Wednesday, December 29, 2010

പാവങ്ങളെയോര്‍ക്കുന്ന കോണ്‍ഗ്രസ്സ് ? കൂടെ കരയുന്ന മാധ്യമങ്ങള്‍!!

ദല്‍ഹിയുടെ പ്രാന്തപ്രദേശമായ ബൂറാഡിയിലെ കോണ്‍ഗ്രസ്സ് മാമാങ്കത്തിന്റെ വാര്‍ത്തകളുമായി കോണ്‍ഗ്രസ്സ് മുഖപത്രങ്ങള്‍ തന്നെയാണ് തങ്ങളെന്ന് മിക്ക മുഖ്യധാരാ മാധ്യമങ്ങളും തെളിയിച്ചതാണ് ഈ ആഴ്ച നാം കണ്ടത്. "പാവങ്ങളെയോര്‍ത്ത് കോണ്‍ഗ്രസ്സ്'' എന്ന വലിയ തലക്കെട്ട് ആദ്യദിനത്തിലും, അഴിമതിക്കെതിരെ സോണിയ എന്ന തലക്കെട്ടുമായി രണ്ടാംദിനവും. "മലയാള മനോരമ''യുടെ കോണ്‍ഗ്രസ് സേവ ഇത്തവണയും പൊടിപൊടിച്ചു. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന കോണ്‍ഗ്രസ്സ് പാര്‍ടി 125-ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ലോകത്തിനുമുന്നില്‍ അപമാനിതമായി നിറംകെട്ട് പോയ അതിന്റെ യഥാര്‍ത്ഥ ചിത്രം മറച്ചുവെക്കാന്‍ വല്ലാതെ തത്രപ്പെടുന്ന പ്രമേയങ്ങളാണ് കാണാനായത്. വര്‍ഗീയതക്കെതിരായ സമരത്തിന് ഉടന്‍ ഒരുങ്ങുന്നുവെന്നാണ് സോണിയായുടെ മറ്റൊരു വെളിപാട്. ന്യൂനപക്ഷ - വര്‍ഗീയതയേക്കാള്‍ കടുകട്ടി ഭൂരിപക്ഷ വര്‍ഗീയത തന്നെയെന്ന് രാഹുല്‍ പറഞ്ഞത് വിക്കീലിക്സ് വെളിപ്പെടുത്തലില്‍ വിവാദമായി. അതിനു പരിഹാരം തേടി ഇരുവര്‍ഗീയതകളും തുല്യദോഷങ്ങളാണെന്നും വര്‍ജ്യമാണെന്നും സോണിയ പറഞ്ഞതില്‍ മാധ്യമങ്ങള്‍ നിര്‍വൃതിയടയുന്നതും കണ്ടു. മാതൃഭൂമിയുള്‍പ്പെടെയുള്ള പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഈ വിവാദത്തിന്റെ പിറകെ നടക്കുന്നതാണ് പിന്നീടു കണ്ടത്.

    ഇരുവര്‍ഗീയതകളും അപകടകരമെങ്കില്‍ മുസ്ളീംലീഗും കേരളാ കോണ്‍ഗ്രസ്സും സഖ്യകക്ഷികളായ യുഡിഎഫ് പിരിച്ചുവിടുമോ? കുറഞ്ഞപക്ഷം ഇടലേഖനമിറക്കി തെരഞ്ഞെടുപ്പ് വിജയം നേടുന്നതും, തെരഞ്ഞെടുപ്പിനുശേഷം ഇടയലേഖനമാണ് വിജയകാരണമെന്ന് പ്രസ്താവനയിറക്കി വിജയത്തിന്റെ മൊത്തം ക്രെഡിറ്റ് തട്ടിയെടുക്കുന്നതും ഇനി വേണ്ടയെന്ന് കോണ്‍ഗ്രസ് പറയുമോ. എഐസിസി പ്രമേയം വര്‍ഗീയതക്കെതിരാണെങ്കില്‍ യുഡിഎഫ് പിരിച്ചുവിടുകയാണു വേണ്ടത്.

