Wednesday, September 15, 2010

കള്ളിലും കള്ളനോട്ടിലും കുടുങ്ങി യുഡിഎഫ്

വിഷക്കള്ളുകച്ചവടത്തിലും കള്ളനോട്ടിടപാടിലും കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ പങ്ക് വ്യക്തമായതോടെ യുഡിഎഫ് പ്രതിക്കൂട്ടിലായി. മലപ്പുറത്തെ വിഷമദ്യദുരന്തത്തിനുപിന്നാലെ 35 വര്‍ഷത്തെ കള്ളുകച്ചവടം നിര്‍ത്തുന്നതായി കോണ്‍ഗ്രസ് നേതാവ് കെ അച്യുതന്‍ എംഎല്‍എ സ്വയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍,മദ്യവ്യാപാരംവഴി കോടികള്‍ കൊയ്യുന്ന പല കോണ്‍ഗ്രസ് നേതാക്കളും കച്ചവടം തുടരുകയാണ്. അതില്‍ ഡിസിസി സെക്രട്ടറിമാരുണ്ട്, അച്യുതനെപ്പോലുള്ള കെപിസിസി അംഗങ്ങളുണ്ട്. ചിലരാകട്ടെ വ്യാജമദ്യക്കേസില്‍ ശിക്ഷിക്കപ്പെട്ടവരും. അവരൊന്നും കച്ചവടം നിര്‍ത്തേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുറന്നുപറഞ്ഞതോടെ ഈ ഇടപാടുകള്‍ക്ക് ഉന്നതരുടെ ഒത്താശയുണ്ടെന്നും തെളിഞ്ഞു. കള്ളുകച്ചവടത്തിന് പച്ചക്കൊടി കാട്ടിയ ചെന്നിത്തല അച്യുതനെതിരെ നടപടിയെടുക്കുന്ന പ്രശ്നമില്ലെന്നും പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ് കള്ളുകച്ചവടത്തിന്റെ കളങ്കത്തിലകപ്പെട്ടെങ്കില്‍ മുസ്ളിംലീഗിന് കള്ളനോട്ട് കടത്താണ്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണ് ആയിരത്തിന്റെ കള്ളനോട്ടുകേസില്‍ പിടിയിലായത്. നോട്ട് കടത്തിയത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണെന്നും പൊലീസ് കണ്ടെത്തി. സംസ്ഥാനത്ത് അഞ്ഞൂറ്, ആയിരം രൂപയുടെ കള്ളനോട്ട് വ്യാപകമായി പ്രചരിക്കുന്നതായി ആശങ്ക പരന്നിരുന്നു. കള്ളനോട്ടിന്റെ കണ്ണികള്‍ ചെന്നെത്തിയിരിക്കുന്നത് മുസ്ളിംലീഗ് നേതാക്കളിലാണ്. കള്ളുകച്ചവടവും കള്ളനോട്ടിടപാടും വേട്ടയാടുന്ന യുഡിഎഫ് നേതൃത്വം സംസ്ഥാന സര്‍ക്കാരിനെതിരെ സമരം നടത്തി മുഖംരക്ഷിക്കാനുള്ള വിഫലയത്നത്തിലാണിപ്പോള്‍. മന്ത്രി രാജിവയ്ക്കണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമടക്കം യുഡിഎഫ് നേതാക്കള്‍ ഉന്നയിക്കുന്ന ദുരാരോപണങ്ങള്‍ക്ക് വന്‍പ്രാധാന്യം നല്‍കുന്ന മാധ്യമങ്ങള്‍ ഷാപ്പ് റെയ്ഡ് തടയാന്‍ കെ അച്യുതന്‍ എംഎല്‍എ ഇടപെട്ടെന്ന എക്സൈസ് കമീഷണറുടെ വെളിപ്പെടുത്തല്‍ കേട്ടില്ലെന്നു നടിക്കുകയായിരുന്നു.

