Thursday, December 30, 2010

തിരിതെളിയുന്നത് വിദ്യാഭ്യാസ വിപ്ളവത്തിന്

കേരളത്തെ സമ്പൂര്‍ണ നാലാംതരം തുല്യതയിലേക്ക് വളര്‍ത്തുന്നതിന്റെ ആദ്യപടിയായ 'അതുല്യം' ക്ളാസുകള്‍ ഇന്നു തുടങ്ങുകയാണ്. സാക്ഷരതാമിഷന്റെ രൂപവും ഭാവവും മാറ്റി, ലീപ് കേരള മിഷന്‍ എന്ന പുതിയ പേര് സ്വീകരിച്ചശേഷം നടക്കുന്ന പ്രഥമ സംരംഭമാണ് അതുല്യം. 100 ദിവസംക്കൊണ്ട് 140 പഞ്ചായത്തുകളെയും തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പല്‍- കോര്‍പറേഷന്‍ വാര്‍ഡുകളെയും സമ്പൂര്‍ണ നാലാംതരം തുല്യതയിലേക്കുയര്‍ത്തുന്ന സമഗ്രവും തീവ്രവുമായ കര്‍മപദ്ധതിയാണിത്. വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച നാടാണ് കേരളം. സാക്ഷരതയുടേയും വിദ്യാഭ്യാസത്തിന്റെയും രണ്ടു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയായ കാലവുമാണിത്. ആജീവന വിദ്യാഭ്യാസത്തില്‍ താല്‍പ്പര്യമുള്ളവരെ സഹായിക്കുകയെന്നത് സര്‍ക്കാരിന്റെയും സാക്ഷരതാമിഷന്റെയും കടമയായിത്തീരുകയാണ്. ലീപ് മിഷന്റെ ആവിര്‍ഭാവം ഈ രംഗത്ത് വിപ്ളവം സൃഷ്ടിക്കും. സമാനതകളില്ലാത്ത പരിപാടികളിലൂടെ കേരളത്തിലെ സാക്ഷരതാപ്രവര്‍ത്തകര്‍ നടത്തുന്ന ചരിത്രദൌത്യമായി അതുല്യം മാറുന്നു. രണ്ടുവര്‍ഷംക്കൊണ്ട് പൂര്‍ത്തിയാക്കുന്ന ബഹുമുഖതീവ്രയത്നപരിപാടിയാണ് അതുല്യം.

വിദ്യാഭ്യാസത്തില്‍ ജനത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതിന് പല കാരണങ്ങളുമുണ്ടാകാം. അതിനു പരിഹാരം തേടേണ്ടത് ഇച്ഛാശക്തിയുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ അനൌപചാരിക- തുടര്‍വിദ്യാഭ്യാസരംഗത്തെ സ്വന്തം നെഞ്ചിലേറ്റിയെന്നത് അഭിമാനകരമായ നേട്ടമാണ്. ഇന്ത്യയില്‍തന്നെ ആദ്യമായാണ് തുടര്‍വിദ്യാഭ്യാസരംഗത്ത് ഒരു കമീഷനെ നിയമിച്ചത്. കെ കെ ശൈലജയും കെ കെ കൃഷ്ണകുമാറും നയിച്ച ആ കമ്മിറ്റി കേരളത്തെ പടിപടിയായി പത്താംതരം തുല്യതയിലേക്കുയര്‍ത്തുന്ന സമയബന്ധിതമായ കര്‍മപരിപാടികള്‍ നിര്‍ദേശിക്കുകയുണ്ടായി. അതിന്റെ വെളിച്ചത്തിലാണ് 'ലീപ്' മിഷന് രൂപം നല്കിയത്.

