Wednesday, September 15, 2010

തദ്ദേശ തെരഞ്ഞെടുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടക്കുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പു കമ്മീഷന്‍ പി കമാല്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ 23 നും ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 25 നുമാണ് വോട്ടെടുപ്പ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. 27 നാണ് വോട്ടെണ്ണല്‍. സെപ്തംബര്‍ 27 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പറപ്പെടുവിക്കും. അന്നു മുതല്‍ നാമനിര്‍ദേശപത്രികകള്‍ സ്വീകരിക്കും. ഒക്ടോബര്‍ നാലുവരെ പത്രികകള്‍ സ്വീകരിക്കും. 5 ന് സൂക്ഷ്മ്പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 7 ആണ്.

സംസ്ഥാനത്തെ 1208 തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ 21612 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 978 പഞ്ചായത്തുകള്‍, 152 ബ്ളോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാപഞ്ചായത്തുകള്‍, 60 ല്‍ 59 നഗരസഭകള്‍, അഞ്ച് കോര്‍പറേഷനുകള്‍ എന്നീ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച ചൊവ്വാഴ്ച മുതല്‍ തെരഞ്ഞെടുപ്പു ചട്ടം നിലവില്‍ വന്നു.

1208 തദ്ദേശ ഗവമെന്റുകള്‍; 21612 ജനപ്രതിനിധികള്‍

ഭരണം സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലെത്തിക്കുന്ന ബൃഹത്തായ ജനാധിപത്യപ്രക്രിയക്ക് കേരളത്തില്‍ കേളികൊട്ടുയര്‍ന്നു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി ഒക്ടോബര്‍ 23, 25 തീയതികളില്‍ 21612 വാര്‍ഡിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. 1208 തദ്ദേശസ്ഥാപനങ്ങളിലായാണിത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ 2007ല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കാത്തതിനാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്ല.

സംസ്ഥാനത്താകെ 978 പഞ്ചായത്തിലേക്കാണ് തെരഞ്ഞെടുപ്പ്. നിലവിലുള്ള 999 പഞ്ചായത്തില്‍ 22 എണ്ണം മുനിസിപ്പാലിറ്റികളായി ഉയര്‍ത്തുകയോ നഗരസഭകളിലേക്ക് കൂട്ടിചേര്‍ക്കുകയോ ചെയ്തു. ബ്ളോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും കോര്‍പറേഷനുകളുടെയും എണ്ണത്തില്‍ വ്യത്യാസമില്ല. ബ്ളോക്ക് പഞ്ചായത്തുകള്‍ 152ഉം ജില്ലാ പഞ്ചായത്തുകള്‍ 14ഉം കോര്‍പറേഷനുകള്‍ അഞ്ചുമായിരിക്കും. മുനിസിപ്പാലിറ്റികളുടെ എണ്ണം 53ല്‍നിന്ന് 60 ആയി വര്‍ധിച്ചു. പുതുതായി ഒരു പഞ്ചായത്തും രൂപംകൊണ്ടു- ഇടുക്കി ജില്ലയിലെ ഇടമലക്കുടി. കരുനാഗപ്പള്ളി (കൊല്ലം), തൃക്കാക്കര, ഏലൂര്‍, മരട് (എറണാകുളം), കോട്ടയ്ക്കല്‍, നിലമ്പൂര്‍ (മലപ്പുറം), നീലേശ്വരം (കാസര്‍കോട്) പഞ്ചായത്തുകളാണ് മുനിസിപ്പാലിറ്റികളായി മാറിയത്. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം, വട്ടയൂര്‍ക്കാവ്, കുടപ്പനക്കുന്ന്, വിഴിഞ്ഞം, കഴക്കൂട്ടം എന്നീപഞ്ചായത്തുകള്‍ തിരുവനന്തപുരം കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ജില്ലയില്‍ എലത്തൂര്‍, ചെറുവണ്ണൂര്‍ നല്ലളം, ബേപ്പൂര്‍ എന്നീ പഞ്ചായത്തുകള്‍ കോര്‍പറേഷനില്‍ ലയിപ്പിച്ചു. നാട്ടകം, കുമാരനല്ലൂര്‍ പഞ്ചായത്തുകള്‍ കോട്ടയം നഗരസഭയോടും എറണാകുളം ജില്ലയിലെ തിരുവാങ്കുളം പഞ്ചായത്ത് തൃപ്പൂണിത്തുറ നഗരസഭയോടും തൃശൂര്‍ ജില്ലയിലെ പൂക്കോട്, തൈക്കാട് പഞ്ചായത്തുകള്‍ ഗുരുവായൂര്‍ നഗരസഭയോടും പൊറത്തിശേരി പഞ്ചായത്ത് ഇരിങ്ങാലക്കുട നഗരസഭയോടും മേത്തല പഞ്ചായത്ത് കൊടുങ്ങല്ലൂര്‍ നഗരസഭയോടും കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പഞ്ചായത്തുകളുള്ളത്-100. ഏറ്റവും കുറവ് വയനാട്ടിലും-25. ഏറ്റവും കൂടുതല്‍ ബ്ളോക്ക് പഞ്ചായത്തുകളുള്ളത് തൃശൂര്‍ ജില്ലയിലാണ്-17. ഏറ്റവും കൂടുതല്‍ മുനിസിപ്പാലിറ്റികളുള്ളത് എറണാകുളം ജില്ലയില്‍-11. വയനാട്, ഇടുക്കി ജില്ലകളില്‍ ഓരോ മുനിസിപ്പാലിറ്റികള്‍ മാത്രം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവയാണ് കോര്‍പറേഷനുകള്‍.

