Monday, November 29, 2010

ബാങ്ക് നിയമനം: അപേക്ഷകരില്‍ നിന്ന് എസ്ബിഐ തട്ടിയത് 75 കോടി

ഒഴിവ് 11,000, അപേക്ഷകര്‍ 34.29 ലക്ഷം, അപേക്ഷാ ഫീസ് 300, ഒഴിവ് നികത്താന്‍ പരീക്ഷ സംഘടിപ്പിച്ച സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ ഇനത്തില്‍മാത്രം സംഘടിപ്പിച്ചത് 100 കോടിയിലേറെ. പഞ്ചനക്ഷത്രഹോട്ടലിലെ ഇന്റര്‍വ്യൂ പരിപാടിയും കഴിഞ്ഞപ്പോള്‍ എസ്ബിഐയുടെ തൊഴില്‍നല്‍കല്‍ പരിപാടിയുടെ അറ്റാദായം 75 കോടി.

2009 ഏപ്രിലില്‍ എസ്ബിഐയുടെ ക്ളറിക്കല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചതിന്റെ കണക്കാണിത്. നിയമനം കാര്യമായി നടത്താതെ വര്‍ഷംതോറും ഇന്ത്യയിലെ പൊതുമേഖലാ ബങ്കുകള്‍ അപേക്ഷാ ഫീസിനത്തില്‍ കോടികളാണ് തൊഴില്‍രഹിതരില്‍നിന്ന് കൊള്ളയടിക്കുന്നത്. എസ്ബിഐയുടെ 2009ലെ പരീക്ഷയില്‍ ഒമ്പതു ലക്ഷത്തോളം അപേക്ഷകര്‍ പരീക്ഷയെഴുതിയില്ല. ഈയിനത്തിലും 27 കോടിയോളം ബാങ്ക് കൈക്കലാക്കി.

ഏറെ വിവാദമായ ക്ളറിക്കല്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ബാങ്ക് അധികൃതര്‍ നല്‍കിയ മറുപടിയിലാണ് തൊഴില്‍രഹിതര്‍ ചൂഷണംചെയ്യപ്പെട്ടതിന്റെ ഞെട്ടിക്കുന്ന കണക്കുള്ളത്. നൂറു കോടിയിലേറെ രൂപ അപേക്ഷാഫീസിനത്തില്‍ സമാഹരിച്ച ബാങ്ക് പക്ഷേ, പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും നടത്തിപ്പിന് എത്ര പണം ചെലവാക്കിയെന്നും എത്ര പണം ഈയിനത്തില്‍ ലാഭമുണ്ടായെന്നും പറയുന്നില്ല. മുംബൈ ആസ്ഥാനമായുള്ള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്‍ഡ് പേഴ്സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) എന്ന സ്ഥാപനത്തിനാണ് എഴുത്തുപരീക്ഷയുടെ ചുമതല. ഇവര്‍ക്കെത്ര പണം നല്‍കിയെന്നോ ബാങ്ക് സ്വന്തം നിലയില്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ ചെലവ് എത്രയെന്നോ ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നില്ല. ഈ തുകയെല്ലാം തൊഴില്‍രഹിതരില്‍നിന്ന് ശേഖരിച്ചതിനേക്കാള്‍ വളരെ ചെറിയ തുകയായതുകൊണ്ടാണ് ബാങ്ക് അധികൃതര്‍ വെളിപ്പെടുത്താത്തെതെന്നാണ് ബാങ്കിങ് മേഖലയിലെ ട്രേഡ് യൂണിയനുകള്‍ പറയുന്നത്.

