Monday, September 20, 2010

അനുപമം ഈ വികസനമുന്നേറ്റം

അനുപമം ഈ വികസനമുന്നേറ്റം തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫ്

വികസനമുന്നേറ്റത്തിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണ് എല്‍ഡിഎഫ് നേതൃത്വത്തിലുള്ള തിരുവനന്തപുരം ജില്ലാപഞ്ചായത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് സ്വന്തമാക്കിയത് അനുപമമായ വികസനനേട്ടങ്ങള്‍. കാര്‍ഷിക, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടം ജില്ലാപഞ്ചായത്ത് നടത്തി.

നെല്‍പ്പാടങ്ങള്‍ സംരക്ഷിക്കാനും തരിശുഭൂമി കൃഷിയോഗ്യമാക്കാനും ജില്ലാപഞ്ചായത്ത് നടപ്പാക്കിയ സമഗ്ര നെല്‍ക്കൃഷിപദ്ധതി വളരെയേറെ വിജയമായിരുന്നു. വിത്ത്, കുമ്മായം, ജൈവകീടനാശിനി എന്നിവ സൌജന്യമായും ജൈവവളവും രാസവളവും 50 ശതമാനം സൌജന്യമായും നല്‍കി. 2200 ഹെക്ടര്‍ പ്രദേശത്ത് നെല്‍ക്കൃഷി നടത്താന്‍ ഇതിലൂടെ കഴിഞ്ഞു. നൂറ് ഏക്കറിലധികം തരിശുഭൂമി കൃഷിയോഗ്യമാക്കി. ഹെക്ടറിന് ശരാശരി രണ്ടര ടണ്‍മാത്രമുണ്ടായിരുന്ന വിളവ് നാലര ടണ്ണിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു. കുടുംബശ്രീയുടെ സഹകരണത്തോടെ സമഗ്ര വാഴക്കൃഷിപദ്ധതിയും നടപ്പാക്കി. 32 പഞ്ചായത്തിലായി 2600 കുടുംബശ്രീ ആക്ടിവിറ്റി ഗ്രൂപ്പ് കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് 32 കോടി രൂപ വായ്പയായും അഞ്ചുകോടി സബ്സിഡിയായും നല്‍കി. ഇതിലൂടെ ഉല്‍പ്പാദന രംഗത്ത് വന്‍ വര്‍ധനയാണ് ഉണ്ടായത്. അഞ്ചുവര്‍ഷംമുമ്പ് ഒരുകോടിയോളം രൂപയാണ് ജില്ലാ പഞ്ചായത്ത് സ്കൂളുകളിലെ ഓലക്കെട്ടിടങ്ങള്‍ മേയുന്നതിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറി. എല്ലാ സ്കൂളിലും പുതിയ മന്ദിരങ്ങള്‍ നിര്‍മിച്ചുനല്‍കി. വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചര്‍, എല്ലാ വിദ്യാലയത്തിലും ലബോറട്ടറി, എല്‍സിഡി പ്രോജക്ടറുകള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍ എന്നിവ നല്‍കി. എല്ലാ സ്കൂളിലും സ്മാര്‍ട്ട് ക്ളാസ് റൂം ഏര്‍പ്പെടുത്തി. ക്ളാസ് മുറികള്‍ വൈദ്യുതീകരിക്കാനും ആവശ്യത്തിന് മൂത്രപ്പുരകളും ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റുകളും നിര്‍മിക്കാന്‍ കഴിഞ്ഞു. മൂന്ന് സ്കൂളിലൊഴികെ മറ്റ് എല്ലാ സ്കൂളിലും ചുറ്റുമതില്‍ പൂര്‍ത്തിയായി. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ജ്യോതിര്‍ഗമയപദ്ധതി, അധ്യാപകരുടെ കുറവ് പരിഹരിക്കാന്‍ ടീച്ചേഴ്സ് ബാങ്ക്, കൌമാരത്തിലെ മാനസികസംഘര്‍ഷം ഒഴിവാക്കാനുള്ള ഉണര്‍വ് കൌണ്‍സലിങ് പദ്ധതി എന്നിവയും നടപ്പാക്കി.

