Wednesday, November 24, 2010

അഴിമതിയുടെ കാണാപ്പുറങ്ങള്‍

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായം അഴിമതിയാണെന്നാണ് ചില സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥപ്രമുഖരും വ്യവസായികളുമെല്ലാം ഇതിലെ പങ്കുപറ്റുകാരാണ്. ഏതാണ്ട് ഒന്നര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ ഭയപ്പെട്ടിരുന്ന കാര്യം വാസ്തവമാവുകയാണ് ഇവിടെ. 1864 ല്‍ കേണല്‍ വില്യം എല്‍ക്കിന്‍സിന് അയച്ച കത്തില്‍ തന്റെ ഈ ഭയം അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട് - ''അമേരിക്കന്‍ ജനാധിപത്യത്തെ അപകടപ്പെടുത്തുന്നൊരു പ്രതിസന്ധി സമീപഭാവിയില്‍ ഉണ്ടാവുമെന്ന് ഞാന്‍ ഭയപ്പെടുന്നു. മൂലധനശക്തികളുടെ കിരീടധാരണം നടന്നുകഴിഞ്ഞു. ഇനി ഉന്നതങ്ങളില്‍ അഴിമതി മുടി അഴിച്ചാടും''. ഏറ്റവും ശ്രദ്ധേയമായ വസ്തുത, മുതലാളിത്തത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ ഉപാസകനായ ആഡം സ്മിത്ത് പോലും ഇത്തരമൊരു പ്രതിസന്ധി മുന്‍കൂട്ടി കാണുകയും അതിനെക്കുറിച്ച് വ്യാകുലപ്പെടുകയും ചെയ്തിരുന്നു എന്നതാണ്. ഏതാണ്ട് ഇത്തരമൊരു പ്രതിസന്ധിയാണ് ഇന്ന് നമ്മുടെ രാജ്യത്ത് അരങ്ങേറുന്നത്. അപവാദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, അഴിമതിക്കാര്‍ ഭരണകര്‍ത്താക്കളും, ഭരണകര്‍ത്താക്കള്‍ അഴിമതിക്കാരുമാകുന്ന അവസ്ഥയിലാണ് നാം എത്തിനില്‍ക്കുന്നത്. ഏതാനും ദിവസങ്ങളായി കേള്‍ക്കുന്ന അഴിമതി ആരോപണങ്ങള്‍ ഇത് നമ്മെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നു. നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് ജനങ്ങളുമായുള്ള ബന്ധം നേര്‍ത്തുവരുകയും അവര്‍ ക്രിമിനല്‍ - മാഫിയാ സംഘങ്ങളുമായി ചേര്‍ന്ന് നില്‍ക്കാന്‍ വ്യഗ്രത കാണിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ഇരുപത് വര്‍ഷക്കാലത്തെ അഴിമതി ആരോപണങ്ങള്‍ പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാവും. ഓരോ വര്‍ഷം കഴിയുംതോറും അഴിമതിയുടെ തോതും സ്വഭാവവും വളരുകയും മാറിവരുകയും ചെയ്യുന്നു. 1992 ല്‍ നിന്ന് 2010 ല്‍ എത്തിയപ്പോള്‍ അഴിമതി വ്യവസായത്തിന്റെ വളര്‍ച്ച 1750 ശതമാനമാണ്! നമ്മുടെ രാജ്യം 'സാമ്പത്തികമായി' വളരുന്നില്ലെന്ന് ആര്‍ക്ക് പറയാനാവും? സെക്യൂരിറ്റി കൗണ്‍സിലില്‍ എന്നല്ല അതിനേക്കാള്‍ വലിയ സഭയിലും സ്ഥിരാംഗത്വം നേടാന്‍ ഇതിനേക്കാള്‍ എന്ത് യോഗ്യതയാണ് വേണ്ടത്?

ഇന്ത്യയില്‍ അഴിമതി സമീപകാല സംഭവമാണെന്നല്ല പറഞ്ഞുവരുന്നത്. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യനാളുകളില്‍ പോലും ഇത്തരം ആരോപണങ്ങള്‍ ഉയരുകയും പല ഉന്നതര്‍ക്കും തങ്ങളുടെ കസേര നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. നെഹ്‌റു മന്ത്രിസഭയിലെ പ്രഥമ ധനകാര്യ മന്ത്രി ഷണ്‍മുഖ ചെട്ടിക്കും മറ്റൊരു മന്ത്രി റാവു ശിവബഹദൂര്‍ സിംഗിനും (മുന്‍ മാനവ വിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗിന്റെ അച്ഛന്‍) അധികാരം നഷ്ടപ്പെട്ടത് ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ്. എന്നാല്‍ ഇന്ന് അഴിമതിയുടെ വലിപ്പവും അതില്‍ ഉള്‍പ്പെടുന്ന ഉന്നതരുടെ എണ്ണവും ആരേയും അന്താളിപ്പിക്കുന്നതാണ്. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമൊക്കെ ഇതിലെ സജീവ പങ്കാളികളും പങ്ക്പറ്റുകാരും ആവുന്നു. പട്ടിക ശ്രദ്ധിച്ചാല്‍ യാഥാര്‍ഥ്യം കൂടുതല്‍ ബോധ്യമാകും