വനിത അധ്യക്ഷ 606/1209

സംസ്ഥാനത്തെ 1209 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 606 ലും അധ്യക്ഷപദം വനിതകള്‍ക്ക്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കുള്ള സംവരണം ഉള്‍പ്പെടെയാണിത്. 489 ഗ്രാമപഞ്ചായത്തുകളുടെയും 76 ബ്ളോക്ക് പഞ്ചായത്തുകളുടെയും 31 മുനിസിപ്പാലിറ്റികളുടെയും ഏഴ് ജില്ലാപഞ്ചായത്തുകളുടെയും മൂന്ന് കോര്‍പറേഷനുകളുടെയും അധ്യക്ഷപദവിയിലാണ് വനിതകളുണ്ടാവുക.

സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ ആകെ സംവരണംചെയ്യപ്പെട്ട അധ്യക്ഷപദങ്ങളുടെ എണ്ണം 675 ആണ്. സ്ത്രീകള്‍ക്കായി സംവരണംചെയ്ത 489 ഗ്രാമപഞ്ചായത്ത് അധ്യക്ഷസ്ഥാനങ്ങളില്‍ പട്ടികജാതി സ്ത്രീകള്‍ക്ക് 50 ഉം പട്ടിക വര്‍ഗ സ്ത്രീകള്‍ക്ക് ഏഴും സ്ഥാനങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനംപട്ടികവര്‍ഗ സ്ത്രീസംവരണം ഏറ്റവും കൂടുതല്‍ വയനാട് ജില്ലയിലാണ്-3. ഇടുക്കിയില്‍ രണ്ടും പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഒന്നുവീതവും അധ്യക്ഷപദങ്ങള്‍ പട്ടികവര്‍ഗ സ്ത്രീകള്‍ക്കാണ്. പട്ടികജാതി വിഭാഗത്തിന് 50 പഞ്ചായത്തിലാണ് പ്രസിഡന്റ് സ്ഥാനം സംവരണംചെയ്തിരിക്കുന്നത്. പട്ടികവര്‍ഗത്തിന് ഏഴും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളില്‍ 76 എണ്ണമാണ് സ്ത്രീകള്‍ക്ക് സംവരണംചെയ്തിരിക്കുന്നത്. ഇതില്‍ പട്ടികജാതി സ്ത്രീകള്‍ക്ക് എട്ടും പട്ടികവര്‍ഗ സ്ത്രീക്ക് ഒന്നുമാണുള്ളത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ബ്ളോക്ക് പഞ്ചായത്തിലാണ് പട്ടികവര്‍ഗ സ്ത്രീ പ്രസിഡന്റാവുക. പട്ടികജാതിക്കാര്‍ക്ക് എട്ടും പട്ടികവര്‍ഗക്കാര്‍ക്ക് ഒന്നും ബ്ളോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനങ്ങളാണ് സംവരണംചെയ്യപ്പെട്ടിരിക്കുന്നത്. ഇടുക്കി ജില്ലയിലെ ഇളംദേശം ബ്ളോക്ക് പഞ്ചായത്താണ് പട്ടികവര്‍ഗ വിഭാഗത്തിനുവേണ്ടി സംവരണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തില്‍ എട്ടെണ്ണത്തില്‍ പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു ജില്ലാപഞ്ചായത്തില്‍ പട്ടികജാതിക്കാരനും ഏഴെണ്ണത്തില്‍ വനിതകളുമായിരിക്കും അധ്യക്ഷര്‍. തൃശൂര്‍ ജില്ലാ പഞ്ചായത്തിലാണ് പട്ടികജാതിക്കാരന്‍ പ്രസിഡന്റാവുക. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലാപഞ്ചായത്തുകള്‍ക്കാണ് വനിതാ പ്രസിഡന്റുമാര്‍. മുനിസിപ്പാലിറ്റികളില്‍ 31 ഇടത്താണ് വനിതാ ചെയര്‍മാന്‍മാരുണ്ടാവുക. ഇതില്‍ പരവൂര്‍, ചിറ്റൂര്‍-തത്തമംഗലത്തും പട്ടികജാതി സ്ത്രീകള്‍ ചെയര്‍മാന്‍മാരാവും. ഗുരുവായൂര്‍, കുന്നംകുളം മുനിസിപ്പല്‍ അധ്യക്ഷസ്ഥാനം പട്ടികജാതി സംവരണമാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പറേഷനുകളില്‍ മേയര്‍സ്ഥാനം വനിതാസംവരണമാണ്. തൃശൂര്‍, കൊച്ചി കോര്‍പറേഷനുകളില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വനിതകള്‍ക്കാണ്.