സമഗ്രവികസനത്തിന്റെ അഞ്ചുവര്‍ഷവുമായി നാവായിക്കുളം

കിളിമാനൂര്‍: ഗാന്ധിജയന്തിദിനത്തില്‍ അധികാരത്തില്‍വന്ന നാവായിക്കുളം പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതി പഞ്ചായത്തിന്റെ സമഗ്രവികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തില്‍. 2008ല്‍ ആരോഗ്യ ശുചിത്വമേഖലയില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ഇന്ത്യന്‍ പ്രസിഡന്റിന്റെ ദേശീയ നിര്‍മല്‍ ഗ്രാമപുരസ്കാരം ഇക്കാര്യത്തിനു അടിവരയിടുകയാണ്. പത്തരക്കോടി രൂപയുടെ സമ്പൂര്‍ണ കുടിവെള്ളപദ്ധതിക്ക് ടാങ്ക് നിര്‍മിക്കുന്നതിനായി സ്ഥലം വാങ്ങി നല്‍കി. പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയ- ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ 60 ലക്ഷം രൂപ ചെലവഴിച്ചു. കഴിഞ്ഞവര്‍ഷം കിളിമാനൂര്‍ ബ്ളോക്കില്‍ ഒന്നാംസ്ഥാനം നേടാന്‍ കഴിഞ്ഞു. തൊഴിലിന് അപേക്ഷിച്ച് അര്‍ഹരായ എല്ലാ ദരിദ്രകുടുംബങ്ങള്‍ക്കും തൊഴില്‍ നല്‍കാനും കാര്‍ഷികരംഗത്ത് വന്‍ മുന്നേറ്റം നടത്താനും പദ്ധതിയിലൂടെ കഴിഞ്ഞു. പഞ്ചായത്തിന്റെ നിരന്തരമായ ശ്രമഫലമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 'പൈക്ക' കായികപരിശീലന വികസനപദ്ധതിയില്‍ നാവായിക്കുളം പഞ്ചായത്തിനെ ഉള്‍പ്പെടുത്താനും ഒന്നാംഗഡു തുക വാങ്ങാനും കഴിഞ്ഞു.
നാവായിക്കുളം വലിയകുളം 16 ലക്ഷം രൂപ ചെലവില്‍ ജലസേചനവകുപ്പിനെക്കൊണ്ട് പുനരുദ്ധരിച്ചു. വിദഗ്ധരായ നീന്തല്‍ പരിശീലകരെ നിയമിച്ച് നീന്തല്‍ പരിശീലനവും ആരംഭിച്ചു. ഇ എം എസ് ഭവനപദ്ധതിയില്‍ 308 ഭവനരഹിതര്‍ക്ക് ഭവനവും 160 ഭൂരഹിത ഭവനരഹിതകര്‍ക്ക് ഭൂമിയും ഭവനവും നല്‍കുന്ന പദ്ധതിപ്രവര്‍ത്തനം പുരോഗതിയിലാണ്. 27 വര്‍ഷം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച മൃഗാശുപത്രിക്ക് നാട്ടുകാര്‍ സംഭാവന നല്‍കിയ സ്ഥലത്തില്‍ എട്ടുലക്ഷം രൂപ ചെലവഴിച്ച് സ്വന്തം കെട്ടിടം നിര്‍മിച്ചുനല്‍കി. എട്ട് അങ്കണവാടികള്‍ക്ക് സ്വന്തം സ്ഥലം ലഭ്യമാക്കി.

യുഡിഎഫ് സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച നൈനാംകോണം കോളനിയിലെ 50 വര്‍ഷമായി താമസിക്കുന്ന ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്ക് പട്ടയം നല്‍കുന്നതിന് പഞ്ചായത്ത് ഫലപ്രദമായി ഇടപെടുകയും മന്ത്രി എ കെ ബാലനെ കോളനിയില്‍ ക്ഷണിച്ചുവരുത്തുകയും ചെയ്തു. മന്ത്രിയുടെ വാഗ്ദാനപ്രകാരം പ്രദേശത്തെ മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് വിജ്ഞാപനമിറക്കി പ്രദേശവാസികള്‍ക്ക് പതിച്ചുകൊടുക്കാനുള്ള പ്രവര്‍ത്തനം നടന്നുവരുന്നു. കുടുംബശ്രീ സിഡിഎസിന് സ്വന്തമായി ഓഫീസ് അനുവദിച്ചു. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തൊഴില്‍പരിശീലനം നല്‍കി. നിരവധി മൈക്രോ സംരംഭങ്ങള്‍ ആരംഭിച്ചു. പീപ്പിള്‍ തൊഴില്‍യൂണിറ്റിന് പ്രത്യേകം കെട്ടിടം നിര്‍മിച്ചുനല്‍കി. നിര്‍ധനരും നിരാശ്രയരുമായ കിടുപ്പുരോഗികള്‍ക്കായി 'പരിരക്ഷ' എന്ന സാന്ത്വനചികിത്സാപദ്ധതി നടപ്പാക്കി. സമഗ്രമായ പൌരാവകാശരേഖ പ്രസിദ്ധീകരിക്കുന്ന ഫ്രണ്ട് ഓഫീസ് സംവിധാനവും ഫലപ്രദമായി നടപ്പാക്കി.

