Monday, October 25, 2010

കണ്ണൂരിലെ ബൂത്ത് കയ്യേറ്റം യുഡിഎഫ് ഗൂഢാലോചന: പിണറായി

കണ്ണൂരിലെ ബൂത്ത് കയ്യേറ്റവും അക്രമവും കോണ്‍ഗ്രസും മുസ്ളിം ലീഗും ചേര്‍ന്നു നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യം അട്ടിമറിക്കാനുള്ള ഈ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി, കണ്ണൂരിലെ എംപി കെ സുധാകരന്‍ എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന് മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍ തന്നെ തെളിവാണെന്ന് പിണറായി പറഞ്ഞു.

കോണ്‍ഗ്രസിനും ലീഗിനും സ്വാധീനമുള്ള ബൂത്തുകളിലായിരുന്നു അക്രമവും ബൂത്ത് കയ്യേറ്റവും. എല്‍ഡിഎഫ് ഒരിടത്തും പ്രശ്നമുണ്ടാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളിയെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. അതുകൊണ്ടാണ് തനിക്കു കിട്ടിയ വിവരം അദ്ദേഹം സംസ്ഥാനത്തെ അറിയിക്കാതിരുന്നത്. കണ്ണൂരില്‍ അര്‍ധസൈനിക വിഭാഗത്തെ അയക്കണമെന്ന് വയലാര്‍ രവി തന്നോട് പറഞ്ഞെന്നാണ് മുല്ലപ്പള്ളി പറയുന്നത്. അക്രമം സംബന്ധിച്ച് എന്തെങ്കിലും വിവരം കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം സംസ്ഥാനത്തെ അറിയിക്കണമായിരുന്നു. അറിയിക്കാന്‍ കഴിയാത്ത കാര്യമായതിനാലായിരിക്കും അങ്ങനെ ചെയ്യാതിരുന്നത്. യുഡിഎഫ് അക്രമം നടത്തുമെന്ന് വയലാര്‍ രവിക്കും മുല്ലപ്പള്ളിക്കും നേരത്തേ അറിയാമായിരുന്നെന്നാണ് ഇത് തെളിയിക്കുന്നത്.

അടിയന്തരാവസ്ഥയെ തുടര്‍ന്നാണ് രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ വടിവാളും തോക്കും കോണ്‍ഗ്രസ് ഉപയോഗിച്ച് തുടങ്ങിയത്. ബൂത്ത് കയ്യേറ്റവും തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നശിപ്പിക്കലും പുതിയ സമ്പ്രദായമാണ്. ഇത് കേരളത്തിന് അപമാനമാണ്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന തിരിച്ചറിവാണ് ഈ അങ്കലാപ്പിനു പിന്നില്‍. തെരഞ്ഞെടുപ്പില്‍ ജയമായാലും തോല്‍വിയായാലും അത് അംഗീകരിച്ച് മുന്നോട്ടുപോകുന്നതാണ് എല്‍ഡിഎഫ് നയം. ജനവിധിയെ മറികടക്കുകയല്ല ഞങ്ങളുടെ രീതി. എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നുവെന്ന് കണ്ടപ്പോഴാണ് യുഡിഎഫ് ഇത്തരം സമീപനം സ്വീകരിച്ചത്.

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് തപാല്‍ ബാലറ്റ് തട്ടിയെടുക്കല്‍ കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഭര്‍ത്താവും ചേര്‍ന്ന് തട്ടിയെടുത്ത 44 ബാലറ്റ് കോവളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റാണ് തിരിച്ചുകൊടുത്തത്. കണ്ണൂരില്‍ അക്രമം നടന്ന ബൂത്തുകളെല്ലാം യുഡിഎഫ് മേധാവിത്വമുള്ളതാണ്. വോട്ടിങ് യന്ത്രം എറിഞ്ഞുതകര്‍ത്ത പയ്യന്നൂരിലെ അന്നൂര്‍ സൌത്ത് വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്റാണ് സ്ഥാനാര്‍ഥി. കെ സുധാകരന്റെ അക്രമിസംഘത്തിലെ പ്രധാനിയായിരുന്നു ഇവിടെ ചീഫ് ഏജന്റ്. പട്ടുവം, മാട്ടൂല്‍, ഇരിക്കൂര്‍, തില്ലങ്കേരി എന്നിവിടങ്ങളില്‍ ലീഗിനാണ് സ്വാധീനം. തില്ലങ്കേരിയില്‍ ക്യൂ നിന്നവരെ ലീഗുകാരും എസ്ഡിപിഐക്കാരും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ചു. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സിപിഐ എമ്മിന് ഒരു മണ്ഡലം പോലും കിട്ടില്ലെന്നാണ് മുല്ലപ്പള്ളി പറയുന്നത്. എല്ലാ തെരഞ്ഞെടുപ്പും സ്വതന്ത്രമായാണ് നടക്കുന്നത്. എത്ര പൊലീസ് വന്നാലും നാട്ടുകാരാണ് വോട്ടു ചെയ്യുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങളുമായി ബന്ധപ്പെട്ട് കെ സുധാകരനെ സംരക്ഷിക്കാനാണ് ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. കേന്ദ്രസേനയെ നിയോഗിക്കാന്‍ തക്കവിധത്തിലുള്ള ഒരു പ്രശ്നവും കണ്ണൂരില്‍ ഉണ്ടായിട്ടില്ല. കേന്ദ്രസേന ഇല്ലാത്തതിനാലാണ് പ്രശ്നം ഉണ്ടായതെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് പിണറായി പറഞ്ഞു.

