Saturday, November 27, 2010

ഭവനവായ്പാ തട്ടിപ്പ് : കൂട്ടുപ്രതി കേന്ദ്രസര്‍ക്കാര്‍

റിയല്‍ എസ്റേറ്റ് കമ്പനികളുമായി ചേര്‍ന്ന് കോടികളുടെ വായ്പാ തട്ടിപ്പു നടത്തിയതിന് പ്രമുഖ പൊതുമേഖലാ ധനസ്ഥാപനങ്ങളിലെ അഞ്ച് ഉന്നതര്‍
പ്രതിക്കൂട്ടിലായിരിക്കുന്നു. ഇവര്‍ക്കൊപ്പം പ്രതിക്കൂട്ടിലാകേണ്ട മറ്റൊരു കൂട്ടരുണ്ട്. ജനങ്ങളുടെ പണം സ്വകാര്യമൂലധനത്തിന് കൊള്ളലാഭമുണ്ടാക്കാനുള്ള ചൂതാട്ടങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പാകത്തില്‍ ധന-ബാങ്കിങ് നിയമങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കിക്കൊടുത്ത സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ രാഷ്ട്രീയശക്തികളാണ് അവര്‍. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപംവരെ ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടത്തിനായി വകമാറ്റിയെടുക്കുന്ന ഭരണമാണ് ഇന്ത്യയില്‍ ഇന്ന് നിലവിലുള്ളത്. ഭരണ രാഷ്ട്രീയ നേതൃത്വംതന്നെ ഇങ്ങനെ ചിന്തിക്കുന്നുവെന്നത് വിചിത്രമാണ്. ഏതായാലും രാഷ്ട്രീയനേതൃത്വത്തിന്റെ ആ തലതിരിഞ്ഞ ചിന്തയുടെ സ്വാഭാവികതുടര്‍ച്ചയാണ് പൊതുമേഖലാ ധനസ്ഥാപനങ്ങളില്‍ കിടക്കുന്ന ജനങ്ങളുടെ പണം റിയല്‍ എസ്റേറ്റ് കമ്പനികള്‍ക്ക് ലാഭം ത്രിഗുണീഭവിപ്പിക്കാനായി വിട്ടുകൊടുക്കാമെന്ന ഉദ്യോഗസ്ഥമേധാവികളുടെ ചിന്ത എന്നത് നാം കാണേണ്ടതുണ്ട്.

