Monday, November 22, 2010

ഫ്‌ളാറ്റ് കുംഭകോണം: സൈനികരുടെ ശമ്പളവിവരം അന്വേഷിക്കുന്നു

ആദര്‍ശ് ഫ്‌ളാറ്റ് സ്വന്തമാക്കുന്നതിനായി ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ നല്‍കിയ മാസ വരുമാന വിവരങ്ങളില്‍ സി ബി ഐയ്ക്ക് അത്ഭുതം. ഒരു സൈനിക ഉദ്യോഗസ്ഥന് മാസം 23,450 രുപ ശമ്പളമായി ലഭിക്കുന്നെന്ന വിവരത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ സി ബി ഐ പ്രതിരോധ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

വിവാദമായ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മാസ വരുമാനം ഉള്‍പ്പടെയുള്ള വിശദ വിവരങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സി ബി ഐയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

പൊതുപ്രവര്‍ത്തകന്‍ യോഗാചാര്യ ആനന്ദ്ജി ഇക്കാര്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം നേരത്തെതന്നെ നേടിയിരുന്നു. ആദര്‍ശ് സൊസൈറ്റിയില്‍ ഫ്‌ളാറ്റുള്ള അന്നത്തെ ആര്‍മി ചീഫ് ജനറല്‍ഡ ദീപക് കപൂറിന് 23,450 മാസ വരുമാനമുണ്ടെന്നാണ് രേഖ നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ലഫ്റ്റനന്റ് ജനറല്‍ തിയോന്ദര്‍ സിംഗിന് മാസം 41,000 രൂപയും ലഭിക്കുന്നുള്ള രേഖകളാണ് ഫ്‌ളാറ്റ് സ്വന്തമാക്കുന്നതിനായി സമര്‍പ്പിച്ചത്.

ഇതുസംബന്ധിച്ച 2007ലെ രേഖകളെല്ലാം ശേഖരിച്ച സി ബി ഐ, കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി പ്രതിരോധ മന്ത്രാലത്തിന് എഴുതിയിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫ്‌ളാറ്റ് ലഭിക്കുന്നതിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍ യാഥാര്‍ഥ്യങ്ങള്‍ തെറ്റായി കാണിച്ചതിന് സൈനിക ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കും.
ഈ വിവാദങ്ങളെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാകാത്ത ചീഫ് ജനറല്‍ കപൂര്‍, നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡിന്റെ ലഫ്റ്റനന്റ് ജനറലായിരിക്കെ 2005 ഡിസംബറിലാണ് താന്‍ സൊസൈറ്റിയിലേക്ക് അപേക്ഷ നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി. 47,000 രൂപ മാസവരുമാനവും 7,000 രൂപ ആദായ നികുതി നല്‍കുന്നതായുമുള്ള വിവരമാണ് നല്‍കിയതെന്നും കപൂര്‍ പറഞ്ഞു. എന്നാല്‍ ഈ രേഖകള്‍ 2007 ഡിസംബറിലാണ് സമര്‍പ്പിച്ചതെന്നകാര്യത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ കപൂര്‍ തന്റെ മാസവരുമാനം കുറച്ചാണ് കാണിച്ചിരുന്നത്. മുന്‍ ആര്‍മി ചീഫായ നിര്‍മല്‍ ചന്ദര്‍ വിജ് 2007ല്‍ നല്‍കിയ രേഖയില്‍ 39,825 രൂപ വരുമാനമുണ്ടെന്ന് കാണിച്ചിരുന്നു.

ആദര്‍ശ് സൊസൈറ്റിയില്‍ അംഗങ്ങളായിട്ടുള്ള 87 പേരില്‍ നാല്‍പ്പതോളം പേര്‍ അവരുടെ മാസ വരുമാനം 12,500 രൂപയോ അതില്‍ കുറവായേ ആണ് കാണിച്ചിരുന്നത്.

1999ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രമേയത്തില്‍ 12,500 രൂപയോ അതില്‍ കുറവോ ശമ്പളം പറ്റുന്നവരോ, സര്‍വീസില്‍നിന്നും പിരിഞ്ഞവരോ ആദര്‍ശ് പോലുള്ള സൊസൈറ്റികളില്‍ അംഗമാകാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് ചില ഉദ്യാഗസ്ഥര്‍ക്കുവേണ്ടി ഇളവുചെയ്തിരുന്നു.

മുന്‍ ബി എം സി ചീഫ് ജെയ്‌രാജ് പാഥക്കിന്റെ മകന്‍ കനിഷ്‌ക പാഥക് 12,500 രുപയും പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബില്‍ഡര്‍ ജയന്തിലാല്‍ ഷായുടെ മകന്‍ മാള്‍വ ഷാ 11,000 രൂപയുമാണ് മാസ വരുമാനം ലഭിക്കുന്നതെന്നാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ആദര്‍ശിന്റെ ഓഫീസ് ചുമതലയുള്ള ബ്രിഗേഡിയര്‍ എം എം വാഞ്ചു 10,000 രൂപയാണ് മാസവരുമാനമായി കാണിച്ചിട്ടുള്ളത്. നാഗ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ് എം എസ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ചെയര്‍മാന്‍ അഭയ് സഞ്ചേതിയുടെ മകന്‍ പരംവീര്‍ സഞ്ചേതി 2007ല്‍ തന്റെ മാസവരുമാനമായി കാണിച്ചിരുന്നത് 13,630 രൂപ മാത്രമായിരുന്നു. ആദര്‍ശ് സൊസൈറ്റിയുടെ പ്രധാന പ്രേരക ശക്തിയായിരുന്ന മുന്‍ നിയമസഭാംഗം കന്‍ഹൈലാല്‍ ഗിദ്വാനിയുടെ മക്കളായ കൈലേഷ് ഗിദ്വാനി, അമിത് ഗിദ്വാനി എന്നിവര്‍ യഥാക്രമം 12,500, 11,500 രൂപ വരുമാനമെന്നാണ് രേഖകള്‍ നല്‍കിയത്. മുന്‍ നഗര വികസനകാര്യ സെക്രട്ടറിയും ഇപ്പോള്‍ വിവരാവകാശ കമ്മിഷണറുമായ രാംനാഥ് തിവാരിയുടെ മകന്‍ ഓംകാര്‍ തിവാരി 16,667 രൂപ മാസം വരുമാനമുണ്ടെന്നാണ് ഫ്‌ളാറ്റ് സ്വന്തമാക്കാനായി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

ജനയുഗം 221110

1 comment:

  1. ആദര്‍ശ് ഫ്‌ളാറ്റ് സ്വന്തമാക്കുന്നതിനായി ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ നല്‍കിയ മാസ വരുമാന വിവരങ്ങളില്‍ സി ബി ഐയ്ക്ക് അത്ഭുതം. ഒരു സൈനിക ഉദ്യോഗസ്ഥന് മാസം 23,450 രുപ ശമ്പളമായി ലഭിക്കുന്നെന്ന വിവരത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ സി ബി ഐ പ്രതിരോധ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

    ReplyDelete