മുന്നേറ്റത്തിന്റെ വീരഗാഥയുമായി വെങ്ങാനൂര്‍

കോവളം: എതിരാളികള്‍ക്ക് ആക്രമിക്കാന്‍ ഒരു പഴുതും അവശേഷിപ്പിക്കാതെ വികസനമുന്നേറ്റത്തിന്റെ വീരഗാഥ രചിച്ചിരിക്കുകയാണ് വെങ്ങാനൂര്‍ പഞ്ചായത്ത്. 1962ല്‍ രൂപീകൃതമായ ഈ പഞ്ചായത്തില്‍ 19ല്‍ 15 സീറ്റ് നേടിയാണ് 2005ല്‍ എല്‍ഡിഎഫ് ഭരണത്തിലേറിയത്. അഞ്ചുവര്‍ഷത്തെ ജനകീയ നേട്ടങ്ങള്‍ വിശദീകരിക്കുമ്പോള്‍ അഭൂതപൂര്‍വമായ വികസനമാണ് ഷീലാഭദ്രന്‍ നയിക്കുന്ന പഞ്ചായത്തിന് ഉണ്ടായിട്ടുള്ളതെന്ന് എതിരാളികള്‍ക്കുപോലും അംഗീകരിക്കാതിരിക്കാനാവില്ല. കാര്‍ഷിക, ആരോഗ്യപരിപാലന, ഭവനനിര്‍മാണ, തൊഴില്‍ദാന രംഗങ്ങളില്‍ പഞ്ചായത്ത് കൈവരിച്ച നേട്ടം പ്രതിപക്ഷത്തെപ്പോലും വിസ്മയഭരിതരാക്കി.

അഴിമതിരഹിതമായ ഭരണം സമസ്തമേഖലയിലും കൈവരിച്ച എണ്ണമറ്റ നേട്ടങ്ങളുടെ പട്ടിക നിരത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ജനമധ്യത്തില്‍ എല്‍ഡിഎഫ് ഇറങ്ങുന്നത്. 90 ശതമാനം വീടുകളിലും വൈദ്യുതി എത്തിക്കാനും എല്ലാ പ്രദേശത്തും തെരുവു വിളക്ക് സ്ഥാപിക്കാനും പഞ്ചായത്തിന് കഴിഞ്ഞു. നിരാലംബരായ 150 കുടുംബങ്ങളെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1468800 രൂപയുടെ സഹായം നല്‍കി. അര്‍ഹരായ മുഴുവന്‍പേര്‍ക്കും പെന്‍ഷന്‍ നല്‍കാനായി. സമ്പൂര്‍ണ ശുചിത്വം കൈവരിച്ചതിന് 2007ല്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍മല്‍ പുരസ്കാരം നേടി. പുരസ്കാരത്തിനുപുറമെ അഞ്ചുലക്ഷം രൂപയും ലഭിച്ചു. ഇ എം എസ് ഭവനപദ്ധതി പ്രകാരം 400 വീടും പുത്തന്‍കാനം, അയ്യന്‍കാളി നഗര്‍ കോളനിയില്‍ 20 വീട്, മുട്ടയ്ക്കാട് വേടര്‍ കോളനിയില്‍ 20 വീട്, കൈലിപ്പാറ കോളനിയില്‍ ആറ് വീട് എന്നിവ നിര്‍മിച്ചുനല്‍കി. കക്കാക്കുഴി കോളനി നവീകരിച്ചതും ജനറല്‍ വിഭാഗത്തില്‍ ഭവനനിര്‍മാണത്തിന് 7650000 രൂപയും എസ്സി വിഭാഗത്തില്‍ 8288660 രൂപയും ഐഎവൈ പദ്ധതി പ്രകാരം 2493025 രൂപയും മേല്‍ക്കൂര ശക്തിപ്പെടുത്താന്‍ ജനറല്‍ വിഭാഗത്തിന് 3142404 രൂപയും എസ്സി വിഭാഗത്തിന് 7875000, ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങാന്‍ 2028125 രൂപയും പഞ്ചായത്ത് ചെലവഴിച്ചു. 600 ഭവനങ്ങളില്‍ അനെര്‍ട്ടിന്റെ പുകയില്ലാത്ത അടുപ്പ്, 1356 കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷനും നല്‍കി. തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ തൊഴില്‍ദിനം സൃഷ്ടിക്കുകയും വേതനത്തില്‍ 1.25 കോടി രൂപ ചെലവഴിക്കുകയുംചെയ്തു. അഞ്ചുവര്‍ഷത്തിനുള്ളില്‍ 178 പേര്‍ക്ക് കിണര്‍ കുഴിക്കാനും 280 പേര്‍ക്ക് പമ്പുസെറ്റ് സ്ഥാപിക്കാനും ധനസഹായം നല്‍കി. സമഗ്ര വാഴക്കൃഷിക്കായി 3500 കുടുംബത്തിനും ഇടവിള കൃഷിക്കായി 3000 കുടുംബത്തിനും ധനസഹായം നല്‍കി. 1500ല്‍ അധികം കുടുംബത്തിന് ആട്, നിരവധി കുടുംബങ്ങള്‍ക്ക് കോഴി എന്നിവയും വിതരണംചെയ്തു. 15 കുളങ്ങളില്‍ സമഗ്ര മത്സ്യക്കൃഷി നടപ്പാക്കി. 33 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നു. 175 കുടുംബശ്രീ യൂണിറ്റുകളും 39 ബാലസഭകളും പ്രവര്‍ത്തിക്കുന്നു. കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ ഗ്രാന്റായി 28 ലക്ഷം രൂപ ചെലവഴിച്ചു.