കോണ്‍ഗ്രസ് കുടുംബമായ അച്യുതന്റെ മകന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പാലക്കാട് ജില്ലാ പ്രസിഡന്റും സഹോദരന്‍ കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ നഗരസഭയിലെ സ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമാണ്. അച്യുതനും കുടുംബത്തിനുംകൂടി 34 ഷാപ്പാണുള്ളത്. പാലക്കാട് ഡിസിസി സെക്രട്ടറി പി ബാലചന്ദ്രനും കള്ളുകച്ചവടക്കാരനാണ്. ബാലചന്ദ്രന്റെ ഷാപ്പുകളിലൊന്നിലെ റെയ്ഡ് തടയാന്‍ അച്യുതന്‍ ഇടപെട്ടെന്നാണ് എക്സൈസ് കമീഷണര്‍ വെളിപ്പെടുത്തിയത്. പാലക്കാട്ടുതന്നെ കെപിസിസി അംഗം പല്ലശ്ശന ശ്രീധരനും അച്യുതന്റെ പാതയിലുണ്ട്. കെപിസിസി അംഗം വി എസ് അജിത്കുമാര്‍ വ്യാജമദ്യക്കേസില്‍ രണ്ടുതവണ ശിക്ഷിക്കപ്പെട്ടു. കള്ളില്‍ സ്പിരിറ്റ് കലര്‍ത്തി വിറ്റ കേസുകളിലാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍കൂടിയായിരുന്ന അജിത്കുമാറിനെ ശിക്ഷിച്ചത്. മുന്‍മന്ത്രി കൂടിയായ അടൂര്‍പ്രകാശ് അമ്മയുടെ പേരില്‍ അടൂരില്‍ ബാര്‍ നടത്തുന്നതും പരസ്യമാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വസ്തുതാപരമല്ലാത്ത ആരോപണമുയര്‍ത്തുന്ന ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഇരിപ്പ് കള്ളുകച്ചവടക്കാരുടെയും കള്ളനോട്ടടിക്കാരുടെയും കൂടാരത്തിലാണെന്നത് സൌകര്യപൂര്‍വം മറക്കുകയാണ്.

അച്യുതനെതിരെ പാര്‍ടി അന്വേഷണമില്ല

കോണ്‍ഗ്രസുകാര്‍ക്ക് എന്തു കച്ചവടവും നടത്താമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കള്ളുകച്ചവടവുമാകാം. കെ അച്യുതന്‍ എംഎല്‍എ എക്സൈസ് കമീഷണര്‍— പി സുബ്ബയ്യയെ ഷാപ്പിലെ റെയ്ഡിന്റെപേരില്‍ വിളിച്ചത് ജനപ്രതിനിധിയെന്ന നിലയിലാണ്. അച്യുതന്റെ കള്ള് നല്ലതാണോയെന്നറിയാന്‍ താന്‍ അത് കുടിച്ചുനോക്കിയിട്ടില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എക്സൈസ് കമീഷണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അച്യുതനെതിരെ അന്വേഷണത്തിന് കോണ്‍ഗ്രസ് തയ്യാറല്ല. ജനപ്രതിനിധികള്‍ മണ്ഡലത്തിലെ ആവശ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ബന്ധപ്പെടുന്നത് ആദ്യത്തെ സംഭവമല്ല. ചിറ്റൂരിലെ കള്ളില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ ദുരന്തമുണ്ടാകേണ്ടത് അവിടെയാണ്. അച്യുതന്‍ കള്ളില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിച്ച് നടപടിയെടുക്കാം. വിഷക്കള്ളുമായി തനിക്ക് ബന്ധമില്ലെന്ന്് അച്യുതന്‍ അറിയിച്ചിട്ടുണ്ട്്. എക്സൈസ് കമീഷണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരുവിധ അന്വേഷണത്തിനും കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അച്യുതന്‍ കമീഷണറോട് സംസാരിച്ചത് റോഡ് തടസ്സത്തെക്കുറിച്ച്

ചിറ്റൂര്‍ എംഎല്‍എ അച്യുതന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കള്ളുഷാപ്പില്‍ റെയ്ഡ് നടന്ന ദിവസം ദേശീയപാതയില്‍ തടസമുണ്ടായതിനെക്കുറിച്ചാണ് കമീഷണറോട് എംഎല്‍എ എന്ന നിലയില്‍ അച്യുതന്‍ ഫോണില്‍ സംസാരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ( ചാനല്‍ ചര്‍ച്ചക്കിടയില്‍ ന്യായീകരണമായി കേട്ടത് അവിടത്തെ തൊഴിലാളികളെ പീഡിപ്പിക്കുന്നതിനെതിരെയാണ് അച്ചുതന്‍ കമ്മീഷണറുമായി സംസാരിച്ചത് എന്നായിരുന്നു - ജനശക്തി) കമീഷണര്‍ രാഷ്ട്രീയം കളിക്കുകയാണ്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മലപ്പുറത്തെ മദ്യദുരന്തവും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണ വിഷയമാക്കും. ലോട്ടറി, അട്ടിപ്പാടിയിലെ ആദിവാസി ഭൂമി എന്നിവയും തെരഞ്ഞെടുപ്പില്‍ വിഷയമാണെന്ന് യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. സീറ്റ്ചര്‍ച്ച 21നകം പൂര്‍ത്തിയാക്കും. എം പി വീരേന്ദ്രകുമാറിന്റെ പാര്‍ടി യുഡിഎഫിന്റെ ഭാഗമാണ്. എന്നാല്‍ ഐഎന്‍എല്‍ യുഡിഎഫിന്റെ ഭാഗമല്ല. അവരുടെ സഹകരണമാണ് യുഡിഎഫ് ഉദ്ദേശിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെ അച്യുതന്റെ വീട്ടിലേക്കു നടത്തിയ മാര്‍ച്ചിനുനേരെ കോണ്‍ഗ്രസ് അക്രമം

