Tuesday, September 21, 2010

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളും

കേരളം തിരഞ്ഞെടുപ്പ് മാമാങ്കത്തിന് ഒരുങ്ങുകയാണ്. 978 ഗ്രാമ പഞ്ചായത്തുകളിലേയ്ക്കും 152 ബ്ലോക്കു പഞ്ചായത്തുകളിലേയ്ക്കും 14 ജില്ലാ പഞ്ചായത്തുകളിലേയ്ക്കും 59 മുനിസിപ്പാലിറ്റികളിലേയ്ക്കും അഞ്ചു കോര്‍പ്പറേഷനുകളിലേയ്ക്കുമായി 21,612 ജനപ്രതിനിധികളെയാണ് കേരളം തിരഞ്ഞെടുക്കുവാന്‍ പോകുന്നത്. പ്രാദേശിക സര്‍ക്കാരുകളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. ജനങ്ങളുമായി ദൈനംദിനം ഇടപെടുകയും സംവദിക്കുകയും ചെയ്യുന്നവരാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍. അതുകൊണ്ടുതന്നെ ജനങ്ങള്‍ സ്വന്തം ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തി വിധിനിര്‍ണയം നടത്തുന്നതായിരിക്കും 1208 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഈ തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യപ്രക്രിയയെ നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന അവിഭാജ്യ ഘടകമാണ്. സാര്‍വദേശീയമായ സമീപനങ്ങളും ദേശീയതലത്തില്‍ കൈക്കൊള്ളുന്ന നയങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നടപടികളുമൊക്കെ ജനവിധിയെ സ്വാധീനിക്കുന്നത് സ്വാഭാവികമാണ്. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സ്വാതന്ത്ര്യവും അടിയറവെയ്ക്കുന്ന സാമ്രാജ്യത്വ ദാസ്യ നിലപാടിനോടുള്ള പ്രതികരണം രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളീയജനത ബാലറ്റുകളിലൂടെ സാധ്യമാക്കുക തന്നെ ചെയ്യും. അതിനൊപ്പം മഹാഭൂരിപക്ഷം വരുന്ന സാധാരണ സാമാന്യ ജനവിഭാഗത്തെ ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേയ്ക്കു വലിച്ചിഴയ്ക്കുകയും സമ്പന്നന്‍മാരെയും കുബേരന്മാരെയും സംരക്ഷിക്കുകയും ചെയ്യുന്ന നയത്തിനെതിരായ പ്രതിഷേധവും അലയടിക്കും. അടിക്കടി ഉയരുന്ന ഭക്ഷ്യവസ്തുക്കളുടെ വിലയും പൊതുമേഖലാവ്യവസായങ്ങളുടെ സ്വകാര്യവല്‍ക്കരണവും ലക്കും ലഗാനുമില്ലാതെയുള്ള പാചകവാതകത്തിന്റെയും പെട്രോളിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും വിലവര്‍ധനവും കര്‍ഷകവിരുദ്ധ സമീപനങ്ങളും കേന്ദ്രഭരണാധികാരികളുടെ ധൂര്‍ത്തുമൊക്കെ ജനവിധി നിര്‍ണയിക്കുന്ന സന്ദര്‍ഭത്തില്‍ ജനങ്ങളുടെ മനസിനെ സ്വാധീനിക്കും.

അതിനൊപ്പം സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കിയ ജനക്ഷേമ പരിപാടികളും വിധിനിര്‍ണയത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കും. പാവപ്പെട്ടവരുടെയും നിസ്വരുടെയും അശരണരുടെയും പക്ഷത്താണ് എല്‍ ഡി എഫ് സര്‍ക്കാരെന്ന് അനുഭവങ്ങളിലൂടെ ജനങ്ങള്‍ക്ക് അനുദിനം ബോധ്യപ്പെട്ടിട്ടുണ്ട്. ഒരു കിലോ റേഷന്‍ അരി രണ്ടു രൂപ നിരക്കില്‍ 25 കിലോവീതം 41 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുവാനുള്ള നയപരമായ നടപടിയും അത് സാക്ഷാത്ക്കരിക്കുവാനുള്ള ഇച്ഛാശക്തിയും ഉണ്ടായത് എല്‍ ഡി എഫ് സര്‍ക്കാരില്‍ നിന്നാണ്.

