Tuesday, November 30, 2010

കാലാവസ്ഥാ ഉച്ചകോടിയ്ക്ക് മെക്‌സിക്കോയില്‍ തുടക്കമായി

കാന്‍കണ്‍: ആഗോളതാപനത്തെ ഫലപ്രദമായി ചെറുക്കാനുളള നടപടികളെക്കുറിച്ച് ആലോചിക്കാനുളള അന്താരാഷ്ട്ര ഉച്ചകോടിയ്ക്ക് മെക്‌സിക്കോയിലെ കാന്‍കണില്‍ തുടക്കമായി. പ്രഹസനമായി പിരിഞ്ഞ കഴിഞ്ഞ ഡിസംബറിലെ കോപ്പന്‍ ഹേഗന്‍ ഉച്ചകോടിക്ക് ശേഷമാണ് ലോകരാഷ്ട്രങ്ങള്‍ കാന്‍കണിലെത്തുന്നത്. കഴിഞ്ഞ ഉച്ചകോടിയില്‍ നിന്നും വ്യത്യസ്തമായി ഫലപ്രദമായ എന്തെങ്കിലും തീരുമാനങ്ങള്‍ കൈക്കൊളളുന്നതിനുവേണ്ടിയുളള ചര്‍ച്ചകളിലാണ് പ്രതിനിധികള്‍.

ആഗോള താപനവും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുളള അന്താരാഷ്ട്ര ഉടമ്പടിക്കുളള സാധ്യത വിദൂരമാണെന്ന കാര്യം വന്‍ശക്തികളുടെ പ്രതിനിധികള്‍ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ വനനശീകരണം തടയല്‍, സാങ്കേതിക വിദ്യകളുടെ കൈമാറ്റം, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാന്‍ വികസ്വരരാജ്യങ്ങള്‍ക്കായി പൊതുഫണ്ട് രൂപീകരിക്കുക എന്നീ അനുബന്ധവിഷയങ്ങളില്‍ പൊതുധാരണയുണ്ടാക്കാന്‍ ഊര്‍ജിതമായി നടക്കുന്ന ശ്രമങ്ങള്‍ ഫലം കാണുമെന്നാണ് സൂചന.

ലോകത്ത് പുറന്തളളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ 40 ശതമാനം പങ്കാളിത്തം വഹിക്കുന്ന അമേരിക്കയുടേയും ചൈനയുടേയും നിലപാടുകളാകും സമ്മേളനഗതിയെ നിയന്ത്രിക്കുക. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് 20 ശതമാനത്തിന് താഴെയായി നിജപ്പെടുത്തണമെന്ന സമ്മേളനത്തിലെ ഭൂരിപക്ഷം പ്രതിനിധികളുടേയും ആവശ്യം അമേരിക്ക അംഗീകരിക്കാത്തതായിരുന്നു കോപ്പന്‍ഹേഗന്‍ ഉച്ചകോടി എങ്ങുമെത്താതെ പിരിയാന്‍ പ്രധാനകാരണമായത്. വ്യവസായരംഗത്തെ വാതകപ്രസരണത്തിന്റെ തോത് കുറയ്ക്കാന്‍ ഉദ്ദേശിച്ച് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ബില്‍ പാസ്സാകാത്തതും അമേരിക്കന്‍ നിലപാടുകളില്‍ കാര്യമായ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കുന്നു. ഉച്ചകോടിയില്‍ ഫലപ്രദമായ തീരുമാനങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ജര്‍മന്‍ പരിസ്ഥിതി മന്ത്രി നോര്‍ബട്ട് റോട്ടന്‍ പറഞ്ഞു.

janayugom 301110

1 comment:

  1. ആഗോളതാപനത്തെ ഫലപ്രദമായി ചെറുക്കാനുളള നടപടികളെക്കുറിച്ച് ആലോചിക്കാനുളള അന്താരാഷ്ട്ര ഉച്ചകോടിയ്ക്ക് മെക്‌സിക്കോയിലെ കാന്‍കണില്‍ തുടക്കമായി. പ്രഹസനമായി പിരിഞ്ഞ കഴിഞ്ഞ ഡിസംബറിലെ കോപ്പന്‍ ഹേഗന്‍ ഉച്ചകോടിക്ക് ശേഷമാണ് ലോകരാഷ്ട്രങ്ങള്‍ കാന്‍കണിലെത്തുന്നത്. കഴിഞ്ഞ ഉച്ചകോടിയില്‍ നിന്നും വ്യത്യസ്തമായി ഫലപ്രദമായ എന്തെങ്കിലും തീരുമാനങ്ങള്‍ കൈക്കൊളളുന്നതിനുവേണ്ടിയുളള ചര്‍ച്ചകളിലാണ് പ്രതിനിധികള്‍.

    ReplyDelete