Monday, November 29, 2010

ബിജെപിക്ക് വീണ്ടും തിരിച്ചടി

ലോകായുക്ത: ബിജെപിക്ക് വീണ്ടും തിരിച്ചടി

അഴിമതിക്ക് കൂട്ടുനിന്ന യെദ്യൂരപ്പയെ കര്‍ണാടക മുഖ്യമന്ത്രിയായി തുടരാന്‍ നേതൃത്വം തീരുമാനിച്ചതിന് പിന്നാലെ ലോകായുക്ത കര്‍ശന നിലപാട് സ്വീകരിച്ചത് ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കി. ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്ത ജസ്റിസ് സന്തോഷ് ഹെഗ്ഡെ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതാണ് ബിജെപിയെ വീണ്ടും വെട്ടിലാക്കിയത്. ലോകായുക്ത അന്വേഷിക്കുന്നതിനിടെ ജുഡീഷ്യല്‍ കമീഷനെ വെച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ ലോകായുക്ത പ്രതികരിച്ചിരുന്നു. അന്വേഷണത്തിന് ജുഡീഷ്യല്‍ കമീഷനെ നിയമിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് അഴിമതിയില്‍ മുങ്ങിയ യെദ്യൂരപ്പയെ ബിജെപി ന്യായീകരിച്ചിരുന്നത്. അഴിമതിക്കാര്യത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് ഒരിക്കല്‍കൂടി മറനീക്കുന്നതാണ് യെദ്യൂരപ്പയെ വെള്ളപൂശിയ നടപടി. ആരോപണ പ്രത്യാരോപണങ്ങളാല്‍ മലീമസമായ കര്‍ണാടക രാഷ്ട്രീയത്തില്‍ ഇതോടെ ബിജെപി കൂടുതല്‍ പരിഹാസ്യരാവുകയാണ്.

സംസ്ഥാനത്താകെ പരന്നുകിടക്കുന്ന ഏക്കറുകണക്കിന് ഭൂമിയാണ് സ്വന്തം മക്കള്‍ക്കും മരുമക്കള്‍ക്കും ബന്ധുക്കള്‍ക്കും അനുചരന്‍മാര്‍ക്കും യെദ്യൂരപ്പ പതിച്ചുനല്‍കിയത്. മുഖ്യമന്ത്രിയുടെ കൊള്ള പകല്‍പോലെ വ്യക്തമായിട്ടും അദ്ദേഹത്തിനെതിരെ ചെറുവിരലനക്കാനുള്ള തന്റേടം കേന്ദ്രനേതൃത്വത്തിന് ഇല്ലാതെ പോയി. അഴിമതിക്ക് മറയിടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട് രാജിവച്ചുപോകുകയല്ലാതെ നിര്‍വാഹമില്ലെന്ന ഘട്ടത്തിലാണ് നേതൃത്വത്തെ യെദ്യൂരപ്പ സമ്മര്‍ദത്തിലാക്കിയത്. തനിക്കനുകൂലമായ തീരുമാനമെടുക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിതമാക്കിയതും അഴിമതിപ്പണത്തിന്റെ പങ്കു പറ്റിയതിന്റെ കണക്ക് യെദ്യൂരപ്പ ഓര്‍മിപ്പിച്ചപ്പോഴാണെന്നതും ഇതോടെ വ്യക്തമായി. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലടക്കം കര്‍ണാടകത്തില്‍നിന്ന് ബിജെപി കേന്ദ്രഫണ്ടിലേക്ക് പണം ഒഴുക്കിയതും യെദ്യൂരപ്പ ചൂണ്ടിക്കാട്ടി.

2 ജി സ്പെക്ട്രം പ്രശ്നത്തില്‍ പാര്‍ലമെന്റില്‍ പ്രതിരോധം സൃഷ്ടിക്കുന്ന ബിജെപി, സ്വന്തം നേതാവിന്റെ അഴിമതി കണ്ടില്ലെന്ന് നടിക്കുന്നതിന്റെ ഔചിത്യവും ചോദ്യംചെയ്യപ്പെടുകയാണ്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത 6,000 കോടിയുടെ ഭൂമി തുച്ഛവിലയ്ക്ക് മക്കള്‍ക്കും മരുമക്കള്‍ക്കും ആശ്രിതര്‍ക്കുമെല്ലാം യെദ്യൂരപ്പ പതിച്ചുനല്‍കുകയായിരുന്നു. ഇത് പുറത്തുവന്നതോടെ മക്കള്‍ക്ക് നല്‍കിയ ഭൂമി തിരിച്ചുനല്‍കുന്നതായി പ്രഖ്യാപിച്ച് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യവസായാവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുത്ത് നല്‍കുന്നത് കെഐഎഡിബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാ ഡവലപ്പ്മെന്റ് ബോര്‍ഡ്) ആണ്. സര്‍ക്കാര്‍ വിജ്ഞാപനം വഴി തുച്ഛവിലയ്ക്കാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതാകട്ടെ ആവശ്യത്തിലും എത്രയോ അധികമാണ്. ക്രമക്കേട് നടത്തുന്നതിനുള്ള പഴുത് സൃഷ്ടിച്ചുകൊണ്ടുതന്നെയാണ് ഈ ഏറ്റെടുക്കലെന്ന് കര്‍ഷകരും ആരോപിക്കുന്നു.

