Friday, October 15, 2010

ലോട്ടറി: നടപടിയെടുക്കേണ്ടത് കേന്ദ്രമെന്ന് ഹൈക്കോടതി

കേന്ദ്ര ലോട്ടറിചട്ടങ്ങള്‍ ലംഘിച്ചാല്‍ നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ ചട്ടലംഘനത്തിന് നടപടി ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും പരാതി ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാര്‍ ഗൌരവത്തോടെ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു. ലോട്ടറി കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള വിവിധ അപ്പീല്‍ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ പ്രൊമോട്ടറാണ് മേഘയെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ രേഖാമൂലം കോടതിയെ അറിയിച്ച സാഹചര്യത്തില്‍ അവരില്‍നിന്ന് നികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, പി ഭവദാസന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധിച്ചു. നേരിട്ട് കരാര്‍ ഇല്ലെങ്കിലും ലോട്ടറിയുടെ നടത്തിപ്പ് മേഘയ്ക്കാണെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ സംശയിക്കേണ്ടതില്ല. ഭൂട്ടാന്‍ ലോട്ടറിയുടെ പ്രൊമോട്ടറാണ് മേഘയെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. മേഘയില്‍നിന്ന് ഒക്ടോബറിലെ നികുതി പലിശകൂടാതെ സ്വീകരിക്കാനും കോടതി നിര്‍ദേശമുണ്ട്. നികുതി അടച്ചതിനുശേഷം ഭൂട്ടാന്‍ ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാനും കോടതി അനുമതി നല്‍കി. ആഴ്ചയില്‍ ഒരു ലോട്ടറിക്ക് ഒരു നറുക്കെടുപ്പേ പാടുള്ളൂവെന്ന സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വിവിധ പേരുകളില്‍ ലോട്ടറികള്‍ നടത്തിയാലും ഒരു സര്‍ക്കാരിന്റെ ലോട്ടറിക്ക് ആഴ്ചയില്‍ ഒരു നറുക്കെടുപ്പും വര്‍ഷത്തില്‍ ആറ് ബമ്പര്‍ നറുക്കെടുപ്പും മാത്രമേ പാടുള്ളൂവെന്ന സിംഗിള്‍ ബെഞ്ച് വിധി കേന്ദ്ര ലോട്ടറി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. കേന്ദ്ര ലോട്ടറി ചട്ടങ്ങള്‍ക്ക് അനുസൃതമായി ആഴ്ചയില്‍ ഒന്നിലേറെ നറുക്കെടുപ്പുകള്‍ നടത്തുന്നതിന് തടസ്സമില്ല. കേന്ദ്ര ലോട്ടറി നിയമത്തിന്റെയും ചട്ടത്തിന്റെയും ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇരു സര്‍ക്കാരുകള്‍ക്കും ബാധ്യതയുണ്ട്.

ഭൂട്ടാന്‍ ലോട്ടറികളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നല്‍കിയ കത്തും കോടതി വിധിയില്‍ പരാമര്‍ശിച്ചു. ഭൂട്ടാന്‍ ലോട്ടറികള്‍ സെക്യൂരിറ്റി പ്രസിലാണോ അച്ചടിക്കുന്നതെന്ന ചോദ്യത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയിട്ടില്ല. കേന്ദ്ര ലോട്ടറി ചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് ലോട്ടറി നടത്തുന്ന സംസ്ഥാനം സര്‍ക്കാര്‍ പ്രസിലോ സെക്യൂരിറ്റി പ്രസിലോ ആകണം അച്ചടിക്കേണ്ടത്. റിസര്‍വ് ബാങ്കും ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷനും ഇതിനായി പ്രസുകളുടെ പാനല്‍ തയ്യാറാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ലോട്ടറി അച്ചടിയുടെ കാര്യത്തില്‍ പ്രത്യേക നിഷ്കര്‍ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനും നികുതിവരുമാനം ഉറപ്പുവരുത്താനുമാണ് വ്യവസ്ഥകള്‍. ഭൂട്ടാന്‍ സര്‍ക്കാര്‍ കേന്ദ്രവുമായി ഉണ്ടാക്കിയ ഉഭയകക്ഷി കരാര്‍ പ്രകാരം കേന്ദ്ര ലോട്ടറി നിയമവും ഇന്ത്യയിലെ മറ്റ് നിയമങ്ങളും പാലിക്കാന്‍ അവര്‍ ബാധ്യസ്ഥമാണ്. അതിനാല്‍ ഭൂട്ടാന്‍ സര്‍ക്കാരിന്റെ ലോട്ടറി അച്ചടി അധികൃതര്‍ പരിശോധിക്കണം.

