Wednesday, September 29, 2010

ഷാവേസിന്റെ വിജയം

വെനസ്വേലാ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഉജ്വലവിജയം ലോകത്താകെയുള്ള സാമ്രാജ്യത്വവിരുദ്ധ പോരാളികള്‍ക്ക് ആവേശം പകരുന്നതാണ്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്ന പേരില്‍ വിശേഷിപ്പിക്കുന്ന ചില പത്രങ്ങള്‍ ഈ വിജയത്തിന്റെ മാറ്റ് കുറയ്ക്കാന്‍ വൃഥാശ്രമം നടത്തിയതായി കാണുന്നു. അവരുടെ സാമ്രാജ്യത്വശക്തിയോടുള്ള വിധേയത്വവും നവഉദാരസാമ്പത്തികനയത്തോടുള്ള ഉറച്ച പ്രതിബദ്ധതയും പച്ചയായി വെളിപ്പെടുത്തുന്നതാണ് ഈ സമീപനം.

കേരളത്തിലായാലും പശ്ചിമബംഗാളിലായാലും വെനസ്വേലയിലായാലും ക്യൂബയിലായാലും ചൈനയിലായാലും ലോകത്തിന്റെ ഏത് കോണിലായാലും അവര്‍ ഇടതുപക്ഷത്തിനെതിരാണ്. അറുപിന്തിരിപ്പന്‍ വലതുപക്ഷ ചിന്താഗതിയാണ് അവരെ നയിക്കുന്നതെന്ന് ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടുവരികയാണ്. 'വെനിസ്വേലയില്‍ ഷാവേസിന് തിരിച്ചടി; അധികാരം കുറയും' എന്നാണ് മലയാള മനോരമയുടെ തലക്കെട്ട്. മാതൃഭൂമി അത്ര പോയില്ല. 'വെനസ്വേലയില്‍ ഷാവേസിന്റെ പാര്‍ടിക്ക് ജയം; ഭൂരിപക്ഷം കുറഞ്ഞു' എന്നെങ്കിലും വെളിപ്പെടുത്തി. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതില്‍ അല്‍പ്പം സന്തോഷം പ്രകടിപ്പിച്ചു എന്നേ ഉള്ളു. എന്നാല്‍, ഈ മഹത്തായ വിജയത്തിന്റെ രാഷ്ട്രീയപ്രാധാന്യം അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല. പന്ത്രണ്ടുവര്‍ഷമായി അധികാരത്തിലുള്ള ഷാവേസിന് അതിനുശേഷം നടന്ന 14 വോട്ടെടുപ്പില്‍ ഒന്നില്‍ മാത്രമേ തിരിച്ചടി നേരിട്ടുള്ളു എന്നും അവര്‍ സമ്മതിക്കുന്നുണ്ട്.

ഷാവേസിന്റെ വിജയം ഉജ്വലമാണെന്ന് അംഗീകരിക്കണമെങ്കില്‍, അതിന്റെ പ്രാധാന്യവും തിളക്കവും ശരിയായി വിലയിരുത്തണമെങ്കില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും ഇടപെടല്‍ എത്രയായിരുന്നുവെന്ന് അറിയേണ്ടതുണ്ട്. ഷാവേസ് വെനസ്വേലയില്‍ കമ്യൂണിസമോ സോഷ്യലിസമോ നടപ്പാക്കിയിട്ടില്ല. അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത് സോഷ്യലിസത്തോടൊപ്പം ക്രിസ്തുമതസിദ്ധാന്തങ്ങളും ഒരേപോലെ അംഗീകരിക്കുന്നുവെന്നാണ്. സാമ്രാജ്യത്വമേധാവിത്വത്തോട് ഷാവേസിന് കടുത്ത ശത്രുതയുണ്ട്. അത് സ്വന്തം അനുഭവത്തില്‍നിന്ന് ഉടലെടുത്തതാണ്. എണ്ണ കുഴിച്ചെടുക്കുന്ന നാടാണ് വെനസ്വേല. സ്വകാര്യ എണ്ണക്കമ്പനികള്‍ ദീര്‍ഘകാലം വെനസ്വേലയെ കടുത്ത ചൂഷണത്തിന് വിധേയമാക്കി. ഫലമോ, വെനസ്വേലയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവുമായിരുന്നു ചൂഷകവര്‍ഗത്തിന്റെ സമ്മാനം.

