Saturday, November 27, 2010

മുലപ്പാലിലും മാരകമായ അളവില്‍ എന്‍ഡോസള്‍ഫാന്‍: ദുരന്തത്തിനിരയായത് ഭൂരിഭാഗവും ദരിദ്രര്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദുരന്തഫലങ്ങള്‍ക്കിരയായവരില്‍ ബഹുഭൂരിഭാഗവും രോഗപ്രതിരോധശേഷി കുറഞ്ഞ പാവപ്പെട്ട ജനവിഭാഗത്തില്‍ പെട്ടവരെന്ന്  സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവരിലെ പോഷകാഹാരക്കമ്മിയും  പ്രതിരോധശേഷിക്കുറവും എന്‍ഡോസള്‍ഫാന്‍പോലുള്ള കീടനാശിനികള്‍ വളരെ വേഗത്തില്‍ ശരീരത്തില്‍ പ്രതിപ്രവര്‍ത്തിക്കാന്‍ ഇടയാക്കിയിരിക്കാം. എന്‍ഡോസള്‍ഫാന്‍ തളിച്ച 11 പഞ്ചായത്തുകളിലേയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍തോട്ടങ്ങളുടെ പരിധികളില്‍   ഈയിടെ ആരോഗ്യവകുപ്പു നടത്തിയ സര്‍വേയില്‍  എന്‍ഡോസള്‍ഫാന്‍മൂലം  2836 പേര്‍ തീരാദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്.  ഇതില്‍ 2300 പേരും ദുരിദ്രകുടുംബങ്ങളില്‍ നിന്നുള്ളവരാണ്.  കൂടുതല്‍പേരിലും ബുദ്ധിമാന്ദ്യവും മാനസിക രോഗവുമാണ് കണ്ടുവരുന്നത്. മാനസികവൈക്യമുള്ളവരും മാനസിക രോഗികളുമായി 821 പേരുണ്ട്്. ഇവരില്‍  668 പേര്‍ മാനസിക വൈകല്യമുള്ളവരാണ്.  62 പേര്‍ സെറിബ്രല്‍ പാള്‍സി മൂലം കഷ്ടപ്പെടുന്നു.  വളര്‍ച്ചക്കമ്മിയാണ് കീടനാശിനിയുടെ ഫലമായുള്ള മറ്റൊരു ദുരന്തം. 20 ഉം 30ഉം വയസുള്ളവര്‍ പോലും വളര്‍ച്ചയില്ലാതെ കുട്ടികളെപ്പോലെയാണ്. ഇത്തരത്തില്‍  364 പേരുണ്ട്. ബധിരമൂകരായി 230 പേരും കാഴ്ചവൈകല്യമുള്ളവരായി 177 പേരുമുണ്ടെന്നാണ് ഡി എം ഒ ജോസ് ജി ഡിക്രൂസിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിട്ടുള്ളത്. ത്വക്ക് സംബന്ധമായ അസുഖമുള്ള 162 പേരും ജനികത വൈകല്യമുള്ള 47 പേരും ഒന്നില്‍കൂടുതല്‍ രോഗങ്ങളുള്ള 214 പേരുമുണ്ട്. 137 പേര്‍ക്ക്  എന്‍ഡോസള്‍ഫാന്‍ കാരണം വന്ധ്യത ബാധിച്ചിട്ടുമുണ്ട്. മറ്റു രോഗങ്ങളുള്ള 429 പേരെയും സര്‍വേയില്‍ കണ്ടെത്തി.

