‍ ഡോ. എം വി പിള്ള, ഡോ. റോയ് എന്നിവരോടൊപ്പം പങ്കെടുത്തിരുന്നു. കേരളത്തില്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ ഇവരെല്ലാം ചേര്‍ന്നാണ് വിദേശപര്യടനത്തിനു ക്ഷണിച്ചത്. ഡോ. ഉഷ ടൈറ്റസ് (ആരോഗ്യ-സാമൂഹ്യക്ഷേമ സെക്രട്ടറി), ഡോ. മീനു ഹരിഹരന്‍ (ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ്, തിരുവനന്തപുരം), ഡോ. ബി. സതീശന്‍ (ഡയറക്ടര്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍) എന്നിവരായിരുന്നു സംഘത്തില്‍. തികച്ചും ഔദ്യോഗികമായ സന്ദര്‍ശനം. 10 ദിവസത്തെ യാത്രയ്ക്കിടെ കേരളത്തിലെ ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളില്‍ ഒട്ടേറെ പദ്ധതികള്‍ക്ക് വിദേശമലയാളികളുടെയും സ്ഥാപനങ്ങളുടെയും സഹകരണവും സഹായവും നേടിയെടുക്കാനായി. ഏറ്റവും പ്രധാനം ക്യാന്‍സറിനുള്ള അതിനൂതന ചികിത്സാശാഖയായ സ്റ്റെംസെല്‍ തെറാപ്പിയുമായി ബന്ധപ്പെട്ട പദ്ധതികളും ജീവിതശൈലീരോഗനിയന്ത്രണ പരിപാടികളുമാണ്.

ലോകത്ത് വര്‍ഷത്തില്‍ ഒരു കോടിയില്‍പ്പരം ആളുകള്‍ ക്യാന്‍സര്‍ബാധിതരാവുന്നു. ഇന്ത്യയില്‍ എട്ടു ലക്ഷവും കേരളത്തില്‍ 30,000വും ആണ്. സംസ്ഥാനത്തെ രോഗികളില്‍ മൂന്നിലൊന്ന് ആര്‍സിസിയിലാണ് ചികിത്സതേടുന്നത്. ജീവിതശൈലിയില്‍ വരുത്തുന്ന കുഴപ്പങ്ങളാണ് 50 ശതമാനം ക്യാന്‍സറിനും കാരണം. പുകയില, മദ്യപാനം എന്നിവ പ്രധാനം. സ്ത്രീകളില്‍ ഗര്‍ഭാശയത്തിലും സ്തനങ്ങളിലുമാണ് ക്യാന്‍സര്‍ കൂടുതലായും. 45 ശതമാനവും ഇങ്ങനെയുള്ളതാണ്. 14 വയസ്സിനുതാഴെയുള്ള 1,500 കുട്ടികളെ പ്രതിവര്‍ഷം ബാധിക്കുന്നുണ്ട്. ഇതില്‍ 80 ശതമാനവും ചികിത്സിച്ചുമാറ്റാന്‍ കഴിയും. തക്കസമയത്ത് രോഗം കണ്ടെത്തി ചികിത്സ തുടങ്ങിയാല്‍ 35 ശതമാനത്തിനും പൂര്‍ണ രോഗശമനം സാധ്യമാണ്. കുട്ടികളിലുണ്ടാവുന്ന രക്താര്‍ബുദത്തില്‍ 80 ശതമാനവും ശരിയായ ചികിത്സയിലൂടെ മാറ്റിയെടുക്കാനും കഴിയും.

എന്നാല്‍ സംസ്ഥാനത്ത് ചികിത്സക്കെത്തുന്ന ക്യാന്‍സര്‍രോഗികളില്‍ 60-65 ശതമാനവും ഉയര്‍ന്നഘട്ടത്തിലുള്ളവരാണ്. ആദ്യം കണ്ടെത്തിയാല്‍ രോഗം ഭേദമാക്കാന്‍ കഴിയുമെന്നു മാത്രമല്ല, കുറഞ്ഞ ചെലവിലുള്ള ചികിത്സയുമാകും.

