Thursday, November 25, 2010

ഭവന വായ്പ തട്ടിപ്പിനെപ്പറ്റിത്തന്നെ

ബാങ്ക് മേധാവികള്‍ അറസ്റില്‍
     
റിയല്‍ എസ്റേറ്റ് കമ്പനികളുമായി ചേര്‍ന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതിന് പ്രമുഖ പൊതുമേഖലാ ധനസ്ഥാപനങ്ങളിലെ അഞ്ച് ഉന്നതമേധാവികള്‍ അറസ്റില്‍. ഒരു വര്‍ഷത്തിലേറെ സിബിഐ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. വന്‍തുക കോഴവാങ്ങി റിയല്‍എസ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് വഴിവിട്ട രീതിയില്‍ കോടികളുടെ വായ്പ ഒരുക്കിക്കൊടുത്തെന്ന കുറ്റമാണ് ഇവര്‍ക്കെതിരെയുള്ളത്. മലയാളിയും എല്‍ഐസി ഹൌസിങ് ഫിനാന്‍സ് ചീഫ് എക്സിക്യൂട്ടിവുമായ ആര്‍ രാമചന്ദ്രന്‍ നായരാണ് പിടിയിലായവരില്‍ പ്രമുഖന്‍. എല്‍ഐസി ഫിനാന്‍സ് സെക്രട്ടറി നരേഷ് കെ ചോപ്ത, ബാങ്ക് ഓഫ് ഇന്ത്യ ജനറല്‍ മാനേജര്‍ ആര്‍ എന്‍ തയാല്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ മനീന്ദര്‍സിങ് ജോഹര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ വെങ്കോബ ഗുജ്ജാള്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് ഉന്നതര്‍.

ധനസ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി കോര്‍പറേറ്റ് വായ്പകള്‍ ഒരുക്കിക്കൊടുത്ത മണിമാറ്റേഴ്സ് എന്ന സ്വകാര്യസ്ഥാപനത്തിന്റെ ചെയര്‍മാന്‍ അടക്കം മൂന്നുപേരും അറസ്റിലായിട്ടുണ്ട്. മണി മാറ്റേഴ്സ് ചെയര്‍മാനും എംഡിയുമായ രാജേഷ് ശര്‍മ, ജീവനക്കാരായ സുരേഷ് ഗട്ടാനി, സഞ്ജയ് ശര്‍മ എന്നിവരാണ് സിബിഐയുടെ വലയിലായത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ജയ്പൂര്‍, ജലന്തര്‍ എന്നീ നഗരങ്ങളില്‍ ബാങ്കിങ് സ്ഥാപനങ്ങളിലടക്കം റെയ്ഡ് നടത്തിയശേഷമാണ് സിബിഐ ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റുചെയ്തത്. റെയ്ഡ് തുടരുകയാണ്. കോഴ വാങ്ങി വായ്പ അനുവദിച്ചതിന്റെപേരില്‍ ആകെ അഞ്ച് കേസ് സിബിഐ രജിസ്റര്‍ ചെയ്തിട്ടുണ്ട്. മണിമാറ്റേഴ്സിന്റെ എല്ലാ ഓഫീസും സിബിഐ പൂട്ടി.

മണിമാറ്റേഴ്സ് ജീവനക്കാര്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഇടനിലക്കാരായി ധനസ്ഥാപനങ്ങളുടെ മേധാവികളെ സമീപിച്ച് കോഴ വാഗ്ദാനംചെയ്യുകയായിരുന്നു. ബാങ്ക് ഉന്നതര്‍ വന്‍കിട റിയല്‍എസ്റേറ്റ് പദ്ധതികള്‍, പശ്ചാത്തലസൌകര്യ പദ്ധതികള്‍ എന്നിവയ്ക്ക് വഴിവിട്ട് കോടികളുടെ വായ്പകള്‍ ഒരുക്കിക്കൊടുത്തു. പകരമായി ലക്ഷങ്ങള്‍ കോഴ വാങ്ങി. എമ്മാര്‍ എംജിഎഫ്, ഒബ്റോയ് റിയാലിറ്റി, സുസ്ലോ, ഡിബി റിയാലിറ്റി, അഷപുര മൈന്‍കെം, ഒഎംജി ജിആര്‍പി, ലാവസ, പന്റലൂസ് തുടങ്ങിയ റിയല്‍ എസ്റ്റേറ്റ്- കോര്‍പറേറ്റ് സ്ഥാപനങ്ങളാണ് ക്രമരഹിതമായി കോടികളുടെ വായ്പ സ്വന്തമാക്കിയത്.