കെ അച്യുതന്‍ എംഎല്‍എയുടെ വീട്ടിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനുനേരെ കോണ്‍ഗ്രസ് അക്രമം. രണ്ട് പ്രവര്‍ത്തകര്‍ക്ക് കല്ലേറിലും രണ്ട് പേര്‍ക്ക് മര്‍ദനത്തിലും പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം വിഷമദ്യദുരന്തത്തില്‍ കെ അച്യുതന്‍ എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
ചൊവ്വാഴ്ച രാവിലെ ഒമ്പതരക്ക് തത്തമംഗലം മേട്ടുപ്പാളയത്തുനിന്ന് തുടങ്ങിയ മാര്‍ച്ച് പള്ളിമുക്കില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊതുയോഗം നടന്നുകൊണ്ടിരിക്കെയാണ് കോണ്‍ഗ്രസ്-യൂത്ത്കോണ്‍ഗ്രസ് നേതൃത്വത്തില്‍ അച്യുതന്റെ ചാലക്കളത്തെ വീട്ടിലും കള്ള് ഗോഡൌണിലും സംഘടിച്ചവര്‍ പ്രകടനമായി വന്ന് കല്ലെറിഞ്ഞത്. എംഎല്‍എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ആര്‍ക്കാടാ ധൈര്യം എന്നാക്രോശവുമായാണ് കല്ലും വടികളുമായി ആക്രമണം നടത്തിയത്. അച്യുതന്റെ സഹോദരനും കള്ള്കച്ചവടത്തിന് നേതൃത്വം നല്‍കുന്നയാളുമായ കെ മധു, ബന്ധു സച്ചിദാനന്ദന്‍, കൊഴിഞ്ഞാമ്പാറയിലെ ശെല്‍വകുമാരസ്വാമി, കര്‍ഷക കോണ്‍ഗ്രസ് നോതക്കളായ കണക്കമ്പാറ കരുണന്‍, മലക്കാട് രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. അച്യുതന്റെ സ്ഥിരം സംരക്ഷകരും വിവിധ കള്ള് ഷാപ്പുകളുടെ ലൈസന്‍സികളുമായവര്‍, മണ്ഡലം, പഞ്ചായത്ത്തലത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഡിവൈഎഫ്ഐ വടക്കഞ്ചേരി ബ്ളോക്ക് ട്രഷറര്‍ കെ കെ ദേവന്‍, പെരുവെമ്പിലെ പ്രവര്‍ത്തകനായ കല്ലഞ്ചിറ ആറുമുഖന്റെ മകന്‍ എ അനില്‍കുമാര്‍ എന്നിവര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. കൊടുവായൂരിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മുരളി, ശിവന്‍ എന്നിവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയും ബൈക്ക് തല്ലിത്തകര്‍ക്കുകയും ചെയ്തു.കല്ലേറില്‍ വടക്കഞ്ചേരിയില്‍ നിന്നുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വന്ന രണ്ട് ടാറ്റാസുമോയുടെ ചില്ലും തകര്‍ന്നു. കടകള്‍ക്കുനേരേയും കല്ലേറുണ്ടായി. ഡിവൈഎഫ്ഐ പ്രകടനത്തിലും പൊതുയോഗത്തിലും പങ്കെടുത്ത നിരവധി പേര്‍ക്ക് നിസാരപരിക്കേറ്റിട്ടുണ്ട്. നേതാക്കളുടെ പ്രസംഗം തീരുന്നതിനുമുമ്പ് തന്നെ പൊതുയോഗം അവസാനിപ്പിക്കേണ്ടിവന്നു. തുടര്‍ന്ന് അക്രമികള്‍ ചിറ്റൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലേക്ക് പ്രകടനമായി പോയി. പോകുന്ന വഴിയില്‍ കണ്ട വാഹനങ്ങളെല്ലാം തല്ലിത്തകര്‍ക്കുകയും ചെയ്തു. വ്യാജകള്ള് ഉല്‍പ്പാദനത്തില്‍ അച്യുതന്റെ സഹായികളായ കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, പെരുമാട്ടി, പട്ടഞ്ചേരി പ്രദേശങ്ങളിലെ കോണ്‍ഗ്രസുകാര്‍ തിങ്കളാഴ്ച രാത്രിതന്നെ അച്യുതന്റെ വീട്ടില്‍ തമ്പടിച്ച് അക്രമത്തിന് ഗൂഢാലോചന നടത്തിയിരുന്നു.

