Monday, November 29, 2010

ശുദ്ധീകരിക്കണം ജുഡീഷ്യറിയെ

മാലിന്യമുള്ളിടത്താണ് ശുദ്ധീകരണം വേണ്ടത്. ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു എന്നാണ് ഷേക്സ്പിയര്‍ ഹാംലറ്റ് നാടകത്തില്‍ പറഞ്ഞത്. അത് ഓര്‍മിപ്പിച്ച് അലഹബാദ് ഹൈക്കോടതിയില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് സുപ്രീംകോടതി പറയുന്നു. ജസ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ജ്ഞാന്‍സുധാ മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് അലഹാബാദ് ഹൈക്കോടതിയിലെ ചില ജഡ്ജിമാരുടെ സത്യസന്ധതയെ ചോദ്യംചെയ്യുക മാത്രമല്ല, ആ കോടതിയില്‍ ശുദ്ധീകരണ പ്രക്രിയ ആവശ്യമാണെന്ന് തറപ്പിച്ച് പറയുകയും ചെയ്തു. സുന്നി വഖഫ്ബോര്‍ഡിന്റെ ബെഹ്റെയിച്ചിലെ കുറെ സ്ഥലം സര്‍ക്കസ് മേളയ്ക്കായി വിട്ടുകൊടുക്കണമെന്ന അലാഹാബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയാണ് ജുഡീഷ്യറിയെ ബാധിച്ച ഗുരുതര രോഗത്തിലേക്ക് പരമോന്നത കോടതി വിരല്‍ചൂണ്ടിയത്. നീതിരഹിതമായ ഉത്തരവുകള്‍ ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഉലയ്ക്കുമെന്ന് സുപ്രീംകോടതി ചുണ്ടിക്കാട്ടി.

അടിയന്തര ചികിത്സയാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഹൈക്കോടതി ചീഫ് ജസ്റിസ് പ്രശ്നത്തില്‍ ഇടപെട്ട്, അനാശാസ്യ പ്രവണതകള്‍ തടയണം. എന്നിട്ടും നേരെയാവാത്തവര്‍ക്കെതിരെ കടുത്ത നടപടിവേണം. ജഡ്ജിമാരും അതേ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരും തമ്മിലുള്ള പരസ്പര ധാരണയെക്കുറിച്ചും 12 പേജ് ഉത്തരവില്‍ സുപ്രീംകോടതി കര്‍ക്കശമായ ഭാഷയില്‍ പരാമര്‍ശിക്കുന്നു. പരിചയക്കാരായ അഭിഭാഷകര്‍ വാദിക്കുന്ന കേസുകളില്‍ ജഡ്ജിമാര്‍ അനുകൂല വിധി പറയുന്നതിന്റെ അപകടത്തെയും സുപ്രീംകോടതി ഗൌരവത്തോടെ കാണുന്നു. ചില ജഡ്ജിമാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഒരേ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അത്തരക്കാര്‍(ജഡ്ജിമാരുടെ മക്കളും മറ്റു ബന്ധുക്കളും) അതിവേഗം കോടീശ്വരന്മാരായി മാറുന്നു. വലിയ നിക്ഷേപങ്ങളും ബംഗ്ളാവുകളും സ്വന്തമാക്കി സുഖലോലുപ ജീവിതം നയിക്കുകയാണവര്‍- സുപ്രീംകോടതി തുറന്നടിച്ചു. എല്ലാവരും ഇത്തരക്കാരാണെന്ന അഭിപ്രായമില്ല. അല്ലാത്ത, മാന്യമായ ജീവിതം നയിക്കുന്ന ഒട്ടേറെപ്പേരുണ്ട്. അങ്ങനെയുള്ളവരെ ഒഴിവാക്കിത്തന്നെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍ വന്നത്.

ജുഡീഷ്യറിയെക്കുറിച്ച് സമീപകാലത്ത് ഉയരുന്ന ആശങ്കകളുടെ സാംഗത്യം അടിവരയിട്ടുറപ്പിക്കുന്നതാണ് സുപ്രീംകോടതിയുടെ ഈ ഇടപെടല്‍. അയോധ്യാ കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ചിന്റെ അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുന്നവിധി ഗൌരവമായി ചര്‍ച്ചചെയ്യപ്പെടുന്ന ഘട്ടംകൂടിയാണിത്. വസ്തുതയേക്കാളും തെളിവിനേക്കാളും മതവിശ്വാസത്തിന് പ്രാമുഖ്യം നല്‍കുന്നതായിരുന്നു ആ വിധി. വസ്തുതകളും തെളിവുകളുമില്ല, 'വിശ്വാസ'മാണ് ബാബറി മസ്ജിദ് നിന്ന ഭൂമിയുടെ ഉടമാവകാശത്തില്‍ തീര്‍പ്പുകല്‍പ്പിക്കുമ്പോള്‍ ഹൈക്കോടതി അടിസ്ഥാനമാക്കിയത്. ജുഡീഷ്യറിയിലെ ശുദ്ധീകരണ പ്രക്രിയക്ക് പരമോന്നത നീതിപീഠത്തില്‍നിന്നുതന്നെ മുന്‍കൈ ഉണ്ടായത് പൊതുവെ ആശ്വാസവും പ്രതീക്ഷയും ഉണര്‍ത്തിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എത്രയുംവേഗം ശുദ്ധീകരണപ്രക്രിയക്ക് തുടക്കംകുറിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയിലെ മുന്‍ ജഡ്ജിമാര്‍തന്നെ ആവശ്യമുന്നയിച്ചു കഴിഞ്ഞു. ജുഡീഷ്യറിയില്‍ സംഭവിക്കുന്നതൊക്കെ മോശം നിയമനങ്ങളുടെ പ്രതിഫലനമാണെന്നും നിയമനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നുമാണ് വിരമിച്ച സുപ്രീംകോടതി- ഹൈക്കോടതി ജഡ്ജിമാരുടെ അസോസിയേഷന്‍ സെക്രട്ടറി ജ. അശോക്കുമാര്‍ ശ്രീവാസ്തവ പറഞ്ഞത്.

അലഹാബാദ് ഹൈക്കോടതിയില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല പ്രശ്നം. രാജ്യത്തിന്റെ മുന്‍ ചീഫ് ജസ്റിസ് പി എന്‍ ഭഗവതി പറഞ്ഞത് 20 ശതമാനം ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അഴിമതിക്കാരാണ് എന്നത്രെ. അഴിമതിക്കാരായ ജഡ്ജിമാര്‍ നീതിന്യായ വ്യവസ്ഥയ്ക്കാകെ അപമാനമാണെന്ന് ജസ്റിസ് കെ ജി ബാലകൃഷ്ണന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ഷമിത് മുഖര്‍ജിക്ക് അഴിമതിക്കേസില്‍ സിബിഐ അറസ്റ് ചെയ്തപ്പോള്‍ രാജിവയ്ക്കേണ്ടിവന്നിട്ടുണ്ട്. ഹരിയാന- പഞ്ചാബ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജ. വി രാമസ്വാമി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് തെളിഞ്ഞിട്ടും സ്ഥാനംവിടാന്‍ തയ്യാറാവാത്തപ്പോള്‍ 1993ല്‍ ഇംപീച്ച്മെന്റ് പ്രമേയം വന്നു. മദിരാശി ഹൈക്കോടതി ചീഫ് ജസ്റിസായിരുന്ന കെ വീരസ്വാമിയുടെ വീട്ടില്‍നിന്ന് 1991 ല്‍ സിബിഐ വന്‍തോതില്‍ കള്ളപ്പണം കണ്ടെടുത്തു. മുംബൈ ഹൈക്കോടതി ചീഫ് ജസ്റിസായിരിക്കെ ജ. എ എം ഭട്ടാചാര്യ അനധികൃതമായി പബ്ളിഷിങ് കമ്പനിയില്‍നിന്ന് 80,000 ഡോളര്‍ പ്രതിഫലമായി വാങ്ങിയെന്ന്ì തെളിഞ്ഞപ്പോള്‍ രാജിവയ്ക്കേണ്ടിവന്നു. തമിഴ്നാട്ടില്‍ അനധികൃതമായി ഭൂമി കൈവശപ്പെടുത്തുകയും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിക്കുകയും ചെയ്തതിന്റെ പേരിലാണ് കര്‍ണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റിസായിരുന്ന ദിനകരനോട് രാജിവച്ചൊഴിയാന്‍ സുപ്രീംകോടതി ചീഫ് ജസ്റിസ് ആവശ്യപ്പെട്ടത്. ഇങ്ങനെ അനേകം കഥകള്‍.

ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയം കേന്ദ്രസര്‍ക്കാര്‍ എല്ലാ മേഖലകളിലും നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ ജുഡീഷ്യറിയിലും ചില മാറ്റങ്ങള്‍ പ്രകടമായി. കോര്‍പറേറ്റ് താല്‍പ്പര്യങ്ങളുടെ നുഴഞ്ഞുകയറ്റമുണ്ടായി. ജഡ്ജിനിയമനം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു. ജനപ്രാതിനിധ്യസഭയുടെയും ഭരണനിര്‍വഹണ സമിതിയുടെയും അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന വിധികള്‍ വര്‍ധിച്ചുവരുന്നു. നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നതിനു പകരം നിയമനിര്‍മാണത്തിലേക്കും കോടതി കടക്കുന്ന അനുഭവം ഉണ്ടാകുന്നു. കുഴപ്പക്കാരായ ജഡ്ജിമാരെ കണ്ടെത്തി ഒഴിവാക്കാനുള്ള നിയമവ്യവസ്ഥകള്‍ അപര്യാപ്തമായിത്തന്നെ തുടരുന്നു. നീതിയുടെയും സത്യസന്ധതയുടെയും പാതയില്‍ ജീവിതം ഉഴിഞ്ഞുവച്ച മഹദ്വ്യക്തികളെക്കൊണ്ട് സമ്പന്നമാണ് ഇന്ത്യന്‍ ജുഡീഷ്യറി. ഹൈക്കോടതിയിലെ കുഴപ്പങ്ങള്‍ സുപ്രീംകോടതി മറയില്ലാതെ തുറന്നു പറഞ്ഞത് ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. ജുഡീഷ്യല്‍ സംവിധാനത്തിലെ പുഴുക്കുത്തുകള്‍ മഹത്തായ ആ പാരമ്പര്യത്തിനാണ് കളങ്കമേല്‍പ്പിക്കുന്നത്. അതിനെതിരെ സുപ്രീംകോടതിതന്നെ പട നയിക്കുന്നത് ആശാസ്യമാണ്. ഒരുതുള്ളി വിഷംകൊണ്ട് ഒരു കുളത്തെയാകെ വിഷമയമാക്കാം. അഴിമതിയുടെയും അനാശാസ്യത്തിന്റെയും വിഷത്തുള്ളികള്‍ ജുഡീഷ്യല്‍ സംവിധാനത്തെ നശിപ്പിക്കാതിരിക്കാനുള്ള മുന്‍കൈ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. ചീഞ്ഞുനാറ്റം ജനങ്ങളുടെ സ്വാസ്ഥ്യം കെടുത്തുമെന്നുകണ്ട്, ശുദ്ധീകരണത്തിന് തുടക്കമിട്ട സുപ്രീംകോടതി നടപടി ശ്ളാഘിക്കപ്പെടേണ്ടതാണെന്നതില്‍ തര്‍ക്കമില്ല.

deshabhimani editorial 291110

1 comment:

  1. മാലിന്യമുള്ളിടത്താണ് ശുദ്ധീകരണം വേണ്ടത്. ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു എന്നാണ് ഷേക്സ്പിയര്‍ ഹാംലറ്റ് നാടകത്തില്‍ പറഞ്ഞത്. അത് ഓര്‍മിപ്പിച്ച് അലഹബാദ് ഹൈക്കോടതിയില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് സുപ്രീംകോടതി പറയുന്നു. ജസ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ജ്ഞാന്‍സുധാ മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് അലഹാബാദ് ഹൈക്കോടതിയിലെ ചില ജഡ്ജിമാരുടെ സത്യസന്ധതയെ ചോദ്യംചെയ്യുക മാത്രമല്ല, ആ കോടതിയില്‍ ശുദ്ധീകരണ പ്രക്രിയ ആവശ്യമാണെന്ന് തറപ്പിച്ച് പറയുകയും ചെയ്തു. സുന്നി വഖഫ്ബോര്‍ഡിന്റെ ബെഹ്റെയിച്ചിലെ കുറെ സ്ഥലം സര്‍ക്കസ് മേളയ്ക്കായി വിട്ടുകൊടുക്കണമെന്ന അലാഹാബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയാണ് ജുഡീഷ്യറിയെ ബാധിച്ച ഗുരുതര രോഗത്തിലേക്ക് പരമോന്നത കോടതി വിരല്‍ചൂണ്ടിയത്. നീതിരഹിതമായ ഉത്തരവുകള്‍ ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഉലയ്ക്കുമെന്ന് സുപ്രീംകോടതി ചുണ്ടിക്കാട്ടി.

    ReplyDelete