ഭവനവായ്പാരംഗത്ത് രാജ്യത്ത് മൂന്നാമത്തെ സ്ഥാപനമാണ് എല്‍ഐസി ഹൌസിങ്. 2008 ലാണ് രാമചന്ദ്രന്‍നായര്‍ എല്‍ഐസി ഹൌസിങ്ങിന്റെ തലപ്പത്തെത്തിയത്. നേരത്തെ, എല്‍ഐസി പരിശീലനവിഭാഗം ഡയറക്ടറായിരുന്നു. 2003 മുതല്‍ എല്‍ഐസി ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. മണിമാറ്റേഴ്സിന്റെ സഹായത്തോടെ മുംബൈയിലെ ഗോറിഗാവില്‍ ഫ്ളാറ്റ് വാങ്ങിയെന്നും 2009 നവംബറില്‍ ഈ ഏജന്‍സിയില്‍ നിന്ന് 45 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് നായര്‍ക്കെതിരായ കുറ്റങ്ങള്‍. കോഴയ്ക്ക് പകരമായി ഏഴ് കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നായര്‍ വായ്പ ഒരുക്കിക്കൊടുത്തു. മുംബൈയില്‍നിന്നാണ് സിബിഐ ചെങ്ങന്നൂര്‍ ചെറിയനാട് ഇടമുറി തൈവിളയില്‍ വീട്ടില്‍ ആര്‍ ആര്‍ നായരെന്ന രാമചന്ദ്രന്‍നായരെ അറസ്റ്റുചെയ്തത്. അറസ്റിലായ ഉദ്യോഗസ്ഥരെ കോടതിയില്‍ എത്തിച്ച് കൂടുതല്‍ അന്വേഷണത്തിനായി സിബിഐ കസ്റഡിയില്‍ വാങ്ങി. രാമചന്ദ്രന്‍നായരെയും മണിമാറ്റേഴ്സ് എംഡിയെയും ഈ മാസം 29 വരെയാണ് കസ്റഡിയില്‍ വിട്ടത്.

അഴിമതിയെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിന് സാധ്യത ആരായുമെന്ന് കേന്ദ്ര ധനവകുപ്പ് അറിയിച്ചു. വകുപ്പുതല അന്വേഷണം സാധ്യമല്ലെങ്കില്‍ ബാങ്കുകള്‍ വ്യക്തിഗത തലത്തില്‍ അന്വേഷണം നടത്തുമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അറസ്റുവാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മുംബൈ ഓഹരിവിപണി സൂചിക 279 പോയിന്റ് ഇടിഞ്ഞു. എല്‍ഐസി ഹൌസിങ്, സെന്റട്രല്‍ ബാങ്ക് എന്നിവയുടെ ഓഹരികളില്‍ വലിയ ഇടിവുണ്ടായി. എന്നാല്‍, ബാങ്കുകളുടെ സാമ്പത്തികസ്ഥിതി ഭദ്രമാണെന്ന് ധനമന്ത്രാലയം അറിയിച്ചു. കിട്ടാക്കടങ്ങള്‍ക്ക് സാധ്യതയില്ലെന്നും മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു.
(എം പ്രശാന്ത്0

ഫോൺ സംഭാഷണങ്ങളില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


ബാങ്ക് വായ്പ അഴിമതി അന്വേഷണത്തിനിടെ മണിമാറ്റേഴ്സ് എന്ന സ്വകാര്യസ്ഥാപനത്തിന്റെ ഉടമയുടെയും മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയ സിബിഐക്ക് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കോര്‍പറേറ്റുകള്‍ക്കായി കോടികളുടെ വായ്പകള്‍ മാനദണ്ഡം പാലിക്കാതെ ഒരുക്കുന്നതിന്റെ ഭാഗമായി ലക്ഷങ്ങളാണ് ബാങ്ക് മേധാവികള്‍ കോഴയായി ആവശ്യപ്പെടുന്നത്. എല്‍ഐസി ഹൌസിങ് ഫിനാന്‍സ് സിഇഒ രാമചന്ദ്രന്‍നായര്‍ക്ക്മുംബൈയിലെ ഗോറിഗാവില്‍ വീടുവാങ്ങാന്‍ പണം നല്‍കിയത് മണിമാറ്റേഴ്സാണെന്ന് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നു. മണിമാറ്റേഴ്സ് ചെയര്‍മാന്‍ രാജേഷിനോടാണ് വീടിന്റെ പണമടയ്ക്കാന്‍ നായര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ രാജേഷ് ശര്‍മയില്‍ നിന്ന്് 45 ലക്ഷം രൂപ നായര്‍ കോഴയായി വാങ്ങി. കോഴയ്ക്കു പകരമായി ഡിബി റിയാലിറ്റി, പഷ്മിന ലിമിറ്റഡ്, മന്ത്രി റിയാലിറ്റി, സിഗ്രുന്‍ ലിമിറ്റഡ്, എന്റര്‍ടെയ്ന്‍മെന്റ് വേള്‍ഡ്, ഇന്‍ഡോര്‍ സിറ്റി ട്രഷേഴ്സ് എന്നീ സ്ഥാപനങ്ങള്‍ക്ക് നായര്‍ വായ്പ ഒരുക്കിക്കൊടുത്തതായി സിബിഐ അഭിഭാഷകന്‍ ഇജാസ് ഖാന്‍ പ്രത്യേക സിബിഐ കോടതിയില്‍ പറഞ്ഞു. വായ്പ ഒരുക്കുന്നത് നായരല്ലെന്നും പ്രത്യേക സമിതിയാണെന്നുമാണ് അദേഹത്തിന്റെ അഭിഭാഷകന്റെ വാദം.