കള്ളുകച്ചവടം നിര്‍ത്തിയെന്ന പ്രഖ്യാപനത്തിന്റെ ചൂടാറുംമുമ്പ് കള്ളിനുവേണ്ടി സമരം

താനും തന്റെ കുടുംബവും 35 വര്‍ഷമായി നടത്തിവരുന്ന കള്ളുകച്ചവടം നിര്‍ത്തിയെന്ന് കെ അച്യുതന്‍ എംഎല്‍എ പ്രഖ്യാപിച്ചത് സെപ്തംബര്‍ ഒമ്പതിനായിരുന്നു. പ്രഖ്യാപനത്തിന്റെ യും മലപ്പുറം വിഷക്കള്ള് ദുരന്തത്തിന്റേയും ചൂടാറും മുമ്പ് കള്ള് ചെത്താനും വിതരണം ചെയ്യാനും അനുമതി വേണമെന്നാവശ്യപ്പെട്ട് ചിറ്റൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിനുമുന്നില്‍ കോണ്‍ഗ്രസുകാരുടെ സമരം. സമരത്തിന് നേതൃത്വം അച്യുതന്റെ സഹോദരന്‍ മധു, കര്‍ഷക കോണ്‍ഗ്രസിന്റെ നല്ലേപ്പിള്ളി മണ്ഡലം നേതാവ് കണക്കമ്പാറ കരുണന്‍, കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് തണികാചലം, എരുത്തേമ്പതി പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ശെല്‍വകുമാരസ്വാമി എന്നിവരായിരുന്നു.

കുറ്റിപ്പുറത്തും വണ്ടൂരും ഉണ്ടായ വിഷക്കളള്ദുരന്തത്തെത്തുടര്‍ന്ന് സെപ്തംബര്‍ ആറിന് കെ അച്യുതന്‍ പറഞ്ഞത് 'തനിക്കോ തന്റെ കുടുംബത്തിനോ കള്ള് കച്ചവടവുമായി ബന്ധമില്ലെ'ന്നാണ്. എന്നാല്‍ ഒമ്പതിന്, താനും തന്റെ കുടുംബവും 35 വര്‍ഷമായി നടത്തിവരുന്ന കള്ള് കച്ചവടം വയലാര്‍രവിയുടെ ഉപദേശപ്രകാരം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം കഴിഞ്ഞ് അഞ്ചുനാള്‍ തികയുംമുമ്പ് തെങ്ങ്ചെത്താനും കള്ള് വിതരണം ചെയ്യാനും അനുമതിവേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ സമരം നടന്നതോടെ അച്യുതന്റെ പ്രഖ്യാപനം തട്ടിപ്പുമാത്രമാണെന്ന് വെളിപ്പെട്ടു. വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, പട്ടഞ്ചേരി, പെരുമാട്ടി, നല്ലേപ്പിള്ളി, വടവന്നൂര്‍ പഞ്ചായത്തുകളിലേയും ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളുമാണ് പ്രകടനത്തിലും സമരത്തിലും പങ്കെടുത്തത്. 25,000 ചെത്ത്തൊഴിലാളികള്‍ തെങ്ങ് ചെത്തുന്നുണ്ടെന്നാണ് എരുത്തേമ്പതി പഞ്ചായത്ത് പ്രസിഡന്റ് ശെല്‍വകുമാരസ്വാമി പറഞ്ഞത്. ഇവരുടെ കുടുംബങ്ങളെകൂടി ചേര്‍ത്താല്‍ 75,000 പേര്‍ ഈ രംഗത്തുണ്ടെന്നും പറഞ്ഞു. അതിര്‍ത്തിയിലെ ഒരു നേതാവ് ഇത് പറഞ്ഞതോടെ കോണ്‍ഗ്രസിന്റെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ വ്യാജകള്ള് ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന കാര്യം ഉറപ്പായി.