ഇന്നുമുതല്‍ കേരളത്തിലാകെ നവീനമായൊരു തിരയോട്ടം നടക്കും. 140 പഞ്ചായത്തുകളില്‍ മാത്രമല്ല ഈ ചലനം വ്യാപിക്കുന്നത്. ലീപ് മിഷന്റെ കീഴിലുള്ള തുടര്‍വിദ്യാകേന്ദ്രങ്ങളോടനുബന്ധിച്ചും അതുല്യം ക്ളാസുകള്‍ സംഘടിപ്പിക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ ആദ്യത്തെ ജനകീയ പരിപാടിയെന്ന നിലയിലും ഇതിനു പ്രാധാന്യമുണ്ട്. ലോകവും കാലവും മാറുകയാണ്. വിജ്ഞാനത്തിന്റെ രംഗത്ത് വിസ്ഫോടനങ്ങള്‍ തന്നെ നടക്കുന്നു. ജനങ്ങളെ കാലത്തിനനുസരിച്ച് മുന്നോട്ടു നയിക്കാന്‍ കേരള സര്‍ക്കാരിനൊപ്പം ലീപ് കേരള മിഷനും അണിനിരക്കുന്നു. 'അതുല്യം' പദ്ധതി അതിന്റെ ആദ്യ ചുവടുവയ്പാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ മോചനത്തിലേയ്ക്കാണ് ഇതു വഴിതെളിക്കുന്നത്. തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ ഉച്ചയ്ക്കുശേഷം നടക്കുന്ന ചടങ്ങില്‍ മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാമാണ് അതുല്യം ഉദ്ഘാടനംചെയ്യുന്നത്.
(പയ്യന്നൂര്‍ കുഞ്ഞിരാമന്‍)

ദേശാഭിമാനി 301210

1 comment:

  1. കേരളത്തെ സമ്പൂര്‍ണ നാലാംതരം തുല്യതയിലേക്ക് വളര്‍ത്തുന്നതിന്റെ ആദ്യപടിയായ 'അതുല്യം' ക്ളാസുകള്‍ ഇന്നു തുടങ്ങുകയാണ്. സാക്ഷരതാമിഷന്റെ രൂപവും ഭാവവും മാറ്റി, ലീപ് കേരള മിഷന്‍ എന്ന പുതിയ പേര് സ്വീകരിച്ചശേഷം നടക്കുന്ന പ്രഥമ സംരംഭമാണ് അതുല്യം. 100 ദിവസംക്കൊണ്ട് 140 പഞ്ചായത്തുകളെയും തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പല്‍- കോര്‍പറേഷന്‍ വാര്‍ഡുകളെയും സമ്പൂര്‍ണ നാലാംതരം തുല്യതയിലേക്കുയര്‍ത്തുന്ന സമഗ്രവും തീവ്രവുമായ കര്‍മപദ്ധതിയാണിത്. വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച നാടാണ് കേരളം. സാക്ഷരതയുടേയും വിദ്യാഭ്യാസത്തിന്റെയും രണ്ടു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയായ കാലവുമാണിത്. ആജീവന വിദ്യാഭ്യാസത്തില്‍ താല്‍പ്പര്യമുള്ളവരെ സഹായിക്കുകയെന്നത് സര്‍ക്കാരിന്റെയും സാക്ഷരതാമിഷന്റെയും കടമയായിത്തീരുകയാണ്. ലീപ് മിഷന്റെ ആവിര്‍ഭാവം ഈ രംഗത്ത് വിപ്ളവം സൃഷ്ടിക്കും. സമാനതകളില്ലാത്ത പരിപാടികളിലൂടെ കേരളത്തിലെ സാക്ഷരതാപ്രവര്‍ത്തകര്‍ നടത്തുന്ന ചരിത്രദൌത്യമായി അതുല്യം മാറുന്നു. രണ്ടുവര്‍ഷംക്കൊണ്ട് പൂര്‍ത്തിയാക്കുന്ന ബഹുമുഖതീവ്രയത്നപരിപാടിയാണ് അതുല്യം.

    ReplyDelete