ഏറ്റവും രസകരമായ വസ്തുത ഈ വിധം ഉണ്ടാക്കുന്ന പണംകൊണ്ട് പങ്കുകച്ചവടം നടത്തുവാന്‍ രാഷ്ട്രീയത്തിന് അതീതമായി നേതാക്കള്‍ തുനിയുന്നു എന്നതാണ്. കര്‍ണാടക വിനോദസഞ്ചാര വകുപ്പ് മന്ത്രി ജി ജനാര്‍ദ്ദനറെഡ്ഢിയും മുന്‍ ആന്ധ്രാ മുഖ്യമന്ത്രി രാജശേഖര റെഡ്ഢിയുടെ മകന്‍ ജഗമോഹന്‍ റെഡ്ഢിയും ചേര്‍ന്ന് നടത്തുന്ന കൂട്ടുകച്ചവടം (കടപ്പ ജില്ലയിലെ 2000 കോടി രൂപയുടെ ഉരുക്ക് നിര്‍മ്മാണശാല) ഇതിന്റെ ഉത്തമദൃഷ്ടാന്തമാണ്. പാര്‍ട്ടികള്‍ക്കുള്ളില്‍ നേതാക്കള്‍ തമ്മിലും ഇത്തരം സംയുക്ത സംരംഭങ്ങള്‍ നടത്തുന്നത് വിരളമല്ല. ശിവസേനാ നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായിരുന്ന മനോഹര്‍ ജോഷിയും മറ്റൊരു നേതാവ് രാജ്താക്കറയും ചേര്‍ന്ന് മുംബൈയില്‍ നടത്തുന്ന തുണിമില്‍ (421 കോടി രൂപയാണ് മുതല്‍മുടക്ക്) ഇതിന്റെ ഉദാഹരണമാണ്. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ ജോഷി വെളിപ്പെടുത്തിയ തന്റെ ആസ്തി വെറും 2.5 കോടി രൂപയായിരിന്നു എന്നത് ഈ അസംബന്ധ നാടകത്തിന്റെ മറുവശമാണ്.

ലോക ബാങ്കിന്റെ കണക്കനുസരിച്ച് പ്രതിവര്‍ഷം 21,000 കോടി രൂപയാണ് കൈക്കൂലി ഇനത്തില്‍ മാത്രം നമ്മുടെ രാജ്യത്ത് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇതില്‍ നല്ലൊരു പങ്ക് ഇന്ത്യയ്ക്ക് പുറത്തേയ്ക്കാണ് ഒഴുകുന്നതും. കഴിഞ്ഞ 60 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വിസ് ബാങ്കുകളില്‍ കുമിഞ്ഞുകൂടിയ സംഖ്യ 1.5 ട്രില്യണ്‍ ഡോളറാണത്രെ! 2002-06 ല്‍ മാത്രം ഈ വിധം നമുക്ക് നഷ്ടപ്പെട്ടത് 27 ബില്യണ്‍ ഡോളറാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഈ വിധം ഉണ്ടാക്കുന്ന കള്ളപ്പണത്തിന്റെ ഒരു പങ്ക് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ചെലവഴിക്കുന്നു എന്നതും വാസ്തവം തന്നെ. കോടികണക്കിന് രൂപ പെയ്ഡ് ന്യൂസിനും മറ്റും പാര്‍ട്ടികള്‍ ചെലവഴിക്കുന്നതിന്റെ പിന്നിലെ പൊരുളും മറ്റൊന്നല്ല.

അഴിമതിയുടെ ഏറ്റവും വലിയ ഉറവിടം വന്‍കിട വ്യവസായ ഗ്രൂപ്പുകളും രാഷ്ട്രീയ നേതൃത്വങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തന്നെയാണ്.