ഷാവേസ് 1998ല്‍ അധികാരത്തില്‍ വന്നപ്പോള്‍ വിദേശ എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിക്കാന്‍ തീരുമാനിച്ചു. എണ്ണയില്‍നിന്നുള്ള വരുമാനം ജനങ്ങള്‍ക്ക് ഭക്ഷണം, വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യം എന്നിവയ്ക്കായി വിനിയോഗിക്കാന്‍ തീരുമാനിച്ചു. റോഡും പാലവും കെട്ടിടവും അടുത്തപടിയായി നിര്‍മിച്ചാല്‍ മതിയെന്നും പ്രഖ്യാപിച്ചു. ഷാവേസ് ക്യൂബയുമായി നല്ല ബന്ധം പുലര്‍ത്തി. സാമ്രാജ്യത്വവിരുദ്ധ പോരട്ടത്തിന്റെ മുന്‍പന്തിയിലുള്ള വീരനായകനായ ഫിദല്‍ കാസ്ട്രോയുടെ ഉറ്റമിത്രമായി. അദ്ദേഹത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായി ലാറ്റിനമേരിക്കയിലെ രാജ്യങ്ങളെ ഒരു ചരടില്‍ കോര്‍ത്തിണക്കാന്‍ ശ്രമിച്ചു. ശ്രമം ഒരു പരിധിവരെ വിജയിക്കുകയുംചെയ്തു.

ഐക്യരാഷ്ട്രസഭയില്‍ ഷാവേസിന്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു.

"ലോകത്തിലെ 842 ദശലക്ഷം പട്ടിണിക്കാരുടെ എണ്ണം 2015 ആകുമ്പോഴേക്കും പകുതിയായി കുറയ്ക്കുമെന്ന് നാം പ്രഖ്യാപിക്കുന്നു. എന്നാല്‍, ഇന്നത്തെ നിലയിലാണ് നാം പോകുന്നതെങ്കില്‍ 2215 ആകുമ്പോള്‍മാത്രമേ ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ. നമ്മളില്‍ ആരാണ് അന്ന് അത് ആഘോഷിക്കാന്‍ അവശേഷിക്കുക. 2015 ആകുമ്പോഴേക്കും സാര്‍വത്രികമായ പ്രാഥമിക വിദ്യാഭ്യാസം നടപ്പാകുമെന്ന് പ്രഖ്യാപിക്കുന്നു. ഇന്നത്തെ നിലയില്‍ നാം പുരോഗമിക്കുകയാണെങ്കില്‍ 2100ലെങ്കിലും ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞേക്കാം''.

തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെ പ്രശ്നങ്ങള്‍ കാണാനും അവതരിപ്പിക്കാനും ഷാവേസിന് കഴിഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വത്തോട് ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ലായിരുന്നു. ഇതാണ് ഷാവേസിനെയും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് പാര്‍ടിയെയും സാമ്രാജ്യത്വശക്തികളും അവരെ പിന്താങ്ങുന്ന വലതുപക്ഷ മാധ്യമങ്ങളും കണ്ണിലെ കരടായി കാണാനിടയാക്കിയത്. ഷാവേസിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണം അട്ടിമറിക്കാനും അമേരിക്കന്‍ സാമ്രാജ്യത്വവും സിഐഎയും പണം വാരിക്കോരി ചെലവഴിച്ചു. സാമ്രാജ്യത്വ അനുകൂലമാധ്യമങ്ങള്‍ നുണപ്രചാരവേല കെട്ടഴിച്ചുവിട്ടു. ഷാവേസിനെ പരാജയപ്പെടുത്തി ഭരണം കൈക്കലാക്കാന്‍ 30 പ്രതിപക്ഷ പിന്തിരിപ്പന്‍ പാര്‍ടികള്‍ ഒറ്റക്കെട്ടായി മത്സരിച്ചു. എന്നിട്ടും 165ല്‍ ഫലമറിഞ്ഞ 159ല്‍ 94 സീറ്റില്‍ ഷാവേസിന്റെ പാര്‍ടി വിജയിച്ചു. 60 സീറ്റ് പ്രതിപക്ഷസഖ്യത്തിന് ലഭിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് അഞ്ച് അംഗങ്ങളുടെ കുറവേ സംഭവിച്ചുള്ളു.

