Sunday, October 24, 2010

തൊഴിലുറപ്പു പദ്ധതി: മിനിമം വേതനം നല്‍കേണ്ടെന്ന ഉത്തരവ് ഭരണഘടനാ വിരുദ്ധം

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിന്‍ കീഴില്‍ മിനിമം കൂലി നല്‍കാത്തതിനെ പ്രമുഖരായ പതിനാലു നിയമജ്ഞന്‍മാര്‍ വിമര്‍ശിച്ചു. മിനിമം വേജസ് ആക്ട് അനുസരിച്ചുള്ള വേതനം ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് നടപടി എടുക്കണമെന്ന് സംയുക്ത പ്രസ്താവനയില്‍ അവര്‍ ആവശ്യപ്പെട്ടു. സുപ്രിം കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് എം എന്‍ വെങ്കിട ചെല്ലയ്യ, സുപ്രിംകോടതി മുന്‍ ജഡ്ജി വി ആര്‍ കൃഷ്ണയ്യര്‍, മുന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി ഷാ, മുന്‍ സുപ്രിംകോടതി ജഡ്ജി കെ രാമസ്വാമി, മുന്‍ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി വി എസ് ദാവെ, സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ ഫാലി എസ് നരിമാന്‍, സുപ്രിംകോടതി മുന്‍ ജഡ്ജി സന്തോഷ് ഹെഗ്‌ഡെ, സുപ്രിംകോടതി സീനിയര്‍ അഭിഭാഷകരായ കാമിനി ജയ്‌സ്‌വാള്‍, രാജീവ് ധവാന്‍, പ്രശാന്ത് ഭൂഷണ്‍, നാഷണല്‍ ലോ സ്‌കൂള്‍ മുന്‍ ഡയറക്ടര്‍ മോഹന്‍ ഗോപാല്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രഫ. ഉപേന്ദ്ര ബക്‌സി, അഡ്വ. വൃന്ദാ ഗ്രോവര്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

ദേശീയ തൊഴിലുറപ്പു പദ്ധതിയനുസരിച്ചു നല്‍കേണ്ട വേതനത്തെ മിനിമം വേതനത്തില്‍ നിന്നും വേര്‍പെടുത്തുന്നതു ഭരണ ഘടനാ വിരുദ്ധമാണ്.

മിനിമം വേജസ് ആക്ടിന്റെ പ്രസക്തിയെ ചോദ്യം ചെയ്യലാണിത്. ''നിര്‍ബന്ധിത തൊഴില്‍'' എന്ന് സുപ്രിം കോടതി വിശേഷിപ്പിച്ച നിയമവിരുദ്ധ നടപടിയെ നിയമവിധേയമാക്കുന്നതാണിത്. ഭരണഘടനയുടെ 23-ാം ഖണ്ഡിക പ്രകാരം ''നിര്‍ബന്ധിത തൊഴില്‍'' നിരോധിച്ചിട്ടുണ്ട്. ദേശീയ തൊഴിലുറപ്പു പദ്ധതിയിന്‍ കീഴില്‍ നല്‍കുന്ന കൂലി മരവിപ്പിച്ച സര്‍ക്കാരിന്റെ ഉത്തരവ് ആന്ധ്രാ ഹൈക്കോടതി റദ്ദാക്കിയ കാര്യം പ്രസ്താവന അനുസ്മരിച്ചു.

മിനിമം വേതനത്തിനുള്ള അവകാശം തുരങ്കം വെയ്ക്കുന്നത് അന്യായവും ഭരണ ഘടനാ വിരുദ്ധവുമാണ്. മാനവിക മൂല്യങ്ങള്‍ ശക്തിപ്പെടുത്തുമെന്ന ഇന്ത്യയുടെ അവകാശവാദത്തെ അപഹസിക്കലാണിത്.

കേന്ദ്ര ഗവണ്‍മെന്റ് ഈ ഉത്തരവ് റദ്ദാക്കുകയും സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാ തൊഴിലാളികള്‍ക്കും മിനിമം കൂലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് നിയമജ്ഞര്‍ ആവശ്യപ്പെട്ടു.

ജനയുഗം 241010

1 comment:

  1. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിന്‍ കീഴില്‍ മിനിമം കൂലി നല്‍കാത്തതിനെ പ്രമുഖരായ പതിനാലു നിയമജ്ഞന്‍മാര്‍ വിമര്‍ശിച്ചു. മിനിമം വേജസ് ആക്ട് അനുസരിച്ചുള്ള വേതനം ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് നടപടി എടുക്കണമെന്ന് സംയുക്ത പ്രസ്താവനയില്‍ അവര്‍ ആവശ്യപ്പെട്ടു. സുപ്രിം കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് എം എന്‍ വെങ്കിട ചെല്ലയ്യ, സുപ്രിംകോടതി മുന്‍ ജഡ്ജി വി ആര്‍ കൃഷ്ണയ്യര്‍, മുന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി ഷാ, മുന്‍ സുപ്രിംകോടതി ജഡ്ജി കെ രാമസ്വാമി, മുന്‍ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി വി എസ് ദാവെ, സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ ഫാലി എസ് നരിമാന്‍, സുപ്രിംകോടതി മുന്‍ ജഡ്ജി സന്തോഷ് ഹെഗ്‌ഡെ, സുപ്രിംകോടതി സീനിയര്‍ അഭിഭാഷകരായ കാമിനി ജയ്‌സ്‌വാള്‍, രാജീവ് ധവാന്‍, പ്രശാന്ത് ഭൂഷണ്‍, നാഷണല്‍ ലോ സ്‌കൂള്‍ മുന്‍ ഡയറക്ടര്‍ മോഹന്‍ ഗോപാല്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രഫ. ഉപേന്ദ്ര ബക്‌സി, അഡ്വ. വൃന്ദാ ഗ്രോവര്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

    ReplyDelete