രാജ്യത്തെ വന്‍കിട കമ്പനികളില്‍ 70 ശതമാനവും യാതൊരുവിധ കരവും അടയ്ക്കാറില്ലെന്നാണ് പറയപ്പെടുന്നത്. ഇത് വാസ്തവമാവാനാണ് സാധ്യതയും. കഴിഞ്ഞ രണ്ടുദശകങ്ങളില്‍ വ്യാവസായിക വളര്‍ച്ചയുടെ തോത് ക്രമമായി വര്‍ധിച്ചെങ്കിലും കരം പിരിവില്‍ 30 ശതമാനത്തോളം ഇടിവ് ഉണ്ടായത് ഇതിന്റെ തെളിവാണ്. ഇതിനെല്ലാം പുറമെയാണ് ഇക്കൂട്ടര്‍ അനുഭവിക്കുന്ന വിവിധ ഇനം സബ്‌സിഡികള്‍. മദ്യ കമ്പനികള്‍ മുതല്‍ ഐ ടി കമ്പനികള്‍ വരെ ഇതിന്റെ ഗുണഭോക്താക്കളാണ്. ഈ വിധം ലഭിക്കുന്ന സമ്പത്തിന്റെ ഒരു വിഹിതം തിരികെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും കീശയില്‍ എത്താറുണ്ടെന്ന പ്രശ്‌നവും അവശേഷിക്കുന്നു. ഇവിടെയാണ് അഴിമതിയുടെ വൃത്തം പൂര്‍ത്തിയാവുന്നതും ഭരണം മാഫിയാകളുടേയും മൂലധന ശക്തികളുടെയും കൈപ്പിടിയില്‍ അമരുന്നതും. മുന്‍ പ്രധാനമന്ത്രി വി പി സിംഗ് പറഞ്ഞത് ഓര്‍ക്കുക- ''ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിന്റെ കിരീടം ഡല്‍ഹിയില്‍ അല്ല ഇരിക്കുന്നത്. പിന്നെയോ, മുംബൈയിലെ വ്യവസായ പ്രമുഖരുടെ പണപ്പെട്ടിയിലാണ്''. എബ്രഹാം ലിങ്കണ്‍ അമേരിക്കയുടെ കാര്യത്തില്‍ വിഭാവന ചെയ്ത പ്രതിസന്ധി നമ്മേ സംബന്ധിച്ചിടത്തോളവും ശരിയാവുകയാണ്.

തൊണ്ണൂറുകളില്‍ ആരംഭിച്ച സാമ്പത്തിക ഉദാരവല്‍ക്കരണം അഴിമതിയുടെ അളവും തോതും ക്രമാതീതമായി വര്‍ധിപ്പിച്ചു എന്ന് കാണാന്‍ വിഷമമില്ല. മാത്രമല്ല, അതിന്റെ രീതിയിലും സ്വഭാവത്തിലും ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. മുന്‍നാളുകളിലെ ലൈസന്‍സിന്റെയും പെര്‍മിറ്റിന്റെയും സ്ഥാനത്ത് അത് റിയല്‍ എസ്റ്റേറ്റിന്റെയും പുത്തന്‍ സാങ്കേതിക വിദ്യയുടെയും ചുറ്റും കറങ്ങാന്‍ തുടങ്ങുന്നത് ഇവിടം മുതല്‍ക്കാണ്. കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുടെ ഭൂമി ഇടപാടും, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ ഉള്‍പ്പെട്ട ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണവും, മുന്‍ ടെലികോം മന്ത്രി എ രാജയുടെ സ്‌പെക്ട്രം അഴിമതിയും, അതിന് മുന്‍പ് (2002-03) പ്രമോദ് മഹാജന്‍ ഗ്രാമീണ മേഖലയില്‍ മൊബൈല്‍ കണക്ടിവിറ്റി സ്ഥാപിക്കുന്നതില്‍ നടത്തിയ ക്രമക്കേടും മാറിവരുന്ന അഴിമതിയുടെ തെളിഞ്ഞ ചിത്രങ്ങളാണ്.

സാമ്പത്തിക ആഗോളവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്ന സംസ്‌കാരം ഉപഭോഗത്തിന്റെയും പണക്കൊതിയുടേതുമാണ്. മൂല്യങ്ങള്‍ മുതലിന് വഴിമാറുന്ന സംസ്‌കാരം. ഇന്ത്യന്‍ മധ്യവര്‍ഗത്തെ- പൊതുപ്രവര്‍ത്തകരിലെ മധ്യവര്‍ഗം ഉള്‍പ്പെടെ- ഇന്ന് മുന്നോട്ട് നയിക്കുന്നതും ഈ സംസ്‌കാരമാണ്. ഇക്കൂട്ടര്‍ ഒരേസമയം അഴിമതിയുടെ ഇരകളും അഴിമതിക്കാരുമാണ്. കാര്യംകാണാന്‍ സ്വയം കുറുക്കുവഴി തേടുന്ന ഇവര്‍, ഇതേ മാര്‍ഗത്തിലൂടെ തങ്ങളുടെ മുന്നില്‍ എത്തുന്നവരില്‍ നിന്ന് പണം പിടുങ്ങുന്നതില്‍ ബദ്ധശ്രദ്ധാലുക്കളുമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ ഏതാണ്ട് 30-40 ശതമാനം വരുന്ന ഇവരാണ് അഴിമതിയുടെ പുത്തന്‍ കൂറ്റുകാര്‍. ഇതിന്റെ മറുവശമാണ് മൂലധന ശക്തികളും രാഷ്ട്രീയ/ഭരണ നേതൃത്വങ്ങളും മറ്റുള്ളവരും ചേര്‍ന്ന് നടത്തുന്ന വന്‍കിട അഴിമതികള്‍. സാമ്പത്തിക വളര്‍ച്ചാനിരക്ക് വര്‍ധിക്കുംതോറും അഴിമതിയുടെ വ്യാപ്തിയും ഏറിവരും. ഇതാണ് മുഖ്യപ്രശ്‌നം.

