Wednesday, December 29, 2010

അരി: 245 കോടി അനുവദിച്ചു

രണ്ടുരൂപ നിരക്കില്‍ വിവിധ വിഭാഗങ്ങള്‍ക്ക് അരിയും ഗോതമ്പും വിതരണംചെയ്യാന്‍ നടപ്പുസാമ്പത്തിക വര്‍ഷം ധനവകുപ്പ് ഇതുവരെ 245 കോടി അനുവദിച്ചതായി മന്ത്രി ടി എം തോമസ് ഐസക് നിയമസഭയെ അറിയിച്ചു. പാവപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും അരി വിതരണംചെയ്യും. എന്നാല്‍, ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും രണ്ടുരൂപ നിരക്കില്‍ അരി നല്‍കിയാല്‍ പാഴ്ചെലവിനു വഴിതെളിക്കുമെന്നും എം കെ പുരുഷോത്തമനെ അറിയിച്ചു.

പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള വിപണി ഇടപെടലിന് ഈ സാമ്പത്തികവര്‍ഷം കണ്‍സ്യൂമര്‍ഫെഡിന് 15 കോടിയും സപ്ളൈകോയ്ക്ക് 74.31 കോടി രൂപയും നല്‍കിയിട്ടുണ്ടെന്ന് ജോര്‍ജ് എം തോമസിനെ മന്ത്രി അറിയിച്ചു. സബ്സിഡി ഇനത്തില്‍ 2008-09 സാമ്പത്തികവര്‍ഷത്തില്‍ കണ്‍സ്യൂമര്‍ഫെഡിന് 11 കോടി രൂപയും സപ്ളൈകോയ്ക്ക് 105 കോടിയുംഅനുവദിച്ചു. 2009-10ല്‍ കണ്‍സ്യൂമര്‍ഫെഡിന് 20 കോടി രൂപയും സപ്ളൈകോയ്ക്ക് 83 കോടിയും അനുവദിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നല്‍കിയാണ് രണ്ടുരൂപ അരി വിതരണം ചെയ്യുന്നത്. ഇതിന് കേന്ദ്രസഹായം ലഭിക്കുന്നതിന് സാധ്യതകള്‍ ആരായും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവശ്യവസ്തുക്കളുടെ വല നിയന്ത്രണത്തിന് സബ്സിഡി ഇനത്തില്‍ തുകയൊന്നും അനുവദിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ 62.7 കോടി രൂപ അനുവദിച്ചതായും സി കെ പി പത്മനാഭന്‍, ടി പി കുഞ്ഞുണ്ണി എന്നിവരെ അറിയിച്ചു.

സംസ്ഥാനത്തിന് മാത്രമായി വിലക്കയറ്റം തടയാനാകില്ലെന്ന് ആനത്തലവട്ടം ആനന്ദനെ മന്ത്രി അറിയിച്ചു. ഭക്ഷ്യോല്‍പ്പാദനം ഗണ്യമായ തോതില്‍ വര്‍ധിച്ചപ്പോഴാണ് വിലക്കയറ്റം രൂക്ഷമായത്. വിലക്കയറ്റം തടയുന്നതിന് സംസ്ഥാനത്തിന് കഴിയുന്നതെല്ലാം ചെയ്യുന്നു. ഇനി കേന്ദ്ര സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. കേന്ദ്രത്തിന്റെ വിത്തുനയം തിരുത്തണം. ഫുഡ് കോര്‍പറേഷന്റെ സംഭരണികള്‍ വാടകയ്ക്കെടുത്ത് അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പ്പ് നടത്തുന്നത് തടയണം. ക്ഷാമം അനുഭവപ്പെടുന്ന ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിക്ക് നടപടി സ്വീകരിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

1 comment:

  1. രണ്ടുരൂപ നിരക്കില്‍ വിവിധ വിഭാഗങ്ങള്‍ക്ക് അരിയും ഗോതമ്പും വിതരണംചെയ്യാന്‍ നടപ്പുസാമ്പത്തിക വര്‍ഷം ധനവകുപ്പ് ഇതുവരെ 245 കോടി അനുവദിച്ചതായി മന്ത്രി ടി എം തോമസ് ഐസക് നിയമസഭയെ അറിയിച്ചു. പാവപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും അരി വിതരണംചെയ്യും. എന്നാല്‍, ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും രണ്ടുരൂപ നിരക്കില്‍ അരി നല്‍കിയാല്‍ പാഴ്ചെലവിനു വഴിതെളിക്കുമെന്നും എം കെ പുരുഷോത്തമനെ അറിയിച്ചു.

    ReplyDelete