കര്‍ഷകത്തൊഴിലാളികള്‍, പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍, വൃദ്ധര്‍, വിധവകള്‍ തുടങ്ങിയവരുടെയൊക്കെ ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയാക്കുകയും വര്‍ഷങ്ങളോളം അവരുടെ പെന്‍ഷന്‍ നല്‍കാതിരിക്കുകയും ചെയ്തത് യു ഡി എഫ് സര്‍ക്കാരാണ്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പട്ടിണിപ്പാവങ്ങളുടെ ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്തു നല്‍കിയെന്നു മാത്രമല്ല, പെന്‍ഷന്‍ തുക ഘട്ടംഘട്ടമായി ഉയര്‍ത്തുകയും ചെയ്തു. 110 രൂപയില്‍ നിന്ന് 300 രൂപയായാണ് ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചത്. 27 മാസത്തിലധികം യു ഡി എഫ് സര്‍ക്കാര്‍ 110 രൂപ നിരക്കില്‍ നല്‍കാതിരുന്ന ക്ഷേമപെന്‍ഷനുകളാണ് ഈ വിധം ഉയര്‍ത്തി കൃത്യതയോടെ നല്‍കിവരുന്നത്. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പെന്‍ഷന്‍ നല്‍കുന്നതില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തി.

കാര്‍ഷികരംഗത്തും വന്‍മുന്നേറ്റമാണ് എല്‍ ഡി എഫ് ഭരണത്തില്‍ കേരളത്തില്‍ സാധ്യമായത്. ഞെട്ടിപ്പിക്കുന്ന കര്‍ഷക ആത്മഹത്യകളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു യു ഡി എഫ് ഭരണത്തില്‍ കേരളത്തിലുണ്ടായിരുന്നത്. ആത്മഹത്യാമുനമ്പിലെത്തിയ കര്‍ഷകനെ മരണക്കെണിയിലേയ്ക്കു തള്ളിയിടുന്ന നയസമീപനമാണ് യു ഡി എഫ് തുടര്‍ന്നുവന്നിരുന്നത്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കര്‍ഷക ആത്മഹത്യകള്‍ക്ക് വിരാമമുണ്ടാക്കി. കര്‍ഷക അനുകൂല നടപടികള്‍ നിരന്തരം സ്വീകരിച്ചു. കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി നിലവില്‍വരുകയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുകയും കുറഞ്ഞ പലിശനിരക്കില്‍ കാര്‍ഷിക വായ്പകള്‍ ലഭ്യമാക്കുകയും ചെയ്തു. കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയും നെല്ലിന് ഇന്ത്യാ രാജ്യത്ത് ഒരിടത്തുമില്ലാത്ത സംഭരണവില നിശ്ചയിക്കുകയും അത് കാലോചിതമായി വര്‍ധിപ്പിക്കുകയും ചെയ്തു. പച്ചക്കറികൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള അതിശക്തമായ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കി. തരിശായികിടന്ന ഭൂമി കൃഷിയോഗ്യമാക്കി. കൃഷിഭൂമിയുടെ കാര്യത്തിലും ഉല്‍പ്പാദനമികവിലും അസൂയാവഹമായ വളര്‍ച്ച സാധ്യമാക്കാന്‍ കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്കൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിപുലമായ പങ്കാളിത്തവും മുന്‍കൈയും കൃഷിവ്യാപനത്തിനും കാര്‍ഷികോല്‍പ്പാദനവര്‍ധനവിനും സഹായകരമായി.

