Sunday, November 28, 2010

സംസ്ഥാന വാര്‍ത്തകള്‍ 3

വിമുക്തഭടന്മാരുടെ ആനുകൂല്യം ഇരട്ടിയാക്കി

വിമുക്തഭടന്റെ മരണാനന്തരം നല്‍കുന്ന എക്സ്ഗ്രേഷ്യഗ്രാന്റ് 1000 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു. അന്ധരായ വിമുക്തഭടന്മാര്‍ക്കും അവരുടെ അന്ധരായ വിധവ/ഭാര്യ/മക്കള്‍ എന്നിവര്‍ക്ക് നല്‍കുന്ന പ്രതിമാസ ധനസഹായം 500 രൂപയില്‍നിന്ന് 1000 രൂപയായും വര്‍ധിപ്പിക്കും. സായുധസേനാ പതാകനിധിയുടെയും രാജ്യ സൈനികബോര്‍ഡിന്റെയും സംയുക്തയോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഷികബജറ്റിനും അംഗീകാരം നല്‍കി.

വിമുക്തഭടന്റെ ഒരു മകള്‍ക്ക് വിവാഹത്തിന് നല്‍കുന്ന ധനസഹായം 5000 രൂപയില്‍നിന്ന് 10,000 രൂപയായി വര്‍ധിപ്പിക്കും. ഇതിന്റെ വരുമാനപരിധി ലക്ഷം രൂപയായി വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ക്ഷയം/കുഷ്ഠരോഗംമൂലം സാനിട്ടോറിയത്തില്‍ കഴിയുന്ന വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും നല്‍കുന്ന പോക്കറ്റ് മണിയും ഓണാഘോഷത്തിന് നല്‍കുന്ന ഫെസ്റിവല്‍ അലവന്‍സും 500 രൂപയില്‍നിന്ന് 1000 രൂപയായി വര്‍ധിപ്പിച്ചു. ക്ഷയം/കുഷ്ഠ രോഗങ്ങള്‍ ബാധിച്ച വിമുക്തഭടന്മാര്‍ക്ക് നല്‍കുന്ന ധനസഹായം 500 രൂപയില്‍നിന്ന് 1000 രൂപയായി വര്‍ധിപ്പിച്ചു. വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും കുടില്‍ നന്നാക്കാന്‍ നല്‍കുന്ന ഗ്രാന്റ് 5000 രൂപയില്‍നിന്ന് 10,000 രൂപയായി വര്‍ധിപ്പിച്ചു. വിമുക്തഭടന്മാര്‍ക്ക് മത്സരപരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും പരിശീലനത്തിനും പങ്കെടുക്കാനുള്ള ധനസഹായം 5000 രൂപയാക്കും.

മാരിടൈം ബോര്‍ഡ് ബില്‍ അടുത്ത സമ്മേളനത്തില്‍: മുഖ്യമന്ത്രി

തുറമുഖങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും വികസനം ത്വരിതപ്പെടുത്താനും സംസ്ഥാനത്ത് മാരിടൈം ബോര്‍ഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി എസ്അച്യുതാനന്ദന്‍ പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതിനുള്ള ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സര്‍ക്കാരും കോബ്ബ്ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും ചേര്‍ന്ന് സംഘടിപ്പിച്ച തുറമുഖ, സമുദ്രയാന വ്യവസായ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ലോക വാണിജ്യഭൂപടത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കും തിരിച്ചുമുള്ള കവാടമായി കേരള തുറമുഖങ്ങളെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍പദ്ധതിയുടെ ഒന്നാംഘട്ടം പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. ഏഷ്യയിലെത്തന്നെ ഏറ്റവും മികച്ച സ്വാഭാവിക തുറമുഖമായ വിഴിഞ്ഞത്ത് കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി വരുന്നത് തടയാന്‍ ഇനി ഒരു ശക്തിക്കും കഴിയില്ല. പദ്ധതിയുടെ ഒന്നാംഘട്ടമായി അടിസ്ഥാനസൌകര്യങ്ങള്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കും. 650 കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അടിസ്ഥാനസൌകര്യ വികസനം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. വല്ലാര്‍പാടം പദ്ധതി കമ്മീഷനിങ്ങിന് ഒരുങ്ങുകയാണ്. 300 കോടി രൂപ മതിപ്പ് ചെലവില്‍ പൊന്നാനി തുറമുഖവികസന പദ്ധതിയുടെയും ടെണ്ടര്‍ ചെയ്തു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെകൂടി പങ്കാളിത്തത്തോടെ ബേപ്പൂര്‍ തുറമുഖം സമഗ്രമായി വികസിപ്പിക്കുന്നതിനും നടപടിയായിക്കഴിഞ്ഞു. 4500 കോടി രൂപ ചെലവില്‍ അഴീക്കല്‍ തുറമുഖത്തിന്റെ വികസന പ്രവൃത്തിക്ക് ടെണ്ടര്‍ വിളിച്ചുകഴിഞ്ഞു. ആലപ്പുഴയെ അന്തര്‍ദേശീയ മറീനയും കാര്‍ഗോ ഹാര്‍ബറുമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചരക്കുകടത്തിന് തീരദേശ സമുദ്രയാനപദ്ധതി

