Monday, December 27, 2010

യൂത്ത് കോണ്‍ഗ്രസ് നേതാവ് പി വി ശ്രീനിജന്‍ അനധികൃത സ്വത്ത് സമ്പാദിച്ചതായി ആക്ഷേപം

കൊച്ചി: കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. പി വി ശ്രീനിജന്‍ നാല് വര്‍ഷം കൊണ്ട് സമ്പാദിച്ചത് കോടികളുടെ അനധികൃത സ്വത്ത്. മുന്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവു കൂടിയായ ശ്രീനിജന്‍ എറണാകുളം ജില്ലയ്ക്ക് പുറമെ തൃശൂരിലും ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ആധാരത്തില്‍ വില കുറച്ച് രേഖപ്പെടുത്തിയാണ് എല്ലാ ഇടപാടുകളും നടത്തിയിട്ടുമുള്ളത്. 

തൃശൂര്‍ അന്നമനടയില്‍ പുഴയോരത്ത് ശ്രീനിജന്‍ സ്വന്തമാക്കിയത് രണ്ടര ഏക്കര്‍ ഭൂമിയാണ്. 2008-ല്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയില്‍ ഇപ്പോള്‍ ആര്‍ഭാട റിസോര്‍ട്ടുകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്. എളമക്കര കീര്‍ത്തിനഗറില്‍ 2009 ജൂണില്‍ 30 സെന്റ് ഭൂമിയും തന്റെയും ഭാര്യ അഡ്വ. കെ ബി സോണിയുടെയും പേരില്‍ സ്വന്തമാക്കി. ഇതിനടുത്ത് ഈ വര്‍ഷം ഒക്‌ടോബറില്‍ അമ്മയുടെ പേരില്‍ 15 സെന്റ് ഭൂമിയും സ്വന്തമാക്കി. ഇവിടെ കൂറ്റന്‍ ബംഗ്ലാവിന്റെ പണിയും നടക്കുന്നു.  ഹൈക്കോടതിക്ക് സമീപം എംപയര്‍ ബില്‍ഡിങ്ങില്‍ 20 ലക്ഷം രൂപ വിലമതിക്കുന്ന ഓഫീസ് മന്ദിരം, ഇടപ്പള്ളി ട്രാവന്‍കൂര്‍ കോര്‍ട്ടില്‍ ഭാര്യയുടെ പേരില്‍ ഫഌറ്റും ഇടക്കാലം കൊണ്ട് ശ്രീനിജന്‍ സ്വന്തമാക്കി.

കീര്‍ത്തിനഗറില്‍ സെന്റിന് എട്ട്-പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയുടേതായി ആധാരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് കേവലം ഒരു ലക്ഷം രൂപ മാത്രമാണ്. അമ്മയുടെ പേരില്‍ വാങ്ങിയ ഭൂമിയുടെയും വില കേവലം ഒരു ലക്ഷം മാത്രം. അന്നമനടയില്‍ രണ്ടര ഏക്കര്‍ ഭൂമിക്ക് ഒട്ടാകെ രേഖപ്പെടുത്തിയിട്ടുള്ളത് 14 ലക്ഷം രൂപ മാത്രമാണ്. ഇവിടെ രണ്ട് ലക്ഷത്തോളം രൂപയാണ് സെന്റ് ഭൂമിയുടെ വില. ഇടപ്പള്ളിയിലെ കണ്ണായ സ്ഥലത്തുള്ള ഫഌറ്റിന്റെ വിലയാകട്ടെ ആധാരത്തില്‍ കേവലം ഒമ്പത് ലക്ഷം രൂപ മാത്രവും. ഇവയ്ക്ക് പുറമെ ആര്‍ഭാട കാറായ ടയോട്ട കൊറോളയും സമീപവര്‍ഷം ശ്രീനിജന്‍ സ്വന്തമാക്കി.

2006-ല്‍ ഞാറയ്ക്കല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീനിജന്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരം സംബന്ധിച്ച സത്യവാങ്ങ്മൂലത്തില്‍ തന്റെ സ്വത്തായി കാണിച്ചിട്ടുള്ളത് 25000 രൂപയും 3 പവന്റെ സ്വര്‍ണ്ണവുമാണ്.

