Friday, October 22, 2010

നുണകള്‍ യുഡിഎഫിനെ രക്ഷിക്കില്ല

കേന്ദ്രസര്‍ക്കാര്‍ കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതും അവാര്‍ഡുകള്‍ നല്‍കുന്നതും നിര്‍ത്തണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവിയുടെ നേതൃത്വത്തിലാണ്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അതിനേക്കാള്‍ പടി കടന്നിരിക്കയാണ്. പഞ്ചായത്തീരാജ് സംവിധാനത്തിന്റെ നടത്തിപ്പില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തിയ സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 2009-10ലും നേടിയ കേരളത്തില്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ പഞ്ചായത്തീരാജ് സംവിധാനത്തെ തളര്‍ത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം എഴുതുന്നു; പ്രചരിപ്പിക്കുന്നു. കേരളത്തെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും മാത്രമല്ല, കേരളത്തിന് അംഗീകാരം നല്‍കിയ കേന്ദ്രസര്‍ക്കാരിനെയും അവാര്‍ഡ് നല്‍കിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും അവഹേളിക്കുകയാണ് അദ്ദേഹം.

സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര മാതൃകയായ കേരളത്തില്‍ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഉമ്മന്‍ചാണ്ടിക്ക് സഹിക്കാന്‍ കഴിയുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാര്‍ഷികമേഖലയെ തളര്‍ത്തുമ്പോഴും കേരളത്തിലെ കാര്‍ഷികമേഖല ഉണര്‍വു രേഖപ്പെടുത്തി. മഹാരാഷ്ട്രയിലും ആന്ധ്രയിലും മധ്യപ്രദേശിലുമെല്ലാം കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോഴാണ് ഇതെന്ന് ഒര്‍ക്കണം. കുത്തക വ്യാപാരികള്‍ക്കുവേണ്ടി റബറിന്റെ ഇറക്കുമതിച്ചുങ്കം കുറവുചെയ്ത് റബറിന്റെ വില കുറയ്ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രനയത്തെ ന്യായീകരിക്കാന്‍ എങ്ങനെ കഴിയുന്നു ഉമ്മന്‍ചാണ്ടിക്ക്?

എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചെന്നാണ് ഉമ്മന്‍ചാണ്ടി വാദിക്കുന്നത്. യുഡിഎഫ് 28.81 ശതമാനം നല്‍കിയപ്പോള്‍ എല്‍ഡിഎഫ് 21.6 ശതമാനമേ നല്‍കിയുള്ളൂവത്രേ. എല്‍ഡിഎഫിന്റെ 21.6 ശതമാനം യുഡിഎഫിന്റെ 28.81 ശതമാനത്തേക്കാള്‍ വളരെ കൂടിയതെന്തുകൊണ്ടെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നില്ല. യുഡിഎഫിന്റെ കാലത്തേക്കാള്‍ എത്രയോ വലുതാണ് എല്‍ഡിഎഫ് ഭരണകാലത്തെ വാര്‍ഷികപദ്ധതികള്‍. അഞ്ചുവര്‍ഷക്കാലയളവിലെ നാലുവര്‍ഷവും പദ്ധതിയില്‍ യുഡിഎഫ് വെട്ടിക്കുറവു വരുത്തി. ഇതിന്റെയൊക്കെ ഫലമായി യുഡിഎഫിന്റെ അഞ്ചുവര്‍ഷം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച പദ്ധതിവിഹിതം ആകെ 5296.78 കോടിയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയതാകട്ടെ 8461.55 കോടി രൂപയും. 60 ശതമാനം വര്‍ധന. ഇതിനെ വെട്ടിക്കുറവായി കാണുന്നവരോട് എന്തു പറയാന്‍. യുഡിഎഫ് ഭരണകാലത്ത് അംഗീകരിച്ച മൂന്നാം ധനകമീഷന്‍ റിപ്പോര്‍ട്ടിലാണ് പദ്ധതിവിഹിതത്തിന്റെ നിശ്ചിത ശതമാനം എന്നത് ഒഴിവാക്കി 1400 കോടിയും അതിന്റെ 10 ശതമാനം വാര്‍ഷിക വര്‍ധനയും എന്ന് അംഗീകരിച്ചത്. ഇക്കാര്യം അദ്ദേഹം സൌകര്യപൂര്‍വം മറക്കുന്നു. ജനറല്‍ പര്‍പ്പസ് ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ് എന്നിവ യഥാക്രമം റവന്യൂവരുമാനം 3.5 ശതമാനവും 5.5 ശതമാനവും ആയിരുന്നത് 300 കോടി രൂപ, 350 കോടി രൂപ (10 ശതമാനം വര്‍ധന) എന്നിങ്ങനെ വെട്ടിച്ചുരിക്കിയതും യുഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍, ധനകമീഷന്‍ ശുപാര്‍ശചെയ്തതിനു പുറമെ 323.66 കോടി രൂപകൂടി മെയിന്റനന്‍സിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുകയുണ്ടായി. 2001-02ലെ ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തിയ 1065 കോടി രൂപ യുഡിഎഫ് അധികാരമേറ്റയുടനെ വെട്ടിക്കുറച്ച് 890 കോടിയാക്കി. ഇതില്‍നിന്ന് പട്ടികവര്‍ഗ ഉപപദ്ധതിയുടെ 40 കോടികൂടി പിന്‍വലിച്ച് വിഹിതം 850 കോടി രൂപയാക്കി കുറച്ചു. സാമ്പത്തിക വര്‍ഷാവസാനം പദ്ധതിയില്‍ 25 ശതമാനം കുറവുകൂടി വരുത്തിക്കഴിഞ്ഞപ്പോള്‍ ആകെ നല്‍കിയത് 637.5 കോടി. ഇതിനു പുറമെയാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പിഡി അക്കൌണ്ടുകള്‍ മരവിപ്പിച്ച് പിടിച്ചെടുത്ത കോടികള്‍. എന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുറച്ചെന്നു പറയാന്‍ അസാമാന്യ വൈഭവംവേണം. യുഡിഎഫ് ഭരണകാലത്ത് പട്ടികവിഭാഗ പദ്ധതിയില്‍നിന്നുപോലും തുക വകമാറ്റി ചെലവഴിക്കാന്‍ അനുവദിച്ചു. 104.31 കോടി രൂപയായിരുന്നു ഇപ്രകാരം വകമാറ്റിയത്. ഇത് തിരിച്ചുപിടിച്ച് പട്ടികവിഭാഗമേഖലയില്‍ത്തന്നെ ചെലവഴിപ്പിച്ചത് പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ്. പദ്ധതിത്തുകയുടെ 80 ശതമാനത്തിലധികം ചെലവഴിക്കപ്പെട്ടെന്ന് വൈകിയെങ്കിലും ഉമ്മന്‍ചാണ്ടി സമ്മതിച്ചതില്‍ സന്തോഷം.

പൊതുവിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളില്‍ വികസിതരാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കേരളത്തെയും ബഹുദൂരം പിറകില്‍ നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയും ഒരേതട്ടില്‍ പരിഗണിക്കുന്ന, കട്ടിലിനനുസരിച്ച് കാലു മുറിക്കുന്ന തരത്തിലുള്ളതാണ് മിക്ക കേന്ദ്രപദ്ധതികളും. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമാണ് ഈ പദ്ധതികളെന്നാണ് ചിലരുടെ ഭാവം. പെട്രോളിന്മേലും ഡീസലിന്മേലും പിരിച്ചെടുക്കുന്ന സെസ്സില്‍ ഒരു ഭാഗമാണ് പിഎംജിഎസ്വൈ പദ്ധതിക്കു നല്‍കുന്നത്; കൂടെ നാടിനു ചേരാത്ത വ്യവസ്ഥകളും. എട്ടു മീറ്റര്‍ വീതി വേണം, ചെരിവ് കൂടരുത്, ഭൂമി വേണമെങ്കില്‍ അതിനുള്ള തുക വേറെ കണ്ടെത്തണം, ചെലവില്‍ വര്‍ധനയുണ്ടായാല്‍ അതിനു പണം കണ്ടെത്തണം, വൈദ്യുതിലൈനും വാട്ടര്‍പൈപ്പുകളും സ്വന്തം ചെലവില്‍ മാറ്റണം എന്നിങ്ങനെ എന്തൊക്കെ വ്യവസ്ഥകളാണ്. ഇത്തരം പ്രതിബന്ധങ്ങള്‍ക്കിടയിലും ഗണ്യമായ പുരോഗതി നേടാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. 2000 മുതല്‍ 2006 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് 70.86 കോടി ചെലവഴിച്ച് 372.135 കിലോ മീറ്റര്‍ നീളത്തില്‍ 194 റോഡാണ് നിര്‍മിച്ചതെങ്കില്‍, 2006 മുതല്‍ 2010 വരെ 311.19 കോടി രൂപ ചെലവഴിച്ച് 655.356 കിലോമീറ്റര്‍ നീളത്തില്‍ 358 റോഡ് പൂര്‍ത്തീകരിക്കുകയുണ്ടായി. മുകളില്‍ സൂചിപ്പിച്ച കേന്ദ്ര സഹായത്തിനു പുറമെ അതിന്റെ പകുതിയിലേറെ സംസ്ഥാനസര്‍ക്കാരും ജില്ലാ പഞ്ചായത്തുകളും ചെലവഴിച്ചിട്ടുണ്ട്. 250-300 രൂപ കൂലി നിലനില്‍ക്കുന്ന നാട്ടില്‍ 125 രൂപ കൂലിക്ക് 100 ദിവസം തൊഴിലുറപ്പുപദ്ധതിയില്‍ പണി കൊടുക്കുന്നില്ലെന്നാണ് പരാതി. കേരളത്തിലെ തൊഴിലുറപ്പുപദ്ധതി നടത്തിപ്പിലെ സുതാര്യതയും അഴിമതിയില്ലായ്മയും പരക്കെ അംഗീകാരം നേടിയിട്ടുണ്ട്. കേന്ദ്ര നിയമം അനുശാസിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ മിനിമംകൂലിയായ 200 രൂപ തൊഴിലുറപ്പുപദ്ധതിയിലെ കൂലിയായി അംഗീകരിക്കാത്ത കേന്ദ്രനിലപാടാണ് പദ്ധതി നടത്തിപ്പിനുള്ള പ്രധാന തടസ്സം. ഇക്കാര്യം ഉമ്മന്‍ചാണ്ടി കണ്ടില്ലെന്നു നടിക്കുകയാണ്.

