Tuesday, November 30, 2010

ടേപ്പ് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം

ഇടതു, മതേതര പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും

സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച്  സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നഭ്യര്‍ഥിച്ച് ഇടതു, മതേതര പാര്‍ട്ടി നേതാക്കള്‍ ഇന്നു രാഷ്ട്രപതി പ്രതിഭാ പാട്ടീലിെന കാണും. ജെ പി സി ആവശ്യം തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ച സാഹചര്യത്തില്‍ ഇന്നലെ ചേര്‍ന്ന ഇടതു, മതേതര പാര്‍ട്ടികളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. അതേസമയം സഭ തടസ്സം കൂടാതെ നടത്തുന്നതിന് പോംവഴികള്‍ ആരായാന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ ഇന്നു സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അതിനിടെ, ജെ പി സി വേണ്ടെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഇന്നലെ ചേര്‍ന്ന യു പി എ യോഗം തീരുമാനിച്ചു.

പൊതുഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതിനെത്തുടര്‍ന്ന് തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്നലെ പാര്‍ലമെന്റ് സ്തംഭിച്ചത്. രാവിലെ ചേര്‍ന്ന ഇരു സഭകളും ബഹളം മൂലം നടപടിക്രമങ്ങളിലേയ്ക്കു കടക്കാനാവാതെ പിരിയുകയായിരുന്നു. സഭാ സ്തംഭനം തുടരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇടതു, മതേതര പാര്‍ട്ടികള്‍ യോഗം ചേര്‍ന്നത്. സി പി ഐ, സി പി എം, ആര്‍ എസ് പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ ഇടതുപാര്‍ട്ടികള്‍ക്കു പുറമേ എ ഐ എ ഡി എം കെ, ടി ഡി പി, ബി ജെ ഡി എന്നീ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ജെ പി സി അന്വേഷണത്തിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ യോഗം തീരുമാനിച്ചു. ഇന്നലെ രാത്രി വിദേശ പര്യടനം കഴിഞ്ഞു മടങ്ങിയ രാഷ്ട്രപതിയെ കാണാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗത്തിനു ശേഷം സി പി ഐ നേതാക്കളായ ഗുരുദാസ് ദാസ് ഗുപ്തയും ഡി രാജയും പറഞ്ഞു.  പാര്‍ലമെന്റില്‍നിന്നും പ്രകടനമായിട്ടായിരിക്കും ഉച്ചയ്ക്ക് ഒരുമണിക്ക് എം പിമാര്‍ രാഷ്ട്രപതി ഭവനിലേയ്ക്ക് പോകുക. സി പി ഐ, സി പി എം, ആര്‍ എസ് പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ബി ജെ ഡി, എ ഐ എ ഡി എം കെ, ടി ഡി പി, എ ജി പി, ആര്‍ എല്‍ ഡി, ജനതാദള്‍ എസ് എന്നീ കക്ഷികളില്‍പെട്ട എം പിമാരാണ് രാഷ്ട്രപതിക്ക് നിവേദനം നല്‍കുക.

ഇന്നു സ്പീക്കര്‍ സര്‍വകക്ഷിയോഗം വിളിച്ച സാഹചര്യത്തിലാണ് ഇന്നലെ യു പി എ യോഗം ചേര്‍ന്നത്. ജെ പി സി അന്വേഷണത്തിന് എതിരല്ലെന്ന് യു പി എ ഘടകകക്ഷികളായ ഡി എം കെയും തൃണമൂല്‍ കോണ്‍ഗ്രസും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സ്പീക്കറുടെ യോഗത്തില്‍ ഈ നിലപാടു സ്വീകരിക്കുന്നതില്‍നിന്ന് ഘടകകക്ഷികളെ പിന്തിരിപ്പിക്കുക അതിനാണ് യോഗത്തില്‍ പ്രധാനമായും കോണ്‍ഗ്രസ് ശ്രമിച്ചത്. ജെ പി സി വേണ്ടെന്ന കോണ്‍ഗ്രസ് നിലപാടിനോടു യോജിച്ചു നില്‍ക്കുമെന്ന് ഘടകകക്ഷി നേതാക്കള്‍ യോഗത്തിനു ശേഷം പറഞ്ഞു. ജെ പി സി ആവശ്യത്തില്‍നിന്ന് പിന്മാറാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതിപക്ഷ പാര്‍ട്ടികളോട് വീണ്ടും ആവശ്യപ്പെട്ടു.

ജെ പി സി അന്വേഷണ ആവശ്യത്തില്‍ പ്രതിപക്ഷത്തിനിടയില്‍ വിള്ളലുണ്ടാക്കാനും കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. ആര്‍ എസ് എസിന്റെ നിര്‍ദേശപ്രകാരമാണ് ബി ജെ പി നിരന്തരമായി സഭ സ്തംഭിപ്പിക്കുന്നതെന്നും മറ്റ് പ്രതിപക്ഷകക്ഷികള്‍ ഇക്കാര്യത്തില്‍ അവരോടൊപ്പമില്ലെന്നും പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ പറഞ്ഞു.