കള്ളുചെത്ത് വ്യവസായ സംരക്ഷണ ദിനാചരണം 17ന്

കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 17 മുതല്‍ കേരള സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തും. യോഗങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. മലപ്പുറം മദ്യദുരന്തത്തെ തുടര്‍ന്ന് മദ്യമാഫിയകളും രാഷ്ട്രീയ ശത്രുക്കളും ചേര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും വ്യവസായത്തെ തകര്‍ക്കാനും സംഘടിതമായി ശ്രമം നടത്തുന്നു. സംഘടിത കള്ളുചെത്ത് വ്യവസായം തകരേണ്ടത് മദ്യമാഫിയകളുടെ ആവശ്യമാണ്. എന്നാലേ വ്യവസായത്തിന്റെ കടിഞ്ഞാ അവരുടെ കൈയിലെത്തൂ. ഇതിനെ പ്രതിരോധിച്ച് ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലും അവരുടെ കുടുംബത്തിന്റെ ജീവിതവും സംരക്ഷിക്കേണ്ടതുണ്ട്. ശുദ്ധമായ കള്ള് ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ എടുത്തിട്ടുള്ള നടപടിയും നയപരമായ തീരുമാനങ്ങളും മറച്ചുപിടിച്ച് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. മദ്യമാഫിയ- രാഷ്ട്രീയ കൂട്ടുകെട്ടിന്റെ തെളിവാണ് ചിറ്റൂരിലെ കോണ്‍ഗ്രസ് എംഎല്‍എ കെ അച്യുതനെതിരായ വെളിപ്പെടുത്തലുകള്‍. എക്സൈസ് കമീഷണര്‍ തന്നെ ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മദ്യദുരന്തത്തില്‍ അച്യുതനുള്ള പങ്കും അന്വേഷണത്തിന്റെ ഭാഗമാണ്.

ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതാണ് കള്ള് വ്യവസായം. അത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം. താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ വ്യവസായത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അവ പുനഃപരിശോധിക്കണം. മലപ്പുറത്തുണ്ടായ മദ്യദുരന്തത്തിന് ഉത്തരവാദികളായ എല്ലാവരും ശിക്ഷിക്കപ്പെടണം. അഴിമതിക്കാരായ ചില എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ട്. ഇവരുടെയെല്ലാം പേരില്‍ കൊലക്കുറ്റത്തിന്റെ വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കണമെന്നും യൂണിയന്‍ പ്രസിഡന്റ് കെ എം സുധാകരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 15092010

2 comments:

  1. വിഷക്കള്ളുകച്ചവടത്തിലും കള്ളനോട്ടിടപാടിലും കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ പങ്ക് വ്യക്തമായതോടെ യുഡിഎഫ് പ്രതിക്കൂട്ടിലായി. മലപ്പുറത്തെ വിഷമദ്യദുരന്തത്തിനുപിന്നാലെ 35 വര്‍ഷത്തെ കള്ളുകച്ചവടം നിര്‍ത്തുന്നതായി കോണ്‍ഗ്രസ് നേതാവ് കെ അച്യുതന്‍ എംഎല്‍എ സ്വയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍,മദ്യവ്യാപാരംവഴി കോടികള്‍ കൊയ്യുന്ന പല കോണ്‍ഗ്രസ് നേതാക്കളും കച്ചവടം തുടരുകയാണ്. അതില്‍ ഡിസിസി സെക്രട്ടറിമാരുണ്ട്, അച്യുതനെപ്പോലുള്ള കെപിസിസി അംഗങ്ങളുണ്ട്. ചിലരാകട്ടെ വ്യാജമദ്യക്കേസില്‍ ശിക്ഷിക്കപ്പെട്ടവരും. അവരൊന്നും കച്ചവടം നിര്‍ത്തേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുറന്നുപറഞ്ഞതോടെ ഈ ഇടപാടുകള്‍ക്ക് ഉന്നതരുടെ ഒത്താശയുണ്ടെന്നും തെളിഞ്ഞു. കള്ളുകച്ചവടത്തിന് പച്ചക്കൊടി കാട്ടിയ ചെന്നിത്തല അച്യുതനെതിരെ നടപടിയെടുക്കുന്ന പ്രശ്നമില്ലെന്നും പ്രഖ്യാപിച്ചു.

    ReplyDelete
  2. yea... there is not a single CPI/CPM member runs a toddy shop :) every toddy shop owner makes illegal toddy.. everyone knows that. what the govt( both ldf and udf) did against it till now?

    or at least remove the toddy license. let all the farmers make tap it as they wish.. that will bring some helping hand for the poor farmers!

    ReplyDelete