ബാങ്ക് ഓഫ് ഇന്ത്യയുടെ ആര്‍ എന്‍ തയാല്‍ 25 ലക്ഷം രൂപയാണ് രാജേഷ് ശര്‍മയില്‍ നിന്ന് കോഴയായി പറ്റിയത്. 500 കോടി രൂപ വീതമുള്ള രണ്ടു വായ്പയാണ് രാജേഷ് പകരമായി ആവശ്യപ്പെടുന്നത്. 300 കോടിയുടെ വായ്പ പാസാക്കാന്‍ കഴിവില്ലെങ്കില്‍ പിന്നെന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നതെന്നു പോലും ഫോണിലൂടെ രാജേഷ് തയാലിനോട് ചോദിക്കുന്നുണ്ട്. ബിജിആര്‍ എനര്‍ജിയുടെ 200 കോടിയുടെ പദ്ധതിയിലും ഒപിജി ഗ്രൂപ്പിന്റെ 300 കോടിയുടെ പദ്ധതിയിലും സഹകരിക്കാമെന്ന ഉറപ്പും തയാല്‍ നല്‍കുന്നുണ്ട്.

എല്‍ഐസിയുടെ നരേഷ് ശര്‍മ 16 ലക്ഷമാണ് കോഴയായി വാങ്ങിയത്. പകരമായി അദാനി ഗ്രൂപ്പിനും റെലിഗേറിനും എല്‍ഐസി ഹൌസിങിന്റെ രഹസ്യവിവരങ്ങള്‍ ശര്‍മ ചോര്‍ത്തി നല്‍കി. സെന്‍ട്രല്‍ ബാങ്കിന്റെ മനീന്ദര്‍സിങ് വായ്പ ശരിയാക്കുന്നതിന് കോഴയായി ആവശ്യപ്പെടുന്നത് 37 ലക്ഷം രൂപയാണ്.

മണിമാറ്റേഴ്സ് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ ഒട്ടേറെ സുപ്രധാന രേഖ പിടിച്ചെടുത്തിട്ടുണ്ട്. 189 സ്വര്‍ണനാണയം, 12,12,000 രൂപ, 28 ഹാര്‍ഡ് ഡിസ്ക് എന്നിവയും പിടിച്ചെടുത്തു.

ദേശാഭിമാനി 251110

1 comment:

  1. ബാങ്ക് വായ്പ അഴിമതി അന്വേഷണത്തിനിടെ മണിമാറ്റേഴ്സ് എന്ന സ്വകാര്യസ്ഥാപനത്തിന്റെ ഉടമയുടെയും മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയ സിബിഐക്ക് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കോര്‍പറേറ്റുകള്‍ക്കായി കോടികളുടെ വായ്പകള്‍ മാനദണ്ഡം പാലിക്കാതെ ഒരുക്കുന്നതിന്റെ ഭാഗമായി ലക്ഷങ്ങളാണ് ബാങ്ക് മേധാവികള്‍ കോഴയായി ആവശ്യപ്പെടുന്നത്. എല്‍ഐസി ഹൌസിങ് ഫിനാന്‍സ് സിഇഒ രാമചന്ദ്രന്‍നായര്‍ക്ക്മുംബൈയിലെ ഗോറിഗാവില്‍ വീടുവാങ്ങാന്‍ പണം നല്‍കിയത് മണിമാറ്റേഴ്സാണെന്ന് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നു. മണിമാറ്റേഴ്സ് ചെയര്‍മാന്‍ രാജേഷിനോടാണ് വീടിന്റെ പണമടയ്ക്കാന്‍ നായര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞവര്‍ഷം നവംബറില്‍ രാജേഷ് ശര്‍മയില്‍ നിന്ന്് 45 ലക്ഷം രൂപ നായര്‍ കോഴയായി വാങ്ങി. കോഴയ്ക്കു പകരമായി ഡിബി റിയാലിറ്റി, പഷ്മിന ലിമിറ്റഡ്, മന്ത്രി റിയാലിറ്റി, സിഗ്രുന്‍ ലിമിറ്റഡ്, എന്റര്‍ടെയ്ന്‍മെന്റ് വേള്‍ഡ്, ഇന്‍ഡോര്‍ സിറ്റി ട്രഷേഴ്സ് എന്നീ സ്ഥാപനങ്ങള്‍ക്ക് നായര്‍ വായ്പ ഒരുക്കിക്കൊടുത്തതായി സിബിഐ അഭിഭാഷകന്‍ ഇജാസ് ഖാന്‍ പ്രത്യേക സിബിഐ കോടതിയില്‍ പറഞ്ഞു. വായ്പ ഒരുക്കുന്നത് നായരല്ലെന്നും പ്രത്യേക സമിതിയാണെന്നുമാണ് അദേഹത്തിന്റെ അഭിഭാഷകന്റെ വാദം.

    ReplyDelete