ഏഴുവര്‍ഷം മുമ്പു ദല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ്(സി എസ് ഇ) നടത്തിയ പഠനത്തിലും എന്‍ഡോസള്‍ഫാന്‍ ഈ പ്രദേശങ്ങളില്‍ മേല്‍പറഞ്ഞ രോഗങ്ങള്‍ക്കു ഭീതിദമായ തോതില്‍ കാണമായിട്ടുണ്ടെന്നു കണ്ടെത്തിയിരുന്നു. 2002-ലെ ഡോ അച്യുതന്‍ കമ്മീഷനും ശിവരാമന്‍കമ്മിഷനും  ഇക്കാര്യം സ്ഥിരീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്‍മകജെ പഞ്ചായത്തിലെ പഡ്രെയിലെ ആറുപേരുടെ രക്തസാമ്പിളുകളെടുത്തായിരുന്നു ആദ്യമായി ഡല്‍ഹിയിലെ സി എസ് ഇ ലബോറട്ടയില്‍ പരിശോധിച്ചത്. ഇതില്‍ പഡ്രെയിലെ കോടങ്കേരി തോടിനടുത്തു താമസിക്കുന്ന സീതക്ക(50) എന്ന സ്ത്രീയുടെ രക്തത്തിലെ എന്‍ഡോസള്‍ഫാന്റെ തോത് അമ്പരിപ്പിക്കുന്നതായിരുന്നു--196 പി പി എം.  വെള്ളത്തില്‍ ഈ കീടനാശിനിയുടെ അനുവദനീയമായ  തോത് 0.18 പി പി എം മാത്രമാണ്. രക്തത്തില്‍ കീടനാശിനിയുടെ അളവ് പാടില്ലെന്നതിനാല്‍  ഇത്തരത്തില്‍ അനുവദനീയ തോതില്ലെന്ന്് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സീതക്കയുടെ രക്തത്തില്‍ കണ്ടെത്തിയ എന്‍ഡോസള്‍ഫാന്റെ തോത്  വെള്ളത്തില്‍ അനുവദനീയമായതിന്റെയും ആയിരത്തിലേറെ ഇരട്ടിയാണ്. ഇവരുടെ  മൂത്ത മകന്‍ കിട്ടണ്ണയ്ക്ക് (30) സെറിബ്രല്‍ പാള്‍സിയും മറ്റൊരു മകന്‍ ശ്രീധരന് ബുദ്ധിമാന്ദ്യവുമാണ്.  രോഗത്തോട് മല്ലടിച്ച മകള്‍  സ്വയം ജീവനൊടുക്കുകയായിരുന്നു. സീതക്കയെ കൂടാതെ കൊല്ലങ്കാനയിലെ പ്രഭാവതി, വിഷ്ണുപ്രസാദ്, ഡോ. മോഹന്‍കുമാര്‍, കിട്ടണ്ണ, ലളിത എന്നിവരുടെ രക്തസാമ്പിളുകളാണ്  പരിശോധിച്ചത്. പ്രഭാവതിക്ക് ആസ്തമയും ത്വക്കുരോഗവും, വിഷ്ണുപ്രസാദിന് ബുദ്ധിമാന്ദ്യവും കണ്ടെത്തി, ഡോ.മോഹന്‍കുമാറിന് തൊണ്ടയിലാണ് അസുഖം. ലളിതയ്ക്ക് പാള്‍സിയാണ്. ഈ അഞ്ചുപേരുടെ രക്തത്തിലും അപകടകരമായ തോതില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. ഇവരെല്ലാം ഇപ്പോഴും തീരാദുരിതമനുഭവിക്കുന്നു.  പരിശോധനയ്ക്കു വിധേയരായ അഞ്ചുപേരും  വിവിധ മേഖലകളില്‍പ്പെട്ടവരായിരുന്നു. അതിനാല്‍ പഡ്രെയിലെ മുഴുവന്‍ ആളുകളിലും മാരകമായ തോതില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ അംശം ഉണ്ടെന്നായിരുന്നു സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റിന്റെ നിഗമനം. പഡ്രെയിലെ വെള്ളം, വെളിച്ചെണ്ണ, അമ്മമാരുടെ മുലപ്പാല്‍, പശുവിന്‍പാല്‍, പച്ചക്കറികള്‍, കശുവണ്ടി, നാണ്യവിളകള്‍, മല്‍സ്യം, തവള, ഇല, മണ്ണ് എന്നിവയും ഡല്‍ഹിയിലെ ലബോറട്ടറിയില്‍ പരിശോധനാവിധേയമാക്കിയിരുന്നു. എല്ലാറ്റിലും വളരെ വലിയതോതില്‍ എന്‍ഡോസള്‍ഫാന്‍ കലര്‍ന്നതായി കണ്ടെത്തിയിരുന്നു.  മുലപ്പാലില്‍ 22.40 പി പി എം ആണ് എന്‍ഡോസള്‍ഫാനെങ്കില്‍ പശുവിന്‍പാലില്‍ 57.20 പി പി എം ആയിരുന്നു. വെള്ളത്തില്‍ 9.19 പിപിഎം ഉം മണ്ണില്‍ 35.16 പിപിഎമ്മും കീടനാശി സി എസ് ഇ കണ്ടെത്തി. എന്‍മകജെ പഞ്ചായത്തിലെ തന്നെ വാണിനഗര്‍ ഗവ.സ്‌കൂളില്‍ 42 ശതമാനം കുട്ടികളും എന്‍ഡോസള്‍ഫാന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നതായി നാഷണല്‍ ഇന്‍,സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപേഷണല്‍ഹെല്‍ത്ത് (എന്‍ ഐ ഒ എച്ച്)നടത്തിയ പഠനം വെളിപ്പെടുത്തിയതാണ്.