മാറനല്ലൂരില്‍ സമസ്തമേഖലയിലും വികസനം

കാട്ടാക്കട: സമസ്തമേഖലയിലും സമഗ്രവികസനവുമായി മാറനല്ലൂര്‍ പഞ്ചായത്ത്. അടിസ്ഥാന ഭൌതിക വികസനം, കാര്‍ഷികം, ആരോഗ്യം, വിദ്യാഭ്യാസം, ക്ഷീരമേഖല, കുടുംബശ്രീ പ്രവര്‍ത്തനം, തൊഴിലുറപ്പുപദ്ധതി എന്നീ മേഖലകളിലെല്ലാം മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞതായി മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ അയ്യപ്പന്‍ പറഞ്ഞു. ഇ എം എസ് ഭവനപദ്ധതി, ഐഎവൈ, തനത് ഫണ്ട്, ഗ്രാന്റ് എന്നിവയിലൂടെ എസ്സി-ജനറല്‍ വിഭാഗങ്ങള്‍ക്ക് 1103 വീട് നല്‍കാന്‍ കഴിഞ്ഞത് അഭിമാനമായി ഇടതുമുന്നണി ഭരണസമിതി കാണുന്നതായി അവര്‍ പറഞ്ഞു.

ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിയിലൂടെ 384 കുടുംബത്തിന് വീട് നല്‍കി. കണ്ടല, അഴകം, കുഴിവിള, ചീനിവിള, മാറനല്ലര്‍, പെരുമള്ളൂര്‍ വാര്‍ഡുകളെ ഉള്‍പ്പെടുത്തി പെരുമള്ളൂര്‍ വാട്ടര്‍ഷെഡ് പദ്ധതിക്ക് 55 ലക്ഷം രൂപ വകയിരുത്തി പ്രവര്‍ത്തനമാരംഭിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കാനായി പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ച് പൈപ്പ്ലൈനുകള്‍ നീട്ടി. കാളിപ്പാറ കുടിവെള്ളപദ്ധതിക്ക് ടാങ്ക് നിര്‍മിക്കുന്നതിനായി തൂങ്ങാംപാറയില്‍ ഭൂമി പൊന്നുംവിലയ്ക്കെടുക്കാനുള്ള പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. പഞ്ചായത്തില്‍ 2005ല്‍ 20 അങ്കണവാടികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2010ല്‍ അത് നാല്‍പ്പതാക്കി വര്‍ധിപ്പിക്കാന്‍ സാധിച്ചു. അഞ്ച് അങ്കണവാടികള്‍ക്ക് 15 ലക്ഷം മുടക്കി പുതിയ മന്ദിരങ്ങള്‍ പണിയുകയും മറ്റ് അങ്കണവാടികളുടെ പുനരുദ്ധാരണത്തിന് 14 ലക്ഷം രൂപ ചെലവഴിക്കുകയുംചെയ്തു. കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാനായി 80 ലക്ഷം രൂപ ചെലവഴിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ 4950 കുടുംബത്തിന് തൊഴില്‍ കാര്‍ഡുകള്‍ നല്‍കി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒരുകോടി 38 ലക്ഷം രൂപ ചെലവഴിക്കാന്‍ കഴിഞ്ഞു. സ്വകാര്യവ്യക്തികള്‍ കൈയടക്കിവച്ചിരുന്ന എരുത്താവൂര്‍ വാര്‍ഡില്‍ കുരുശോട്ടുകോണം കുളം പുറമ്പോക്കായ ഒരേക്കര്‍ 85 സെന്റ് സ്ഥലം തിരിച്ചുപിടിച്ചു. ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയതിനുള്ള ഉപഹാരം, തൊഴിലുറപ്പുപദ്ധതി മാതൃകാ പ്രവര്‍ത്തനത്തിനുള്ള ഉപഹാരം, കേന്ദ്രസര്‍ക്കാരിന്റെ നിര്‍മല്‍ പുരസ്കാരം തുടങ്ങിയ അംഗീകാരവും പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.

