Sunday, September 26, 2010

കോമണ്‍‌വെല്‍ത്ത് ഗെയിംസ്: മുഖംമിനുക്കാന്‍ പാവങ്ങളെ നാടുകടത്തുന്നു

ന്യൂഡല്‍ഹി

"കുറെ വര്‍ഷമായി ഇവിടെ പണിയെടുക്കുന്നു. ഒഴിഞ്ഞുപോകണമെന്ന് കഴിഞ്ഞയാഴ്ചയാണ് പൊലീസ് പറഞ്ഞത്. ഇന്നു രാവിലെ അവര്‍ ഇവിടെ കൊണ്ടാക്കി. ഇനി എങ്ങോട്ട് പോകണമെന്നറിയില്ല''- ഏറെ ചോദ്യങ്ങള്‍ക്കൊടുവില്‍ കുസുംലത നിസ്സഹായതയോടെ പറഞ്ഞു.

പനിച്ചുവിറയ്ക്കുന്ന ഭര്‍ത്താവ് ബബ്ലുവിനും കുട്ടികള്‍ക്കുമൊപ്പം ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനുമുന്നില്‍ പകച്ചിരിക്കുന്ന കുസുമിന്റെ വേദന ഒറ്റപ്പെട്ടതല്ല. വിദേശികള്‍ക്കായി ഡല്‍ഹി സുന്ദരമാക്കാന്‍ ഭരണാധികാരികള്‍ ആട്ടിപ്പായിച്ച ആയിരക്കണക്കിന് തൊഴിലാളികുടുംബങ്ങളില്‍ ഒന്നുമാത്രമാണിത്. ഇവരുടെ ഭീതി നിറഞ്ഞ കണ്ണുകളില്‍ നിറയാന്‍ കണ്ണീര്‍ ബാക്കിയില്ല. എവിടേക്ക് പോകണമെന്നറിയാതെ വന്നടിഞ്ഞ തൊഴിലാളികളുടെ തിക്കുംതിരക്കുമാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റേഷനില്‍.

കോമണ്‍വെല്‍ത്ത് ഗെയിംസിനുമുന്നോടിയായി നൂറുകണക്കിന് തൊഴിലാളികളെയാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഡല്‍ഹിയില്‍നിന്ന് നാടുകടത്തിയത്. നിര്‍മാണത്തൊഴിലാളികള്‍മുതല്‍ വീട്ടുവേലക്കാര്‍വരെയുള്ള എല്ലാവരോടും 24 മണിക്കൂറിനുള്ളില്‍ സ്ഥലം വിട്ടോളാനാണ് പൊലീസിന്റെ കല്‍പ്പന. തിങ്കളാഴ്ചയാണ് തൊഴിലാളികള്‍ക്ക് സ്വമേധയാ ഒഴിഞ്ഞുപോകാനുള്ള അവസാനതീയതി. ഇതുകഴിഞ്ഞാല്‍ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കും. ചേരികളില്‍നിന്ന് തൊഴിലാളികളെ കൂട്ടത്തോടെ ലോറിയില്‍ കയറ്റി റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുതള്ളുകയാണ്. യാത്രക്കൂലിയില്ലെന്ന് പരാതിപ്പെടുന്നവരുടെ കൈയില്‍ ടിക്കറ്റിനുപകരം ഡല്‍ഹി പൊലീസിന്റെ മുദ്ര പതിപ്പിക്കാനാണ് നിര്‍ദേശം.