ഭവനരഹിത കുടുംബങ്ങള്‍ക്കെല്ലാം പതിനൊന്നാം പദ്ധതിക്കാലത്ത് വീടു നല്‍കാന്‍ ലക്ഷ്യമിട്ടു നടപ്പാക്കുന്ന ഇ എം എസ് ഭവനപദ്ധതിക്ക് നിരവധി ഉത്തരവുകള്‍ ഇറങ്ങി എന്നാണ് ഉമ്മന്‍ചാണ്ടി പരാതിപ്പെടുന്നത്. പതിനൊന്നാം പദ്ധതിക്കാലയളവില്‍ ഇതുവരെ 3.04 ലക്ഷം വീട് പൂര്‍ത്തിയായിട്ടുണ്ട്. 1.29 ലക്ഷം വീട് നിര്‍മാണത്തിലിരിക്കുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍നിന്ന് 1669.14 കോടി രൂപ ചെലവഴിച്ചതിനു പുറമെ സഹകരണബാങ്കുകളില്‍നിന്ന് 1889.45 കോടി രൂപയും കടമെടുത്ത് ഉപയോഗിക്കുന്നു. ഇക്കാലയളവില്‍ ഐഎവൈ പദ്ധതിക്ക് കേന്ദ്രസഹായമായി കിട്ടിയത് 467.70 കോടിരൂപ മാത്രമാണ്. ഒരു വീടിന് തുച്ഛമായ 38,500 രൂപ (ഇതിന്റെ 25 ശതമാനം സംസ്ഥാന വിഹിതമാണ്) നല്‍കി നിര്‍മിക്കുന്ന ഐഎവൈ വീടിന്റെ തനിമ നഷ്ടപ്പെട്ടെന്നാണ് പരാതി. ഇത്രയും ചെറിയ തുകകൊണ്ട് വീടല്ല ഒരു മുറിപോലും കേരളത്തില്‍ പണിയാന്‍ കഴിയുമോ? പട്ടികജാതി/വര്‍ഗ ഗുണഭോക്താവിന് ഇ എം എസ് ഭവനപദ്ധതിക്കുവേണ്ടി എടുത്ത വായ്പയില്‍നിന്ന് 61,500/86,500 രൂപകൂടി യഥാക്രമം നല്‍കി ഒരു ലക്ഷം രൂപയ്ക്കും 1.25 ലക്ഷം രൂപയ്ക്കും ഭവനനിര്‍മാണം പൂര്‍ത്തിയാക്കുന്നത് ഒരപരാധമായി തോന്നുന്നില്ല. ഭവനപദ്ധതിക്കായി ലഭിക്കുന്ന കേന്ദ്രസഹായം എത്ര ചെറുതായാലും, ഉപയോഗപ്പെടുത്താന്‍ ശുഷ്കാന്തി കാണിക്കുന്നുവെന്നുമാത്രം.

