Tuesday, September 14, 2010

അസംഘടിത മേഖലയില്‍ ഒരു മാസത്തെ വേതനത്തോടെ പ്രസവ അവധി

ഖാദി, കൈത്തറി, കയര്‍, ഈറ്റ, പനമ്പ്, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് 100 ദിവസത്തെ വേതനം ഉറപ്പാക്കിക്കൊണ്ട് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അസംഘടിതമേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് ഒരു മാസത്തെ വേതനത്തോടെ പ്രസവ അവധി അനുവദിക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

സംസ്ഥാനത്ത് സമ്പൂര്‍ണ ഭവന പദ്ധതി നടപ്പിലാക്കിയ പശ്ചാത്തലത്തില്‍ 2010-11ലെ ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ച് കുടുംബശ്രീ മുഖേന നടപ്പിലാക്കിയിരുന്ന ഭവനപദ്ധതിയായ 'ഭവനശ്രീ'യുടെ വായ്പാ ഇനത്തിലുള്ള 182 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 'സ്റ്റേറ്റ് ഓഫ് ദി ആര്‍ട് ട്രെയിനിംഗ് കാമ്പസ്' തുടങ്ങുന്നതിന് തിരുവനന്തപുരം ടെക്‌നോസിറ്റി കാമ്പസിലെ 82 ഏക്കര്‍ഭൂമി ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസിന് പാട്ടത്തിന് നല്‍കും. ഈ പരിശീലന കേന്ദ്രം നിലവില്‍ വരുന്നതോടെ ഒരു സമയത്ത് 10,000 മുതല്‍ 15,000 വരെ ഐ ടി വിദഗ്ധന്മാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയും. ഈ സംരംഭത്തിലൂടെ 2000 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ടെക്‌നോപാര്‍ക്ക് സി ഇ ഒയെ അധികാരപ്പെടുത്തുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് മാരിടൈം മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനായി തുറമുഖവകുപ്പ്, ഹൈഡ്രോഗ്രാഫിക് സര്‍വെ വിംഗ് എന്നീ സര്‍ക്കാര്‍ വകുപ്പുകളും കേരള സ്റ്റേറ്റ് മാരിടൈം ഡെവലപ്‌മെന്റ് ലിമിറ്റഡ് എന്ന സര്‍ക്കാര്‍ കമ്പനിയും സംയോജിപ്പിച്ചുകൊണ്ട് മാരിടൈം ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി നിയമവകുപ്പ് തയ്യാറാക്കിയ കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

1996ല്‍ സൃഷ്ടിച്ച 200 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ താല്‍ക്കാലിക തസ്തികകള്‍ സ്ഥിരം തസ്തികകളാക്കാന്‍ തീരുമാനിച്ചു. കഴക്കൂട്ടം സൈനിക സ്‌കൂളിലെ അര്‍ഹതപ്പെട്ട കേരളീയ വിദ്യാര്‍ഥികള്‍ക്കുള്ള വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക അടുത്ത അധ്യായനവര്‍ഷം മുതല്‍ 14,000 രൂപയില്‍ നിന്ന് 17,500 രൂപയായി വര്‍ധിപ്പിച്ചു. അതിരൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കഷ്ടത അനുഭവിക്കുന്ന പാകിസ്ഥാന്‍ ജനതയ്ക്ക് അഞ്ചു കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഴി നല്‍കും.

മലപ്പുറം ജില്ലയിലെ കാളികാവില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ വെടിയേറ്റു മരിച്ച പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി പി വിജയകൃഷ്ണന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും കുടുംബത്തിലെ ഒരംഗത്തിന് യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള നിയമത്തില്‍ ഇളവു വരുത്തി അടിയന്തരമായി ജോലി നല്‍കുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ജനയുഗം 14092010

1 comment:

  1. ഖാദി, കൈത്തറി, കയര്‍, ഈറ്റ, പനമ്പ്, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് 100 ദിവസത്തെ വേതനം ഉറപ്പാക്കിക്കൊണ്ട് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അസംഘടിതമേഖലയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് ഒരു മാസത്തെ വേതനത്തോടെ പ്രസവ അവധി അനുവദിക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

    ReplyDelete