2004ലാണ് ഈ റിപ്പോര്‍ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. പദ്രെ, സ്വര്‍ഗ ഗ്രാമങ്ങളില്‍മാത്രം 15വര്‍ഷത്തിനിടെ മരിച്ച 50-ല്‍ താഴെയുള്ളവരുടെ എണ്ണം 90ലധികംവരും.  മിക്കവരുടെയും മരണകാരണം  കാന്‍സറായിരുന്നു.

ഇവരെല്ലാം വളരെ ദരിദ്രകുടുംബത്തില്‍പ്പെട്ടവരായിരുന്നുവെന്നതും പ്രാധാന്യമര്‍ഹിക്കുന്നു.

ഈ  യാഥാര്‍ഥ്യങ്ങളും ശാസ്ത്രീയ കണ്ടെത്തലുകളും അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാനുവേണ്ടി  അനുകൂല റിപ്പോര്‍ട് തയ്യാറാക്കാന്‍ ദുബെ, മായി കമ്മിറ്റികളെ മാറിമാറി നിയമിച്ചത്. അവരുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടെന്നും വിഷമല്ലെന്നും ഇപ്പോഴും ആവര്‍ത്തിച്ചുപറയുന്നത്.

നാരായണന്‍ കരിച്ചേരി ജനയുഗം 271110

3 comments:

