Tuesday, November 23, 2010

ഏലംവില തകരുന്നു; കര്‍ഷകര്‍ ആശങ്കയില്‍

കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി ഉയര്‍ന്ന ഏലക്ക വില കുത്തനെ ഇടിയുന്നു. വെള്ളിയാഴ്ച കട്ടപ്പനയില്‍ 750 രൂപയായിരുന്നു ഏലക്കായുടെ വില. വ്യാഴാഴ്ച 675 രൂപ വരെ വില താഴ്ന്നിരുന്നു. കഴിഞ്ഞ മാസം ഇതേസമയം 1200 രൂപ വരെ ലഭിച്ചതാണ്. നാലുമാസം മുമ്പ് 1800 വരെ എത്തിയ വിലയാണ് ഇപ്പോള്‍ 725 ലെത്തിയത്. വിളവെടുപ്പ് തീര്‍ത്തും കുറഞ്ഞ സമയത്താണ് ഉയര്‍ന്ന വിലയിലെത്തിയത്. സീസണ്‍  തുടങ്ങിയതുമുതല്‍ ക്രമേണ വില താഴുന്ന പ്രവണതയാണ്. എങ്കിലും ഇത്രയും വലിയ തകര്‍ച്ച കര്‍ഷകര്‍ക്ക് താങ്ങാനാകുന്നില്ല. എത്ര വിലത്തകര്‍ച്ചയുണ്ടായാലും ഉല്‍പ്പന്നം സംഭരിച്ചുവെക്കാനും അതിന്റെ ഈടില്‍ പണം ലഭിക്കാനും വിഭാവനം ചെയ്ത് പണി പൂര്‍ത്തിയാക്കിയ സ്പൈസസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്യാത്തതും കര്‍ഷകരെ വലയ്ക്കുന്നു. പുറ്റടിയിലുള്ള ഈ പാര്‍ക്ക് പൂര്‍ണ്ണ പ്രവര്‍ത്തനം തുടങ്ങിയാല്‍ വിപണിയിലുണ്ടാകുന്ന വില വ്യതിയാനം കര്‍ഷകരെ ബാധിക്കില്ലായിരുന്നു. ഇവിടുത്തെ ഗോഡൌണില്‍ സൂക്ഷിക്കുന്ന ഏലക്കായുടെ രസീത് നല്‍കിയാല്‍ പണം ലഭിക്കാനും ബാങ്കുകളുമായി ചേര്‍ന്ന് സ്പൈസസ് ബോര്‍ഡ് ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇടുക്കി എംപി പി ടി തോമസിന്റെ പിടിവാശിയെത്തുടര്‍ന്ന് സ്പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനം വൈകുകയാണ്. തങ്ങളുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് വണ്ടന്‍മേട് പുറ്റടിയിലെ പാര്‍ക്കില്‍ ഏലത്തിന്റെ ഇ- ലേലം ആരംഭിച്ചതിലുള്ള അതൃപ്തിയാണ് പി ടി തോമസിന്റെ എതിര്‍പ്പിനു കാരണം.

