Monday, October 18, 2010

600 കോടിയുടെ കേന്ദ്രഫണ്ട് തട്ടിയെടുക്കാന്‍ ജനശ്രീ

ആലപ്പുഴ: പഞ്ചായത്തുകള്‍ക്കും കുടുംബശ്രീകള്‍ക്കും ലഭിക്കേണ്ട 600 കോടി കേന്ദ്രസര്‍ക്കാരില്‍നിന്ന് വാങ്ങാന്‍ ജനശ്രീ ശ്രമിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇതിനായി ജനശ്രീ പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും അംഗീകാരം സമാന്തരസംഘടനകള്‍വഴി കവരുന്ന യുഡിഎഫ് ജനങ്ങളോട് സമാധാനം പറയണമെന്നും ഐസക് ആവശ്യപ്പെട്ടു.

ബ്ളോക്ക് പഞ്ചായത്തുകള്‍വഴി നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണ് എസ്.ജി.എസ്.വൈ. ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള ഈ പദ്ധതി നിര്‍ത്തലാക്കി നാഷണല്‍ റൂറല്‍ ലിവ്ലി ഗുഡ് മിഷന്‍ എന്ന സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്. ഇതിന് മാതൃകയായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത് കുടുംബശ്രീയെയാണ്. സ്വയംസഹായസംഘങ്ങള്‍ ഉണ്ടാക്കി അവവഴി മൈക്രോഫിനാന്‍സ് മാത്രമല്ല എസ്ജിഎസ്വൈ പദ്ധതികൂടി നടപ്പാക്കാനാണ് കേന്ദ്ര നിര്‍ദേശം. ഈ പദ്ധതി നടപ്പാക്കാന്‍ സന്നദ്ധസംഘങ്ങളെ ഏല്‍പ്പിക്കാനാണ് കേന്ദ്രതീരുമാനം. എന്നാല്‍, കേരള സര്‍ക്കാര്‍ ഇതിനെ ശക്തിയായി എതിര്‍ത്തു. ഗ്രാമവികസനവകുപ്പും പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്ന് പദ്ധതി നടപ്പാക്കാമെന്ന് കേരള സര്‍ക്കാര്‍ നിര്‍ദേശം വച്ചിട്ടുണ്ട്. ഈ നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഈ സന്ദര്‍ഭത്തില്‍ നാഷണല്‍ റൂറല്‍ ലിവ്ലിഗുഡ് മിഷന്‍ വഴി നടത്തേണ്ട പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ ജനശ്രീ മുന്നോട്ട് വന്നിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ, കേരളത്തിലെ സന്നദ്ധസംഘടനയായി ജനശ്രീയെ അംഗീകരിക്കണമെന്നാണ് അവരുടെ ആവശ്യം. ഇത് യാഥാര്‍ഥ്യമായാല്‍ ഈ പദ്ധതി പൂര്‍ണമായി കോണ്‍ഗ്രസിന്റെ കൈയിലാവും. ഇത് ഉന്നംവച്ചാണ് ജനശ്രീക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുള്ളതെങ്കില്‍ പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും അധികാരം കവരുന്നതിനുള്ള നീക്കം നടത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് വോട്ടുചോദിക്കാന്‍ വരുന്നതെന്ന് ഐസക് ചൂണ്ടിക്കാട്ടി. ലോട്ടറി മാഫിയ സാന്റിയാഗോ മാര്‍ട്ടിനെ കേരളത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി ഐസക് പറഞ്ഞു.

ദേശാഭിമാനി 181010

1 comment:

  1. പഞ്ചായത്തുകള്‍ക്കും കുടുംബശ്രീകള്‍ക്കും ലഭിക്കേണ്ട 600 കോടി കേന്ദ്രസര്‍ക്കാരില്‍നിന്ന് വാങ്ങാന്‍ ജനശ്രീ ശ്രമിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇതിനായി ജനശ്രീ പ്രോജക്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും അംഗീകാരം സമാന്തരസംഘടനകള്‍വഴി കവരുന്ന യുഡിഎഫ് ജനങ്ങളോട് സമാധാനം പറയണമെന്നും ഐസക് ആവശ്യപ്പെട്ടു.

    ReplyDelete