ഡല്‍ഹിയിലെ വീടും മേല്‍വിലാസവും തെളിയിക്കാനുള്ള രേഖ കൈവശമില്ലാത്ത എല്ലാവരെയും നാടുകടത്താന്‍ സര്‍ക്കാര്‍ രഹസ്യനിര്‍ദേശം നല്‍കിയതോടെ വര്‍ഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന അന്യസംസ്ഥാനക്കാരെല്ലാം വേട്ടയാടപ്പെടുകയാണ്. രണ്ടുമാസം മുമ്പുതന്നെ എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി വേലക്കാരുടെ വിവരം ഡല്‍ഹി പൊലീസ് ശേഖരിച്ചിരുന്നു. വീട്ടുജോലിക്കാരെ ഗെയിംസ് കഴിയുന്നതുവരെ പുറത്താക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഡല്‍ഹിയിലേക്ക് കുടിയേറിയ കുടുംബങ്ങള്‍ എങ്ങോട്ട് പോകണമെന്നറിയാതെ കുഴങ്ങുകയാണ്. അന്നന്നത്തെ തുച്ഛമായ കൂലികൊണ്ട് അരവയര്‍ നിറയ്ക്കുന്ന ഇവര്‍ക്ക് ഗെയിംസ് കഴിയുന്നതുവരെ എങ്ങനെ ഭക്ഷണത്തിന് വക കണ്ടെത്തണമെന്നും എവിടെ ഉറങ്ങണമെന്നും അറിയില്ല.

"എന്റെ റേഷന്‍കാര്‍ഡ് ഞാന്‍ കാണിച്ചതാണ്. എന്നിട്ടും എന്നോട് കുടുംബത്തെയും കൂട്ടി ഒഴിഞ്ഞുപോകാന്‍ പറഞ്ഞു. ഞങ്ങള്‍ ഇന്ത്യക്കാരല്ലേ''

സൌത്ത് ഡല്‍ഹിയിലെ രംഗ്പുരിയില്‍നിന്ന് കുടിയൊഴിപ്പിച്ച കിഷോരിലാലിന്റെ ചോദ്യം ഗെയിംസിന്റെ ആരവങ്ങളില്‍ തട്ടിത്തകരുന്നു. പൊലീസിന്റെ നടപടിക്കെതിരെ മനുഷ്യാവകാശസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ ആരെയും കുടിയൊഴിപ്പിക്കുന്നില്ലെന്നും സുരക്ഷയുടെ ഭാഗമായി വിവരം തേടുകമാത്രമാണെന്നുമാണ് പൊലീസ് പറയുന്നത്.
(വിജേഷ് ചൂടല്‍)

ഇന്ത്യ വേദി നേടിയത് കോഴ കൊടുത്ത്

കോമണ്‍‌വെല്‍ത്ത് ഗെയിംസിന് വേദിയൊരുക്കാനുള്ള അവസരം ഇന്ത്യ നേടിയത് കോഴ കൊടുത്താണെന്ന് ആരോപണം. 72 അംഗരാജ്യങ്ങള്‍ക്കായി 33 കോടിയോളം രൂപ കോഴ നല്‍കിയാണ് ഇന്ത്യ വേദി നേടിയെടുത്തതെന്ന് ഓസ്ട്രേലിയന്‍ ദിനപത്രമായ 'ഡെയ്ലി ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു. ശരാശരി ഒരു ലക്ഷം ഡോളര്‍ (45.24 ലക്ഷം രൂപ) വീതമാണ് കൊടുത്തത്. ഓസ്ട്രേലിയക്ക് 1.25 ലക്ഷം ഡോളര്‍ (57 ലക്ഷം രൂപ) നല്‍കി. പിടിപ്പുകേടും അഴിമതിയും മൂലം ഡല്‍ഹി കോമണ്‍‌വെല്‍ത്ത് ഗെയിംസ് കുഴപ്പത്തിലായതിന്റെ നാണക്കേടില്‍ ഉഴറുന്ന ഇന്ത്യയെ കോഴ വിവാദം കൂടുതല്‍ പ്രതിസന്ധിയിലാക്കും.