    കോണ്‍ഗ്രസ്സ് പണ്ടുമുതല്‍ പാവങ്ങളുടെ പാര്‍ടിയെന്ന് അറിയപ്പെടാനാണ് ആഗ്രഹിച്ചിരുന്നത്. ഗരീബി ഹഠാവോ, ബേക്കാരി ഹഠാവോ തുടങ്ങിയ എഴുപതുകളിലെ ദരിദ്രപക്ഷപാത മുദ്രാവാക്യങ്ങള്‍ ആരും മറന്നിട്ടില്ല. "ഇന്ത്യക്കുവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു''വെന്നാണ് മുമ്പൊരു തെരഞ്ഞെടുപ്പില്‍ ഇറക്കിയ പരസ്യവാചകം. "കോണ്‍ഗ്രസ്സ് അപനാ ദുക്കാന്‍ ഹേ'' (കോണ്‍ഗ്രസ്സ് എന്റെ കടയാണ്) എന്ന് മുകേഷ് അംബാനി നീരാറാഡിയായോട് പറഞ്ഞത് വെറുതെയല്ല. 1984ല്‍ രാജീവ്ഗാന്ധി അധികാരമേല്‍ക്കുന്ന കാലത്ത് ചെറിയതോതില്‍ ബിസിനസ് നടത്തുകയായിരുന്ന അംബാനിയുടെ മകനാണ് കോണ്‍ഗ്രസ്സിനെപ്പറ്റി റാഡിയായോട് ഇങ്ങനെ പറഞ്ഞു മനസ്സിലാക്കിയത്. തെരഞ്ഞെടുപ്പ് വന്നാല്‍ പാവങ്ങളെപ്പറ്റി വാചാലരാകുന്ന കോണ്‍ഗ്രസ്സ്, ഭരണത്തിലേറിയാല്‍ അംബാനിമാരെയും ടാറ്റമാരെയും മറ്റു കോര്‍പറേറ്റുകളേയുമാണ് ഓര്‍മിക്കുന്നത്. റാഡിയാ ടേപ്പുകള്‍ തെളിയിച്ച ഈ സത്യം മൂടിവെക്കാന്‍ മാധ്യമങ്ങള്‍ എത്ര മനോഹരമായാണ് ശ്രമിക്കുന്നത്.

    "പാവങ്ങള്‍ക്കുവേണ്ടിയുള്ള'' കോണ്‍ഗ്രസ്സിന്റെ ഈ സര്‍ക്കാര്‍ വന്നശേഷം രണ്ടുകൊല്ലം കൊണ്ട് പെട്രോളിന് പത്തുരൂപയിലേറെ ലിറ്ററിന് വില കൂട്ടി. ഡീസലിന് വീണ്ടും വില കൂട്ടാന്‍ പോകുന്നു. പാചകവാതകവില പലതവണ കൂട്ടിയതുപോരാഞ്ഞ് 50 മുതല്‍ 100 രൂപാവരെ ഒരു സിലിണ്ടറിന് കൂടുകയാണ്. ഇതിന്റെ ഗുണഭോക്താക്കള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ മാത്രമല്ല, അംബാനിമാരുടെ റിലയന്‍സും, എസ്സാര്‍ പോലുള്ള കോര്‍പറേറ്റുകളുമാണ്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഷെയറുകള്‍ വിറ്റ് മുതലാളിമാരെ സഹായിക്കുന്ന പണിവേറെ. ഇതെല്ലാം നിര്‍ബാധം നടക്കുന്ന ഒരു രാജ്യത്ത് രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ടിയുടെ നേതൃത്വത്തോട് ഇത്ര ദയനീയ ദാസ്യം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിലെ ഏതു ധര്‍മമാണ് നിറവേറ്റുന്നത്?

    സവാളയുടെ വില ഒരു കിലോയ്ക്ക് ഡെല്‍ഹിയില്‍ സെഞ്ച്വറി തികഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അമ്പതു സെഞ്ച്വറികളെയോര്‍ത്ത് നൂറിലേറെ കോടി മനുഷ്യര്‍ ആഹ്ളാദിക്കുമ്പോള്‍ ഉള്ളിയുടെയും സവാളയുടെയും വില സെഞ്ച്വറി തികയ്ക്കുന്നത് പെട്ടെന്ന് മാധ്യമങ്ങള്‍ ഓര്‍മിക്കണമെന്നില്ല. കൂരകളില്‍, കുടിലുകളില്‍ ഭക്ഷണം ലഭിക്കാത്ത കുരുന്നുകളുടെ നിലവിളിയും അതിനുപിന്നാലെ പട്ടിണിമരണവും പെരുകുമ്പോള്‍ ഒരു സൌന്ദര്യമല്‍സരം കൂടി സംഘടിപ്പിച്ച് അതിലെ തരുണീമണികളുടെ നടനചാരുതയെ കണ്ട് ആനന്ദിച്ച് നിര്‍വൃതിയടയാന്‍ ധാരാളം അവസരമൊരുക്കും.