എന്നാല്‍, ഇന്ത്യയില്‍ 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന രണ്ടാം യുപിഎ സഖ്യത്തിന് കേവല ഭൂരിപക്ഷംപോലും ലഭിച്ചില്ല. 272നുപകരം 262 സീറ്റേ ലിച്ചിരുന്നുള്ളു. ഈ മാധ്യമങ്ങള്‍ അത് ആഘോഷിക്കുന്നതായി കണ്ടില്ല. ഇവിടെയാണെങ്കില്‍ പശ്ചിമബംഗാളിലും കേരളത്തിലും തീവ്രവലതുപക്ഷം മുതല്‍ തീവ്രഇടതുപക്ഷംവരെ ഒറ്റക്കെട്ടായിട്ടാണ് ഇടതുപക്ഷത്തിനെതിരെ കൈകോര്‍ക്കുന്നത്. കേരളത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ഫ്രണ്ടും ആര്‍എസ്എസും തീവ്ര ഇടതുപക്ഷവും യുഡിഎഫുമായി സഖ്യത്തിലാണ്. ഇതേ മാധ്യമങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയാണ്.

ഇതില്‍നിന്നെല്ലാം ഒരുകാര്യം വ്യക്തമാണ്. അമേരിക്കന്‍ അനുകൂലമെന്നും പ്രതികൂലമെന്നും രണ്ടായി വേര്‍തിരിയുന്നു. ഇടതുപക്ഷപുരോഗമന മതനിരപേക്ഷ ജനാധിപത്യശക്തികള്‍ ഒരുവശത്തും സാമ്രാജ്യത്വവര്‍ഗീയ തീവ്രവാദപിന്തിരിപ്പന്‍ വലതുപക്ഷശക്തികള്‍ മറുവശത്തും അണിനിരക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതില്‍ ഏത് സ്വീകരിക്കണമെന്നതാണ് സമ്മതിദായകരുടെയും മുഴുവന്‍ ബഹുജനങ്ങളുടെയും മുന്നിലുള്ള പ്രശ്നം. നാടിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കുന്ന, നാടിനെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്ന, സമഗ്രവികസനത്തിനും സാമൂഹ്യനീതിക്കുംവേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷപുരോഗമനശക്തികളോടൊപ്പം അണിചേരുകയാണ് കരണീയമായിട്ടുള്ളത് എന്ന് വ്യക്തം.

ദേശാഭിമാനി മുഖപ്രസംഗം 29092010

1 comment:

  1. വെനസ്വേലാ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഉജ്വലവിജയം ലോകത്താകെയുള്ള സാമ്രാജ്യത്വവിരുദ്ധ പോരാളികള്‍ക്ക് ആവേശം പകരുന്നതാണ്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്ന പേരില്‍ വിശേഷിപ്പിക്കുന്ന ചില പത്രങ്ങള്‍ ഈ വിജയത്തിന്റെ മാറ്റ് കുറയ്ക്കാന്‍ വൃഥാശ്രമം നടത്തിയതായി കാണുന്നു. അവരുടെ സാമ്രാജ്യത്വശക്തിയോടുള്ള വിധേയത്വവും നവഉദാരസാമ്പത്തികനയത്തോടുള്ള ഉറച്ച പ്രതിബദ്ധതയും പച്ചയായി വെളിപ്പെടുത്തുന്നതാണ് ഈ സമീപനം.

    ReplyDelete