ഇടതുപാര്‍ടികള്‍ക്ക് പ്രത്യേകിച്ചും കേരളത്തിലെ ഇടതു സര്‍ക്കാരുകള്‍ക്ക് അധികാരവികേന്ദ്രീകരണത്തോടുണ്ടായിരുന്ന സമീപനങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വീരപ്പ മൊയ്ലി (ഇപ്പോഴത്തെ കേന്ദ്ര നിയമമന്ത്രി) അധ്യക്ഷനായി യുപിഎ സര്‍ക്കാര്‍ നിയമിച്ച ഭരണ പരിഷ്കാര കമീഷന്റെ റിപ്പോര്‍ട്ടുമാത്രം മതി കേരളത്തിലെ ഇടതുസര്‍ക്കാരുകളുടെ സമീപനം മനസ്സിലാക്കാന്‍. പതിനാറു വര്‍ഷംവരെ പഞ്ചായത്തു തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോയത് ആരെന്ന് കേരള ജനതയ്ക്കറിയാം. സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്തുക, നിയമപരിഷ്കാരങ്ങള്‍ വരുത്തുക, പുതിയ മുനിസിപ്പാലിറ്റികളുടെ രൂപീകരണം, ബ്ളോക്കുകളുടെ പുനഃസംഘടന എന്നിവ ചെയ്യേണ്ടിവന്നതും അവ സംബന്ധിച്ച കേസുകള്‍ തീര്‍പ്പാകാതെ നീണ്ടുപോയതുംമൂലമുണ്ടായ ഒഴിവാക്കാനാകാത്ത സാഹചര്യമാണ് ഇത്തവണ ചെറിയ കാലതാമസത്തിന് കാരണമെന്ന് ഹൈക്കോടതി പറഞ്ഞ കാര്യം ഉമ്മന്‍ചാണ്ടി വിസ്മരിക്കുന്നതെന്തിന്? തര്‍ക്കം നിലനില്‍ക്കുന്ന വളരെ കുറച്ചു തദ്ദേശഭരണ സ്ഥാപനങ്ങളൊഴികെ മഹാഭൂരിപക്ഷം തദ്ദേശഭരണ സ്ഥാപനങ്ങളിലും സമയ പരിധിക്കകത്തുതന്നെ തെരഞ്ഞെടുപ്പു നടത്താന്‍ കഴിയുമായിരുന്നു. എല്ലാ സ്ഥാപനങ്ങളിലുംകൂടി ഒന്നിച്ച് തെരഞ്ഞെടുപ്പു നടത്തിയാല്‍ മതി എന്ന സര്‍വകക്ഷി യോഗതീരുമാനം അംഗീകരിക്കുക എന്ന ഉന്നതമായ ജനാധിപത്യ മര്യാദ പാലിച്ചാണ് നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കണമെന്ന നിബന്ധനയോടെ തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് വിമര്‍ശനവിഷയമാക്കുന്ന രാഷ്ട്രീയദുഷ്ടലാക്ക് കേരളജനത തിരിച്ചറിയുമെന്ന് എനിക്കുറപ്പുണ്ട്. എല്ലാ ജനവിഭാഗങ്ങള്‍ക്കും നേട്ടം ലഭിച്ച വികസനപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ഇടതുമുന്നണിക്ക് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കേരളജനത തിളങ്ങുന്ന വിജയം സമ്മാനിക്കുമെന്നതില്‍ സംശയമില്ല.

പാലോളി മുഹമ്മദ്കുട്ടി ദേശാഭിമാനി 22102010

1 comment:

  1. കേന്ദ്രസര്‍ക്കാര്‍ കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതും അവാര്‍ഡുകള്‍ നല്‍കുന്നതും നിര്‍ത്തണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവിയുടെ നേതൃത്വത്തിലാണ്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അതിനേക്കാള്‍ പടി കടന്നിരിക്കയാണ്. പഞ്ചായത്തീരാജ് സംവിധാനത്തിന്റെ നടത്തിപ്പില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തിയ സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 2009-10ലും നേടിയ കേരളത്തില്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ പഞ്ചായത്തീരാജ് സംവിധാനത്തെ തളര്‍ത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം എഴുതുന്നു; പ്രചരിപ്പിക്കുന്നു. കേരളത്തെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും മാത്രമല്ല, കേരളത്തിന് അംഗീകാരം നല്‍കിയ കേന്ദ്രസര്‍ക്കാരിനെയും അവാര്‍ഡ് നല്‍കിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും അവഹേളിക്കുകയാണ് അദ്ദേഹം.

    ReplyDelete