    നശിച്ചുപോയാലും ഭക്ഷ്യധാന്യങ്ങള്‍ ന്യായവിലയ്ക്ക് പാവപ്പെട്ടവന് കൊടുത്തുകൂടേ എന്ന് സുപ്രീംകോടതി ചോദിച്ചത് ഈ കോണ്‍ഗ്രസ്സിനോടാണ്. ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പിലാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം രണ്ടു കൊല്ലം തികയാറായിട്ടും എന്തേ നടപ്പിലാക്കാത്തതെന്ന് ഇടതുപക്ഷം ചോദിക്കുന്നത് ഈ കോണ്‍ഗ്രസ്സിനോടാണ്. മാസങ്ങളായി തുടരുന്ന കടുത്ത വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിച്ച് പാവങ്ങളെ രക്ഷിക്കാത്തതെന്തെന്ന് സാധാരണ ജനങ്ങള്‍ ചോദിക്കുന്നത് ഈ കോണ്‍ഗ്രസ്സിനോടാണ്. 1,76,000/- കോടി രൂപ 182 കമ്പനികള്‍ക്കായി ടെലികോം മേഖലയില്‍ വീതിച്ച് കൊടുത്ത് അവരെ സമ്പന്നരാക്കി വിഭവ സമ്പന്നത തെളിയിച്ച സര്‍ക്കാരിന് പാവങ്ങളുടെ കാര്യം വരുമ്പോള്‍ സമ്പത്തേയില്ല. ഇവിടെ പട്ടിണിമാറ്റാനും, വെള്ളവും വെളിച്ചവുമെത്തിക്കാനും ചിലവഴിക്കേണ്ട പണം കോര്‍പ്പറേറ്റുകള്‍ക്കായി അഴിമതിയിലൂടെ ചോര്‍ത്തിക്കൊടുത്ത ക്രിമിനല്‍ ഭരണത്തിന്റെ തലവനാണ് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശേഷിയുണ്ടെങ്കില്‍ പിഎസിയല്ല, ജെപിസിയല്ല എവിടെ വേണമെങ്കിലും വരാമെന്ന് വെല്ലുവിളിച്ചിരുന്നുവെങ്കില്‍ മാന്യതയുണ്ടായിരുന്നു. താന്‍ വിചാരണ ചെയ്യപ്പെടാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍, എവിടെയാണ് വിചാരണ നടക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് പ്രതിയായിക്കൂടാ. പാവങ്ങളെയോര്‍ക്കാത്തതിനാലാണ് പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സും അഴിമതിക്കേസില്‍ പ്രതിക്കൂട്ടിലായത്. 125 കൊല്ലം മുമ്പ് 83 പേര്‍ ഒരുമിച്ച് ബോംബെയില്‍ യോഗം ചേര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് രൂപീകരിക്കുമ്പോള്‍ അത് ഭാരതത്തിന് വേണ്ടിയായിരിക്കുമെന്ന് അതിന്റെ സ്ഥാപകര്‍ ചിന്തിരിച്ചിരുന്നു. ആ തറവാട്ടിലും കടന്നുകയറി ഒസ്യത്ത് സ്വന്തമാക്കിയവര്‍ പാവങ്ങളെ ഓര്‍ക്കാത്തതിനാലാണ് ശതകോടീശ്വരന്മാര്‍ ഇന്ത്യയില്‍ പെരുകിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും ആ കോണ്‍ഗ്രസ്സിനെ വല്ലാതെ സ്തുതിക്കാന്‍ മടിയില്ലാത്തവരുടെ മനോബലം അപാരം തന്നെ. മനോരമയും മാതൃഭൂമിയും ഇങ്ങനെ പെരുമാറുന്ന നിലയില്‍ വീക്ഷണം പത്രം എങ്ങനെ രക്ഷപ്പെടാനാണ്.
അഡ്വ. കെ അനില്‍കുമാര്‍ chintha weekly

1 comment:

  1. മനോരമയും മാതൃഭൂമിയും ഇങ്ങനെ പെരുമാറുന്ന നിലയില്‍ വീക്ഷണം പത്രം എങ്ങനെ രക്ഷപ്പെടാനാണ്.

    ReplyDelete