Friday, November 12, 2010

രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന് രാജ

ന്യൂഡല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്ന് ടെലികോം മന്ത്രി എ രാജ. ചട്ടങ്ങള്‍ പാലിച്ചാണ് സ്‌പെക്ട്രം ലൈസന്‍സ് നല്‍കിയിരിക്കുന്നതെന്നും അന്നത്തെ സര്‍ക്കാര്‍ നയമനുസരിച്ചാണിതെന്നും രാജ പറഞ്ഞു.

അതിനിടെ സ്‌പെക്ട്രം ഇടപാടില്‍ ആരോപണ വിധേയനായ ടെലികോം മന്ത്രി എ രാജയുടെ രാജിക്കായി മുറവിളി ശക്തമാവുമ്പോഴും രാജയെ നീക്കില്ലെന്നു ഡി എം കെ പിടിവാശി തുടരുന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ നാണക്കേടിലാഴ്ത്തി. ആദര്‍ശ് ഹൗസിംഗ് കുംഭകോണത്തില്‍ ആരോപണവിധേയനായ അശോക് ചവാനും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ കേന്ദ്രസ്ഥാനത്തുനിന്ന സുരേഷ് കല്‍മാഡിക്കും എതിരെ നാമമാത്ര നടപടിയെടുത്ത് പ്രതിച്ഛായ രക്ഷപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണ് ഡി എം കെയുടെ പിടിവാശിയില്‍ തട്ടി വീണത്. ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ പൊതുഖജനാവിന് നഷ്ടം വരുത്തിയെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കുറ്റപ്പെടുത്തിയ രാജ മന്ത്രിയായി തുടരുന്നതില്‍ ഒരു ന്യായീകരണവും നിരത്താനാവാതെ പരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

രാജയ്‌ക്കെതിരെ ഒരു നടപടിയുമെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന, ഡി എം കെ നേതാവ് എം കരുണാനിധിയുടെ സന്ദേശവുമായി രാജ്യസഭാംഗമായ കനിമൊഴി ഇന്നലെ ധനമന്ത്രി പ്രണബ് മുഖര്‍ജിയെ കണ്ടിരുന്നു. രാജയുടേത് ഡി എം കെയുടെ ആഭ്യന്തര കാര്യമാണെന്നും ഇതില്‍ കോണ്‍ഗ്രസ് ഇടപെടേണ്ടതില്ലെന്നുമുള്ള വ്യക്തമായ സന്ദേശമാണ് കനിമൊഴി പ്രണബ് മുഖര്‍ജിക്കു കൈമാറിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുനടന്ന സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് അന്നുതന്നെ ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തില്‍ രണ്ടാം യു പി എ സര്‍ക്കാരിന്റെ രൂപീകരണ വേളയില്‍ രാജയെ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിസമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാജയെ മന്ത്രിയാക്കിയില്ലെങ്കില്‍ പിന്തുണയില്ലെന്ന ഡി എം കെ നിലപാടിനു മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കുകയായിരുന്നു.

രാജ സ്ഥാനമൊഴിയുന്ന പ്രശ്‌നമില്ലെന്നാണ് ഡി എം കെ വക്താവും ലോക്‌സഭാംഗവുമായ ടി കെ എസ് ഇളങ്കോവന്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോടു വ്യക്തമാക്കിയത്. സ്‌പെക്ട്രം ഇടപാടു സംബന്ധിച്ച് സി ബി ഐ അന്വേഷണം നടക്കുകയാണെന്നും ഇതു തീരാതെ മന്ത്രി സ്ഥാനമൊഴിയേണ്ട കാര്യമില്ലെന്നും ഇളങ്കോവന്‍ പറഞ്ഞു. ട്രായിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സ്‌പെക്ട്രം ഇടപാടില്‍ രാജ പ്രവര്‍ത്തിച്ചതെന്ന്, ഇതിനു വിരുദ്ധമായ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള സി എ ജി റിപ്പോര്‍ട്ട് പുറത്തായ ശേഷവും ഇളങ്കോവന്‍ പറഞ്ഞു.

ഡി എം കെയുടെ കര്‍ശന നിലപാടിനെത്തുടര്‍ന്ന് രാജയെ ശക്തമായി ന്യായീകരിക്കുന്ന നിലപാടാണ് ഇന്നലെ കോണ്‍ഗ്രസ് പാര്‍ലമെന്റിലും പുറത്തും പ്രകടിപ്പിച്ചത്. സ്‌പെക്ട്രം ഇടപാടു സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കുമെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതുവരെ നടപടിയൊന്നുമുണ്ടാവില്ലെന്നും ആഭ്യന്തരമന്ത്രി പി ചിദംബരം വാര്‍ത്താലേഖകരോടു പറഞ്ഞു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെറിയൊരു ജെ പി സി തന്നെയാണെന്നും അതുകൊണ്ട് പ്രതിപക്ഷത്തിന്റെ ജെ പി സി ആവശ്യം പരിഗണിക്കാനാവില്ലെന്നും ചിദംബരം പറഞ്ഞു. അഴിമതി ഗുരുതരമായ പ്രശ്‌നമാണെങ്കിലും സി എ ജി റിപ്പോര്‍ട്ടില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിശോധന കഴിഞ്ഞേ നടപടിയെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂവെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പറഞ്ഞു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റ് ചര്‍ച്ചചെയ്യേണ്ടതുണ്ടെന്ന വാദവും ബന്‍സല്‍ അവതരിപ്പിച്ചു. സി എ ജി റിപ്പോര്‍ട്ടില്‍ രാജയെ കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടുണ്ടായിരിക്കാം, എന്നാല്‍ പ്രശ്‌നം സുപ്രിം കോടതിയുടെ പരിഗണനയിലാണെന്ന വിചിത്രവാദവും ബന്‍സല്‍ മുന്നോട്ടുവച്ചു.

അതിനിടെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന നയവുമായി എ ഐ എ ഡി എം കെ നേതാവ് ജയലളിത രംഗത്തെത്തിയിട്ടുണ്ട്. രാജയുടെ പേരില്‍ ഡി എം കെ പിന്തുണ പിന്‍വലിച്ചാലും എ ഐ എ ഡി എം കെ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്നാണ് ജയലളിത കോണ്‍ഗ്രസിനു മുന്നില്‍ വച്ച വാഗ്ദാനം. എ ഐ എ ഡി എം കെയുടെ ഒന്‍പത് എം പിമാരും സമാന മനസ്‌കരായ പാര്‍ട്ടികളുടെ ഒന്‍പത് എം പിമാരും സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് ജയലളിത അറിയിച്ചിട്ടുള്ളത്. എന്നാല്‍ തല്‍ക്കാലം ഈ വാഗ്ദാനം പരിഗണിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

janayugom 121110

1 comment:

  1. രണ്ടാം തലമുറ സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്ന് ടെലികോം മന്ത്രി എ രാജ. ചട്ടങ്ങള്‍ പാലിച്ചാണ് സ്‌പെക്ട്രം ലൈസന്‍സ് നല്‍കിയിരിക്കുന്നതെന്നും അന്നത്തെ സര്‍ക്കാര്‍ നയമനുസരിച്ചാണിതെന്നും രാജ പറഞ്ഞു.

    ReplyDelete