Wednesday, September 15, 2010

എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയത് 43,000 കോടിയുടെ വികസനം

കാഞ്ഞങ്ങാട്: എല്‍ഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ട് 43000 കോടി രൂപയുടെ വികസനപ്രവര്‍ത്തനം നടത്തിയതായി മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് ആകെ 19,000 കോടി മാത്രമായിരുന്നു. മലബാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി 1000 കോടിയുടെ പ്രത്യേക പാക്കേജിനും എല്‍ഡിഎഫ് അനുമതി നല്‍കി. മലബാറിന്റെ മുഖഛായ മാറ്റുന്ന വികസനമാണ് യാഥാര്‍ഥ്യമാകുന്നത്. കാസര്‍കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

41 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കിത്തുടങ്ങി. 18 ലക്ഷം കുടുംബങ്ങള്‍ക്ക് 300 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നു. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത അഞ്ചരലക്ഷം കുടുംബങ്ങള്‍ക്ക് ഇ എം എസ് പാര്‍പ്പിട പദ്ധതിയിലൂടെ വീട് യാഥാര്‍ഥ്യമാവുകയാണ്. മലയാളികളുടെ ജീവിത നിലവാരവും സാമൂഹ്യ ചുറ്റുപാടുകളും മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് നടപടിയെടുത്തു. ഡിസംബറിനകം പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മിന്നുന്ന നേട്ടം കൈവരിക്കും. രണ്ടു ദിവസത്തിനകം എല്‍ഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങും. യുഡിഎഫിലെ തമ്മില്‍തല്ലും ഗ്രൂപ്പ്പോരും കണ്ടിട്ടല്ല എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ദേശാഭിമാനി 15092010

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 35 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തും

തൃശൂര്‍: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (ചിസ്) അടുത്ത ഡിസംബറോടെ 35 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തുമെന്ന് തൊഴില്‍ എക്‌സൈസ് മന്ത്രി പി കെ ഗുരുദാസന്‍ പറഞ്ഞു. തൃശൂരില്‍ ആഭരണ തൊഴിലാളി ക്ഷേമനിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ 11.79 ലക്ഷം കുടുംബങ്ങളാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്. ഡിസംബറില്‍ പുതിയതായി 18 ലക്ഷം പേരെക്കൂടി ചേര്‍ക്കും. 500 രൂപയില്‍ താഴെ വരുമാനമുള്ളവരും ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെട്ടവരുമായവരുടെ ലിസ്റ്റ് തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനു കൈമാറും. ഇവരെക്കൂടി ഉള്‍പ്പെടുത്തി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ വിപുലമാക്കും.

ആദ്യ യുപിഎ സര്‍ക്കാര്‍ അസംഘടിത തൊഴിലാളി കളുടെ സംരക്ഷണത്തിനായി 1000 കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും ആ തുക എന്തു കാര്യത്തിനാണ് വിനിയോഗിക്കേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ആ തുക കിട്ടിയാല്‍ ഒരു ക്ഷേമനിധി ബോര്‍ഡിലും അംഗമല്ലാത്തവരെ ഉള്‍പ്പെടുത്തി പുതിയൊരു ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുമെന്നും ഗുരുദാസന്‍.

ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികള്‍ ക്കുള്ള അംഗത്വകാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.

രണ്ടു ലക്ഷത്തോളം തൊഴിലാളികളാണ് ആഭരണനിര്‍മാണ മേഖലയില്‍ പണിയെടുക്കുന്നത്. ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ സി മൊയ്തീന്‍ എംഎല്‍എ, ബോര്‍ഡ് എക്‌സി ക്യൂട്ടിവ് ഓഫീസര്‍ എം എല്‍ടോണി വിന്‍സെന്റ്, എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, വി എസ് സുനില്‍കുമാര്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി എ എന്‍ രാജന്‍, സി ഒ പൗലോസ്, എം എം വര്‍ഗിസ്, എം കെ ബാലന്‍, ഡോ. എം ജയപ്രകാശ്, പി വി ജോസ്, കെ ബി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

ജനയുഗം വാര്‍ത്ത

1 comment:

  1. എല്‍ഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ട് 43000 കോടി രൂപയുടെ വികസനപ്രവര്‍ത്തനം നടത്തിയതായി മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് ആകെ 19,000 കോടി മാത്രമായിരുന്നു. മലബാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി 1000 കോടിയുടെ പ്രത്യേക പാക്കേജിനും എല്‍ഡിഎഫ് അനുമതി നല്‍കി. മലബാറിന്റെ മുഖഛായ മാറ്റുന്ന വികസനമാണ് യാഥാര്‍ഥ്യമാകുന്നത്. കാസര്‍കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

    ReplyDelete