ദേശാഭിമാനി 20092010

2 comments:

  1. വികസനമുന്നേറ്റത്തിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണ് എല്‍ഡിഎഫ് നേതൃത്വത്തിലുള്ള തിരുവനന്തപുരം ജില്ലാപഞ്ചായത്ത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് സ്വന്തമാക്കിയത് അനുപമമായ വികസനനേട്ടങ്ങള്‍. കാര്‍ഷിക, വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടം ജില്ലാപഞ്ചായത്ത് നടത്തി.

    ReplyDelete
  2. കേന്ദ്രസര്‍ക്കാരിന്റെ ശുചിത്വത്തിനുള്ള നിര്‍മല്‍ പുരസ്കാരത്തിന് അര്‍ഹമായ 103 പഞ്ചായത്തുകള്‍ക്കുകൂടി മന്ത്രി പാലോളി മുഹമ്മദുകുട്ടി അവാര്‍ഡുകള്‍ സമ്മാനിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്ഥിരമായ ബോധവല്‍ക്കരണപ്രവര്‍ത്തനത്തിലൂടെ കേരളത്തിനു ലഭിച്ച ഈ അംഗീകാരം നിലനിര്‍ത്താന്‍ പഞ്ചായത്തുകള്‍ക്കു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 40 മൈക്രോണില്‍ താഴെ പ്ളാസ്റ്റിക് നിരോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് പൂര്‍ണമായും നടപ്പാക്കണം. പുരസ്കാരം ഇനിയും ലഭിക്കാനുള്ള 28 പഞ്ചായത്തുകള്‍, സ്ഥിരോത്സാഹത്തിലൂടെ ഈ ബഹുമതി നേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എറണാകുളം ജില്ലയിലെ കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഉഷാ പ്രദീപിന് അവാര്‍ഡ് നല്‍കിയാണ് മന്ത്രി അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തത്. മേയര്‍ കെ ചന്ദ്രിക അധ്യക്ഷയായി. ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആര്‍ അജയകുമാര്‍വര്‍മ സ്വാഗതവും ശുചിത്വമിഷന്‍ ഡയറക്ടര്‍ എ സ്റ്റാന്‍ലി നന്ദിയും പറഞ്ഞു. ഗ്രാമവികസന കമീഷണര്‍ എ ഷാജഹാന്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി ടി മാത്യു എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്ത് 972 പഞ്ചായത്തുകളാണ് ഇതുവരെ നിര്‍മല്‍ പുരസ്കാരത്തിന് അര്‍ഹമായിട്ടുള്ളത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പും ചേര്‍ന്ന് നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്കൃതപദ്ധതിയാണ് സമ്പൂര്‍ണ ശുചിത്വയജ്ഞം. ഈ പദ്ധതി മാതൃകാപരമായി നടപ്പാക്കുന്ന പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ അംഗീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണ് നിര്‍മല്‍ ഗ്രാമപുരസ്കാര്‍.

    ReplyDelete