ഭാര്യയുടേതായി തിരുവാങ്കുളത്ത് 29 സെന്റ് സ്ഥലവും 20 പവന്‍ സ്വര്‍ണ്ണവും രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ഒട്ടേറെ ഭൂസ്വത്തുക്കള്‍ ശ്രീനിജന്‍ വാരിക്കൂട്ടിയത് ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്.

അഭിഭാഷക ജോലിമാത്രമാണ് വരുമാന സ്രോതസ്സെന്ന് ശ്രീനിജന്‍ ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 2008ല്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷക ജോലി വഴി ഇത്രകുറഞ്ഞകാലംകൊണ്ട് കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഇദ്ദേഹത്തിന് എങ്ങനെയുണ്ടായെന്ന് പാര്‍ട്ടിക്കാര്‍പോലും സംശയം പ്രകടിപ്പിക്കുന്നു. അഭിഭാഷകജോലിയില്‍നിന്ന് തന്റെ വരുമാനം 25 ലക്ഷം രൂപയും ഭാര്യയുടേത് 15 ലക്ഷം രൂപയുമാണെന്ന് ആദായനികുതി വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

'ജുഡീഷ്യല്‍ അന്വേഷണം വേണം' 'ആരോപണങ്ങള്‍ നീതിപീഠത്തിന് അപമാനകരം'
     
മുന്‍ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണത്തെക്കുറിച്ചന്വോഷിക്കാന്‍ 3 ചീഫ് ജസ്റ്റിസുമാരുള്‍പ്പെടുന്ന പാനലിനെ നിയമിക്കണമെന്ന് ജസ്റ്റിസ് VR കൃഷ്ണയ്യര്‍ പറഞ്ഞു. KG ബാലകൃഷ്ണന്റെ ബന്ധുക്കളുടെ അനധികൃതമായ സ്വത്തിനെക്കുറിച്ച് ഉയര്‍ന്ന ആരോപണം ഇന്ത്യന്‍ നിയമവ്യവസ്ഥയെ തന്നെ ലജ്ജിപ്പിക്കുന്നതാണ്. മുന്‍ ജസ്റ്റിസ് ഗോഖലെ അഴിമതിക്കാരനായ രാജയെക്കുറിച്ച് എഴുതിയ കത്ത് KG ബാലകൃഷ്ണന്‍ നിഷേധിച്ചിരുന്നു. ഈ സംഭവത്തിലും അന്വേഷണം ആവശ്യമാണ്. മനുഷ്യാവകാശത്തിന്റെ ഒരു പുതിയ ചരിത്രം തന്നെയാണ് ഈ അന്വേഷണം കൊണ്ട് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകനും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി ശ്രീനിജന്‍, കര്‍ണ്ണാടകയിലെ ബി ജെ പി മന്ത്രി ജനാര്‍ദ്ദന റെഡ്ഡിക്കുവേണ്ടി കേസുകളില്‍ അനുകൂല വിധി ഉണ്ടാക്കുന്നതിനായി ഇടപെട്ടതായി ആരോപണം. ദില്ലിയിലെ പത്രപ്രവര്‍ത്തകനായ ഡോ.എം ഫര്‍ഗ്വാന്‍, രാഷ്ട്രപതിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി നല്‍കിയ പരാതി തുടര്‍ നടപടിക്കായി കൈമാറിയിരിക്കുകയാണ്. പി വി ശ്രീനിജന്‍ അനധികൃതമായി നടത്തിയ സ്വത്ത് സമ്പാദനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.

കെ പി സി സി അംഗം ശ്രീനിജന് എതിരായ അഴിമതി ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് DYFI സംസ്ഥാന പ്രസിഡന്റ് എം ബി രാജേഷ് എം പി. അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന കാര്യങ്ങള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും ഗൌരവമേറിയ കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.

ജനയുഗം/പീപ്പിള്‍ ചാനല്‍ വാര്‍ത്ത

1 comment:

  1. കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. പി വി ശ്രീനിജന്‍ നാല് വര്‍ഷം കൊണ്ട് സമ്പാദിച്ചത് കോടികളുടെ അനധികൃത സ്വത്ത്. മുന്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവു കൂടിയായ ശ്രീനിജന്‍ എറണാകുളം ജില്ലയ്ക്ക് പുറമെ തൃശൂരിലും ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ആധാരത്തില്‍ വില കുറച്ച് രേഖപ്പെടുത്തിയാണ് എല്ലാ ഇടപാടുകളും നടത്തിയിട്ടുമുള്ളത്.

    ReplyDelete