Wednesday, December 22, 2010

50 ശതമാനം വിലക്കുറവില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കും

വിലക്കയറ്റം തടയാന്‍ പൊതു വപണിയേക്കാള്‍ 50 ശതമാനം വരെ  വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രി സി ദിവാകരന്‍ നിയമസഭയില്‍ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേനയുള്ള കമ്പോള ഇടപെടല്‍ ശക്തമാക്കി. നാല് വര്‍ഷം മുമ്പ് സംസ്ഥാനത്തെ 52 ലക്ഷം ജനങ്ങളാണ്  സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വില്‍പ്പനശാലകളെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് ഒരു കോടിയില്‍ കൂടുതലാണ്. ഗോതമ്പിന്റെ വില വര്‍ധന തടയുന്നതിനായി റേഷന്‍ കടകള്‍ വഴി കിലോഗ്രാമിന് 12 രൂപ നിരക്കില്‍ ഫോര്‍ട്ടിഫൈഡ് ആട്ടമാവ് വിതരണം ചെയ്യുന്നു.

സപ്ലൈക്കോയുടെ തെരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാര്‍ എന്നിവിടങ്ങളില്‍  പച്ചക്കറി സ്റ്റാളുകളും ആരംഭിച്ചു.  ജില്ലാ കളക്ടര്‍മാര്‍ തെരഞ്ഞെടുക്കുന്ന ഹോട്ടലുകള്‍ക്ക് സപ്ലൈകോ ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ നല്‍കുന്നു. ഈ ഹോട്ടലുകളില്‍ വില്‍ക്കുന്ന ആഹാരസാധനങ്ങളുടെ വില മറ്റ് സ്വകാര്യ ഹോട്ടലുകളേക്കാള്‍ കുറവാണ്.  ലേബര്‍ ബ്യൂറോ ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചിക പ്രകാരം നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. മലയോര ആദിവാസി മേഖലകളില്‍ അവശ്യ ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ ആരംഭിച്ചു. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കൂടുതല്‍ മാവേലി സ്റ്റോറുകള്‍ ആരംഭിക്കുമെന്നും   മാങ്കോട് രാധാകൃഷ്ണ്‍, വി എസ് സുനില്‍ കുമാര്‍, പി തിലോത്തമന്‍, പള്ളിപ്രം ബാലന്‍  കെ കെ ഷാജു, കെ ബി ഗണേഷ് കുമാര്‍,  പി സി ജോര്‍ജ്ജ് എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ഭക്ഷ്യമന്ത്രി സി ദിവാകരന്‍  പറഞ്ഞു.

ജനയുഗം 221210

No comments:

Post a Comment