ആതിഥേയരെ തീരുമാനിക്കാന്‍ 2003 നവംബറില്‍ ജമൈക്കയില്‍ ചേര്‍ന്ന യോഗത്തിലാണ് കോമണ്‍‌വെല്‍ത്ത് അംഗരാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ സംഘം പണം വാഗ്ദാനം ചെയ്തത്. ഇന്ത്യക്ക് അനുകൂലമായി വോട്ടുചെയ്താല്‍ താരങ്ങളുടെ പരിശീലനത്തിന് ഒരു ലക്ഷം ഡോളര്‍ വീതം നല്‍കാമെന്നായിരുന്നു വാഗ്ദാനം. പണം കൊടുക്കുകയും ചെയ്തെന്ന് ടെലിഗ്രാഫ് പറയുന്നു. കനേഡിയന്‍ നഗരമായ ഹാമില്‍ട്ടണെ 22നെതിരെ 46 വോട്ടിനു പിന്തള്ളിയാണ് ഇന്ത്യ ഗെയിംസ് സ്വന്തമാക്കിയത്. ഹാമില്‍ട്ടണെ പിന്തുണച്ച ചില രാജ്യങ്ങള്‍ വോട്ടെടുപ്പിനുശേഷം പണം നല്‍കിയ കാര്യം പരസ്യമായി പറഞ്ഞെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ടു ചെയ്തു. കനഡയും കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നു. ഏഴുപതിനായിരം ഡോളറാണ് അവര്‍ നല്‍കാമെന്നു പറഞ്ഞത്. പക്ഷേ, ഉയര്‍ന്ന തുക ഇന്ത്യയുടേതായതിനാല്‍ ചെറിയ രാജ്യങ്ങള്‍ ഹാമില്‍ട്ടണെ കൈവിട്ടു. ഇന്ത്യ പണം വാഗ്ദാനം ചെയ്തതായി ഓസ്ട്രേലിയന്‍ കോമണ്‍‌വെല്‍ത്ത് അസോസിയേഷന്‍ പ്രസിഡന്റ് സാം കോഫ സ്ഥിരീകരിച്ചു

ദേശാഭിമാനി 25092010-26092010

6 comments:

  1. കോമണ്‍വെല്‍ത്ത് ഗെയിംസിനുമുന്നോടിയായി നൂറുകണക്കിന് തൊഴിലാളികളെയാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഡല്‍ഹിയില്‍നിന്ന് നാടുകടത്തിയത്. നിര്‍മാണത്തൊഴിലാളികള്‍മുതല്‍ വീട്ടുവേലക്കാര്‍വരെയുള്ള എല്ലാവരോടും 24 മണിക്കൂറിനുള്ളില്‍ സ്ഥലം വിട്ടോളാനാണ് പൊലീസിന്റെ കല്‍പ്പന. തിങ്കളാഴ്ചയാണ് തൊഴിലാളികള്‍ക്ക് സ്വമേധയാ ഒഴിഞ്ഞുപോകാനുള്ള അവസാനതീയതി. ഇതുകഴിഞ്ഞാല്‍ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കും. ചേരികളില്‍നിന്ന് തൊഴിലാളികളെ കൂട്ടത്തോടെ ലോറിയില്‍ കയറ്റി റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുതള്ളുകയാണ്. യാത്രക്കൂലിയില്ലെന്ന് പരാതിപ്പെടുന്നവരുടെ കൈയില്‍ ടിക്കറ്റിനുപകരം ഡല്‍ഹി പൊലീസിന്റെ മുദ്ര പതിപ്പിക്കാനാണ് നിര്‍ദേശം.

    ReplyDelete
  2. 19. (1) All citizens shall have the right—
    (a) to freedom of speech and expression;
    (b) to assemble peaceably and without arms;
    (c) to form associations or unions;
    (d) to move freely throughout the territory of India;
    (e) to reside and settle in any part of the territory of India...

    (‘എന്നോ എവിടെയോ’ വായിച്ചത്... സര്‍ക്കാര്‍ ഒരുപക്ഷേ വായിച്ചുകാണില്ല...!)

    ReplyDelete
  3. 30000 കോടി രൂപ ചിലവാക്കി നടത്തുന്ന ഈ മാമാങ്കം കൊണ്ട് 4000 കോടിയോളം രൂപയാണത്രെ അടിച്ച് മാറ്റിയത്.