ഏതുവിധേനയും പൊതുമേഖലാ ധന-ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെ തുലച്ച് വിദേശസ്ഥാപനങ്ങള്‍ക്ക് വഴിയൊരുക്കിക്കൊടുക്കുക എന്നതാണ് കേന്ദ്രഭരണ നേതൃത്വത്തിന്റെ നയം. ഇപ്പോള്‍ അറസ്റിലായിട്ടുള്ള പൊതുമേഖലാ ധനസ്ഥാപനങ്ങളുടെ മേധാവികള്‍ സ്വന്തം പ്രവൃത്തിയിലൂടെ ചെയ്തുപോന്നതും കൃത്യമായും ആ കേന്ദ്രനയപ്രകാരമുള്ള കാര്യങ്ങളാണ്. 'യഥാ രാജാ തഥാ പ്രജാ' എന്ന് ഒരു ചൊല്ലുണ്ടല്ലോ. രാജാവ് എത്തരക്കാരനാണോ പ്രജകളും അത്തരക്കാരാകും എന്നര്‍ഥം. ജനാധിപത്യകാലത്ത് ഇതിനെ ഇങ്ങനെ ഭേദഗതിപ്പെടുത്താം: ഭരണ രാഷ്ട്രീയ നേതൃത്വം എത്തരക്കാരാണോ, ഉദ്യോഗസ്ഥനേതൃത്വവും അത്തരക്കാരാകും. ഇന്ത്യന്‍ ഭരണ രാഷ്ട്രീയ രംഗത്തെ ഗ്രസിച്ച അഴിമതി ഉദ്യോഗസ്ഥപ്രമുഖരുടെ ഇടയിലേക്കുകൂടി അതിവേഗം പടരുന്നു. ഭരണ രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥരെ അഴിമതിക്ക് കരുക്കളാക്കുന്നു; ഉദ്യോഗസ്ഥനേതൃത്വം ഭരണ രാഷ്ട്രീയ നേതൃത്വത്തെ തങ്ങളുടെ ദുഷ്ചെയ്തികളുടെ സംരക്ഷകരാക്കുന്നു. ഇരുവര്‍ക്കും തണലായി പുതിയ ഉദാരവല്‍ക്കരണ- ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ നിലകൊള്ളുകയും ചെയ്യുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കോര്‍പറേറ്റ് മേഖലയില്‍നിന്ന് രാജ്യത്തിന്റെ ഖജനാവിലേക്ക് വരേണ്ട 16 ക്ഷം കോടി രൂപയാണ് രണ്ടു മിനിറ്റുകൊണ്ട് ധനമന്ത്രി എഴതിത്തള്ളിയത്. വന്‍കിടക്കാരില്‍നിന്ന് പൊതുമേഖലാബാങ്കുകള്‍ക്ക് പരിഞ്ഞുകിട്ടേണ്ട നൂറുകണക്കിനു കോടിയാണ് ഓരോ വര്‍ഷവും നോ പെര്‍ഫോമിങ് അസറ്റ് എന്ന പേരില്‍ എഴുതിത്തള്ളിക്കൊണ്ടിരിക്കുന്നത്. സാധാരണ കര്‍ഷകന്‍ കാര്‍ഷിക വായ്പയെടുത്ത് ആത്മഹത്യയെ മുന്നില്‍ക്കാണുന്ന സമയത്ത് ജപ്തി നടപടി. വന്‍കിട കോര്‍പറേറ്റുകള്‍ക്കാകട്ടെ കോടികളുടെ എഴുതിത്തള്ളല്‍! കേന്ദ്ര ഭരണ രാഷ്ട്രീയ നേതൃത്വത്തിന്റെ ഈ മനോഭാവംതന്നെയാണ് ബാങ്കിങ് മേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും പ്രതിഫലിച്ചുകാണുന്നത്. സാധാരണക്കാരനായ ഒരാള്‍ ഭവനവായ്പ എടുക്കാന്‍ ചെന്നാല്‍ ബാധ്യതാ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള നിയമസാങ്കേതികത്വത്തിന്റെ നൂലാമാലകള്‍! കോര്‍പറേറ്റ് അധിപന്‍ വായ്പയ്ക്ക് ചെന്നാല്‍ നിയമസാങ്കേതികത്വത്തിലെ ഇളവുകളുടെ പരമ്പരകള്‍! ഈ സര്‍ക്കാര്‍നയം ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ഭവനവായ്പാ തട്ടിപ്പിനുപിന്നില്‍ എത്രസഹായകമായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് അന്വേഷിക്കേണ്ടതാണ്.