  1. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദുരന്തഫലങ്ങള്‍ക്കിരയായവരില്‍ ബഹുഭൂരിഭാഗവും രോഗപ്രതിരോധശേഷി കുറഞ്ഞ പാവപ്പെട്ട ജനവിഭാഗത്തില്‍ പെട്ടവരെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവരിലെ പോഷകാഹാരക്കമ്മിയും പ്രതിരോധശേഷിക്കുറവും എന്‍ഡോസള്‍ഫാന്‍പോലുള്ള കീടനാശിനികള്‍ വളരെ വേഗത്തില്‍ ശരീരത്തില്‍ പ്രതിപ്രവര്‍ത്തിക്കാന്‍ ഇടയാക്കിയിരിക്കാം. എന്‍ഡോസള്‍ഫാന്‍ തളിച്ച 11 പഞ്ചായത്തുകളിലേയും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്‍തോട്ടങ്ങളുടെ പരിധികളില്‍ ഈയിടെ ആരോഗ്യവകുപ്പു നടത്തിയ സര്‍വേയില്‍ എന്‍ഡോസള്‍ഫാന്‍മൂലം 2836 പേര്‍ തീരാദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ഇതില്‍ 2300 പേരും ദുരിദ്രകുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കൂടുതല്‍പേരിലും ബുദ്ധിമാന്ദ്യവും മാനസിക രോഗവുമാണ് കണ്ടുവരുന്നത്. മാനസികവൈക്യമുള്ളവരും മാനസിക രോഗികളുമായി 821 പേരുണ്ട്്. ഇവരില്‍ 668 പേര്‍ മാനസിക വൈകല്യമുള്ളവരാണ്. 62 പേര്‍ സെറിബ്രല്‍ പാള്‍സി മൂലം കഷ്ടപ്പെടുന്നു. വളര്‍ച്ചക്കമ്മിയാണ് കീടനാശിനിയുടെ ഫലമായുള്ള മറ്റൊരു ദുരന്തം. 20 ഉം 30ഉം വയസുള്ളവര്‍ പോലും വളര്‍ച്ചയില്ലാതെ കുട്ടികളെപ്പോലെയാണ്. ഇത്തരത്തില്‍ 364 പേരുണ്ട്. ബധിരമൂകരായി 230 പേരും കാഴ്ചവൈകല്യമുള്ളവരായി 177 പേരുമുണ്ടെന്നാണ് ഡി എം ഒ ജോസ് ജി ഡിക്രൂസിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിട്ടുള്ളത്. ത്വക്ക് സംബന്ധമായ അസുഖമുള്ള 162 പേരും ജനികത വൈകല്യമുള്ള 47 പേരും ഒന്നില്‍കൂടുതല്‍ രോഗങ്ങളുള്ള 214 പേരുമുണ്ട്. 137 പേര്‍ക്ക് എന്‍ഡോസള്‍ഫാന്‍ കാരണം വന്ധ്യത ബാധിച്ചിട്ടുമുണ്ട്. മറ്റു രോഗങ്ങളുള്ള 429 പേരെയും സര്‍വേയില്‍ കണ്ടെത്തി.

    ReplyDelete
  2. എന്‍ഡോസള്‍ഫാന്റെ ഉപയോഗം സംബന്ധിച്ച് പുനരവലോകനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര കൃഷി സഹമന്ത്രി കെ വി തോമസ് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്‍ഡോസള്‍ഫാന്റെ ഇറക്കുമതി, ഉത്പാദനം, വില്‍പ്പന, കടത്തല്‍, വിതരണം, ഉപയോഗം എന്നിവ ഇന്‍സെക്റ്റിസൈഡ് ആക്ട് 1968 പ്രകാരം നിയന്ത്രിച്ചിട്ടുള്ളത്. കാര്‍ഷിക ആവശ്യത്തിനായി ഒരു കീടനാശിനി ഉപയോഗിക്കുന്നതിന് കെമിക്കല്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ അനുമതി തേടേണ്ടതുണ്ട്. ഇന്‍സെക്റ്റിസൈഡ് ആക്ട് വകുപ്പ് അഞ്ച് പ്രകാരമാണ് കെമിക്കല്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. കീടനാശിനിയുടെ കാര്യക്ഷമത, സുരക്ഷിതത്വം, എന്നിവ സംബന്ധിച്ച് അപേക്ഷകന്‍ നല്‍കുന്ന രേഖകള്‍ പരിശോധിച്ച ശേഷമാണ് കമ്മറ്രഇ അനുമതി നല്‍കുന്നത്. അപേക്ഷകന്‍ സമര്‍പ്പിക്കുന്ന രേഖകളില്‍ അനുമതിക്കായി അപേക്ഷിക്കുന്ന കീടനാശിനിയുടം കെമിസ്ട്രി, വിഷാംശം, ജൈവ ഫലസിദ്ധി തുടങ്ങിയകാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്.(ജനയുഗം 271110)

    ReplyDelete
  3. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് കെ ആര്‍ ഗൌരിയമ്മ. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേരളത്തിന് അധികാരമില്ല. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരുന്നില്ല. മറിച്ച്, സര്‍ക്കാര്‍ പ്ലാന്റുകളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കേണ്ട എന്നായിരുന്നു UDF തീരുമാനിച്ച തെന്നും ഗൌരിയമ്മ പറഞ്ഞു.

    ReplyDelete