രാജ്യത്തെ 81 കേന്ദ്രത്തില്‍ ആറ് ഘട്ടത്തിലായി നടത്തിയ ഈ എഴുത്തുപരീക്ഷയില്‍ 88,383 പേരെ ഇന്റര്‍വ്യൂചെയ്തു. 25,000ല്‍ ഏറെ പേരുടെ റാങ്ക്ലിസ്റ് പ്രസിദ്ധപ്പെടുത്തി. 11,000 ഒഴിവാണ് ബാങ്ക് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. കേരളത്തില്‍ 1200 ഉം. ഒന്നര വര്‍ഷമെടുത്ത് തയ്യാറാക്കിയ റാങ്ക്ലിസ്റ് പ്രസിദ്ധപ്പെടുത്തി മാസങ്ങള്‍ പിന്നിട്ടിട്ടും നിയമനമില്ല. പുതിയ നിയമനത്തിന് കോട്രിബ്യൂട്ടറി പെന്‍ഷനേ നടപ്പാക്കാനാകൂ എന്ന ബാങ്ക് മാനേജ്മെന്റ് നിലപാട് സംബന്ധിച്ച തര്‍ക്കമാണ് നിയമനം വൈകാന്‍ കാരണമായി പറയുന്നത്.

2008ലും എസ്ബിഐ ഇതേപോലെ പരീക്ഷാമഹാമഹം നടത്തിയിരുന്നു. അന്ന് 20,000 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 65 കോടിയിലേറെ അപേക്ഷാ ഫീസിനത്തില്‍ സമാഹരിച്ചു. ഈ കാലയളവില്‍ ബാങ്ക് ഓഫ് ബറോഡ (20 കോടി), യൂണിയന്‍ ബാങ്ക് (ഒമ്പതുകോടി), കനറ ബാങ്ക് (10.01 കോടി) എന്നീ ബാങ്കുകളും നിയമനത്തിന് കോടികള്‍ തട്ടി. ഓഫീസര്‍ തസ്തികയിലേക്ക് 500 രൂപ പ്രകാരം ഇക്കാലയളവില്‍ സ്വരൂപിച്ച കോടികള്‍ വേറെ. 2001ല്‍ നരസിംഹം കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ബാങ്കിങ്ങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് (ബിഎസ്ആര്‍ബി) പിരിച്ചു വിട്ടതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ സ്വന്തം നിലക്ക് അപേക്ഷ ക്ഷണിച്ച് കോടികള്‍ കൊയ്യാന്‍ തുടങ്ങിയത്.
(കെ വി സുധാകരന്‍)

deshabhimani 291110

3 comments:

  1. ഒഴിവ് 11,000, അപേക്ഷകര്‍ 34.29 ലക്ഷം, അപേക്ഷാ ഫീസ് 300, ഒഴിവ് നികത്താന്‍ പരീക്ഷ സംഘടിപ്പിച്ച സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ ഇനത്തില്‍മാത്രം സംഘടിപ്പിച്ചത് 100 കോടിയിലേറെ. പഞ്ചനക്ഷത്രഹോട്ടലിലെ ഇന്റര്‍വ്യൂ പരിപാടിയും കഴിഞ്ഞപ്പോള്‍ എസ്ബിഐയുടെ തൊഴില്‍നല്‍കല്‍ പരിപാടിയുടെ അറ്റാദായം 75 കോടി.

    ReplyDelete
  2. എസ്ബിഐയുടെ 2009ലെ പരീക്ഷയില്‍ ഒമ്പതു ലക്ഷത്തോളം അപേക്ഷകര്‍ പരീക്ഷയെഴുതിയില്ല. ഈയിനത്തിലും 27 കോടിയോളം ബാങ്ക് കൈക്കലാക്കി.

    enna pinne State Bank vandi vilichu ellarem exam centeril ethichu exam ezhuthippichu thirichu veettil kondu vidam, athu mathiyo?

    ReplyDelete
  3. പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട്.
    തട്ടിപ്പുകളുടെ പുതിയ മുഖങ്ങള്‍ അങ്ങനെ പുറത്തു വരട്ടെ. അധികാര കസേരയില്‍ ഇരുന്നു മോന്തുന്നവര്‍ക്ക് ഇതൊക്കെ പുറത്തു വരുമ്പോള്‍ ചൊറിയും. ... ചൊറിയണം...... അവന്മാരെയൊക്കെ നടുറോട്ടിലിട്ടു ജനങ്ങള്‍ പിച്ചി ചീന്തുന്ന കാലം വിദൂരമല്ല.
    നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ആശംസകള്‍..!!!!!!!!!

    ReplyDelete