യു ഡി എഫ് ഭരണകാലത്ത് കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളില്‍ മഹാഭൂരിപക്ഷവും നഷ്ടത്തിന്റെ നാശക്കെണിയിലായിരുന്നു. അവയെല്ലാം അടച്ചുപൂട്ടണമെന്ന കമ്മിഷന്‍ റിപ്പോര്‍ട്ട് കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ എല്‍ ഡി എഫ് ഭരണത്തില്‍ നഷ്ടത്തിലായ പൊതുമേഖലാ വ്യവസായങ്ങളെ ലാഭത്തിലാക്കി. പുതുതായി എട്ടു പൊതുമേഖലാ വ്യവസായങ്ങള്‍ തുടങ്ങാനും നടപടികള്‍ കൈക്കൊണ്ടു. യു ഡി എഫ് ഭരണത്തില്‍ തോട്ടം തൊഴിലാളികള്‍ പട്ടിണികിടന്നു മരിക്കുന്ന അവസ്ഥ സംജാതമായി. തോട്ടം തൊഴിലാളികളുടെ മക്കള്‍ ആത്മഹത്യയെ വരിക്കുന്ന ദുരന്തവുമുണ്ടായി. എന്നാല്‍ എല്‍ ഡി എഫ് ഭരണത്തില്‍ തോട്ടങ്ങള്‍ തുറന്നു, അവരുടെ ജീവിതസുരക്ഷിതത്വം ഉറപ്പുവരുത്തി. കയര്‍, കശുഅണ്ടി, മത്സ്യബന്ധനം, ബീഡി, നെയ്ത്ത് എന്നിത്യാദി പരമ്പരാഗത വ്യവസായങ്ങളെയാകെ സംരക്ഷിക്കുവാനും തൊഴിലാളികളുടെ ജീവിതസുരക്ഷ ഉറപ്പുവരുത്തുവാനും കഴിയുന്ന നടപടികളുണ്ടായി.

ഭൂമാഫിയയും വനംകൊള്ളക്കാരും തിമിര്‍ത്താടിയ കാലമായിരുന്നു യു ഡി എഫ് ഭരണം. എന്നാല്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭൂമാഫിയയ്‌ക്കെതിരെ കര്‍ക്കശ നിലപാടു സ്വീകരിച്ചു. വനം-ചന്ദനം കൊള്ളക്കാരെ ഒറ്റപ്പെടുത്തി. ലാന്റ് ബാങ്ക് രൂപീകരിച്ച് സര്‍ക്കാര്‍ ഭൂമി തിരിച്ചെടുത്ത് നിക്ഷേപിച്ചു. വനവിസ്തൃതി വര്‍ധിപ്പിച്ചു.

യു ഡി എഫ് ഭരണത്തില്‍ കേരളം വര്‍ഗീയ ലഹളകളുടെ താവളമായിരുന്നു. മാറാടുകള്‍ കണ്ട് കേരളം മരവിച്ചു. തൈക്കല്‍ ഉള്‍പ്പെടെയുള്ള ലഹളകളില്‍ ഞെട്ടി. എല്‍ ഡി എഫ് ഭരണം വര്‍ഗീയ ലഹളകളില്ലാത്ത, മതസൗഹാര്‍ദവും സമാധാനവും പുലരുന്ന കേരളത്തെയാണ് സംരക്ഷിച്ചത്.

വിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാനും പൊതുവിദ്യാലയങ്ങളിലെ പഠനനിലവാരം ഉയര്‍ത്തുവാനും അഭൂതപൂര്‍വമായ നിലയില്‍ എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന വിദ്യാലയങ്ങള്‍പോലും പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന സ്ഥിതി സംജാതമായി. ഇക്കാര്യത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അഭിനന്ദനാര്‍ഹമായ പങ്കാണ് നിര്‍വഹിച്ചത്.
ദേശവ്യാപകമായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും വിലനിലവാരം പിടിച്ചുനിര്‍ത്തുവാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ട സംസ്ഥാനമാണ് കേരളം. ഓണം, റംസാന്‍ കാലയളവ് സമൃദ്ധമായി ആഘോഷിക്കുവാന്‍ മലയാളികള്‍ക്കാകെ അവസരമൊരുക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ്.