ഇരുപത് ശതമാനം ചരക്കുഗതാഗതം ജലമാര്‍ഗമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് തീരദേശ സമുദ്രയാനപദ്ധതി നടപ്പാക്കും. വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍, പൊന്നാനി തുറമുഖങ്ങളെ ബന്ധിപ്പിച്ച് കപ്പല്‍ഗതാഗതം ഏര്‍പ്പെടുത്താനാണ് പദ്ധതി. കേന്ദ്ര ആസൂത്രണ കമീഷനോട് പദ്ധതി നടത്തിപ്പിനായി 100കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ ആലപ്പുഴ, കൊടുങ്ങല്ലൂര്‍, കാസര്‍കോട് തുറമുഖങ്ങളെക്കൂടി ഉള്‍പ്പെടുത്തും. 2012 ഓടെ പദ്ധതി പൂര്‍ണസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. റോഡുവഴിയുള്ള ചരക്കുഗതാഗതം വരുംനാളുകളില്‍ ഏറെ പ്രയാസകരമാകുമെന്നു കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍സമുദ്രഗതാഗതപദ്ധതിക്ക് തുടക്കമിടുന്നത്. വാഹനത്തിരക്കും അപകടവും
റോഡുവഴിയുള്ള ചരക്കുനീക്കത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കരമാര്‍ഗമുള്ള ചരക്കുനീക്കത്തിന്റെ മൂന്നിലൊന്ന് ചെലവേ സമുദ്രപാതവഴി വേണ്ടിവരികയുള്ളൂ. തീരദേശ ജില്ലകളടക്കം സംസ്ഥാനത്തിന്റെയാകെ വ്യാപാര, വാണിജ്യ, ടൂറിസം മേഖലകളുടെ വികസനത്തിന് പദ്ധതി കുതിപ്പേകും. ജലപാത വഴി യാത്രാസൌകര്യം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പദ്ധതിക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് തുറമുഖ, സമുദ്രയാന വ്യവസായസംഗമം ഉദ്ഘാടനംചെയ്യവെ പറഞ്ഞു.

സര്‍ക്കാരും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും ചേര്‍ന്ന് സംഘടിപ്പിച്ച സംഗമത്തില്‍ പദ്ധതിയുമായി സഹകരിക്കാന്‍ വിവിധ സംരംഭകരും ധനകാര്യസ്ഥാപനങ്ങളും സന്നദ്ധത അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള തുറമുഖ- സമുദ്രയാന വ്യവസായരംഗത്തെ
ഇരുനൂറോളം നിക്ഷേപകരും നിര്‍മാണസ്ഥാപനങ്ങളും സംഗമത്തില്‍ പങ്കെടുത്തു. എസ്ബിഐ, എസ്ബിടി തുടങ്ങിയവയടക്കം 33 ബാങ്കിങ് സ്ഥാപനവും 65 ഷിപ്പിങ് സ്ഥാപനവും എത്തി. വിഴിഞ്ഞമടക്കമുള്ള കേരളത്തിലെ തുറമുഖങ്ങള്‍ക്ക് ലോകവാണിജ്യഭൂപടത്തില്‍ നിര്‍ണായകപങ്ക്  വഹിക്കാനാകുമെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ വിലയിരുത്തി. നിര്‍ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി സഹകരിക്കാനുള്ള സന്നദ്ധതയും ഇവര്‍ അറിയിച്ചു.

