Wednesday, September 22, 2010

ഏകജാലകം: പ്ലസ് വണ്ണില്‍ പിന്നോക്കവിദ്യാര്‍ഥികളുടെ എണ്ണം കൂടി

മലപ്പുറം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പ്രവേശനം ലഭിച്ച പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്. സര്‍ക്കാര്‍ നടപ്പാക്കിയ ഏകജാലക സംവിധാനമാണ് ഇതിന് വഴിയൊരുക്കിയത്. പ്രവേശനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയ മൂന്ന് വര്‍ഷവും പിന്നോക്കക്കാരായ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്ന് കണക്ക് സൂചിപ്പിക്കുന്നു.

സര്‍ക്കാരിന്റെഏകജാലകം ഹയര്‍സെക്കന്‍ഡറി പ്രവേശനത്തില്‍ സാമൂഹ്യനീതി ഉറപ്പാക്കി. മുമ്പ് വ്യാപക ക്രമക്കേടും സംവരണ അട്ടിമറിയും നടന്നതായി ഇതോടെ വ്യക്തമാകുന്നു. പ്ളസ് വണ്ണിന് ഏറ്റവും കൂടുതല്‍ പിന്നോക്കക്കാര്‍ക്ക് പ്രവേശനം കിട്ടുന്നത് ഈ വര്‍ഷമാണ്. 34,561 പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറിക്ക് ചേര്‍ന്നത്. ഏകജാലകം ഏര്‍പ്പെടുത്തിയ 2008-09ല്‍ ഇത് 31,698 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 32,517 ആയി വര്‍ധിച്ചു. അതിനേക്കാള്‍ 2044 കുട്ടികള്‍ക്ക് ഇത്തവണ പ്രവേശനം കിട്ടി. സാധാരണ രീതിയില്‍ പ്രവേശനം നടന്ന 2005-06ല്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 18,110 കുട്ടികള്‍ക്കായിരുന്നു പ്രവേശനം. 2006-07ല്‍ പിന്നോക്കക്കാര്‍ക്ക് കിട്ടിയത് 18,883 സീറ്റാണ്. 2007-08ല്‍ 23,724 പിന്നോക്കക്കാര്‍ക്ക് പ്രവേശനം കിട്ടി.

ഈ അധ്യയന വര്‍ഷത്തെ പ്രവേശനം സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായപ്പോള്‍ ലഭിച്ച കണക്കുപ്രകാരം പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം 59 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇത് 58 ശതമാനമായിരുന്നെങ്കില്‍ ഏകജാലകം വരുന്നതിനുമുമ്പ് പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ശരാശരി 40 ശതമാനമായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗ പ്രാതിനിധ്യം എട്ടു ശതമാനമായിരുന്നതാണ് ഇപ്പോള്‍ 16 ശതമാനമായി ഉയര്‍ന്നത്. ഇത്തവണ അപേക്ഷിച്ച എല്ലാ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം കിട്ടിയെന്ന പ്രത്യേകതയുമുണ്ട്.

ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന കുട്ടികളില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം പഠിക്കാനായി. പ്രവേശനത്തിലെ അഴിമതിയും ക്രമക്കേടുംമൂലം മുമ്പ് ഇവരെല്ലാം തഴയപ്പെടുകയായിരുന്നു. ഈ വര്‍ഷം 2,25,053 സീറ്റുകളില്‍ 2,18,406 വിദ്യാര്‍ഥികള്‍ക്ക് പ്ളസ്വ പ്രവേശനം ലഭിച്ചു. സംസ്ഥാനത്താകെ 6647 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 175 സ്കൂളുകളില്‍ പുതുതായി പ്ളസ്ടു അനുവദിച്ചപ്പോള്‍ ആവശ്യത്തിന് അപേക്ഷകരില്ലാത്തതാണ് സീറ്റ് ഒഴിഞ്ഞുകിടക്കാന്‍ കാരണം. 2005-06ല്‍ 50,085, 2006-07 44,489, 2007-08 25,425, 2008-09 9453, 2009-10 5049 എന്നിങ്ങനെയാണ് ഒഴിഞ്ഞുകിടന്ന സീറ്റുകളുടെ എണ്ണം. ഏകജാലകം വന്നശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ രണ്ട് ശതമാനമായി കുറഞ്ഞു.
(ആര്‍ രഞ്ജിത്)

ദേശാഭിമാനി 22092010

1 comment:

  1. ഈ അധ്യയന വര്‍ഷത്തെ പ്രവേശനം സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായപ്പോള്‍ ലഭിച്ച കണക്കുപ്രകാരം പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം 59 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം ഇത് 58 ശതമാനമായിരുന്നെങ്കില്‍ ഏകജാലകം വരുന്നതിനുമുമ്പ് പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ശരാശരി 40 ശതമാനമായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗ പ്രാതിനിധ്യം എട്ടു ശതമാനമായിരുന്നതാണ് ഇപ്പോള്‍ 16 ശതമാനമായി ഉയര്‍ന്നത്. ഇത്തവണ അപേക്ഷിച്ച എല്ലാ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം കിട്ടിയെന്ന പ്രത്യേകതയുമുണ്ട്.

    ReplyDelete