റേഷന്‍ വിഹിതം വെട്ടിക്കുറച്ചും പൊതുവിതരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയുമുള്ള നിലപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന വേളയിലാണ് കേരളം കരുത്തോടെ പ്രതിരോധിച്ചുനിന്നതും വിലനിലവാരം നിയന്ത്രിച്ചതും എന്നത് ജനങ്ങള്‍ക്കാകെ ബോധ്യമുള്ളതാണ്.
സ്ത്രീശാക്തീകരണം സാധ്യമാക്കിയത് എല്‍ ഡി എഫ് സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സമിതികളുടെയും വലിയ നേട്ടമാണ്.

അടുക്കളകളിലും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലും തളയ്ക്കപ്പെട്ടിരുന്ന സാധാരണ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കു നയിക്കുന്നതിനും കര്‍മോത്സുകരാക്കുന്നതിനും അവരുടെ സംഭാവനകള്‍ സമൂഹത്തിനു സമ്മാനിക്കുന്നതിനും കഴിഞ്ഞത് എല്‍ ഡി എഫിന്റെ നയസമീപനം മൂലമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തി രാജ്യത്തിന് മാതൃകയായതും ഈ കൊച്ചു കേരളം തന്നെ.
രണ്ടു നയങ്ങളും രണ്ടു സമീപനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പക്ഷത്തുനില്‍ക്കുന്നവരുടെയും കോടീശ്വരന്മാരുടെയും വര്‍ഗീയപാര്‍ട്ടികളുടെയും പക്ഷത്തുനിലയുറപ്പിച്ചവരുടെയും പോരാട്ടം. കാസര്‍ഗോഡ് ജില്ലയിലെ പലയിടങ്ങളിലും കോണ്‍ഗ്രസ് - ലീഗ് - ബി ജെ പി സഖ്യം രൂപീകരിച്ച് ഭരണം നടത്തിയവര്‍ ഈ തിരഞ്ഞെടുപ്പിലും ആ അവിശുദ്ധ സഖ്യത്തോട് വിടപറഞ്ഞിട്ടില്ല. എന്‍ ഡി എഫ് ഉള്‍പ്പെടെയുള്ള കടുത്ത വര്‍ഗീയവാദികളുമായും മതഭീകരവാദികളുമായും സന്ധിചേരാന്‍ സന്നദ്ധമാവുകയും ചെയ്യുന്നു.

എല്‍ ഡി എഫിന്റെ ജനോപകാര നയങ്ങളും യു ഡി എഫിന്റെ ജനവിരുദ്ധ നയങ്ങളും തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പില്‍ അരങ്ങേറുക. മതനിരപേക്ഷ മൂല്യങ്ങളും മതസൗഹാര്‍ദചിന്തയും ഉയര്‍ത്തുന്ന എല്‍ ഡി എഫും  ഭീകരവാദത്തിനും വര്‍ഗീയതയ്ക്കും കുടപിടിക്കുന്ന യു ഡി എഫും തമ്മിലുള്ള പോരാട്ടത്തില്‍ മതേതരകേരളം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് വ്യക്തമാണ്.

വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 21092010

1 comment:

  1. രണ്ടു നയങ്ങളും രണ്ടു സമീപനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പക്ഷത്തുനില്‍ക്കുന്നവരുടെയും കോടീശ്വരന്മാരുടെയും വര്‍ഗീയപാര്‍ട്ടികളുടെയും പക്ഷത്തുനിലയുറപ്പിച്ചവരുടെയും പോരാട്ടം.

    ReplyDelete