വന്‍ തുക കോഴ വാങ്ങി ബാങ്കിങ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലെ പണം റിയല്‍ എസ്റേറ്റ് അധിപന്മാര്‍ക്ക് വഴിവിട്ട രീതിയില്‍ കൊടത്തു എന്നതാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വസ്തുവിന്റെ യഥാര്‍ഥ വില പലമടങ്ങ് പെരുപ്പിച്ചു കാണിച്ചും മറ്റുമാണ് വായ്പ അനുവദിച്ചിട്ടുള്ളത്. ഇതിന്റെ യഥാര്‍ഥ അവസ്ഥ വസ്തുവും കെട്ടിടവും വില്‍ക്കാനാകുമ്പോള്‍ മാത്രമേ പുറത്തുവരൂ. അമേരിക്കയിലെ 'സബ്പ്രൈം ക്രൈസിസ്' സമാന സ്വഭാവത്തിലുള്ളതായിരുന്നുവെന്ന് ഓര്‍ക്കണം. ബാങ്കുകള്‍ ലക്ഷക്കണക്കിനു കോടികള്‍ താഴ്ന്ന പലിശനിരക്കില്‍ വായ്പയായി കൊടുത്തു. എന്നാല്‍, പിന്നീട് ഫ്ളാറ്റുവില കുത്തനെ ഇടിയുന്നതും വായ്പത്തുകയുടെ പാതിയേ ഫ്ളാറ്റിനു വിലയുള്ളൂവെന്ന് വരുന്നതുമാണ് കണ്ടത്. ഫ്ളാറ്റ് വേണമെങ്കില്‍ ജപ്തി ചെയ്തോട്ടെ, എങ്കില്‍പ്പോലും കിട്ടിയ വായ്പയുടെ പാതി ലാഭം എന്ന നിലപാടിലായി വായ്പ എടുത്തവര്‍. ഊഹ മൂലധനവ്യാപാരത്തിന് പണം കൊടുത്താല്‍, കൊടുക്കുന്ന സ്ഥാപനം അപകടത്തിലാകും. അതാണ് അമേരിക്കയില്‍ കണ്ടത്. അതേ അവസ്ഥയിലേക്കാണ് ഭവനവായ്പാ തട്ടിപ്പിലൂടെ ഇപ്പോള്‍ അറസ്റിലായവര്‍ എല്‍ഐസി ഹൌസിങ് ഫിനാന്‍സ്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ സ്ഥാപനങ്ങളെ നയിക്കുന്നത്. ഇവര്‍ ലക്ഷങ്ങള്‍ കോഴവാങ്ങി എംആര്‍, എംജിഎഫ്, ഒബ്റോയി റിയാലിറ്റി, സുസ്ലോ, ഡിബി റിയാലിറ്റി, അക്ഷപുര മെന്‍കം, ഒഎംജിആര്‍പി, ലാവസ, പന്റലൂസ് തുടങ്ങിയ റിയല്‍ എസ്റേറ്റ്-കോര്‍പറേറ്റ് സ്ഥാപനങ്ങളെയാണ് വന്‍തോതില്‍ വായ്പ നല്‍കി സഹായിച്ചത്.

സാമ്പത്തിക ഉദാരവല്‍ക്കരണനയത്തിന്റെ അനിവാര്യഫലമാണ് ഇതൊക്കെ. ഈ സാമ്പത്തികനയത്തിനു ആരംഭംകുറിച്ച തൊണ്ണൂറുകളുടെ തുടക്കംതന്നെ, ഇത്തരമൊരു കുംഭകോണത്തിലൂടെയായിരുന്നുവെന്നത് ഓര്‍ക്കണം. ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണമായിരുന്നു അത്. നാഷണല്‍ ഹൌസിങ് ബാങ്ക്, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍നിന്ന് വമ്പന്‍ വായ്പകളെടുത്ത് പൊളിയാറായ കമ്പനികളില്‍ നിക്ഷേപിച്ച് അവയുടെ ഓഹരിമൂല്യം കൃത്രിമമായി ഉയര്‍ത്തിക്കാണിക്കുക, അത് കണ്ട് സാധാരണക്കാരാകെ അതില്‍ നിക്ഷേപിച്ച് കഴിയുമ്പോള്‍ കോടികള്‍ പിന്‍വലിച്ച് അതിനെയും, അതില്‍ നിക്ഷേപിച്ച സാധാരണക്കാരെയും തെരുവിലാക്കുക. അങ്ങനെ കോടികള്‍ പലമടങ്ങാക്കി ഉയര്‍ത്തുക. ഈ കൊള്ളയ്ക്ക് പൊതുമേഖലാ ബാങ്കുകളിലെ ജനങ്ങളുടെ പണം വിട്ടുകൊടുത്തുകൊണ്ടായിരുന്നു സാമ്പത്തിക ഉദാരവല്‍ക്കരണനയത്തിന്റെ ഉദ്ഘാടനംതന്നെ!