മുല്ലപ്പള്ളി സ്വയം ചികിത്സിക്കണം: പിണറായി


സിപിഐ എമ്മിലെ ജീര്‍ണതയെക്കുറിച്ച് വ്യാകുലപ്പെടുന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അതിനുമുമ്പ് സ്വയം ചികിത്സിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ജീര്‍ണത കാരണം ഡല്‍ഹിയില്‍ മൂക്ക് പൊത്താതെ നടക്കാന്‍ കഴിയില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്. സ്വന്തം പാര്‍ടിയിലെ ജീര്‍ണത ആദ്യം ചികിത്സിച്ച് ഭേദമാക്കിയതിന് ശേഷം മതി സിപിഐ എമ്മിനെ കുറിച്ചുള്ള വ്യാകുലത. ഞങ്ങളുടെ ഏതെങ്കിലും സഖാവിന് ജീര്‍ണത ബാധിച്ചാല്‍ അത് ശരിയായ രീതിയില്‍ കൈകാര്യംചെയ്യാന്‍ ആര്‍ജവമുള്ള പാര്‍ടിയാണ് സിപിഐ എം. എന്നാല്‍, കോണ്‍ഗ്രസ് അങ്ങനെയുള്ള പാര്‍ടിയാണോയെന്ന് പിണറായി ചോദിച്ചു. പാര്‍ടിഗ്രാമങ്ങളില്‍ കൊഴിഞ്ഞുപോക്ക് അനുഭവപ്പെടുന്നതായാണ് മുല്ലപ്പള്ളിയുടെ വാദം. കണ്ണൂര്‍ ജില്ലയില്‍ അങ്ങനെ ഉള്ളതായി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടില്ല. മുല്ലപ്പള്ളിയുടെ പാര്‍ടിക്ക് നാട്ടില്‍ ആളില്ലാത്തതിന് വേറെ ന്യായം പറഞ്ഞിട്ട് കാര്യമില്ല.

തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് കൂടുതല്‍ കുഴപ്പത്തിലാകും. കരിമണ്ണൂരില്‍ മാണി ഗ്രൂപ്പും കോണ്‍ഗ്രസും പരസ്യമായാണ് ഏറ്റുമുട്ടിയത്. കാസര്‍കോട്ട് മാണി വിഭാഗത്തിലെ വനിതാ നേതാവിനെ കോണ്‍ഗ്രസ് സംഘം പരസ്യമായി തല്ലി. കോണ്‍ഗ്രസ് അക്രമം നടത്തിയത് കോടിയേരിയുടെ ഇടപെടല്‍ മൂലമാണെന്നാണ് മുല്ലപ്പള്ളി പറയുന്നത്. കോണ്‍ഗ്രസിനുള്ളില്‍ ഇടപെടാന്‍ തക്ക സ്വാധീനം ഞങ്ങള്‍ക്കില്ല. തെരഞ്ഞെടുപ്പ് നടന്ന ഏഴു ജില്ലകളിലും എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുകയാണ്. കള്ള വോട്ട് ഒരു തരത്തിലും അനുവദിക്കരുതെന്നുതന്നെയാണ് സിപിഐ എം നിലപാടെന്ന് പിണറായി പറഞ്ഞു.