പെരുമാറ്റചട്ടം നിലവില്‍വന്നു

തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഷ്ട്രീയപാര്‍ടികളും സ്ഥാനാര്‍ഥികളും പാലിക്കേണ്ട മാതൃകാ പെരുമാറ്റചട്ടം നിലവില്‍വന്നു. ജാതികളും സമുദായങ്ങളും തമ്മില്‍ സംഘര്‍ഷം ഉളവാക്കുന്നതോ ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ പാര്‍ടികള്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് പൊതുവായ പെരുമാറ്റചട്ടത്തില്‍ വ്യക്തമാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏറപ്പെടുന്നവര്‍ക്ക് മൂന്നുവര്‍ഷംവരെ തടവോ പതിനായിരം രൂപവരെ പിഴയോ രണ്ടുംകൂടിയോ ആയിരിക്കും ശിക്ഷ. ഇതര രാഷ്ട്രീയപാര്‍ടികളെ വിമര്‍ശിക്കുമ്പോള്‍ നയങ്ങളിലും പരിപാടിയിലും പൂര്‍വകാലചരിത്രത്തിലും മാത്രം ഒതുങ്ങണം. മറ്റുരാഷ്ട്രീയപാര്‍ടികളുടെ നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യജീവിതത്തെ വിമര്‍ശിക്കരുത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ടുചോദിക്കാന്‍ പാടില്ല. ഏതെങ്കിലും സ്ഥാനാര്‍ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമുഹിക ബഹിഷ്കരണമോ ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ പുറപ്പെടുവിക്കാനും പാടില്ല. സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, വോട്ടറായി ആള്‍മാറാട്ടം നടത്തുക എന്നിവയെല്ലാം പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ്. വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അനുവാദംകൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനര്‍ കെട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യം എഴുതുന്നതിനോ ഉപയോഗിക്കരുത്. സര്‍ക്കാര്‍ ഓഫീസുകളും പരിസരവും ഇങ്ങനെ ഉപയോഗിക്കരുത്. പൊതുജനങ്ങള്‍ക്ക് അസൌകര്യമുണ്ടാകുമവിധം പൊതുസ്ഥലങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാനും പാടില്ല. യോഗം, ജാഥ എന്നിവ നടത്തുന്ന സ്ഥലവും സമയവും പൊലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കണം. ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പു പരസ്യങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചും മുന്‍കൂട്ടി തെരഞ്ഞെടുപ്പു കമീഷണറെ അറിയിക്കണം.