രോഗനിര്‍ണയത്തിനും ചികിത്സക്കുമുള്ള സംവിധാനങ്ങള്‍ വികേന്ദ്രീകരിച്ചാല്‍ രോഗികള്‍ ബഹുദൂരം യാത്രചെയ്യേണ്ടതുള്‍പ്പെടെയുള്ള പ്രയാസങ്ങള്‍ പരിഹരിക്കാം. ഇതിന് രോഗനിര്‍ണയത്തിനും ചികിത്സക്കും ആവശ്യമായ പരിശീലന പരിപാടി ആര്‍സിസിയില്‍ തുടങ്ങും. ജില്ലാ ആശുപത്രികളിലെ തെരഞ്ഞെടുത്ത ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും പരിശീലനം നല്‍കിയാല്‍ അവിടെ ചികിത്സ നല്‍കാന്‍ കഴിയും. പിഎച്ച്സിതലത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് രോഗനിര്‍ണയത്തിനുള്ള പരിശീലനവും വേണം. രോഗനിര്‍ണയ കേന്ദ്രങ്ങളുടെയും പ്രാഥമിക ചികിത്സകളുടെയും കേന്ദ്രങ്ങള്‍ കൂടുമ്പോള്‍ ആര്‍സിസിപോലുള്ള സ്ഥാപനങ്ങള്‍ മേജര്‍ ചികിത്സക്കുള്ള റഫറല്‍ യൂണിറ്റുകളാക്കാം. രോഗനിര്‍ണയം, ചികിത്സ, തുടര്‍ചികിത്സ, പാലിയേറ്റീവ് ചികിത്സ തുടങ്ങിയ മേഖലകളിലെല്ലാം സ്വകാര്യസ്ഥാപനങ്ങള്‍ക്കുകൂടി നിര്‍ണായക പങ്കുവഹിക്കാനുണ്ട്.

വികസിത രാഷ്ട്രങ്ങളിലെ നവീന ചികിത്സാരീതികളും ഗവേഷണഫലങ്ങളും ഇവിടുത്തെ സാധാരണക്കാര്‍ക്കുകൂടി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഇതു മുന്‍നിര്‍ത്തിയാണ് ഞങ്ങളുടെ സംഘം യാത്രതിരിച്ചത്.

ജൂണ്‍ 29ന് ചിക്കാഗോവില്‍ എത്തി. അവിടെനിന്ന് മില്‍വാക്കി വിസ്കോന്‍സിന്‍ മെഡിക്കല്‍ കോളേജിലേക്ക്. അഡല്‍റ്റ് ബ്ളഡ് ആന്‍ഡ് ബോണ്‍മാരോ ട്രാന്‍സ്പ്ളാന്റേഷന്‍ പ്രോഗ്രാം ഡയറക്ടര്‍ ഡോ. ഹരി പരമേശ്വരനാണ് സന്ദര്‍ശനത്തിന്് അവസരമൊരുക്കിയത്. കോര്‍ഡ് ബ്ളഡ് ബാങ്ക് സ്റ്റോറേജ് സൌകര്യങ്ങള്‍ സന്ദര്‍ശിച്ച് ഡയറക്ടറുമായി വിശദ ചര്‍ച്ച. മനുഷ്യന്റെ ആരോഗ്യനിലയെ ക്ഷയിപ്പിക്കുന്ന നിരവധി തകരാറുകള്‍ക്ക് പരിഹാരം കാണുന്നതാണ് സ്റ്റെംസെല്‍ (കാണ്ഡകോശം) തെറാപ്പി. മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ഈ സംവിധാനം ഒരുക്കുന്നതിന് സാങ്കേതിക സഹായവും ഉപദേശവും നല്‍കാമെന്ന് വിസ്കോസിന്‍ മെഡിക്കല്‍ കോളേജ് ടീം അറിയിച്ചു. ക്യാന്‍സറുമായി ബന്ധപ്പെട്ട് കേന്ദ്രീകൃത സ്ഥിതിവിവര കണക്കുകള്‍ രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും നിയന്ത്രണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ചും ചര്‍ച്ചയുണ്ടായി.

