Friday, October 15, 2010

യുഡിഎഫ് വാദത്തിന് വീണ്ടും തിരിച്ചടി

ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും അത് പ്രയോഗിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രചാരവേലയ്ക്ക് ഹൈക്കോടതി വിധി വീണ്ടും തിരിച്ചടിയായി. കോണ്‍ഗ്രസും യുഡിഎഫും പച്ചക്കള്ളം പറഞ്ഞ് കേന്ദ്ര സര്‍ക്കാരും ലോട്ടറിമാഫിയയുമായുള്ള ഒത്തുകളി മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്ന് വിളിച്ചുപറയുന്നതാണ് വ്യാഴാഴ്ചത്തെ ഉത്തരവ്. അന്യസംസ്ഥാന ലോട്ടറിമാഫിയക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെല്ലാം കേന്ദ്ര ലോട്ടറിനിയന്ത്രണനിയമം ഉയര്‍ത്തിക്കാട്ടിയാണ് തടഞ്ഞുകൊണ്ടിരിക്കുന്നത്. നടപടിക്ക് കേന്ദ്രത്തിനുമാത്രമാണ് അധികാരമെന്ന് വാദിക്കാന്‍ കോണ്‍ഗ്രസ് ദേശീയവക്താവ് അഭിഷേക് മനു സിങ്വി വന്നുപോയിട്ട് ഏറെനാളായിട്ടില്ല. ലോട്ടറിമാഫിയക്ക് അനുകൂലമായി വിധി സമ്പാദിച്ചാണ് സിങ്വി മടങ്ങിയത്. അതിനുപിന്നാലെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ഭൂട്ടാന്‍ ലോട്ടറിയുടെ പ്രൊമോട്ടറാണെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തിന് കത്തെഴുതി. ഇതാണ് കോടതിയും പറഞ്ഞത്. ലോട്ടറി ടിക്കറ്റ് സെക്യൂരിറ്റി പ്രസിലാണോ അടിക്കുന്നതെന്ന സംസ്ഥാനത്തിന്റെ ചോദ്യത്തിന് ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയതുമില്ല. ലോട്ടറിനടത്തിപ്പുകാരും കോണ്‍ഗ്രസ് ദേശീയനേതൃത്വവുമായുള്ള അവിശുദ്ധബന്ധത്തിന്റെ മികച്ച തെളിവായിരുന്നു ഈ കത്ത്.

വ്യാഴാഴ്ചത്തെ ഹൈക്കോടതി വിധിയിലെ ശ്രദ്ധേയമായ കാര്യം ഇതാണ്- ലോട്ടറികള്‍ക്കെതിരെ നടപടിക്ക് കേന്ദ്ര സര്‍ക്കാരിനുമാത്രമാണ് അധികാരം, ലോട്ടറി ചട്ടലംഘനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരാതികള്‍ കേന്ദ്രം ഗൌരവമായെടുക്കണം- എല്‍ഡിഎഫ് സര്‍ക്കാര്‍ ലോട്ടറിമാഫിയയെ തുണയ്ക്കുന്നുവെന്ന് ആക്ഷേപിച്ച് പുകമറ സൃഷ്ടിക്കുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ മറുപടി വേണ്ട.

അന്യസംസ്ഥാന ലോട്ടറിക്കാരുടെ കൊള്ളയടിയെക്കുറിച്ച് ഒന്നിലധികംതവണ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചതായി മനസ്സിലാക്കുന്നതായി പറഞ്ഞ കോടതി, കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ലാത്ത സാഹചര്യത്തില്‍ പ്രത്യേക നിര്‍ദേശം പുറപ്പെടുവിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2007 ജനുവരി 10ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ പുറപ്പെടുവിച്ച ഉത്തരവിലും ഇതേകാര്യമാണ് എടുത്തുപറഞ്ഞത്. വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ലോട്ടറികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി പരിഗണിച്ചായിരുന്നു ആ വിധി. രജിസ്ട്രേഷന്‍ റദ്ദാക്കിയ നടപടി തള്ളിയെങ്കിലും കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഈ നിര്‍ദേശം പുറപ്പെടുവിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് ഡിവിഷന്‍ബെഞ്ചില്‍ വാദിച്ചത് കേന്ദ്ര അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലനാണ്. ഡിവിഷന്‍ബെഞ്ച് സിംഗിള്‍ബെഞ്ചിന്റെ ഈ പരാമര്‍ശം നീക്കുകയും സംസ്ഥാന സര്‍ക്കാര്‍ നടപടി റദ്ദാക്കുകയും ചെയ്തു. സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഡിവിഷന്‍ബെഞ്ചും ആവര്‍ത്തിച്ചു.