ഒക്ടോ. 3 വരെ പേരുചേര്‍ക്കാം നിയമം തെറ്റിച്ചാല്‍ വിജയം റദ്ദാക്കും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ കുടുതല്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ചിലപ്പോള്‍ സ്ഥാനാര്‍ഥിത്വംതന്നെ അവതാളത്തിലാകും. നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കുമൊക്കെ ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കാന്‍ കഴിയുന്നതുപോലെ പഞ്ചായത്തുകളിലും മത്സരിക്കാന്‍ ശ്രമിച്ചാല്‍ സംഗതി കുഴപ്പമാകും. ഏത് തലത്തിലേക്കുള്ള തദ്ദേശസ്ഥാപനങ്ങളിലേക്കായാലും സ്ഥാനാര്‍ഥിക്ക് ഒരു തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ മാത്രമേ മത്സരിക്കാന്‍ അവകാശമുള്ളൂ. സ്ഥാനാര്‍ഥി, മത്സരിക്കുന്ന തദ്ദേശസ്ഥാപനത്തിന്റെ പരിധിയിലെ വോട്ടറായിരിക്കുകയും വേണം. നാമനിര്‍ദേശം ചെയ്യുന്നയാള്‍ ആ വാര്‍ഡിലെ വോട്ടറുമായിരിക്കണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം സ്ഥാനാര്‍ഥിക്ക് 21 വയസ്സ് പൂര്‍ത്തിയാകണം. സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യപ്പെടുന്നയാള്‍ മറ്റൊരു വാര്‍ഡിലെ വോട്ടറാണെങ്കില്‍ അവിടത്തെ വോട്ടര്‍പട്ടികയുടെ പ്രസക്തഭാഗത്തിന്റെ പകര്‍പ്പോ, പ്രസക്തമായ ഉള്‍ക്കുറിപ്പുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കണം. പട്ടികജാതി-വര്‍ഗ സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ ഏത് പ്രത്യേക ജാതിയിലോ വര്‍ഗത്തിലോ പെടുന്ന വ്യക്തിയാണെന്ന് രേഖപ്പെടുത്തുകയും ജാതിസര്‍ട്ടിഫിക്കറ്റ് പത്രികയോടൊപ്പം ഹാജരാക്കുകയും വേണം.

ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കുന്നവര്‍ 100 രൂപയും ബ്ളോക്കു പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 150 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും 200 രൂപയുമാണ് കെട്ടിവയ്ക്കേണ്ടത്. പട്ടികജാതി/വര്‍ഗ വിഭാഗത്തിലുള്ളവര്‍ ഇതിന്റെ പകുതി അടച്ചാല്‍മതി. സ്വത്തുവിവരം, വിദ്യാഭ്യാസ യോഗ്യത, ക്രിമിനല്‍ പശ്ചാത്തലം എന്നിവ വ്യക്തമാക്കുന്ന സത്യവാങ്മൂലം സ്ഥാനാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തി നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കണം. വിജയിക്കുന്നവര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ അംഗത്വം റദ്ദാക്കും

ആര്‍ക്ക് വോട്ടുചെയ്യണമെന്നും ചെയ്യരുതന്നും മതസ്ഥാപനങ്ങള്‍ പറയുന്നത് ചട്ടലംഘനം: കമീഷന്‍

ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റു കാര്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമീഷണര്‍ പി കമാല്‍കുട്ടി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായി കരുതും. മതവിശ്വാസവുമായി ബദ്ധപ്പെട്ട കാര്യങ്ങളല്ലാതെ ആര്‍ക്കു വോട്ടു ചെയ്യണമെന്നോ സ്ഥാനാര്‍ഥികളുടെ താല്‍പര്യങ്ങളോ ആരാധനാലയങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സ്ഥാനാര്‍ഥികളാകാം. ഇന്നയാള്‍ക്ക് വോട്ടുചെയ്യണമെന്നും ചെയ്യരുതെന്നും മതസ്ഥാപനങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് ചട്ടലംഘനമാണ്. അത് രാജ്യത്തിന്റെ മതേതരസങ്കല്‍പ്പങ്ങള്‍ക്കു വിരുദ്ധമാണ്. വോട്ടവകാശം പൌരന്റെ മാത്രം അവകാശമാണ്. അത് തീരുമാനിക്കേണ്ടത് മറ്റുള്ളവരല്ല. മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 15092010

1 comment:

  1. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടക്കുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പു കമ്മീഷന്‍ പി കമാല്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ 23 നും ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 25 നുമാണ് വോട്ടെടുപ്പ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. 27 നാണ് വോട്ടെണ്ണല്‍. സെപ്തംബര്‍ 27 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പറപ്പെടുവിക്കും. അന്നു മുതല്‍ നാമനിര്‍ദേശപത്രികകള്‍ സ്വീകരിക്കും. ഒക്ടോബര്‍ നാലുവരെ പത്രികകള്‍ സ്വീകരിക്കും. 5 ന് സൂക്ഷ്മ്പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 7 ആണ്.

    ReplyDelete