എല്ലാ കേസും കേന്ദ്രീകൃത സംവിധാനത്തില്‍ അതത് സമയം റിപ്പോര്‍ട്ട് ചെയ്യുകയും കണക്കുകള്‍ ഓരോ ഘട്ടത്തിലും അവലോകനം ചെയ്യുകയും വേണം. സമൂഹത്തില്‍ ക്യാന്‍സര്‍ വര്‍ധിക്കുന്നുണ്ടോ എന്നു പരിശോധിച്ച് ഇടപെടുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കാന്‍ ഇതു സഹായിക്കും. ക്യാന്‍സറിനെ നോട്ടിഫൈഡ് അസുഖമായി പ്രഖ്യാപിക്കുകയും ഓരോ കേസും ജില്ലാ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. അവിടെ ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കി കേസുകള്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററിലോ ആര്‍സിസിയിലോ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സംവിധാനം ഏര്‍പ്പെടുത്തണം. സംസ്ഥാനാടിസ്ഥാനത്തില്‍ ക്യാന്‍സര്‍ നിയന്ത്രണപദ്ധതിക്ക് രൂപംനല്‍കാനും ഏകീകൃത ചികിത്സാപരിപാടി തയ്യാറാക്കാനും ഉദ്ദേശിക്കുന്നു. ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിനു പുറത്ത് ജോലിചെയ്യുന്ന പ്രശസ്ത ഓണ്‍കോളജിസ്റ്റുകള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്്.

30നു വൈകിട്ട് റോച്ചസ്റ്ററിലേക്കു പുറപ്പെട്ടു. പിറ്റേന്നു രാവിലെ 10 മുതല്‍ ആറുവരെ പ്രശസ്തമായ മയോ ക്ളിനിക്കിലെ വിദഗ്ധരുമായി ചര്‍ച്ച. മയോക്ളിനിക് എന്‍ഡോക്രിനോളജിവിഭാഗം കണ്‍സല്‍ട്ടന്റും റിസര്‍ച്ച് റിസോഴ്സസ് വിഭാഗം ഡയറക്ടറുമായ ഡോ. ശ്രീകുമാരന്‍നായര്‍, വേള്‍ഡ് ഇന്ത്യ ഡയബറ്റീസ് ഫൌണ്ടേഷന്‍ (ഡബ്ള്യുഐഡിഎഫ്) പ്രസിഡന്റ് രാമന്‍ കപൂര്‍, ഡോ. എം വി പിള്ള, ഡോ. പ്രേം മേനോന്‍ എന്നിവരുമായായിരുന്നു പ്രധാനമായും കൂടിക്കാഴ്ച. മയോക്ളിനിക്കും ഡബ്ള്യുഐഡിഎഫും ചേര്‍ന്നാണ് തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് സ്ഥാപിച്ചത്. ഇടക്കാലത്ത് മന്ദീഭവിച്ച സ്ഥാപനം 2006നുശേഷം സര്‍ക്കാര്‍ ഏറ്റെടുത്ത് വികസിപ്പിച്ചു. ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം കേരളത്തില്‍ വര്‍ധിക്കുന്നതും അത് പ്രതിരോധിക്കാന്‍ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും ആശയവിനിമയം നടത്തി. ഡബ്ള്യുഐഡിഎഫും ഐഐഡിയുമായി ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കാനും അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കായി ഫാക്കല്‍റ്റികളെ കൈമാറാനും 2011 ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് തുടര്‍വിദ്യാഭ്യാസപരിപാടി സംഘടിപ്പിക്കാനും തീരുമാനമുണ്ടായി. കേരളത്തിലെ പ്രമേഹത്തിന്റെയും മറ്റ് പകര്‍ച്ചവ്യാധിയേതര രോഗങ്ങളുടെയും വ്യാപനത്തെക്കുറിച്ച് പഠനം നടത്തുന്നതിന് സഹകരിക്കാനും തീരുമാനിച്ചു. വടക്കേ അമേരിക്കയില്‍ ജനസംഖ്യയുടെ എട്ടു ശതമാനമാണ് പ്രമേഹംപോലുള്ള രോഗങ്ങളുടെ വ്യാപനമെങ്കില്‍ കേരളത്തിലത് 20-22 ശതമാനമാണ്. നഗരമേഖലയിലും ഗ്രാമപ്രദേശത്തും പൈലറ്റ് പ്രോജക്ട് നടപ്പാക്കി ബോധവല്‍കരണം നടത്താനും തീരുമാനിച്ചു.

കേരളത്തില്‍ ഡെങ്കിപ്പനി, എച്ച്1 എന്‍1 തുടങ്ങിയ പകര്‍ച്ചപ്പനികള്‍ പടര്‍ത്തുന്ന 16 ഇനം വൈറസുകളെ സംബന്ധിച്ച് പഠനം നടത്താന്‍ സാങ്കേതികസഹായം ലഭ്യമാക്കാമെന്ന് മയോ ക്ളിനിക്കിലെ ഡോ. ലാറി ബാഡോറുമായുള്ള ചര്‍ച്ചയില്‍ ധാരണയായി.

