Wednesday, November 24, 2010

സംസ്ഥാന വാര്‍ത്തകള്‍

20,000 ആദിവാസികള്‍ക്ക് ഭൂമി നല്‍കി

സംസ്ഥാനസര്‍ക്കാര്‍ 20,000 ആദിവാസികള്‍ക്ക് ഭൂമി നല്‍കിയെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജില്‍ യുജിസി ധനസഹായത്തോടെ ആരംഭിക്കുന്ന ആദിവാസി സാമൂഹ്യ-സാമ്പത്തിക അവസ്ഥകളെക്കുറിച്ചുള്ള ഗവേഷണ വികസനപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രനിയമം ഉണ്ടായിട്ടും ആദിവാസികള്‍ക്ക് വനഭൂമി വിട്ടുനല്‍കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടു. വിട്ടുകൊടുത്ത ഭൂമിയില്‍ കുടില്‍കെട്ടുന്നതിന് നിയമം നിര്‍മിക്കണമെങ്കില്‍ സാധ്യത പരിശോധിക്കും. ആദിവാസി സമഗ്ര ചികിത്സാപദ്ധതി രാജ്യത്തെ ആദ്യ സംരംഭമാണ്. ഏത് ആശുപത്രിയിലും ഏതു രോഗത്തിനും ആദിവാസികള്‍ക്ക് സൌജന്യചികിത്സ ലഭ്യമാണ്. മുന്‍കൂറായി ചികിത്സാ ചെലവും നല്‍കും. ആദിവാസികളുടെ വീട്ടിലെത്തി ചികിത്സിക്കുന്നതിന് ഡോക്ടര്‍ക്ക് പ്രത്യേക യാത്രാപ്പടിയും നല്‍കും. പിന്നോക്കക്കാരുടെ പരാതികള്‍ പരിഹരിച്ചു. പിന്നോക്കക്ഷേമത്തിന് സംസ്ഥാനം നല്‍കിയ പദ്ധതിവിഹിതത്തിന്റെ 98 ശതമാനവും തദ്ദേശസ്ഥാപനങ്ങള്‍ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ ഭൂപ്രശ്നത്തിന് മൂന്നുമാസത്തിനകം പരിഹാരം

വയനാട്ടിലെ കര്‍ഷക-ആദിവാസി ഭൂപ്രശ്നം മൂന്നുമാസത്തിനകം തീര്‍ക്കാനാകുമെന്ന് മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. ഇതിനായി റവന്യു-വനം വകുപ്പുകള്‍ സര്‍വേ നടപടി ആരംഭിക്കും. സമയബന്ധിതമായി ഭൂപ്രശ്നം പരിഹരിക്കാനാണ് ശ്രമം. അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഊര്‍ജിതപ്പെടുത്തും- ഭൂപ്രശ്നം പരിഹരിക്കാന്‍ ആരംഭിച്ച രണ്ട് പ്രത്യേക ഓഫീസുകളുടെ ഉദ്ഘാടന ശേഷം വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

ഡിസംബര്‍ 18ന് വയനാട്ടില്‍ ആദ്യഘട്ടമായി പട്ടയമേള നടത്തും. പുതിയ ഓഫീസുകള്‍ തുടങ്ങിയതിന്റെ ഭാഗമായി പ്രവര്‍ത്തന പുരോഗതി രണ്ടാഴ്ച കൂടുമ്പോള്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ വിലയിരുത്തും. കൈയേറ്റഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമതര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ വയനാട്ടിലെ ഉദ്യോഗസ്ഥരുടെ യോഗം 29 ന് കൊച്ചിയില്‍ ചേരും. അഡ്വക്കറ്റ് ജനറല്‍, അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്യും. ആദിവാസികള്‍ക്ക് വനാവകാശപ്രകാരം വയനാട്ടില്‍ കുറച്ച് ഭൂമിയേ ഇനി വിതരണം ചെയ്യാനുള്ളു. ഭൂരഹിതരായവര്‍ക്ക് നല്‍കാന്‍ ഭൂമി പണംകൊടുത്ത് വിലക്കെടുക്കും. ഏഴായിരത്തോളം പേര്‍ക്ക് ഇനി ഭൂമി നല്‍കണം. ഇതിനായി ആയിരം ഏക്കര്‍ വിലകൊടുത്ത് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 50 കോടി രൂപയും നല്‍കി. എന്നാല്‍ 306 ഏക്കറേ ഇതേവരെ ലഭിച്ചിട്ടുള്ളു. ഭൂമി വിലക്കെടുത്ത് ഈ വര്‍ഷം തന്നെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഭൂമി ലഭ്യമാക്കിയാല്‍ ആദിവാസി സര്‍വകലാശാല സെന്റര്‍ ജില്ലയില്‍ സ്ഥാപിക്കും. ശ്രീചിത്രാമെഡിക്കല്‍ സെന്ററിനും സ്ഥലം കണ്ടെത്തേണ്ടതായുണ്ട്. ജില്ലയിലെ എഴുനൂറോളം കുടുംബങ്ങള്‍ക്ക് ആറളത്ത് ഭൂമി നല്‍കാനുള്ള നടപടി പുരോഗമിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലയുടെ വളര്‍ച്ച: അന്താരാഷ്ട്ര സെമിനാര്‍ നടത്തും

കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടങ്ങളും വളര്‍ച്ചയും അടിസ്ഥാനപ്പെടുത്തി പൊതുമേഖലയുടെ പ്രസക്തിയും പ്രാധാന്യവും വെളിപ്പെടുത്തുന്ന അന്തര്‍ദേശീയ സെമിനാര്‍ ഡിസംബര്‍ 10, 11 തീയതികളില്‍ കോവളം ലീല റീജന്‍സി ഹോട്ടലില്‍ നടക്കുമെന്ന് വ്യവസായമന്ത്രി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐക്യരാഷ്ട്രസഭാ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ജോമോ സോമസുന്ദരം ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളില്‍ അഞ്ച് ടെക്നിക്കല്‍ വിഭാഗങ്ങളില്‍ സെമിനാര്‍ നടക്കും. പരിപാടിയുടെ വെബ് സൈറ്റും ലോഗോയും ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു.

സ്മാര്‍ട്ട് സിറ്റിക്കു വിട്ടുകൊടുത്ത ഭൂമി തിരിച്ചുവാങ്ങും: മന്ത്രി ബാലന്‍

സ്മാര്‍ട്ട് സിറ്റിക്കായി വൈദ്യുതി വകുപ്പ് നല്‍കി 100 ഏക്കര്‍ സ്ഥലം പദ്ധതി നടപ്പായില്ലെങ്കില്‍ തിരിച്ചു നല്‍കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എകെ ബാലന്‍ പറഞ്ഞു. കേരളത്തിന്റെ സ്വപ്നപദ്ധതിയായതിനാലാണ് സ്മാര്‍ട്ട് സിറ്റിക്ക് ഭൂമി വിട്ടു കൊടുത്തത്. ബ്രഹ്മപുരം പദ്ധതി പ്രാവര്‍ത്തികമാവുമ്പോള്‍ ഈ സ്ഥലം ആവശ്യമാണ്. പകുതിയെങ്കിലും വിട്ടു തരേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. മഹാരാജാസ് കോളേജില്‍ യുജിസി ധനസഹായപദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

എന്‍ഡോസള്‍ഫാന്‍: ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും- കോടിയേരി


കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ നിരോധനം കൂടുതല്‍ ഫലപ്രദമാക്കാന്‍ അതിര്‍ത്തി ചെക്പോസ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കുട്ടിക്കാനത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരക കീടനാശിനിയുടെ ഉല്‍പ്പാദനവും ഉപയോഗവും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കണം. കേരളംമാത്രമാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കേരളത്തിലേക്ക് എന്‍ഡോസള്‍ഫാന്‍ എത്താതിരിക്കാന്‍ കൂടുതല്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിദിന ലോട്ടറി തല്‍ക്കാലമില്ല