ഇന്നിതാ, ആ നയത്തിന് രണ്ടു പതിറ്റാണ്ട് പ്രായമാകുന്ന ഘട്ടത്തില്‍ അതേപോലെ മറ്റൊരു തട്ടിപ്പ്. പൊതുമേഖലാ ധനസ്ഥാപനത്തിലെ പണം
സ്വകാര്യചൂതാട്ടത്തിനായി വഴിതിരിച്ചു വിട്ടുകൊണ്ടുതന്നെയുള്ള തട്ടിപ്പ്. ഹര്‍ഷദ് മേത്ത സംഭവത്തില്‍നിന്ന് ഒരു പാഠവും പഠിച്ചിട്ടില്ല സര്‍ക്കാര്‍
എന്നു വേണമെങ്കില്‍ പറയാം; പക്ഷേ, പഠിച്ചാലും പഠിച്ച പാഠം പ്രയോഗത്തില്‍ വരുത്താന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതല്ല സര്‍ക്കാര്‍
അനുവര്‍ത്തിക്കുന്ന സാമ്പത്തികനയം എന്നതാണ് അതേക്കാള്‍ പ്രധാനം. ദിവസം നൂറുരൂപയ്ക്കു താഴെമാത്രം വരുമാനമുള്ളവര്‍ മൊത്തം ജനസംഖ്യയുടെ 80 ശതമാനത്തിലേറെയാണ് ഇന്ത്യയില്‍. ഇവരുടെ ചില്ലിക്കാശുകള്‍ വന്‍ കോടീശ്വരന്മാര്‍ക്ക് ലാഭം വര്‍ധിപ്പിക്കാനുള്ള ചൂതാട്ടത്തിലേക്ക് വഴിതിരിച്ചുവിടുന്ന ദല്ലാളിന്റെ റോളിലാണ് യുപിഎ സര്‍ക്കാര്‍. ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ 50 പേര്‍ ഇന്ത്യയില്‍നിന്നാണെന്ന നിലയുണ്ടാക്കിയതില്‍ യുപിഎ സര്‍ക്കാരിന്റെ ഈ ദല്ലാള്‍പണി വഹിക്കുന്ന പങ്ക് ചില്ലറയല്ല എന്നതാണ് ഹര്‍ഷദ് മേത്ത തട്ടിപ്പുമുതല്‍ ഭവനവായ്പാ തട്ടിപ്പുവരെയുള്ളവയില്‍നിന്ന് വ്യക്തമാകുന്നത്. ഐപിഎല്‍, ആദര്‍ശ് ഫ്ളാറ്റ്, കോമവെല്‍ത്ത് ഗെയിംസ് തുടങ്ങിയ കുംഭകോണപരമ്പരകളുമായി ഭരണ രാഷ്ട്രീയ നേതൃത്വവും ഭവനവായ്പാ തട്ടിപ്പുപോലുള്ളവയുമായി അതിനു തൊട്ടുതാഴെ ഉദ്യോഗസ്ഥനേതൃത്വവും നീങ്ങുന്നതാണ് നാം കാണുന്നത്. പുത്തന്‍ സാമ്പത്തികനയത്തിന്റെ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിമാറ്റിയല്ല ഇവരെ കാണേണ്ടത്.

ദേശാഭിമാനി മുഖപ്രസംഗം 271110

2 comments:

  1. റിയല്‍ എസ്റേറ്റ് കമ്പനികളുമായി ചേര്‍ന്ന് കോടികളുടെ വായ്പാ തട്ടിപ്പു നടത്തിയതിന് പ്രമുഖ പൊതുമേഖലാ ധനസ്ഥാപനങ്ങളിലെ അഞ്ച് ഉന്നതര്‍
    പ്രതിക്കൂട്ടിലായിരിക്കുന്നു. ഇവര്‍ക്കൊപ്പം പ്രതിക്കൂട്ടിലാകേണ്ട മറ്റൊരു കൂട്ടരുണ്ട്. ജനങ്ങളുടെ പണം സ്വകാര്യമൂലധനത്തിന് കൊള്ളലാഭമുണ്ടാക്കാനുള്ള ചൂതാട്ടങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പാകത്തില്‍ ധന-ബാങ്കിങ് നിയമങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കിക്കൊടുത്ത സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ രാഷ്ട്രീയശക്തികളാണ് അവര്‍. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപംവരെ ഓഹരിക്കമ്പോളത്തിലെ ഊഹക്കച്ചവടത്തിനായി വകമാറ്റിയെടുക്കുന്ന ഭരണമാണ് ഇന്ത്യയില്‍ ഇന്ന് നിലവിലുള്ളത്. ഭരണ രാഷ്ട്രീയ നേതൃത്വംതന്നെ ഇങ്ങനെ ചിന്തിക്കുന്നുവെന്നത് വിചിത്രമാണ്. ഏതായാലും രാഷ്ട്രീയനേതൃത്വത്തിന്റെ ആ തലതിരിഞ്ഞ ചിന്തയുടെ സ്വാഭാവികതുടര്‍ച്ചയാണ് പൊതുമേഖലാ ധനസ്ഥാപനങ്ങളില്‍ കിടക്കുന്ന ജനങ്ങളുടെ പണം റിയല്‍ എസ്റേറ്റ് കമ്പനികള്‍ക്ക് ലാഭം ത്രിഗുണീഭവിപ്പിക്കാനായി വിട്ടുകൊടുക്കാമെന്ന ഉദ്യോഗസ്ഥമേധാവികളുടെ ചിന്ത എന്നത് നാം കാണേണ്ടതുണ്ട്.

    ReplyDelete
  2. ഭവനവായ്പ തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം തീരുംവരെ എംപ്ളോയ്മെന്റ് പ്രോവിഡന്റ് ഫണ്ടില്‍നിന്ന് എല്‍ഐസി ഹൌസിങ് ഫിനാന്‍സില്‍ പണം നിക്ഷേപിക്കേണ്ടെന്ന് ഇപിഎഫ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റീസ് യോഗം തീരുമാനിച്ചു. ഇപിഎഫിന്റെ റിട്ടയര്‍മെന്റ് ഫണ്ടില്‍നിന്ന് എല്‍ഐസി ഹൌസിങ് ഫിനാന്‍സില്‍ നിക്ഷേപിക്കുന്നതാണ് നിര്‍ത്തിവച്ചത്. "സുരക്ഷയ്ക്കാണ് മുന്തിയ പരിഗണന നല്‍കുന്നത്. അതുകൊണ്ടാണ് എല്‍ഐസി ഹൌസിങ് ഫിനാന്‍സിലുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്'' കേന്ദ്രതൊഴില്‍ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കേന്ദ്ര ട്രസ്റി ബോര്‍ഡിന്റെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഐസി ഹൌസിങ് ഫിനാന്‍സില്‍ എംപ്ളോയ്മെന്റ് പ്രോവിഡന്റ് ഫണ്ട് ഇതുവരെ 454 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. നിലവിലെ നിയമമനുസരിച്ച് 846 കോടിവരെ നിക്ഷേപിക്കാം. സിബിഐ അന്വേഷണം തീര്‍ന്നശേഷമേ ശേഷിക്കുന്ന തുക നിക്ഷേപിക്കുന്ന കാര്യം പരിഗണിക്കൂ. ഭവനവായ്പ നല്‍കുന്നതിന് റിയല്‍ എസ്റേറ്റ് ലോബിയുമായി ബന്ധപ്പെട്ട് വന്‍ക്രമക്കേടു നടത്തിയതിന് എല്‍ഐസി ഹൌസിങ് ഫിനാന്‍സ് മേധാവിയെയും ബാങ്ക് മാനേജര്‍മാരുള്‍പ്പെടെ ഏഴ് ഉന്നതരെയും കഴിഞ്ഞയാഴ്ച സിബിഐ അറസ്റുചെയ്തിരുന്നു.(ദേശാഭിമാനി 101210)

    ReplyDelete