ജൂലൈ രണ്ടിന് അല്‍ബനിയില്‍ എത്തി വടക്കേ അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ സമ്മേളനത്തില്‍ സംസാരിച്ചു. മൂന്നിന് നേഴ്സസ് ഫോറം സംഘടിപ്പിച്ച യോഗം. വിദേശങ്ങളില്‍ തൊഴില്‍തേടിയെത്തുന്ന നേഴ്സുമാര്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ ബോധ്യപ്പെട്ടു. ജൂലൈ നാലിന് വാഷിങ്ടണ്‍ ഡിസിയില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനിയര്‍മാരെ കണ്ടു. കേരളത്തില്‍ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാപദ്ധതികള്‍ക്ക് സഹായം നല്‍കാന്‍ പലരും സന്നദ്ധത പ്രകടിപ്പിച്ചു.

ജൂലൈ അഞ്ചിന് ന്യൂയോര്‍ക്കില്‍ ഡോ. എം വി പിള്ള, ഡോ. റോയി, ഡോ. ജെയിം ഇബ്രാഹിം, ഡോ. കീര്‍ത്തി ജെയിന്‍ എന്നിവരുമായി കേരളത്തിലെ ക്യാന്‍സര്‍ ചികിത്സ, മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, സ്റ്റെംസെല്‍ തെറാപ്പി എന്നിവയെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്തു. ആറിന് ബാള്‍ട്ടിമോറില്‍ വിര്‍ജീനിയ സ്കൂള്‍ ഓഫ് മെഡിസിനിലെ ഡോ. പ്രസന്ന, ഡോ. പത്മനാഭന്‍നായര്‍ എന്നിവരെ കണ്ടു. കേരളത്തിലെ വൈറോളജി ലാബുകളുടെ സാങ്കേതിക വിഭവസൌകര്യം വര്‍ധിപ്പിക്കുന്നതിന് സഹായം ലഭ്യമാക്കാമെന്ന് ഡോ. പത്മനാഭന്‍നായര്‍ ഉറപ്പുനല്‍കി. സ്കൂള്‍ഭക്ഷണത്തില്‍ ഇരുമ്പിന്റെ പോഷകമൂല്യം വര്‍ധിപ്പിച്ച് കുട്ടികളിലുണ്ടാവുന്ന അനീമിയ തടയുന്നതിനെക്കുറിച്ച് ഡോ. പ്രസന്നയും സംഘവും ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനില്‍ പഠനം നടത്തിയിരുന്നു. കേരളത്തിലും ഇതു തുടരാന്‍ സഹായിക്കാമെന്ന് ഡോ. പ്രസന്ന ഉറപ്പു നല്‍കി. ഏഴിന് ലണ്ടനിലെത്തി. റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തി. കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് തുടര്‍പരിശീലനത്തിനും പഠനത്തിനും അവസരം നല്‍കാമെന്ന് അധികൃതര്‍ സമ്മതിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് എംആര്‍സിപി പാര്‍ട്ട് വണ്‍ പരീക്ഷാകേന്ദ്രമായി അംഗീകാരം നല്‍കും. റോയല്‍ കോളേജില്‍ പഠനത്തിന് പരമാവധി രണ്ടുവര്‍ഷംവരെ കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് പഠനാവധി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. തുടര്‍ന്ന് ലണ്ടനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ളിനിക്കല്‍ എക്സലന്‍സിലെ ഡോ. മൈക്കിള്‍ റോളിന്‍സ്, ഡോ. കാലിപ്സോ, ഡോ. അലസ്റ്റൈര്‍ ഫിഷര്‍ എന്നിവരുമായി കൂടിക്കാഴ്ച.

