Thursday, October 14, 2010

കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത് എന്‍ഡോസള്‍ഫാനുവേണ്ടി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വെല്ലുവിളിച്ച് കീടനാശിനി ഉല്‍പാദകര്‍ക്കുവേണ്ടി അന്താരാഷ്ട്രവേദിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം. നൂറുകണക്കിനാളുകളുടെ മരണത്തിനും തലമുറകളെ വേട്ടയാടുന്ന നരകയാതനകള്‍ക്കും ഇടയാക്കിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നാണ് തിങ്കളാഴ്ച ജനീവയിലെ സ്റ്റോക്ഹോമില്‍ തുടങ്ങിയ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക്ക് പൊലൂഷ്യന്‍ റിവ്യൂ കമ്മിറ്റിയുടെ (പിഒപിആര്‍സി) ആറാമത് കണ്‍വന്‍ഷനില്‍ ഇന്ത്യ വാദിച്ചത്.

വിവാദമായ ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് എന്താണെന്നറിയാന്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഇന്ത്യ ബഹുരാഷ്ട്ര കീടനാശിനി കമ്പനികള്‍ക്കുവേണ്ടി വാദിച്ചത്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം രാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി യോജിച്ച നിലപാടെടുക്കുമ്പോഴാണ് ഇന്ത്യ എതിര്‍ക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കണമെന്നും ആഗോള കണ്‍വന്‍ഷനില്‍ നിരോധനത്തിന് അനുകൂല നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും വനംമന്ത്രി ബിനോയ് വിശ്വവും കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു.

എന്‍ഡോസള്‍ഫാന്‍ പ്രയോഗംമൂലം കേരളത്തിലും ദക്ഷിണ കര്‍ണാടകത്തിലും ആയിരങ്ങളാണ് മാരകമായ ആരോഗ്യപ്രശ്നങ്ങളുടെ പിടിയിലകപ്പെട്ടത്. കാസര്‍കോട് ജില്ലയില്‍ മാത്രം 175 പേര്‍ മരിച്ചു. ജില്ലയിലെ 11 പഞ്ചായത്തുകളിലായി രണ്ടായിരത്തിലധികംപേര്‍ രോഗികളാണെന്നും കണ്ടെത്തി. ഇവരുടെ ചികിത്സക്കും പുനരധിവാസത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വരഹിത നിലപാട്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം സജീവമായി ഉയര്‍ന്നുവന്നത്. എന്നാല്‍ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകള്‍ ചെറുവിരലനക്കിയില്ലെന്നുമാത്രമല്ല, എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം കര്‍ശനമായി തടഞ്ഞത്. രോഗബാധിതര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും സഹായമെത്തിക്കാനും സര്‍ക്കാര്‍ സന്നദ്ധമായി.

deshabhimani 141010

1 comment:

  1. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വെല്ലുവിളിച്ച് കീടനാശിനി ഉല്‍പാദകര്‍ക്കുവേണ്ടി അന്താരാഷ്ട്രവേദിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം. നൂറുകണക്കിനാളുകളുടെ മരണത്തിനും തലമുറകളെ വേട്ടയാടുന്ന നരകയാതനകള്‍ക്കും ഇടയാക്കിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നാണ് തിങ്കളാഴ്ച ജനീവയിലെ സ്റ്റോക്ഹോമില്‍ തുടങ്ങിയ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക്ക് പൊലൂഷ്യന്‍ റിവ്യൂ കമ്മിറ്റിയുടെ (പിഒപിആര്‍സി) ആറാമത് കണ്‍വന്‍ഷനില്‍ ഇന്ത്യ വാദിച്ചത്.

    വിവാദമായ ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് എന്താണെന്നറിയാന്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ഇന്ത്യ ബഹുരാഷ്ട്ര കീടനാശിനി കമ്പനികള്‍ക്കുവേണ്ടി വാദിച്ചത്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം രാജ്യങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി യോജിച്ച നിലപാടെടുക്കുമ്പോഴാണ് ഇന്ത്യ എതിര്‍ക്കുന്നത്.

    ReplyDelete