യെദ്യൂരപ്പ ഈ പകല്‍കൊള്ളയെ ന്യായീകരിക്കുന്നത് തന്റെ മുന്‍ഗാമികളെല്ലാം ഇതുപോലെ ഭൂമി കൈക്കലാക്കിയിട്ടുണ്ടെന്ന വാദം നിരത്തിയാണ്. അക്കൂട്ടത്തില്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ എസ് എം കൃഷ്ണ 334 സൈറ്റ് അനുവദിച്ചു. കോണ്‍ഗ്രസിലെ തന്നെ ധരംസിങ് കേവലം രണ്ടര വര്‍ഷം കൊണ്ട് 76 സൈറ്റും ജനതാദളിന്റെ ജെ എച്ച് പട്ടേല്‍ 149 സൈറ്റും എച്ച് ഡി കുമാരസ്വാമി 288 സൈറ്റും പതിച്ചുനല്‍കിയിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടര വര്‍ഷംകൊണ്ട് യെദ്യൂരപ്പ നല്‍കിയതാകട്ടെ 139 സൈറ്റ്. നിരോധിതമേഖലകളില്‍ ഖനന ലൈസന്‍സ് അനുവദിക്കുന്നതിന് 21 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവും യെദ്യൂരപ്പക്കെതിരെ നിലനില്‍ക്കുന്നു. ഇങ്ങനെ അടിമുടി അഴിമതിയില്‍ ആറാടിനില്‍ക്കുന്ന യെദ്യൂരപ്പയ്ക്ക് രക്ഷപ്പെടാനുള്ള പഴുതുകളൊന്നും അവശേഷിക്കുന്നില്ല. ലോകായുക്ത കൂടി അഴിമതിക്കെതിരെ ശക്തമായി രംഗത്ത് വന്നത് ബിജെപിക്കും മുഖ്യമന്ത്രിക്കും വന്‍ തിരിച്ചടിയാണ്.
(ടി പി വിജയന്‍)

കര്‍ണാടകത്തില്‍ കൈയേറിയത് 11 ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ഭൂമി


കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭൂമി കുംഭകോണവിവാദം കൊഴുക്കുമ്പോഴും ഭൂമികൈയേറ്റം വ്യാപകം. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ ലോകായുക്ത നടത്തുന്ന അന്വേഷണത്തില്‍ ശേഖരിച്ച റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. വിവിധയിടങ്ങളിലായി 11 ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ഭൂമി കൈയേറിയെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യവ്യക്തികള്‍ക്കുപുറമെ ഉന്നത സര്‍ക്കാരുദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് ഭൂമി കൈയേറുന്നത്. കൈയേറ്റം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച ലാന്‍ഡ്് പ്രൊട്ടക്ഷന്‍ ഫോഴ്സും ഭൂമികൈയേറ്റം സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഭൂമി കൈയേറിയ പ്രമുഖരുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിച്ചിട്ട് ഏഴു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.

കൈയേറിയ ഭൂമിയില്‍ മൂന്നരലക്ഷം ഏക്കര്‍ സംരക്ഷിത വനമേഖലയാണ്. ചിക്മംഗളൂര്‍ ജില്ലയിലാണ് ഏറെയും ഭൂമി കൈയേറിയത്. തൊട്ടുപിന്നില്‍ മൈസൂരു ജില്ലയും. സംസ്ഥാനത്തെ 30 ജില്ലയിലും സര്‍ക്കാര്‍ഭൂമി കൈയേറിയിട്ടുണ്ട്. ചിക്മംഗളൂര്‍ ജില്ലയില്‍ 76,000 ഏക്കര്‍ റവന്യൂ സ്ഥലവും 81,000 ഏക്കര്‍ വനംവകുപ്പിന്റെ സ്ഥലവും കൈയേറിട്ടുണ്ട്. പൊതു ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നീക്കിവച്ച സ്ഥലങ്ങളാണ് കൈയേറുന്നതില്‍ ഭൂരിഭാഗവും. അളന്നുതിരിച്ച് തിട്ടപ്പെടുത്തിയ സ്ഥലങ്ങള്‍പോലും കൈയേറിയിട്ടുണ്ട്. ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ടാസ്ക്ഫോഴ്സ് ചെയര്‍മാന്‍ വി ബാലസുബ്രഹ്മണ്യന്‍ റിപ്പോര്‍ട്ട് നല്‍കി.