മുല്ലപ്പള്ളി തെളിവ് പരസ്യമാക്കണം: കോടിയേരി


കണ്ണൂരിലെ അക്രമങ്ങളില്‍ തനിക്ക് പങ്കുണ്ടെങ്കില്‍ തെളിയിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തയ്യാറാകണമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. തെളിവ് പരസ്യപ്പെടുത്താന്‍ മുല്ലപ്പള്ളിയെ വെല്ലുവിളിക്കുകയാണ്. ഉണ്ടയില്ലാ വെടി പൊട്ടിക്കുന്ന ശീലം മുല്ലപ്പള്ളി മതിയാക്കണം. തെരഞ്ഞെടുപ്പില്‍ കുഴപ്പം നടക്കുമെന്ന് മുല്ലപ്പള്ളിക്ക് മുന്‍കൂട്ടി വിവരം കിട്ടിയിരുന്നെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറാമായിരുന്നുവെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിര്‍ഭയമായി വോട്ടുചെയ്യാന്‍ സാഹചര്യമില്ലെന്ന പ്രസ്താവനയോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി പ്രതിക്കൂട്ടിലായി. ഇതില്‍നിന്നും ശ്രദ്ധതിരിക്കാനാണ് സംസ്ഥാന ആഭ്യന്തരമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുന്നത്. തെരഞ്ഞെടുപ്പു ദിവസം രാവിലെ ഒമ്പതിന് മുല്ലപ്പള്ളിയുടെ പ്രസ്താവന പുറത്തുവന്നതോടെയാണ് കണ്ണൂരില്‍ യുഡിഎഫുകാര്‍ വ്യാപകമായി ബൂത്തുകൈയേറ്റവും അക്രമവും നടത്തിയത്. യുഡിഎഫിലെ ഉന്നതര്‍ ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് അക്രമങ്ങള്‍. അഞ്ചുവാര്‍ഡുകളിലായി എട്ടു ബൂത്തുകളിലാണ് റീപോളിങ്ങിന് ഉത്തരവിട്ടത്. യുഡിഎഫിന്റെ സ്വാധീന പ്രദേശങ്ങളായ ഇരിക്കൂര്‍, പട്ടുവം, മാട്ടൂല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അക്രമം. ഇവിടെയൊക്കെ അക്രമം നടത്തിയത് യുഡിഎഫും ഐഎന്‍എല്ലുമാണെന്ന് മലയാളമനോരമ പോലും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. നിര്‍ഭയമായി വോട്ടുചെയ്യാന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കിയതിനാലാണ് വോട്ടിങ് ശതമാനം ഗണ്യമായി വര്‍ധിച്ചത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യുഡിഎഫ് നടത്തിയ അക്രമം മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എല്‍ഡിഎഫിനെതിരായ ആരോപണങ്ങള്‍. കേന്ദ്രസേനയെ വിന്യസിക്കണോയെന്നൊക്കെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് കമീഷനാണ്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തോറ്റപ്പോഴെല്ലാം കള്ളവോട്ടാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. ഒഞ്ചിയത്ത് ബൂത്ത് പിടിച്ചെടുക്കാന്‍ പദ്ധതിയിട്ടു നടന്നില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. ജില്ലയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വ്യാപകമായി ബോംബേറുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് മുല്ലപ്പള്ളി ഒന്നും പറയുന്നുമില്ല. അക്രമങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ എല്ലാ രാഷ്ട്രീയപാര്‍ടികളുടെയും സഹകരണത്തോടെ സമാധാനം പുനഃസ്ഥാപിക്കും. പൊലീസ് ശക്തമായ നടപടിയെടുക്കുമെന്ന് കോടിയേരി പറഞ്ഞു.

യുഡിഎഫ് ആക്രമണങ്ങള്‍ പ്രതിരോധത്തിനു വേണ്ടി: മുല്ലപ്പള്ളി


ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ കണ്ണൂരില്‍ യുഡിഎഫുകാര്‍ നടത്തിയ ആക്രമണങ്ങള്‍ പ്രതിരോധത്തിനു വേണ്ടിയുള്ളതായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമം നടത്തിയവരില്‍ 99 ശതമാനവും സിപിഐ എം പ്രവര്‍ത്തകരാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിരോധത്തിനായുള്ള ആക്രമങ്ങള്‍ മാത്രമാണ് യുഡിഎഫ് നടത്തിയത്. സിപിഐ എം നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഫലമാണ് കണ്ണൂരില അക്രമമെന്നും അതില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പങ്കുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. തെരഞ്ഞെടുപ്പ് ആക്രമണങ്ങളില്‍ കോടിയേരിക്കുള്ള പങ്കിനെപ്പറ്റി തന്റെ കൈവശം വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ മാത്രം അക്രമങ്ങള്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ നേരത്തേ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പര്യടനത്തിന് ശേഷം കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയും ഇക്കാര്യം പറഞ്ഞു. ഈ വിവരം സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍, വേണ്ടത്ര മുന്‍കരുതല്‍ എടുക്കാന്‍ സംസ്ഥാന സര്‍ക്കാരോ പൊലീസോ തയ്യാറായില്ലെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കണ്ണൂരിലും മറ്റും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കേന്ദ്രസേനയെ അയക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

ദേശാഭിമാനി 251010

1 comment:

  1. കണ്ണൂരിലെ ബൂത്ത് കയ്യേറ്റവും അക്രമവും കോണ്‍ഗ്രസും മുസ്ളിം ലീഗും ചേര്‍ന്നു നടത്തിയ ആസൂത്രിത ഗൂഢാലോചനയുടെ ഫലമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യം അട്ടിമറിക്കാനുള്ള ഈ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി, കണ്ണൂരിലെ എംപി കെ സുധാകരന്‍ എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന് മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തല്‍ തന്നെ തെളിവാണെന്ന് പിണറായി പറഞ്ഞു.

    ReplyDelete