2010 മാര്‍ച്ച് 11ന് സുപ്രീംകോടതിയും ഇതേകാര്യമാണ് പറഞ്ഞത്. നടപടിക്ക് കേന്ദ്രത്തിനാണ് അധികാരമെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ചീഫ് ജസ്റിസ് ആര്‍ എം ലോഥയും ജസ്റിസ് ബി എസ് ചൌഹാനും നടപടിക്ക് തങ്ങള്‍ക്ക് അധികാരം തരണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കണമെന്നും കേരളം ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിശോധിക്കണമെന്നും കേന്ദ്രത്തോട് നിര്‍ദേശിച്ചതാണ്. ഇതേകാര്യമാണ് വ്യാഴാഴ്ച ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. നടപടിയെടുക്കുന്നതിനായി സംസ്ഥാനത്തിന് അധികാരം നല്‍കി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന കേരളത്തിന്റെ നിരന്തരമായ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമോയെന്ന ചോദ്യമാണ് ഹൈക്കോടതി വിധി കോണ്‍ഗ്രസ് നേതൃത്വത്തിനുമുന്നില്‍ ഉയര്‍ത്തുന്നത്.
(കെ എം മോഹന്‍ദാസ്)

ദേശാഭിമാനി 151010

1 comment:

  1. ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും അത് പ്രയോഗിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രചാരവേലയ്ക്ക് ഹൈക്കോടതി വിധി വീണ്ടും തിരിച്ചടിയായി. കോണ്‍ഗ്രസും യുഡിഎഫും പച്ചക്കള്ളം പറഞ്ഞ് കേന്ദ്ര സര്‍ക്കാരും ലോട്ടറിമാഫിയയുമായുള്ള ഒത്തുകളി മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണെന്ന് വിളിച്ചുപറയുന്നതാണ് വ്യാഴാഴ്ചത്തെ ഉത്തരവ്. അന്യസംസ്ഥാന ലോട്ടറിമാഫിയക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെല്ലാം കേന്ദ്ര ലോട്ടറിനിയന്ത്രണനിയമം ഉയര്‍ത്തിക്കാട്ടിയാണ് തടഞ്ഞുകൊണ്ടിരിക്കുന്നത്. നടപടിക്ക് കേന്ദ്രത്തിനുമാത്രമാണ് അധികാരമെന്ന് വാദിക്കാന്‍ കോണ്‍ഗ്രസ് ദേശീയവക്താവ് അഭിഷേക് മനു സിങ്വി വന്നുപോയിട്ട് ഏറെനാളായിട്ടില്ല. ലോട്ടറിമാഫിയക്ക് അനുകൂലമായി വിധി സമ്പാദിച്ചാണ് സിങ്വി മടങ്ങിയത്. അതിനുപിന്നാലെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ഭൂട്ടാന്‍ ലോട്ടറിയുടെ പ്രൊമോട്ടറാണെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തിന് കത്തെഴുതി. ഇതാണ് കോടതിയും പറഞ്ഞത്. ലോട്ടറി ടിക്കറ്റ് സെക്യൂരിറ്റി പ്രസിലാണോ അടിക്കുന്നതെന്ന സംസ്ഥാനത്തിന്റെ ചോദ്യത്തിന് ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയതുമില്ല. ലോട്ടറിനടത്തിപ്പുകാരും കോണ്‍ഗ്രസ് ദേശീയനേതൃത്വവുമായുള്ള അവിശുദ്ധബന്ധത്തിന്റെ മികച്ച തെളിവായിരുന്നു ഈ കത്ത്.

    ReplyDelete