Wednesday, December 29, 2010

വിലക്കയറ്റം: കേന്ദ്രം കൈയൊഴിയുന്നു

വിലക്കയറ്റം തടയാന്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളാണ് വില നിയന്ത്രിക്കേണ്ടതെന്ന് വിലക്കയറ്റം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിതലസമിതി യോഗത്തിന് ശേഷം കൃഷിമന്ത്രി ശരദ്പവാര്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അരിയും ഗോതമ്പും അനുവദിക്കാനും യോഗം തീരുമാനിച്ചു. വില വര്‍ധിച്ച പച്ചക്കറിയടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ നടപടിക്ക് മുതിരാതെയാണ് വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിലിട്ട് യോഗം പിരിഞ്ഞത്. വിലക്കയറ്റത്തിന് കാരണമായ അവധി വ്യാപാരവും ഊഹക്കച്ചവടവും നിയന്ത്രിക്കാന്‍ പോലും കേന്ദ്രം തയ്യാറാകുന്നില്ല. അതേസമയം, രണ്ടാം യുപിഎ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വിലക്കയറ്റമാണെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു. കോണ്‍ഗ്രസിന്റെ 125 വര്‍ഷം വിലയിരുത്തി തയ്യാറാക്കിയ പുസ്തകത്തിലാണ് വിലക്കയറ്റം തടയാന്‍ രണ്ടാം യുപിഎ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന കുമ്പസാരം. ഭക്ഷ്യധാന്യങ്ങളുടെ ഉയര്‍ന്ന വില ആധാരമാക്കിയുള്ള പണപ്പെരുപ്പം വെല്ലുവിളിയായി തുടരുകയാണെന്ന് സോണിയ ഗാന്ധി പ്രകാശനംചെയ്ത പുസ്തകത്തില്‍ പറയുന്നു.

വിലക്കയറ്റം ചര്‍ച്ചചെയ്യാന്‍ ധനമന്ത്രി പ്രണബ്മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസമിതി മൂന്ന് തീരുമാനമാണ് എടുത്തത്. ഒന്ന്, എപിഎല്‍ നിരക്കിലും ബിപിഎല്‍ നിരക്കിലും 25 ലക്ഷം ട വീതം അരിയും ഗോതമ്പും പൊതുവിതരണ സംവിധാനത്തിലൂടെ സംസ്ഥാനങ്ങള്‍ക്ക് അധികമായി നല്‍കും. രണ്ട്, പയറുവര്‍ഗങ്ങളുടെ തീരുവരഹിത ഇറക്കുമതി മാര്‍ച്ച് 2012 വരെ തുടരുന്നതിനൊപ്പം പയറുവര്‍ഗങ്ങളുടെ കയറ്റുമതി നിരോധനവും തുടരും. മൂന്ന്, വ്യാപാരികള്‍ക്ക് ശേഖരിച്ചുവയ്ക്കാവുന്ന പഞ്ചസാര അളവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം മാര്‍ച്ച് അവസാനംവരെ ദീര്‍ഘിപ്പിക്കും. രാജ്യമെങ്ങും പച്ചക്കറികള്‍ക്ക് തീവിലയായ പശ്ചാത്തലത്തിലാണ് മന്ത്രിസമിതി യോഗം ചേര്‍ന്നതെങ്കിലും ഈ വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് യോഗശേഷം ശരദ്പവാര്‍ പറഞ്ഞു.

അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍മാത്രമാണ് കേന്ദ്രത്തിന് ഉത്തരവാദിത്തമുള്ളത്. തക്കാളി, സവാള, വെളുത്തുള്ളി തുടങ്ങിയവയുടെ വില നിയന്ത്രിക്കേണ്ടത് സംസ്ഥാനങ്ങളാണ്. പച്ചക്കറി വിലവര്‍ധന ചര്‍ച്ചചെയ്തിട്ടില്ല- പവാര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അരി, ഗോതമ്പ് ഉല്‍പ്പാദനം വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് അരിയും ഗോതമ്പും കൂടുതലായി അനുവദിക്കുന്നത്. 2010-11ല്‍ റെക്കോഡ് ഉല്‍പ്പാദനമാണ് പ്രതീക്ഷിക്കുന്നത്. ധാന്യം കെട്ടിക്കിടന്ന് നശിക്കുന്നത് കണക്കിലെടുത്താണ് പെട്ടെന്ന് വിതരണം ചെയ്യുന്നത്. പ്രണബ്മുഖര്‍ജിക്കും പവാറിനും പുറമെ പ്രതിരോധമന്ത്രി എ കെ ആന്റണി, ഗ്രാമവികസനമന്ത്രി സി പി ജോഷി തുടങ്ങിയവരും മന്ത്രിസമിതി യോഗത്തില്‍ പങ്കെടുത്തു. വിലക്കയറ്റം ചര്‍ച്ചചെയ്യുന്നതിന് ചൊവ്വാഴ്ച രാവിലെ വകുപ്പുസെക്രട്ടറിമാരുടെ യോഗവും ചേര്‍ന്നിരുന്നു.
(എം പ്രശാന്ത്)

deshabhimani 291210

1 comment:

  1. വിലക്കയറ്റം തടയാന്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളാണ് വില നിയന്ത്രിക്കേണ്ടതെന്ന് വിലക്കയറ്റം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിതലസമിതി യോഗത്തിന് ശേഷം കൃഷിമന്ത്രി ശരദ്പവാര്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അരിയും ഗോതമ്പും അനുവദിക്കാനും യോഗം തീരുമാനിച്ചു. വില വര്‍ധിച്ച പച്ചക്കറിയടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ നടപടിക്ക് മുതിരാതെയാണ് വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ചുമലിലിട്ട് യോഗം പിരിഞ്ഞത്. വിലക്കയറ്റത്തിന് കാരണമായ അവധി വ്യാപാരവും ഊഹക്കച്ചവടവും നിയന്ത്രിക്കാന്‍ പോലും കേന്ദ്രം തയ്യാറാകുന്നില്ല. അതേസമയം, രണ്ടാം യുപിഎ സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വിലക്കയറ്റമാണെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു. കോണ്‍ഗ്രസിന്റെ 125 വര്‍ഷം വിലയിരുത്തി തയ്യാറാക്കിയ പുസ്തകത്തിലാണ് വിലക്കയറ്റം തടയാന്‍ രണ്ടാം യുപിഎ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന കുമ്പസാരം

    ReplyDelete