അതുകൊണ്ടുതന്നെ അഴിമതിക്കെതിരായുള്ള ഏത് നീക്കവും സാമ്പത്തിക ആഗോളവല്‍ക്കരണത്തിനും ഉപഭോഗ സംസ്‌കാരത്തിനും അവയുടെ പാര്‍ശ്വ ഫലങ്ങള്‍ക്കും എതിരായുള്ള സംയുക്ത സമരമാവണം. തിരഞ്ഞെടുപ്പുകളെ പണത്തിന്റെ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നീക്കവും അനിവാര്യമാണ്. ഒപ്പം രാഷ്ട്രീയം സാമൂഹ്യമാറ്റത്തിന്റെ ഉപകരണമാവുകയും വികസനത്തിന്റെ ഫലം വികേന്ദ്രീകരിക്കപ്പെടുകയും വേണം. മറിച്ച്, അഴിമതി വിരുദ്ധ സ്‌ക്വാഡിനെ സൃഷ്ടിച്ചതുകൊണ്ടോ വിജിലന്‍സ് സംവിധാനത്തെ ശക്തിപ്പെടുത്തിയതു കൊണ്ടോ മാത്രം അഴിമതിക്ക് പരിഹാരമാവുന്നില്ല.

ഡോ. ജെ പ്രഭാഷ് janayugom 241110

2 comments:

  1. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായം അഴിമതിയാണെന്നാണ് ചില സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥപ്രമുഖരും വ്യവസായികളുമെല്ലാം ഇതിലെ പങ്കുപറ്റുകാരാണ്. ഏതാണ്ട് ഒന്നര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ ഭയപ്പെട്ടിരുന്ന കാര്യം വാസ്തവമാവുകയാണ് ഇവിടെ. 1864 ല്‍ കേണല്‍ വില്യം എല്‍ക്കിന്‍സിന് അയച്ച കത്തില്‍ തന്റെ ഈ ഭയം അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട് - ''അമേരിക്കന്‍ ജനാധിപത്യത്തെ അപകടപ്പെടുത്തുന്നൊരു പ്രതിസന്ധി സമീപഭാവിയില്‍ ഉണ്ടാവുമെന്ന് ഞാന്‍ ഭയപ്പെടുന്നു. മൂലധനശക്തികളുടെ കിരീടധാരണം നടന്നുകഴിഞ്ഞു. ഇനി ഉന്നതങ്ങളില്‍ അഴിമതി മുടി അഴിച്ചാടും''. ഏറ്റവും ശ്രദ്ധേയമായ വസ്തുത, മുതലാളിത്തത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ ഉപാസകനായ ആഡം സ്മിത്ത് പോലും ഇത്തരമൊരു പ്രതിസന്ധി മുന്‍കൂട്ടി കാണുകയും അതിനെക്കുറിച്ച് വ്യാകുലപ്പെടുകയും ചെയ്തിരുന്നു എന്നതാണ്. ഏതാണ്ട് ഇത്തരമൊരു പ്രതിസന്ധിയാണ് ഇന്ന് നമ്മുടെ രാജ്യത്ത് അരങ്ങേറുന്നത്. അപവാദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, അഴിമതിക്കാര്‍ ഭരണകര്‍ത്താക്കളും, ഭരണകര്‍ത്താക്കള്‍ അഴിമതിക്കാരുമാകുന്ന അവസ്ഥയിലാണ് നാം എത്തിനില്‍ക്കുന്നത്. ഏതാനും ദിവസങ്ങളായി കേള്‍ക്കുന്ന അഴിമതി ആരോപണങ്ങള്‍ ഇത് നമ്മെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നു. നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് ജനങ്ങളുമായുള്ള ബന്ധം നേര്‍ത്തുവരുകയും അവര്‍ ക്രിമിനല്‍ - മാഫിയാ സംഘങ്ങളുമായി ചേര്‍ന്ന് നില്‍ക്കാന്‍ വ്യഗ്രത കാണിക്കുകയും ചെയ്യുന്നു.

    ReplyDelete