Thursday, September 16, 2010

മാവോയിസ്റ്റുകള്‍ ഒറ്റപ്പെടുന്നു

മിഡ്‌നാപൂരില്‍ മാവോയിസ്റ്റുകള്‍ ഒറ്റപ്പെടുന്നു

പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയുടെ പലഭാഗങ്ങളിലും മാവോയിസ്റ്റുകളുടെ അതിക്രമങ്ങള്‍ക്ക് എതിരെ ജനങ്ങള്‍ അണിനിരക്കാന്‍ തുടങ്ങി. മാവോയിസ്റ്റുകള്‍ അടിക്കടി ആഹ്വാനം ചെയ്യുന്ന പ്രാദേശിക ബന്തുകളില്‍ കച്ചവടക്കാര്‍ ഭയപ്പെട്ട് കടകള്‍ അടയ്ക്കാറുണ്ടെങ്കിലും ജനങ്ങളുടെ പൊതുവായ പ്രതികരണം മാവോയിസ്റ്റുകള്‍ക്ക് അനുകൂലമല്ല. സംസ്ഥാന സര്‍ക്കാരിനെതിരായി സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ ഗ്രാമീണര്‍ വിസമ്മതിക്കുന്നത് ജനങ്ങളുടെ മനോഭാവത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്. ജില്ലാ അധികൃതര്‍ ജനങ്ങളെ പൊതുധാരയിലേക്ക് ആകര്‍ഷിക്കാന്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ലഭിക്കുന്ന നല്ല പ്രതികരണവും മാവോയിസ്റ്റുകളുടെ ഭീഷണി തന്ത്രത്തിന് ഏല്‍ക്കുന്ന തിരിച്ചടിയാണ്. ഫുട്‌ബോള്‍, വോളിബോള്‍ മത്‌സരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ച് ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ ആകര്‍ഷിക്കാന്‍ അധികൃതര്‍ നല്ല ശ്രമം നടത്തിവരുന്നുണ്ട്. കലാകായിക മത്‌സരങ്ങളില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുകയും ഭീഷണി അവലംബിക്കുകയും ചെയ്യുന്നുണ്ട്. 'പൊലീസിന്റെ ഒറ്റുകാരായി' മുദ്രകുത്തി സ്‌കൂള്‍കുട്ടികളെയും അധ്യാപകരെയും കൊലചെയ്യുന്ന മാവോയിസ്റ്റുകളുടെ ക്രൂരത ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നു.

ഓരോ പ്രദേശത്തും സന്നദ്ധസംഘങ്ങള്‍ രൂപീകരിച്ച് രാത്രികാല കാവല്‍ ഏര്‍പെടുത്തുകയും മാവോയിസ്റ്റ് അക്രമികളെ തുരത്തി ഓടിക്കുകുയും ചെയ്യാന്‍ സാധാരണ ജനങ്ങള്‍ പലേടങ്ങളിലും മുന്നോട്ടുവരുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കകം ഒരു ഡസനിലധികം പേരെ ജനങ്ങള്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയുണ്ടായി. ഏതാനും മാവോയിസ്റ്റുകള്‍ ആയുധങ്ങളോടുകൂടി അധികൃതര്‍ക്കു മുമ്പില്‍ കീഴടങ്ങിയിട്ടുണ്ട്. മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ആളുകളെ തട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നതും ജനങ്ങളുടെ എതിര്‍പ്പിനും അമര്‍ഷത്തിനും ഇടയാക്കുന്നുണ്ട്.

ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒറീസ, ബിഹാര്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ക്ക് ഗണ്യമായ സ്വാധീനമുള്ള പ്രദേശങ്ങള്‍, ഗിരിവര്‍ഗക്കാര്‍ക്ക് നല്ല ഭൂരിപക്ഷമുള്ളവയാണ്. എന്നാല്‍ ബംഗാളില്‍ മാവോയിസ്റ്റു സ്വാധീനമുള്ള പുരുളിയ, ബങ്കുറ, മിഡ്‌നാപൂര്‍ ജില്ലകളില്‍ ഗിരിവര്‍ഗക്കാര്‍ 25 ശതമാനത്തില്‍ താഴെയാണ്. ഈ ജില്ലകള്‍ ഝാര്‍ഖണ്ഡിനോടൊപ്പം ചേര്‍ക്കണമെന്ന ആവശ്യത്തിന് പിന്തുണ ലഭിക്കാത്തതിന്റെ ഒരു കാരണവും ഇതാണ്. മറ്റൊന്ന് ഒറീസ, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗിരിവര്‍ഗക്കാര്‍ അനുഭവിക്കുന്ന തരത്തിലുള്ള ചൂഷണവും പീഡനവും ബംഗാളിലെ ഗിരിവര്‍ഗക്കാര്‍ നേരിടുന്നില്ല. ധാതു ഖനനത്തിന്റെയും വികസന പദ്ധതികളുടെയും പേരില്‍ ഗിരിവര്‍ഗക്കാരെ വ്യാപകമായതോതില്‍ കുടി ഒഴിപ്പിച്ച അനുഭവവും ബംഗാളില്‍ ഇല്ല. ഒറീസയിലും ഛത്തീസ് ഛത്തീസ്ഗഢിലും മറ്റും ദശലക്ഷക്കണക്കിനു ഗിരിവര്‍ഗക്കാരെ പദ്ധതി പ്രദേശങ്ങളില്‍ നിന്നും പിഴുതെറിഞ്ഞിട്ടുണ്ട്. ഗിരിവര്‍ഗക്കാര്‍ക്കിടയിലെ വ്യാപകമായ പ്രതിഷേധത്തിന്റെ ഒരു കാരണം ഇതാണ്.

മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ബംഗാളില്‍ ഗിരിവര്‍ഗക്കാര്‍ക്ക് ഭരണത്തിന്റെ വിവിധ തലങ്ങളില്‍ പ്രാതിനിധ്യം ലഭിക്കുന്നുണ്ട്. ഗിരിവര്‍ഗക്കാരുടെ ഭാഷകള്‍ക്കും സംസ്‌കാരത്തിനും അര്‍ഹമായ അംഗീകാരം നല്‍കാന്‍ ബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. സമീപത്തെ മറ്റു സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗക്കാരുടെ സ്ഥിതിയുമായി ബംഗാളിലെ ഗിരിവര്‍ഗക്കാരെ താരതമ്യം ചെയ്യാനാവില്ലെന്നാണ് ഇതെല്ലാം കാണിക്കുന്നത്.

നന്ദിഗ്രാം പ്രക്ഷോഭത്തെ തുടര്‍ന്നു ബംഗാളില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞ മാവോയിസ്റ്റുകള്‍ക്കുള്ള ജനപിന്തുണ നഷ്ടമായി വരികയാണെന്നാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിലെ അനുഭവം കാണിക്കുന്നത്.

അഷീഷ്ബിശ്വാസ് ജനയുഗം 16092010

1 comment:

  1. പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയുടെ പലഭാഗങ്ങളിലും മാവോയിസ്റ്റുകളുടെ അതിക്രമങ്ങള്‍ക്ക് എതിരെ ജനങ്ങള്‍ അണിനിരക്കാന്‍ തുടങ്ങി. മാവോയിസ്റ്റുകള്‍ അടിക്കടി ആഹ്വാനം ചെയ്യുന്ന പ്രാദേശിക ബന്തുകളില്‍ കച്ചവടക്കാര്‍ ഭയപ്പെട്ട് കടകള്‍ അടയ്ക്കാറുണ്ടെങ്കിലും ജനങ്ങളുടെ പൊതുവായ പ്രതികരണം മാവോയിസ്റ്റുകള്‍ക്ക് അനുകൂലമല്ല. സംസ്ഥാന സര്‍ക്കാരിനെതിരായി സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ ഗ്രാമീണര്‍ വിസമ്മതിക്കുന്നത് ജനങ്ങളുടെ മനോഭാവത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ വ്യക്തമായ സൂചനയാണ്. ജില്ലാ അധികൃതര്‍ ജനങ്ങളെ പൊതുധാരയിലേക്ക് ആകര്‍ഷിക്കാന്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ലഭിക്കുന്ന നല്ല പ്രതികരണവും മാവോയിസ്റ്റുകളുടെ ഭീഷണി തന്ത്രത്തിന് ഏല്‍ക്കുന്ന തിരിച്ചടിയാണ്. ഫുട്‌ബോള്‍, വോളിബോള്‍ മത്‌സരങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ച് ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ ആകര്‍ഷിക്കാന്‍ അധികൃതര്‍ നല്ല ശ്രമം നടത്തിവരുന്നുണ്ട്. കലാകായിക മത്‌സരങ്ങളില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാന്‍ മാവോയിസ്റ്റുകള്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുകയും ഭീഷണി അവലംബിക്കുകയും ചെയ്യുന്നുണ്ട്. 'പൊലീസിന്റെ ഒറ്റുകാരായി' മുദ്രകുത്തി സ്‌കൂള്‍കുട്ടികളെയും അധ്യാപകരെയും കൊലചെയ്യുന്ന മാവോയിസ്റ്റുകളുടെ ക്രൂരത ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നു.

    ReplyDelete