ജൂലൈ 11ന് ഞങ്ങള്‍ നാട്ടിലെത്തി. യാത്രക്കിടയില്‍ ഡോ. സതീശന്‍ ഫിലാഡെല്‍ഫിയയിലെ തോമസ് ജെഫേഴ്സണ്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ കിമ്മല്‍ ക്യാന്‍സര്‍ സെന്റര്‍ സന്ദര്‍ശിക്കുകയും അവിടുത്തെ വിദഗ്ധരുമായി ചര്‍ച്ചനടത്തുകയും ചെയ്തു. സാക്ഷരത ഏറ്റവും ഉയര്‍ന്ന സംസ്ഥാനമായിട്ടുകൂടി 70 ശതമാനം ക്യാന്‍സര്‍രോഗികളും ചികിത്സതേടി എത്തുന്നത് രോഗം സങ്കീര്‍ണഘട്ടത്തിലേക്കു കടന്ന ശേഷമാണ്. പൊതു മെഡിക്കല്‍ ക്യാമ്പുകളും പ്രമേഹനിയന്ത്രണ പരിപാടികളും നടത്തുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്യാന്‍സര്‍നിയന്ത്രണ ക്യാമ്പുകള്‍ വളരെ കുറവാണ്. ക്യാന്‍സര്‍നിര്‍ണയം നടത്തുന്നതിനോട് പൊതുസമൂഹം പുറംതിരിഞ്ഞുനില്‍ക്കുന്നതിന്റെ കാരണം പഠനവിധേയമാക്കുകയും ബദല്‍ നടപടി ആവിഷ്കരിക്കുകയും വേണം. കിമ്മല്‍ ക്യാന്‍സര്‍ സെന്ററിലെ ജനസംഖ്യാ പഠന വിഭാഗം ഇതിനാവശ്യമായ സാങ്കേതികസഹായം നല്‍കും.

കൊളോറെക്റ്റല്‍ ക്യാന്‍സര്‍സംഭവങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും വിശേഷിച്ച് മലബാറില്‍ വര്‍ധിച്ചുവരുന്നു. ഇത് സമൂഹകേന്ദ്രീകൃതമായി സ്ക്രീന്‍ചെയ്യേണ്ടതുണ്ട്. കിമ്മല്‍ ക്യാന്‍സര്‍ സെന്റര്‍ സാങ്കേതികസഹായവും ഉപദേശവും നല്‍കാമെന്ന് വാഗ്ദാനംചെയ്തിട്ടുണ്ട്. ആര്‍സിസിയിലെയും മലബാര്‍ ക്യാന്‍സര്‍ സെന്ററിലെയും റേഡിയോളജിസ്റ്റുകള്‍ക്ക് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിയില്‍ പരിശീലനം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തു. വിസിറ്റിങ് ഫെലോഷിപ്പിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന നിര്‍ദേശമുണ്ടായി. സ്തനാര്‍ബുദത്തില്‍ പുതിയ അന്വേഷണങ്ങളും പാത്തോളജിസ്റ്റുകള്‍ക്ക് മോളികുലാര്‍ ഓങ്കോളജിയില്‍ ഗവേഷണവും നടത്തുന്നതിന് സംയോജിത പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. പിന്നീട് ഡോ. ഹരി പരമേശ്വര്‍ തലസ്ഥാനത്തെത്തുകയും ചര്‍ച്ചനടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സമഗ്ര ക്യാന്‍സര്‍ ചികിത്സ-നിയന്ത്രണ പദ്ധതിക്ക് രൂപംനല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ച് ഇന്ത്യയില്‍ ആദ്യമായി ക്യാന്‍സര്‍ നയം രൂപീകരിക്കാനും ഉദ്ദേശിക്കുന്നു. വിദഗ്ധസമിതിക്ക് ഉടന്‍ രൂപംനല്‍കും.

പി കെ ശ്രീമതി ദേശാഭിമാനി വാരാന്തപതിപ്പ് 22082010

1 comment:

  1. അമേരിക്കയിലും ഇംഗ്ളണ്ടിലുമായി നൂറുകണക്കിന് മലയാളി വിദഗ്ധ ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കുന്നു. ക്യാന്‍സര്‍ ചികിത്സാരംഗത്തും അവര്‍ കൈവരിച്ച നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതാണ്. നാലു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഈ മേഖലയിലുണ്ടായ മുന്നേറ്റങ്ങള്‍ മലയാളിസുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത് ഏറെ പ്രയോജനപ്പെട്ടു. രാജ്യത്ത് ഏറ്റവും മികച്ച ക്യാന്‍സര്‍ ചികിത്സ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായി ആര്‍സിസിയെ മാറ്റാനായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ്

    ReplyDelete