കേരള ഭാഗ്യക്കുറിയുടെ പ്രതിദിന നറുക്കെടുപ്പ് തല്‍ക്കാലം പുനരാരംഭിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ലോട്ടറി തൊഴിലാളികളുടെ പ്രയാസം കണക്കിലെടുത്താണ് ആഴ്ചയില്‍ എല്ലാദിവസവും നറുക്കെടുക്കുന്ന ഘടന പുന:സ്ഥാപിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ തല്‍ക്കാലം അത് നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. കേരള ലോട്ടറി പ്രതിദിനമാക്കണമെന്ന് വില്‍പ്പനക്കാരും വിതരണക്കാരും നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിദിന നറുക്കെടുപ്പ് പുനഃസ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചത്. എന്നാല്‍ അന്യസംസ്ഥാന ലോട്ടറിക്കാര്‍ ഈ അവസരം മുതലെടുത്ത് സംസ്ഥാന ലോട്ടറിക്കെതിരെ നീങ്ങാന്‍ ഇടയുള്ളതിനാലാണ് തല്‍ക്കാലം പ്രതിവാര നറുക്കെടുപ്പ് മതിയെന്ന തീരുമാനം.

യുഡിഎഫ് കുറ്റവിചാരണയാത്ര നടത്തും

യുഡിഎഫ് നേതൃത്വത്തില്‍ മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ സംസ്ഥാനസര്‍ക്കാരിനെതിരെ കുറ്റവിചാരണയാത്ര സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു. സര്‍ക്കാരിനെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് ജനങ്ങളില്‍ നിന്നും ഒപ്പുശേഖരിച്ച് ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിക്കും.സര്‍ക്കാരിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും യുഡിഎഫ് യോഗത്തിനുശേഷം തങ്കച്ചന്‍ പറഞ്ഞു.

ജ്വല്ലറിയിലെ സ്വര്‍ണക്കൈമാറ്റം: തിരിച്ചറിയല്‍രേഖ പരിശോധിക്കണം

ജ്വല്ലറികളില്‍ സ്വര്‍ണം മാറ്റിയെടുക്കാനും വില്‍ക്കാനും വരുന്നവരുടെ തിരിച്ചറിയല്‍രേഖ പരിശോധിക്കണമെന്ന് ഹൈക്കോടതി. സ്വര്‍ണം കൈമാറുന്നവര്‍ക്ക് തിരിച്ചറിയല്‍രേഖ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി ആഭ്യന്തരവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. കവര്‍ച്ചസ്വര്‍ണത്തിന്റെ പേരില്‍ സ്വര്‍ണവ്യാപാരികളെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിക്കരുതെന്ന മുന്‍ ഉത്തരവ് ഭേദഗതിചെയ്തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്വര്‍ണവ്യാപാരികളെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ക്രിമിനല്‍ നടപടിനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ് ഭേദഗതിചെയ്തതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

വൈദ്യുതി അധികപിരിവ് ക്രമവിരുദ്ധം: റെഗുലേറ്ററി കമീഷന്‍


വൈദ്യുതി വിതരണ നിയമത്തിന് വിരുദ്ധമായി അഡീഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് പിരിച്ച വൈദ്യുതിബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ റെഗുലേറ്ററി കമീഷന്‍ തീരുമാനിച്ചു. വെഞ്ഞാറമൂട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉപയോക്താവ് സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണിത്. മുന്‍ സാമ്പത്തികവര്‍ഷത്തെ വൈദ്യുതി ഉപയോഗം അതിന് മുന്‍വര്‍ഷത്തേതിനേക്കാള്‍ കൂടുതലാണെങ്കില്‍ അധികമായി ഉപയോഗിച്ച വൈദ്യുതിയുടെ അടിസ്ഥാനത്തിലാണ് അഡീഷണല്‍ സെക്യൂരിറ്റി നിര്‍ണയിക്കേണ്ടത്. ഇതിന് ഒരു മാസത്തെ പ്രത്യേക നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ച് കണ്‍സ്യൂമര്‍ ബില്ലില്‍ കുടിശ്ശികയെന്നോ എസിഡി എന്നോ മാത്രം രേഖപ്പെടുത്തിയാണ് പിരിച്ചത്. ചില ഉപയോക്താക്കളില്‍നിന്ന് മാനദണ്ഡത്തിനു വിരുദ്ധമായി കൂടുതല്‍ തുക ഈടാക്കിയതായും കമീഷന് തെളിവ് ലഭിച്ചു. ക്രമവിരുദ്ധമായി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കമീഷന്‍ ശിക്ഷാ നടപടി സ്വീകരിക്കാന്‍ കമീഷന്‍ തീരുമാനിച്ചു.

ദേശാഭിമാനി 241110

No comments:

Post a Comment