    ഇലക്ഷനുകൾ ഒക്കെ വരികയല്ലെ?

    ReplyDelete
  4. Unaratte Janangal... Janadhipathyathilkku...! Abhivadyangal...!!!

    ReplyDelete
  5. അമ്മയെ കൂട്ടികൊടുതതലും വേണ്ടില്ല പണമുണ്ടാക്കണമെന്നു
    കരുതുന്ന തന്തയില്ലാത്ത രാഷ്ട്രീയ നാറികളെ ചുമക്കുന്ന നമ്മുടെയൊക്കെ തലേ വര...
    ഇവനോക്കയാണ് അടുത്ത നൂറ്റാണ്ടില്‍ ഇന്ത്യയെ ലോക ശക്തി ആക്കാന്‍ പോകുന്നത്,,,
    ത്ഫൂ...
    നമുക്ക് രാഷ്ട്രീയവും, മതവുമൊക്കെ പറഞ്ഞു തര്‍ക്കിച്ചു വാളെടുത്തു വെട്ടിചാവാം..
    ആണും പെണ്ണും കേട്ട നമ്മുടെ ജനതയ്ക്ക് ഇതിനെക്കാള്‍ നല്ല നേതാക്കളെ എവിടെ കിട്ടാന്‍ .
    യഥാ പ്രജ തഥാ രാജാ..!

    ReplyDelete
  6. അടിമത്തം അവസാനിക്കുന്നില്ല .... അടിമത്വത്തിന്റെ ഓര്‍മ നുനയുന്നവര്‍ ഫൂ ...

    ബ്രിട്ടാനിയാ രാജ്ഞി ഭരിച്ചിരുന്ന ദേശങ്ങളിൽനിന്നൊക്കെ ആളു വരുന്ന കളിയാണ്‌. കാനഡ മുതൽ ന്യൂസിലന്റ്‌ വരെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഓർമ പുതുക്കുന്ന വേളയാണു കോമൺവെൽത്ത്‌ ഗെയിംസ്‌.

    ഇതാണ്‌ ഈ കോമൺവെൽത്ത്‌ ഗെയിംസിലെ മുഖ്യനാടകം.

    ഏഷ്യയിലും ആഫ്രിക്കയിലും കാലാകാലം പരതിനടന്നു സകലതും കൊള്ളയടിച്ചവന്റെ പിന്മുറക്കാരൻ വരുമ്പോൾ ഇപ്പോഴും പഴയ ഭക്തജനം കൈകൂപ്പിനിൽക്കണം; അവന്റെ കക്കൂസ്‌ വെട്ടിത്തിളങ്ങണം. അല്ലെങ്കിൽ അവൻ ബഹിഷ്കരിച്ചുകളയും! ശരിക്കുപറഞ്ഞാൽ പോയി തുലയാനാണു പറയേണ്ടത്‌. പക്ഷേ, ആതിഥ്യമര്യാദ അതല്ലല്ലോ... അതുകൊണ്ട്‌ കക്കൂസ്‌ തിളക്കം പോരെന്നു പരാതി പറയുന്നവന്മാർക്കു ഫൈവ്‌ സ്റ്റാർ ഹോട്ടലിൽ താമസം ഏർപ്പാടാക്കിയിരിക്കുകയാണ്‌ ആതിഥേയർ. അത്‌ അവരുടെ മര്യാദ. എന്നാലും കുറേ ദിവസമായി പാശ്ചാത്യ ടെലിവിഷൻ ടീമുകൾ ഇവിടെ വന്നു നടത്തിക്കൊണ്ടിരിക്കുന്ന അഭ്യാസങ്ങൾ കണ്ടാൽ ഈ വെളുത്ത തൊലിയുള്ള കൂട്ടർ ഒരിക്കലും മര്യാദ പഠിക്കില്ലെന്ന്‌ ആർക്കും ഉറപ്പിക്കാം...

    ReplyDelete