ഭൂട്ടാന്‍ ലോട്ടറികളുടെ അച്ചടി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കത്തിന് കേന്ദ്രത്തില്‍നിന്നു മറുപടി ലഭിച്ചിട്ടില്ല. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടിയില്‍ നീതീകരണമുണ്ട്. ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പരാതികളും റിപ്പോര്‍ട്ടുകളും കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും കേന്ദ്ര നിയമമായതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് നടപടികള്‍ കൈക്കൊള്ളേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. വിദേശരാജ്യമോ മറ്റ് സംസ്ഥാനങ്ങളോ നടത്തുന്ന ലോട്ടറികള്‍ കേന്ദ്രനിയമമോ ചട്ടമോ ലംഘിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പരാതിപ്പെട്ടാല്‍ അത് കേന്ദ്രം ഗൌരവത്തോടെ കാണണം. കേന്ദ്ര ലോട്ടറി നിയമത്തിന്റെ ലംഘനത്തെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരാതി ഇപ്പോഴും കേന്ദ്രത്തിന്റെ പരിഗണനയിലാണ്.

സുപ്രീംകോടതിയില്‍ റിട്ട് നല്‍കും: ഐസക്

കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ് വക്താവ് സിങ്വിയുംകൂടി ലോട്ടറി മാഫിയയ്ക്ക് അനുകൂലമായി കോടതിവിധി സമ്പാദിച്ചിരിക്കുകയാണെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. ലോട്ടറി കേസില്‍ ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ബഞ്ചിന്റെ വിധി സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദിനംപ്രതി 24 നറുക്കെടുപ്പ് നടത്താമെന്ന കേന്ദ്രസര്‍ക്കാര്‍ ചട്ടം നിലനില്‍ക്കുന്നതുകൊണ്ട് സിംഗിള്‍ബഞ്ചിന്റെ വിധി അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്. ഈ ചട്ടങ്ങള്‍ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ റിട്ട് നല്‍കും. കേന്ദ്ര നിയമത്തിലെ നാലാം വകുപ്പുലംഘനം സംബന്ധിച്ച് നടപടിയെടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുതന്നെയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡിവിഷന്‍ബഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ ഇനിയെങ്കിലും കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നടപടിയെടുപ്പിക്കാന്‍ യുഡിഎഫ് മുന്‍കൈയെടുക്കുമോ എന്നതാണ് പ്രധാന ചോദ്യം. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സാണ് ഭൂട്ടാന്‍ ലോട്ടറിയുടെ കേരളത്തിലെ പ്രമോട്ടറെന്ന് കോടതി കണ്ടെത്തിയത് കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവന മുഖവിലയ്ക്കെടുത്താണെന്ന് ഐസക് ചൂണ്ടിക്കാട്ടി.

deshabhimani 151010

1 comment:

  1. കേന്ദ്ര ലോട്ടറിചട്ടങ്ങള്‍ ലംഘിച്ചാല്‍ നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളില്‍ ചട്ടലംഘനത്തിന് നടപടി ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും പരാതി ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാര്‍ ഗൌരവത്തോടെ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു. ലോട്ടറി കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള വിവിധ അപ്പീല്‍ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ പ്രൊമോട്ടറാണ് മേഘയെന്ന് ഭൂട്ടാന്‍ സര്‍ക്കാര്‍ രേഖാമൂലം കോടതിയെ അറിയിച്ച സാഹചര്യത്തില്‍ അവരില്‍നിന്ന് നികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, പി ഭവദാസന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

    ReplyDelete