ടേപ്പ് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം


സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയ മാധ്യമപ്രവര്‍ത്തകരുമായും വ്യവസായികളുമായും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നതിനെ കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു.

യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് 2ജി സ്‌പെക്ട്രം ലൈസന്‍സ് സ്വന്തമാക്കിയ 119 കമ്പിനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സി ബി ഐ ഇന്നലെ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു.

സ്‌പെക്ട്രം ലൈസന്‍സ് നേടിയ ചില കമ്പനികള്‍ സത്യം മറച്ചുവച്ച് ലൈസന്‍സ് സ്വന്തമാക്കിയതായി ടെലികോം മന്ത്രി കപില്‍ സിബല്‍ മാധ്യമങ്ങളോട് പറഞ്ഞു. ലൈസന്‍സ് ലഭിച്ച 81 കമ്പനികള്‍ ടെലികോം മന്ത്രാലയം നിര്‍ദേശിക്കുന്ന യോഗ്യതയിലും താഴെയാണെന്നും നിബന്ധനകള്‍ പാലിക്കാതെയാണ് 38 കമ്പനികള്‍ അപേക്ഷിച്ചതെന്നും സിബല്‍ പറഞ്ഞു. എന്നാല്‍ ഈ കമ്പനികളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ലൈസന്‍സ് ലഭിച്ച കമ്പനികള്‍ 60 ദിവസത്തിനകം സര്‍ക്കാരിന് മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോകേസും വെവ്വേറെ പരിഗണിക്കുമെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.

സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് ഇടനിലക്കാരി നീര റാഡിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഇന്നലെയാണ് തീരുമാനിച്ചത്. റാഡിയയുമായി താന്‍ നടത്തിയ സംഭാഷണങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രത്തന്‍ ടാറ്റ സുപ്രിം കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ടേപ്പുകള്‍ ആരാണ് ചോര്‍ത്തിയതെന്നും എങ്ങനെയാണ് ചോര്‍ത്തിയതെന്നും ഇന്റലിജന്‍സ് ബ്യൂറോയും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡുമായിരിക്കും അന്വേഷണം നടത്തുകയെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. സി ബി ഐ റിപ്പോര്‍ട്ടനുസരിച്ച് സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട 5000ഓളം ടെലിഫോണ്‍ കോളുകള്‍ ഉണ്ട്. ഇവയില്‍ 140 കോളുകളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് വിശ്വസ്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ടേപ്പുകള്‍ പുറത്താക്കിയതിലൂടെ മൗലികാവകാശത്തെയാണ് തടസപ്പെടുത്തിയിരിക്കുന്നതെന്ന് ടാറ്റ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരര്‍ജിയില്‍ ആരോപിച്ചു. സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. കേന്ദ്ര സര്‍ക്കാരിനു പുറമേ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സി ബി ഐ, ആദായനികുതി വകുപ്പ്, ടെലികോം മന്ത്രാലയം എന്നിവയയെ ആണ് ടാറ്റ എതിര്‍ കക്ഷികളായി ചേര്‍ത്തിരിക്കുന്നത്.

ജസ്റ്റിസുമാരായ ജി എസ് സംഗ്‌വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ സുപ്രിം കോടതി ബഞ്ച് മുന്‍പാകെ സീല്‍ ചെയ്ത കവറിലായിരുന്നു അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സി ബി ഐ സമര്‍പ്പിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഉയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ താല്‍ക്കാലിക റിപ്പോര്‍ട്ടിലൂടെ സാധിക്കുമെന്ന് സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണത്തിന്റെ സ്വഭാവം വിവരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് രണ്ടു ജഡ്ജിമാര്‍ക്കും പ്രത്യേകമായാണ് നല്‍കിയത്. കേസില്‍ സി ബി ഐ നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ കോടതി വിശദമായ മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ജനയുഗം 301110

1 comment:

  1. സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നഭ്യര്‍ഥിച്ച് ഇടതു, മതേതര പാര്‍ട്ടി നേതാക്കള്‍ ഇന്നു രാഷ്ട്രപതി പ്രതിഭാ പാട്ടീലിെന കാണും. ജെ പി സി ആവശ്യം തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ച സാഹചര്യത്തില്‍ ഇന്നലെ ചേര്‍ന്ന ഇടതു, മതേതര പാര്‍ട്ടികളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. അതേസമയം സഭ തടസ്സം കൂടാതെ നടത്തുന്നതിന് പോംവഴികള്‍ ആരായാന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ ഇന്നു സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അതിനിടെ, ജെ പി സി വേണ്ടെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ ഇന്നലെ ചേര്‍ന്ന യു പി എ യോഗം തീരുമാനിച്ചു.

    ReplyDelete