തുറമുഖങ്ങളുടെ വാണിജ്യസാധ്യത അന്താരാഷ്ട്ര വാണിജ്യസമൂഹത്തെ ബോധ്യപ്പെടുത്താനും സംഗമത്തിനായി. ദുബായ്, നെതര്‍ലാന്റ്സ്, ഓസ്ട്രേലിയ, ഫ്രാന്‍സ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കമ്പനി പ്രതിനിധികളെ കൂടാതെ ഇന്ത്യയില്‍നിന്നുള്ള പ്രമുഖ സംരംഭകരും പങ്കെടുത്തു. ഇവര്‍ വിഴിഞ്ഞം പദ്ധതിപ്രദേശം സന്ദര്‍ശിച്ചു. സംഗമത്തില്‍ മന്ത്രി വി സുരേന്ദ്രന്‍പിള്ള അധ്യക്ഷനായി. കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേഷന്‍ മേയര്‍ കെ ചന്ദ്രിക, വി ശിവന്‍കുട്ടി എംഎല്‍എ, സംസ്ഥാന തുറമുഖ സെക്രട്ടറി സഞ്ജീവ് കൌശിക്, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ പി ഗണേഷ്, സി പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.

റേഷന്‍ കാര്‍ഡുകള്‍ക്ക് ഇ-മെയില്‍ വഴി അപേക്ഷിക്കാം

പുതിയ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ താലൂക്ക് സപ്ളൈ ഓഫീസുകളില്‍ നേരിട്ട് അപേക്ഷിക്കുന്നതിന് പകരം ഇനി ഇ-മെയിലിലും അപേക്ഷിക്കാം. റേഷന്‍ കാര്‍ഡ് ലഭിക്കാനാവശ്യമായ രേഖകള്‍ സഹിതം ഐടി മിഷന്റെ കീഴിലുളള അക്ഷയകേന്ദ്രങ്ങളിലെത്തിയോ നേരിട്ടോ അതതു താലൂക്ക് ഓഫീസുകളിലേക്ക് ഇ-മെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാനത്തൊട്ടാകെ ഐടി മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പുതിയ റേഷന്‍കാര്‍ഡുകള്‍ക്കും നിലവിലുളളവയിലെ മാറ്റങ്ങള്‍ക്കും ഇ-മെയില്‍ വഴി അപേക്ഷിക്കാം. സിവില്‍ സപ്ളൈസിന്റെ ഔദ്യോഗിക വെബ്സൈറ്റു വഴിയാണ് അപേക്ഷിക്കേണ്ടത്. റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്, ഇപ്പോഴുളള കാര്‍ഡിന്റെ വിവരങ്ങള്‍ എന്നിവയാണ് പുതിയ കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കുന്ന രേഖകള്‍. അപേക്ഷയോടൊപ്പം ഈ രേഖകള്‍ സ്കാന്‍ ചെയ്ത് പിഡിഎഫ് ഫയലായിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഇതിനോടൊപ്പം അപേക്ഷകന്റെ ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്തു അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുമ്പോള്‍ 25 രൂപയാണ് ഫീസ്. താലൂക്ക് ഓഫീസുകളില്‍ നേരിട്ടെത്തി അപേക്ഷിക്കുന്നതിനെക്കാള്‍ വേഗത്തില്‍ കാര്‍ഡ് ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അക്ഷയ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന പ്രിന്റൌട്ട് അതതു താലൂക്ക് സപ്ളൈ ഓഫീസുകളില്‍ നേരിട്ടെത്തണം. അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന ഫോട്ടോ അപേക്ഷകന്റെയാണോ എന്ന് ഉറപ്പുവരുത്തിയശേഷം സമര്‍പ്പിച്ചിട്ടുളള രേഖകള്‍ ശരിയാണെങ്കില്‍ എത്രയും വേഗം റേഷന്‍കാര്‍ഡ് ലഭ്യമാക്കും. റേഷന്‍കാര്‍ഡ് ലഭ്യമാകാനുളള തീയതി അക്ഷയകേന്ദ്രത്തില്‍ നിന്ന് അറിയാം.

ദേശാഭിമാനി വാര്‍ത്തകള്‍

1 comment:

  1. വിമുക്തഭടന്റെ മരണാനന്തരം നല്‍കുന്ന എക്സ്ഗ്രേഷ്യഗ്രാന്റ് 1000 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു. അന്ധരായ വിമുക്തഭടന്മാര്‍ക്കും അവരുടെ അന്ധരായ വിധവ/ഭാര്യ/മക്കള്‍ എന്നിവര്‍ക്ക് നല്‍കുന്ന പ്രതിമാസ ധനസഹായം 500 രൂപയില്‍നിന്ന് 1000 രൂപയായും വര്‍ധിപ്പിക്കും. സായുധസേനാ പതാകനിധിയുടെയും രാജ്യ സൈനികബോര്‍ഡിന്റെയും സംയുക്തയോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഷികബജറ്റിനും അംഗീകാരം നല്‍കി.

    ReplyDelete