റാഡിയയുടെ പിടി ബിജെപിയിലും


വിവാദമായ മാധ്യമ- കോര്‍പറേറ്റ്- രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടില്‍ ബിജെപി നേതാക്കള്‍ക്കും പങ്കുള്ളതായി മുന്‍ ടെലികോംമന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ അരു ഷൂരി. സിഎന്‍എന്‍- ഐബിഎന്‍ ചാനലിന്റെ 'ഡെവിള്‍സ് അഡ്വക്കറ്റ്' പരിപാടിയിലാണ് തന്റെ പാര്‍ടിയിലും കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയ പിടിമുറുക്കിയെന്ന് ഷൂരി വെളിപ്പെടുത്തിയത്.

2009ലെ ബജറ്റുചര്‍ച്ചയില്‍ ആദ്യം പ്രസംഗിക്കുന്നതില്‍നിന്ന് ബിജെപി തന്നെ വിലക്കിയത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കുവേണ്ടിയായിരുന്നു. തന്നെയാണ് ബജറ്റുചര്‍ച്ച തുടങ്ങാന്‍ ബിജെപി നേതൃത്വം നിശ്ചയിച്ചിരുന്നത്. മുകേഷ് അംബാനിക്ക് വലിയ നേട്ടമുണ്ടാക്കുന്ന ബജറ്റിലെ നിര്‍ദേശത്തിനെതിരെ ബിജെപി യോഗങ്ങളില്‍ താന്‍ കടുത്ത ഭാഷയില്‍ സംസാരിച്ചിരുന്നു. ഇത് പാര്‍ലമെന്റിലും ആവര്‍ത്തിക്കുമെന്ന് അവര്‍ ഭയന്നിരിക്കണം. ബജറ്റിനെതിരെ താന്‍ പ്രസംഗം തുടങ്ങിവച്ചാല്‍ മറ്റുള്ളവരും അത് പിന്തുടരുമെന്നും മുകേഷ് അംബാനിയുടെ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും കരുതിയാണ് വെങ്കയ്യ നായിഡുവിനെ തുടക്കക്കാരനായി നിയോഗിച്ചത്. ഫോണ്‍സംഭാഷണങ്ങളില്‍നിന്ന് ഇത് വ്യക്തമാണ്.

ദേശാഭിമാനി 291110

1 comment:

  1. അഴിമതിക്ക് കൂട്ടുനിന്ന യെദ്യൂരപ്പയെ കര്‍ണാടക മുഖ്യമന്ത്രിയായി തുടരാന്‍ നേതൃത്വം തീരുമാനിച്ചതിന് പിന്നാലെ ലോകായുക്ത കര്‍ശന നിലപാട് സ്വീകരിച്ചത് ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കി. ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്ത ജസ്റിസ് സന്തോഷ് ഹെഗ്ഡെ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതാണ് ബിജെപിയെ വീണ്ടും വെട്ടിലാക്കിയത്. ലോകായുക്ത അന്വേഷിക്കുന്നതിനിടെ ജുഡീഷ്യല്‍ കമീഷനെ വെച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ ലോകായുക്ത പ്രതികരിച്ചിരുന്നു. അന്വേഷണത്തിന് ജുഡീഷ്യല്‍ കമീഷനെ നിയമിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് അഴിമതിയില്‍ മുങ്ങിയ യെദ്യൂരപ്പയെ ബിജെപി ന്യായീകരിച്ചിരുന്നത്. അഴിമതിക്കാര്യത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് ഒരിക്കല്‍കൂടി മറനീക്കുന്നതാണ് യെദ്യൂരപ്പയെ വെള്ളപൂശിയ നടപടി. ആരോപണ പ്രത്യാരോപണങ്ങളാല്‍ മലീമസമായ കര്‍ണാടക രാഷ്ട്രീയത്തില്‍ ഇതോടെ ബിജെപി കൂടുതല്‍ പരിഹാസ്യരാവുകയാണ്.

    ReplyDelete