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് ജെ മാത്യു ചെയര്‍മാനായ കേരള കാര്‍ഡമം പ്രൊഡ്യുസിങ് ആന്‍ഡ്മാര്‍ക്കറ്റിങ് കമ്പനി (കെസിപിഎംസി) ഇ-ലേലംനടത്തുന്നുണ്ട്. ഇവരുടെ ലേലത്തിന് അംഗീകാരം ആവശ്യപ്പെട്ട് എംപി കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മയ്ക്ക് നിവേദനം കൊടുത്തിരുന്നു. എന്നാല്‍ കര്‍ഷക താല്‍പര്യം മുന്‍നിര്‍ത്തി സ്പൈസസ് ബോര്‍ഡ് അധികൃതരെടുത്ത ഉറച്ച നിലപാടുകള്‍ക്കുമുന്നില്‍ 'കര്‍ഷകരക്ഷ പ്രസംഗിക്കുന്ന' എംപിയുടെ നീക്കം പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിലുള്ള സ്വാധീനം ഉപയോഗിച്ചും തൊഴില്‍ത്തര്‍ക്കമുണ്ടാക്കിയും പാര്‍ക്കിന്റെ ഉദ്ഘാടനം വൈകിപ്പിക്കുകയാണ്. പാര്‍ക്ക് സജീവമായാല്‍ ഏലം വ്യാപാരത്തിന്റെ മുഖ്യശതമാനവും ഈ കേന്ദ്രം വഴിയാകും. ഇതോടെ ലേല മേഖലയിലുള്ള സ്വകാര്യകമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുമെന്നതാണ് എംപിയുണ്ടാക്കുന്ന തടസ്സങ്ങള്‍ക്കു പിന്നിലുള്ള യഥാര്‍ത്ഥ കാരണം. വില കുറയുന്നതിനാല്‍ വാങ്ങുന്നതില്‍ നിന്ന് വ്യാപാരികളും വിട്ടു നില്‍ക്കുകയാണ്. ചെറുകിട കര്‍ഷകരെയാണ് ഇതു കൂടുതലായും ബാധിക്കുന്നത്.
(പി എസ് തോമസ്)

ദേശാഭിമാനി 231110

1 comment:

  1. കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി ഉയര്‍ന്ന ഏലക്ക വില കുത്തനെ ഇടിയുന്നു. വെള്ളിയാഴ്ച കട്ടപ്പനയില്‍ 750 രൂപയായിരുന്നു ഏലക്കായുടെ വില. വ്യാഴാഴ്ച 675 രൂപ വരെ വില താഴ്ന്നിരുന്നു. കഴിഞ്ഞ മാസം ഇതേസമയം 1200 രൂപ വരെ ലഭിച്ചതാണ്. നാലുമാസം മുമ്പ് 1800 വരെ എത്തിയ വിലയാണ് ഇപ്പോള്‍ 725 ലെത്തിയത്. വിളവെടുപ്പ് തീര്‍ത്തും കുറഞ്ഞ സമയത്താണ് ഉയര്‍ന്ന വിലയിലെത്തിയത്. സീസണ്‍ തുടങ്ങിയതുമുതല്‍ ക്രമേണ വില താഴുന്ന പ്രവണതയാണ്. എങ്കിലും ഇത്രയും വലിയ തകര്‍ച്ച കര്‍ഷകര്‍ക്ക് താങ്ങാനാകുന്നില്ല. എത്ര വിലത്തകര്‍ച്ചയുണ്ടായാലും ഉല്‍പ്പന്നം സംഭരിച്ചുവെക്കാനും അതിന്റെ ഈടില്‍ പണം ലഭിക്കാനും വിഭാവനം ചെയ്ത് പണി പൂര്‍ത്തിയാക്കിയ സ്പൈസസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്യാത്തതും കര്‍ഷകരെ വലയ്ക്കുന്നു. പുറ്റടിയിലുള്ള ഈ പാര്‍ക്ക് പൂര്‍ണ്ണ പ്രവര്‍ത്തനം തുടങ്ങിയാല്‍ വിപണിയിലുണ്ടാകുന്ന വില വ്യതിയാനം കര്‍ഷകരെ ബാധിക്കില്ലായിരുന്നു. ഇവിടുത്തെ ഗോഡൌണില്‍ സൂക്ഷിക്കുന്ന ഏലക്കായുടെ രസീത് നല്‍കിയാല്‍ പണം ലഭിക്കാനും ബാങ്കുകളുമായി ചേര്‍ന്ന് സ്പൈസസ് ബോര്‍ഡ് ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇടുക്കി എംപി പി ടി തോമസിന്റെ പിടിവാശിയെത്തുടര്‍ന്ന് സ്പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനം വൈകുകയാണ്. തങ്ങളുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് വണ്ടന്‍മേട് പുറ്റടിയിലെ പാര്‍ക്കില്‍ ഏലത്തിന്റെ ഇ- ലേലം ആരംഭിച്ചതിലുള്ള അതൃപ്തിയാണ് പി ടി തോമസിന്റെ എതിര്‍പ്പിനു കാരണം.

    ReplyDelete