Friday, September 17, 2010

തദ്ദേശസ്ഥാപനങ്ങള്‍ക്ക് എല്‍ഡിഎഫ് നല്‍കിയത് ഇരട്ടി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഫണ്ട് ലഭ്യമാക്കിയത് എല്‍ഡിഎഫ്. വികേന്ദ്രീകൃത ആസൂത്രണ മികവില്‍ രാജ്യത്തെ ഒന്നാംപദവി കേരളത്തിന് സമ്മാനിച്ചപ്പോള്‍ ഭരണഘടനയുടെ 73, 74 ഭേദഗതികളുടെ പേരും പൊരുളും സാര്‍ത്ഥകമാക്കുന്ന സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. അധികാരവും നിയമപരമായ പിന്‍ബലവും ജീവനക്കാരെയും നല്‍കുന്നതിനോടൊപ്പം ആവശ്യമായ പണവും നല്‍കി തദ്ദേശ സര്‍ക്കാരുകളെ തന്റേടത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ജനങ്ങള്‍ പ്രാദേശിക മുന്‍ഗണനകള്‍ നിശ്ചയിച്ച് നടപ്പാക്കുമ്പോള്‍ ജനാധിപത്യത്തില്‍ ഏറ്റവും ശക്തിഹീനനായവനും ശക്തിമാനെപ്പോലെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ അവസരമുണ്ടാകണമെന്ന ഗാന്ധിജിയുടെ നിലപാടിലേക്കാണ് കേരളം മുന്നേറിയത്. തദ്ദേശസര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പണം നല്‍കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന പ്രതിബദ്ധതയും രാഷ്ട്രീയ ഇച്ഛാശക്തിയും ദേശീയശ്രദ്ധ നേടിക്കഴിഞ്ഞു.

വികേന്ദ്രീകൃതാസൂത്രണത്തില്‍ സംസ്ഥാനത്ത് വിവിധ മേഖലകളില്‍ ചെലവഴിച്ച പണത്തിന്റെ കണക്ക് മാത്രം പരിശോധിച്ചാല്‍ മതി എല്‍ഡിഎഫ്- യുഡിഎഫ് സമീപനങ്ങള്‍ തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍. എല്‍ഡിഎഫ് ഭരണകാലമായ 2006-10 ല്‍ വികേന്ദ്രീകൃതാസൂത്രണത്തില്‍ സംസ്ഥാനത്ത് ചെലവഴിച്ചത് 9251.09 കോടി രൂപയാണ്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാലു വര്‍ഷമായ 2002-06 കാലത്താകട്ടെ ഇത് 5284.46 കോടിയും. വര്‍ധന 75 ശതമാനമാണ്. വികസനഫണ്ടും തദ്ദേശസ്ഥാപനങ്ങളുടെ സ്വന്തം ഫണ്ടുമെല്ലാം ഉള്‍പ്പടെയുള്ള കണക്കാണിത്. യുഡിഎഫ് ഭരണകാലത്ത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയത് 3860.89 കോടി രുപയാണ്. ഇത് എല്‍ഡിഎഫ് ഭരണത്തില്‍ 5812.51 കോടിയായി വര്‍ധിച്ചു. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ പിന്തുണയും പ്രേത്സാഹനവും കൂടിയായപ്പോഴാണ് തദ്ദേശസ്ഥാപനങ്ങള്‍ വിവിധ മേഖലകളില്‍ ശക്തമായ മുന്നേറ്റം നടത്തിയത്.

കൃഷിക്കും അനുബന്ധ മേഖലയിലുമായി യുഡിഎഫ് ഭരണത്തിന്റെ അവസാന നാലുവര്‍ഷത്തില്‍ ചെലവഴിച്ചത് 600.15 കോടി രൂപയാണ്. എല്‍ഡിഎഫ് ഭരണത്തില്‍ ഇത് 1190.26 കോടിയായി ഉയര്‍ന്നു. വര്‍ധന 98 ശതമാനം. നെല്‍കൃഷി, നെല്ലൊഴിച്ചുള്ള കൃഷികള്‍ എന്നു വേര്‍തിരിച്ചെടുത്താല്‍ വര്‍ധന യഥാക്രമം 110, 109 ശതമാനം വീതമാകും. അടിസ്ഥാന സൌകര്യം മുതല്‍ അക്കാദമിക് മികവില്‍വരെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലുണ്ടായ വന്‍മുന്നേറ്റം കണക്കുകളുടെ കുട്ടില്ലാതെതന്നെ ആര്‍ക്കും കാണാവുന്നതാണ്. എല്‍ഡിഎഫ് ഭരണത്തിലെ നാലുവര്‍ഷം വിദ്യാഭ്യാസത്തിന് ചെലവഴിച്ചത് 456.16 കോടി രൂപയാണ്. യുഡിഎഫിന്റെ നാലുവര്‍ഷം ചെലവഴിച്ച 200.13 കോടിയുടെ 127.92 ശതമാനം കൂടുതല്‍. ഭവനനിര്‍മാണ രംഗത്ത് എല്‍ഡിഎഫ് ഭരണകാലത്ത് ചെലവഴിച്ചത് 1669.14 കോടി രൂപ. യുഡിഎഫിന്റെ നാലുവര്‍ഷത്തെ 841.40 കോടിയേക്കാള്‍ 98 ശതമാനം കൂടുതല്‍. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും യുഡിഎഫ് കാലഘട്ടത്തില്‍ കൂടുതല്‍ പണം ചെലവഴിച്ചതായി കാണുന്നത് സാങ്കേതികമായി മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ ഇപ്പോള്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് നടത്തുന്നത്.

deshabhimani 17092010

1 comment:

  1. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ ഫണ്ട് ലഭ്യമാക്കിയത് എല്‍ഡിഎഫ്. വികേന്ദ്രീകൃത ആസൂത്രണ മികവില്‍ രാജ്യത്തെ ഒന്നാംപദവി കേരളത്തിന് സമ്മാനിച്ചപ്പോള്‍ ഭരണഘടനയുടെ 73, 74 ഭേദഗതികളുടെ പേരും പൊരുളും സാര്‍ത്ഥകമാക്കുന്ന സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. അധികാരവും നിയമപരമായ പിന്‍ബലവും ജീവനക്കാരെയും നല്‍കുന്നതിനോടൊപ്പം ആവശ്യമായ പണവും നല്‍കി തദ്ദേശ സര്‍ക്കാരുകളെ തന്റേടത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ജനങ്ങള്‍ പ്രാദേശിക മുന്‍ഗണനകള്‍ നിശ്ചയിച്ച് നടപ്പാക്കുമ്പോള്‍ ജനാധിപത്യത്തില്‍ ഏറ്റവും ശക്തിഹീനനായവനും ശക്തിമാനെപ്പോലെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ അവസരമുണ്ടാകണമെന്ന ഗാന്ധിജിയുടെ നിലപാടിലേക്കാണ് കേരളം മുന്നേറിയത്. തദ്ദേശസര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പണം നല്‍കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന പ്രതിബദ്ധതയും രാഷ്ട്രീയ ഇച്ഛാശക്തിയും ദേശീയശ്രദ്ധ നേടിക്കഴിഞ്ഞു.

    ReplyDelete